അന്ധവിശ്വാസികളുടെ ആവലാതികൾ

11

(1) ഇന്ത്യാചരിത്രത്തിലെ കൗതുകകരമായ സംഭവങ്ങളിലൊന്നാണിത്. സംഗതി എങ്ങനെ അവസാനിച്ചാലും കുറെ രസകരമായ ചോദ്യങ്ങള്‍ ബാക്കിയാവും. തനിക്ക് വാഗ്ദാനം നല്‍കിയ സേവനം ലഭിച്ചില്ലെന്ന് ആരോപിച്ച് ഒരു വാസ്തു അന്ധവിശ്വാസി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നു! കര്‍ണ്ണാടകത്തിലെ വിജയപുരം ജില്ലയിലാണ് കേസിനാസ്പദമായ സംഭവം. സരള വാസ്തു എന്ന സ്ഥാപനം തന്നെ കബളിപ്പിച്ചു എന്ന ആരോപണവുമായി മഹാദേവ് ദുഡിഹാല്‍(in pix) എന്നയാള്‍ ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചിരിക്കുകയാണ്. അധാര്‍മികമായ കച്ചവടരീതി, അപര്യാപ്തമായ സേവനം തുടങ്ങിയ വകുപ്പുകളനുസരിച്ച് ഉപഭോക്തൃ ഫോറം കേസ് ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.

(2) കേസിന് ആസ്പദമായ സംഭവം ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് (14.3.16) ചെയ്യുന്നത് ഇങ്ങനെ: ദുഡിഹാല്‍ ഒരു നിയമസഹായ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ടിയാന്‍ 2007 മുതല്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. പല അടവുകളും പയറ്റിയെങ്കിലും പ്രയാസം കൂടുന്നതല്ലാതെ കുറയുന്നില്ല. അങ്ങനെയിരിക്കെയാണ് വാസ്തുക്കാര്‍ മുന്നോട്ടുവെച്ച കൊപേ യില്‍ (കൊതിപ്പിക്കല്‍+പേടിപ്പിക്കല്‍) ആകൃഷ്ടനായത്. വാസ്തുപ്രകാരം വീടു പുതുക്കി പണിഞ്ഞാല്‍ സാമ്പത്തിക വിഷമതകള്‍ വഴിമാറി ‘ഐശ്വര്യം’ വരുമെന്നായിരുന്നു വാഗ്ദാനം. ഭൗതികമായ മോഹങ്ങളും അത്യാഗ്രഹങ്ങളുമാണല്ലോ വിശ്വാസിയുടെ പ്രധാന ബൗദ്ധികപ്രശ്‌നം! സ്വഭാവികമായും, ദുഡിഹാലും ആ വഴിക്ക് തിരിഞ്ഞു.

(3) ”ഞാന്‍ വലിയതോതില്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ അനുഭവിച്ചു വരികയായിരുന്നു. വാസ്തു എന്റെ ജീവിതം മാറ്റിമറിക്കുമെന്നും അനുകൂലഫലങ്ങള്‍ കൊണ്ടുവരുമെന്നും ഞാന്‍ കരുതി. 4.75 ലക്ഷം രൂപ കടംവാങ്ങി വീട് വാസ്തുപ്രകാരം പുന:ക്രമീകരിച്ചു. ഭിത്തിയിടിച്ചു, മുഖ്യവാതിലിന്റെ ദിശ മാറ്റി, പിന്നെ മറ്റു ചില മാറ്റങ്ങളും വരുത്തി. പണി രണ്ടു മാസം നീണ്ടുനിന്നു’-ദുഡിഹാലിന്റെ വാക്കുകള്‍. 3 മുതല്‍ 8 മാസങ്ങള്‍ക്കുള്ളില്‍ അനുകൂലഫലം ഉറപ്പാണെന്ന് വാസ്തുക്കാര്‍ പറഞ്ഞെങ്കിലും യാതൊന്നും സംഭവിച്ചില്ല. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും മാറ്റമൊന്നും കാണാതെയായപ്പോള്‍ അയാള്‍ സരള വാസ്തു ഏജന്‍സിയെ ബന്ധപ്പെട്ടു-പല തവണ. ഹുബാലിയിലുള്ള അവരുടെ ഓഫീസില്‍ നേരിട്ടു ചെന്നു. അനുകൂലമായ യാതൊരു പ്രതികരണവും ലഭിക്കാതെ വന്നതോടെയാണ് കേസ് ഫയല്‍ ചെയ്തത്. തനിക്കും തന്നെപോലെ കബളിപ്പിക്കപ്പെട്ട മറ്റു വിശ്വാസികള്‍ക്കും വേണ്ടിയാണ് നിയമനടപടികള്‍ സ്വീകരിക്കുന്നതെന്നാണ് ദുഡിഹാലിന്റെ വാദം.

