ചങ്ങലയുടെ നീളം

2

(1) ”നേരോടെ, നിര്‍ഭയം, നിരന്തരം…”. എന്നൊക്കെ ബാനര്‍ കെട്ടി വാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുണ്ടിവിടെ. ഭയക്കേണ്ടതിനെ ഭയന്നും വളയേണ്ടിടത്ത് വളഞ്ഞും ചെയ്യേണ്ടതൊക്കെ കൃത്യമായും ചെയ്തും നടത്തുന്ന മാധ്യമപ്രവര്‍ത്തനത്തിനാണ് ഇത്ര കൂറ്റന്‍ പരസ്യം! കേരള സമൂഹത്തില്‍

മതാധിപത്യം പിടിമുറുക്കുകയാണ്. രാഷ്ട്രീയകക്ഷികളെയും ഭരണഘടനയേയും എന്തിനേറെ രാജ്യാര്‍തിര്‍ത്തികളെ വരെ ചോദ്യംചെയ്യുന്ന വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നവര്‍ മതം എന്നു കേള്‍ക്കുമ്പോള്‍ മുട്ടിലിഴയുന്നു, മൂത്രമൊഴിക്കുന്നു, സ്വന്തം ജീവനക്കാരെ കൈകാര്യംചെയ്ത് നല്ല പിള്ള കളിക്കുന്നു…. രാഷ്ട്രീയ പാര്‍ട്ടികളുടെയും ഗതി ഇതു തന്നെയാണ്. മതം ഒഴികെസൂര്യനു കീഴിലുള്ള യാതൊന്നിനെയും ഭയക്കുന്നില്ലെന്നതാണ് മിക്ക രാഷ്ട്രീയസിംഹങ്ങളുടെയും മിനിമം ധീരതാപ്രഖ്യാപനങ്ങള്‍.എല്ലായിടത്തും കുതിരകയറി ആടിത്തിമിര്‍ക്കുന്നവര്‍ വരെ അവിടെയെത്തുമ്പോള്‍ കിതയ്ക്കുന്നു.

(2) ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥികളെ നിറുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ജോലി ക്രമേണ അവസാനിച്ചേക്കും. ”സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ നിറുത്തിക്കൊള്ളാം, നിങ്ങള്‍ വേണമെങ്കില്‍ പിന്തുണയ്ക്കൂ” എന്ന് ജാതി-മത സംഘടനകള്‍ രാഷ്ട്രീയക്കാരനോട് പറയുന്ന കാലം വിദൂരത്തല്ല. മതവും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസവും അകലവും അത്രമാത്രം ഇല്ലാതാകുകയാണ്. ജമാ-അത്ത ഇസ്ലാമിയും മാധ്യമവും ചെയ്യുന്ന പണി കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ ഞങ്ങള്‍ ചെയ്തുതരാമെന്നാണ് സി.പി.എമ്മും ദേശാഭിമാനിയും മുസ്ലീം സമുദായത്തോട് പറയുന്നത്. തിരുമേനിമാരും മനോരമയും വിശ്രമിക്കട്ടെ, ആ ദൗത്യം ഞങ്ങള്‍ നിര്‍വഹിച്ചുകൊള്ളാമെന്ന് കേരളകോണ്‍ഗ്രസ്സുകാരന്‍ ആണയിടുന്നു. സംഘപിരാവാറും ജന്മഭൂമിയും ചെയ്യുന്നതെല്ലാം കുറെക്കൂടി നന്നായി ചെയ്യാനാവുമെന്നാണ് ബി.ജെ.പി യും വെള്ളപ്പള്ളി പാര്‍ട്ടിയും വിളിച്ചുപറയുന്നത്.

