കുറെ ഗ്രഹണങ്ങള്‍ കിട്ടിയിരുന്നെങ്കില്‍…

7

1) സൂര്യഗ്രഹണം കാരണം നട അടയ്ക്കുമെന്ന് ഇന്നത്തെ മനോരമയില്‍
വാര്‍ത്ത. നാളെ രാവിലെ 5.05 മുതല്‍ 6.41 വരെയാണ് അടയ്ക്കുന്നത്. ഒരു മണിക്കൂര്‍ 39 മിനിറ്റ് നീളുന്ന സൂര്യഗ്രഹണമോ?! ഏതു ക്ഷേത്രത്തിനു മുകളിലാണ് ഈ മഹാപാതകം?!

എന്താണ് സൂര്യഗ്രഹണം? ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ പ്രതലതലത്തില്‍ നേര്‍രേഖയില്‍ വരുമ്പോള്‍ ചന്ദ്രന്റെ നിഴല്‍ മൂലം ഭൂമിയില്‍ പരമാവധി 242-250 കിലോമീറ്ററോളം ചുറ്റളവുള്ള ഭാഗത്ത് സൂര്യനെ കാണാതാവുന്നു. ഈ മറയ്ക്കലിന്റെ പരമാവധി സമയദൈര്‍ഘ്യം ഏതാനും സെക്കന്‍ഡുകള്‍ മുതല്‍ ഏഴര മിനിറ്റുവരെ. സൂര്യപ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയദൈര്‍ഘ്യം പരമാവധി എട്ടര മിനിറ്റ്. മിക്ക സൂര്യഗ്രഹണങ്ങളും ഭാഗികമായിരിക്കും-അതായത് ഒന്നോ രണ്ടോ മിനിറ്റുകള്‍. അപൂര്‍വമായേ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കുറച്ച് സ്ഥലത്തെങ്കിലും ലഭ്യമാകൂ.

(2) ഗ്രഹണസമയത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം വിഗ്രഹത്തിന്റെ ചൈതന്യത്തിനു ലോപം വരുമെന്നാണ് വാര്‍ത്ത പറയുന്നത്. ഈ തള്ളല്‍ കേട്ടാല്‍ ഏഴാം ക്ലാസ്സുവരെ ശ്രദ്ധിച്ച് പഠിച്ചവര്‍ അമ്പരന്നുപോകും. അന്ധവിശ്വാസത്തിനു സയന്‍സിന്റെ നിക്കര്‍ ഇടുവിപ്പിച്ച് നിറുത്താനുള്ള അത്യാഗ്രഹം പ്രകടം. സൗരപ്രകാശ സ്‌പെക്രട്രത്തില്‍ ദൃശ്യപ്രകാശത്തിലെ ഏഴു നിറങ്ങള്‍ക്കു പുറമെ ഇന്‍ഫ്രാറെഡ്, അള്‍ട്രാവയറ്റ്, റേഡിയോ തരംഗങ്ങള്‍, ഗാമാ തരംഗങ്ങള്‍, എക്‌സ് റേ….എന്നിങ്ങനെയുള്ള കിരണങ്ങളുണ്ട്.

(3) അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നമുക്ക് ഹാനികരമാണെങ്കിലും അവയെ അന്തരീക്ഷത്തിലെ ഓസോണ്‍ പാളി തടഞ്ഞു നിറുത്തുണ്ട്. ഓസോണ്‍പാളിയിലുള്ള വിള്ളല്‍ പ്രധാനമായും ധ്രൂവപ്രദേശത്താണ്. അതാകട്ടെ കാലക്രമേണ കുറഞ്ഞുവരികയുമാണ്. അതായത് അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നമുക്ക് ഏല്‍ക്കാനുള്ള സാധ്യത കുറവാണ്. സൂര്യഗ്രഹണസമയത്താകട്ടെ, ഒട്ടുമില്ല. കാരണം, സൂര്യപ്രകാശം തന്നെയില്ലല്ലോ!

(4) സത്യത്തില്‍ ഗ്രഹണസമയത്ത് സൂര്യനെ നോക്കരുതെന്ന് സയന്‍സ് പറയുന്നത് അള്‍ട്രാവയലറ്റിനെ പേടിച്ചല്ല. ഗ്രഹണസമയത്ത് നോക്കിയാലും അല്ലാതെ നോക്കിയാലും അള്‍ട്രാവയലറ്റിന്റെ ആക്രമണം നമുക്കുണ്ടാകാനുള്ള സാധ്യത കുറവാണ്-ഓസോണ്‍പാളി ഉള്ളിടത്തോളംകാലം. സൂര്യനെ നേരിട്ടുനോക്കുമ്പോള്‍ പ്രധാന പ്രശ്‌നകാരി ഇന്‍ഫ്രാറെഡാണ്. സൂര്യപ്രകാശത്തിന്റെ താപം വരുന്നത് ഇന്‍ഫ്രാറെഡില്‍ നിന്നാണ്. ഈ രശ്മികള്‍ കണ്ണിന്റെ റെറ്റിനയിലും ചുറ്റുമുള്ള കോശങ്ങളിലും പതിച്ചാല്‍ ആ ഭാഗത്ത് മാരകമായ പൊള്ളലേല്‍ക്കാനുള്ള സാധ്യതയുണ്ട്.