(4) ഉപഭോക്തൃകോടതിയിലെ ജഡ്ജിമാരില്‍ വാസ്തുപ്രേമികള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍(അതിനു സാധ്യതയുണ്ട്) ഈ കേസ് തള്ളിപ്പോയേക്കാം. വാസ്തു, ജ്യോതിഷം…പോലുള്ള തട്ടിപ്പുകള്‍ വിശ്വാസത്തിന്റെ പരിധിയില്‍ വരുമെന്നും വിശ്വാസത്തെ ഹനിക്കുന്ന കോടതി വിധി പാടില്ലെന്നും അങ്ങനെ വിധിക്കാന്‍ തുടങ്ങിയാല്‍ മതം ആകെ പൊളിഞ്ഞുവീഴുമെന്നുമൊക്കെ ജഡ്ജിമാര്‍ കണ്ടെത്തിയേക്കാം. കുറെക്കൂടി കാത്തിരിക്കാന്‍ പരാതിക്കാരനോട് ആവശ്യപ്പെടാം. അല്ലെങ്കില്‍ കൊപേ നിയമം ‘വ്യാഖ്യാനിച്ച്’ ഇതിലും വലിയ നാശം വരാനിരുന്നതാണ് വീട് പുതുക്കുപണിഞ്ഞതുകൊണ്ട് ഇപ്പോഴും ജീവനോടെയിരിക്കുന്നു എന്നൊക്കെ നിസ്സാരമായി വാദിച്ച് തടിതപ്പാം.രസമിതൊന്നുമല്ല, കോടതികേസുകളില്‍ ജയിക്കാന്‍ സഹായിക്കുന്ന വാസ്തുക്രമീകരണ വാഗ്ദാനങ്ങളുമുണ്ട്.smile emoticon

(5) ദൈവവിശ്വാസം ഉള്‍പ്പെടെയുള്ള ‘കൊപേകള്‍’ ഉപയോഗിക്കുന്നവര്‍ക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. ആരു അവര്‍ക്കെതിരെ പരാതിപ്പെടില്ല. സേവനമൊക്കെ സാങ്കല്‍പ്പികമാണ്! വാങ്ങുന്ന പണത്തിനു ഫലം നല്‍കാനുള്ള ബാധ്യതയില്ല. ബാധയിറക്കാന്‍ വരുന്നയാള്‍ക്ക് അതിനു കഴിഞ്ഞില്ലെങ്കില്‍ വേറെ ആളുടെ അടുത്ത് പോകുമെന്നല്ലാതെ അയാളോട് നഷ്ടപരിഹാരം ചോദിക്കാന്‍ ഒരു ഭക്തനും ഇതുവരെ തുനിഞ്ഞിട്ടില്ല. പ്രാര്‍ത്ഥനകള്‍ ഫലം കിട്ടാതെ വന്നാല്‍ വഴിപാടിന്റെയും തീര്‍ത്ഥാടനത്തിന്റെയും ചെലവ് മടക്കി ചോദിക്കാന്‍ ഒരു വിശ്വാസിക്കും ധൈര്യംവരാറില്ല. മതവാഗ്ദാനങ്ങള്‍ പൊതുവെ മരണാനന്തരമായതിനാല്‍(ഹൂറി, മദ്യപ്പുഴ, ബ്രഹ്മം, സ്വര്‍ഗ്ഗം…) സേവനദാതാവിന് ഒരു ശതമാനംപോലും അങ്കലാപ്പുണ്ടാകേണ്ട കാര്യമില്ല. മരിച്ചവര്‍ തിരിച്ചുവന്നു കഴുത്തിനു പിടിക്കില്ല, മരിച്ചവര്‍ക്ക് കിട്ടിയോ ഇല്ലയോ എന്ന് ജീവിച്ചിരിക്കുന്ന അത്യാഗ്രഹികള്‍ക്ക് അറിയാനും പറ്റില്ല. എങ്ങനെനോക്കിയാലും അടിപൊളി!!

(6) ജ്യോതിഷിക്കും വാസ്തുക്കാരനുമൊക്കെ പരമസുഖമാണ്. കുറെ കൊപേകള്‍ വാരിവിതറി തമ്പുരാനായി ജീവിക്കാം. നിതാന്തമായി ചൂഷണം! ആരുമൊന്നും ചോദിക്കില്ല! സാധാരണ തട്ടിപ്പുക്കാരെ ജയിലില്‍ ഇടുമ്പോള്‍ പുരോഹതിനും ജ്യോതിഷിയും വാസ്തുക്കാരനുമൊക്കെ അനര്‍ഹമായ ബഹുമാനവും പ്രാധാന്യവും കരസ്ഥമാക്കി യാതൊന്നും തിരിച്ചു നല്‍കാതെ കുളയട്ടെയപോലെ സമൂഹത്തിന്റെ രക്തമൂറ്റി മദിച്ചു ജീവിക്കുന്നു. ആശുപത്രിയില്‍ ഡോക്ടര്‍ക്ക് പിഴവ് പറ്റിയാല്‍ ആശുപത്രി തന്നെ അടിച്ചു തകര്‍ക്കുന്ന വിശ്വാസികളുണ്ട്. പക്ഷെ പറഞ്ഞുവരുമ്പോള്‍ രോഗം സൗഖ്യപ്പെടുത്തുന്നത് ദൈവമാണ്! തക്കാളിയില്‍ ചീഞ്ഞതുണ്ടെങ്കില്‍ കടയില്‍ കൊണ്ട് തിരിച്ചുകൊടുക്കുന്ന കടക്കാരനെ ശകാരിക്കുന്ന വിശ്വാസികള്‍ക്കും പഞ്ഞമില്ല.

(7) സാധനവും സേവനവും വാങ്ങിയാല്‍ ന്യൂനത കണ്ടാല്‍ ആവലാതികളും നഷ്ടപരിഹാരകേസുകളുമായി ആടിത്തിമിര്‍ക്കുന്ന ഇതേ വിശ്വാസികള്‍ മതപരവും മതവിശ്വാസജന്യവുമായ സേവനങ്ങളുടെ മേഖലയില്‍ കബളിപ്പിക്കപ്പെട്ടാല്‍ ‘വിനയകുനയന്‍’മാരായി സഹിക്കുന്നത് കാണാം. തന്റെ എന്തോ കുഴപ്പംകൊണ്ടാണ് അല്ലെങ്കില്‍ മുജ്ജന്മപാപംകൊണ്ടാണ് തനിക്ക് ശരിയായ ഫലം ലഭിക്കാത്തതെന്ന് സമാശ്വസിക്കാന്‍ അവന് സന്തോഷമേയുള്ളൂ. രണ്ടായാലും ദുഡിഹാലിന്റെ കേസ് ശ്രദ്ധേയമാണ്. ഇമ്മാതിരി കേസുകള്‍ക്ക് സാധ്യതയുണ്ടെന്നു കണ്ടാല്‍ ദൈവപ്രതിനിധികളും വന്‍കൊള്ള പ്രതീക്ഷിച്ച് വാസ്തുവും ജ്യോതിഷവും പയറ്റാനിറങ്ങുന്ന പഠിച്ച ക്രിമിനലുകളും പഠിക്കാത്ത ക്രിമിനലുകളും ഒന്നറയ്ക്കും. കേസുകളുമായി നിരന്തരം കോടതി വരാന്ത കയറിയിറങ്ങിയാല്‍ ”മതത്തിന്റെ പേരില്‍ എന്തുമാകാം” എന്ന ഇവരുടെ ധാര്‍ഷ്ട്യം നേര്‍പ്പിക്കപ്പെടും.

(8) ”വാഗ്ദാനം മാത്രം നല്‍കും-ഫലം കിട്ടിയാല്‍ കിട്ടി” എന്ന നിലപാടുമായി മുന്നോട്ടുപോകാനാവില്ലെന്ന് വന്നാല്‍ നേര്‍ബുദ്ധിയുള്ള കുറച്ചുപേരെങ്കിലും ഇത്തരം അധമപ്രവര്‍ത്തികളില്‍ നിന്നു പിന്‍മാറി അദ്ധ്വാനിച്ച് ജീവിക്കാന്‍ തയ്യാറാവും. ഈ കേസില്‍ അനകൂലഫലമുണ്ടായാല്‍ വാസ്തുവും ജ്യോതിഷവുമൊക്കെയായി വലിയ കലത്തില്‍ വെള്ളംവെച്ചിരിക്കുന്ന പല ആത്മീയതാരങ്ങളും ഒന്നെങ്കിലും ഞെട്ടും! പരമ്പരാഗത മതചൂഷണങ്ങളുടെ അന്ത്യത്തിന്റെ ആരംഭമായിരിക്കുമത്. ”കര്‍മ്മംചെയ്യുന്നതില്‍ മാത്രമാണ് നിനക്ക് അധികാരം ഫലം ഇച്ഛിക്കുന്നതിലില്ല” എന്ന ഗീതാകാരന്‍ പണ്ടേ പറഞ്ഞിട്ടുള്ളത് ഇത്തരം നഷ്ടപരിഹാരകേസുകള്‍ മുന്നില്‍ കണ്ടാണെന്ന് വ്യക്തം. തെളിവില്‍ തെന്നിവീഴാത്ത ദൈവങ്ങളുണ്ടോ?!

Copyright © 2017. Powered by WordPress & Romangie Theme.