(5) സാധാരണ നിലയില്‍ സൂര്യനെ നോക്കുമ്പോള്‍ നാം ബോധപൂര്‍വം കൃഷ്ണമണി വളരെയധികം ചുരുക്കിയാണ് നോക്കുന്നത്. ആയതിനാല്‍ ഇന്‍ഫ്രാറെഡ് വഴി പൊള്ളല്‍ ഏല്‍ക്കാനുള്ള സാധ്യത കുറയുന്നു. ഗ്രഹണസമയത്ത് സൂര്യപ്രകാശമില്ലാത്തതിനാല്‍ നാം അറിയാതെ കൃഷ്ണമണി വികസിപ്പിച്ച് തന്നെ സൂര്യനെ കണ്‍കുളിര്‍ക്കെ കാണുന്നു.

(6) ഇവിടെയാണ് അപകടകാരണം പതിയിരിക്കുന്നത്. സൂര്യനെ മറച്ചിരിക്കുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ വമ്പന്‍ പര്‍വതങ്ങളും കൊടുമുടികളുമുണ്ട്. ചന്ദ്രന്‍ മെല്ലെ ഇളകിയാടുമ്പോള്‍ സൂര്യപ്രകാശം ഈ കൊടുമുടികളുടെ വിടവുകളിലൂടെ വെടിച്ചില്ലുപോലെ ഭൂമിയിലേക്ക് ചിതറിത്തെറിക്കും. കണ്‍കുളിര്‍ക്കെ സൂര്യനെ നോക്കിയിരുന്നാല്‍ പ്രകാശം നേരിട്ട് കണ്ണിനുള്ളില്‍ തന്നെ വീഴും, പൊള്ളലേക്കും. അതുകൊണ്ടാണ് ഗ്രഹണസമയത്ത് സൂര്യനെ നോക്കരുതെന്ന് ഉപദേശിക്കുന്നത്. കാരണം എപ്പോഴാണ് ചന്ദ്രന്‍ തെന്നിമാറുന്നതെന്ന് നമുക്ക് പറയാനാവില്ലല്ലോ! ഗ്രഹണം ഭാഗികമാണെങ്കില്‍ അപകടസാധ്യതയും വലുതാണ്. അതല്ലെങ്കില്‍ സൂര്യനെ നോക്കാന്‍ ഏറ്റവും പറ്റിയ സമയം സമ്പൂര്‍ണ്ണ ഗ്രഹണം തന്നെയാണ്.

(7) ശനിയ്ക്ക് 68+ഉം വ്യാഴത്തിന് 64+ഉം ഉപഗ്രഹങ്ങളുണ്ട്. ദിവസവും അവിടെ നടക്കുന്ന സൂര്യഗ്രഹണങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. അവിടെയൊക്കെ ഉപഗ്രഹങ്ങള്‍ മൂലം ഉപഗ്രഹങ്ങളില്‍ ഗ്രഹണം സംഭവിക്കാറുണ്ട്! ഗ്രഹണസമയത്ത് ഭൗമാന്തരീക്ഷത്തില്‍ പ്രത്യേകിച്ച് യാതൊരു വിജ്രംഭനവും സംഭവിക്കുന്നില്ല. ദിവസവും അനുഭവിക്കുന്ന ഏറ്റവും വലിയ ഗ്രഹണം രാത്രിയാണ്. ഭൂമിയുടെ തന്നെ നിഴലിലാണ് ഒരു വശമപ്പോള്‍-ശരിക്കും സമ്പൂര്‍ണ്ണഗ്രഹണം! സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാകട്ടെ ഏതാനും സെക്കന്‍ഡുകള്‍ മുതല്‍ ഏഴരമിനിറ്റു വരെ മാത്രം. സൂര്യഗ്രഹണസമയത്ത് ക്ഷേത്രം അടച്ചിടാനുള്ള തീരുമാനം ഉചിതം തന്നെയാണ്. അത്രയും നേരത്തേക്കെങ്കിലും ശബ്ദമലിനീകരണവും ആക്രാന്തപ്രകടനങ്ങളും വെടിശബ്ദവും ചളിപ്രഭാഷണവും സഹിക്കേണ്ടല്ലോ! സൂര്യഗ്രഹണങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഡിങ്കന്‍ കനിയുമാറാകട്ടെ.

Copyright © 2017. Powered by WordPress & Romangie Theme.