(3) സ്വയം നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനരീതിയാണ് കേരളത്തിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും കുറെക്കാലമായി അനുവര്‍ത്തിക്കുന്നത്. വിചാരിച്ചാല്‍ പോലും മതത്തിനും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ഒരക്ഷരം മിണ്ടാനാവാതെ അവരെ, മുന്‍പിന്‍ നോക്കാതെ നിരന്തരം പ്രീണിപ്പിച്ചും ന്യായീകരിച്ചും പങ്കുപറ്റിയും അതിജീവിക്കേണ്ട സാഹചര്യമാണ് മിക്ക രാഷ്ട്രീയ കക്ഷികള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ളത്. മതവും ജാതിയും അവരുടെ യഥാര്‍ത്ഥ യജമാനന്‍മാരാകുന്നു. അനീതി, അക്രമം, അഴിമതി, വഞ്ചന…. എന്നിവയെക്കുറിച്ചൊക്കെ മത-മാധ്യമ ശക്തികള്‍ ഉറഞ്ഞുതുള്ളും-അവയിലെങ്ങും മതത്തിന്റെ താല്‍പര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍. ‘തൊഴുന്നവനെ അടിക്കുക, അടിക്കുന്നവനെ തൊഴുക’ എന്ന നിലപാടാണ് പിന്തുടരപ്പെടുന്നത്. നിക്ഷ്പക്ഷ വിമര്‍ശനം(മതമൊഴികെ) എന്ന ശൈലി പിന്തുടരുന്ന ബുദ്ധിജീവികളും കഴുത്തറുക്കുന്നതിനു കയ്യടിക്കുന്ന അമാനവിക ടീമുകളും ഏകസ്വരത്തില്‍ വിളിച്ചു പറയുന്ന കാര്യമിതാണ്-”എന്തുവിലകൊടുത്തും മതം സംരക്ഷിക്കപ്പെടണം, കൂടുതല്‍ ഹിംസ വിളമ്പുന്ന മതങ്ങള്‍ കൂടുതല്‍ മൃദുവായി കൈകാര്യംചെയ്യപ്പെടണം!!”

(4) മതം തെരുവില്‍ ഒരു കൊലക്കത്തിയായി മാറിയിട്ട് കാലംകുറെയായി. എല്ലാവരും മതയാനയ്ക്ക് കരിമ്പും പട്ടയും കൊടുത്ത് മുഖംമിനുക്കുന്ന തിരക്കിലാണ്. രാവിലെ പത്രം കത്തിക്കാനും ഉച്ചയ്ക്ക് ഫാസിസ്റ്റ് വിരുദ്ധസെമിനാറിനും വൈകിട്ട് സ്റ്റുഡിയോ കത്തിക്കാനും രാത്രി കൈവെട്ടിയവനെ കുറിച്ച് അവിഹിതം ചമയ്ക്കാനും ബദ്ധപ്പെട്ടു നടക്കുന്ന നിര്‍മലജന്മങ്ങളുടെ കൊടുംവേദികളില്‍ ചെന്നിരുന്നു നല്ലവാക്ക് ചൊല്ലുന്ന സാംസ്‌ക്കാരികനേതാക്കള്‍ കൊലമാസ്സായി മാറിക്കൊണ്ടിരിക്കുന്നു.

(5) മാതൃഭൂമി വിതച്ചത് കൊയ്യുകയാണ്. മനോരമയും ദേശാഭിമാനിയുമൊക്കെ ശ്രദ്ധിച്ചാല്‍ നല്ലത്. നിങ്ങള്‍ തരംതാഴുന്നതനുസരിച്ച് മതം ആണിയടിക്കും. പേജുകളില്‍ മതംപ്രസരിപ്പിച്ചും വാര്‍ത്തകളില്‍ പോലും സുവിശേഷം പൊട്ടിയൊഴിച്ചും മുന്നോട്ടുപോകുമ്പോള്‍ ഇതൊക്കെ വരുമെന്ന് മുന്‍കൂട്ടി കാണാന്‍ കൂടി കഴിയണം. ഒരു ‘സൈബര്‍ കത്ത്’ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മതവെറിയന്‍മാര്‍ക്ക് മുന്നില്‍ മുട്ടിലിഴയുകയും നിലവിളിക്കുകയും ചെയ്യുന്ന മാതൃഭൂമി മാനേജുമെന്റ് ഇവിടുത്തെ ജാതി-മത ഭ്രാന്ത് തീണ്ടാത്ത വലിയൊരു വിഭാഗത്തെ വലിയതോതില്‍ വെറുപ്പിച്ച ഒരു പത്രമാണ്. മതപ്രീണനംമാത്രമാണ് മാധ്യമപ്രവര്‍ത്തനം എന്നു തീരുമാനിച്ചാല്‍ പിന്നെ പൊതുസമൂഹത്തിന്റെ പിന്തുണ പ്രതീക്ഷിക്കരുത്. നാണംകെട്ട പ്രീണനത്തിലൂടെ നിങ്ങളവരെ വഞ്ചിക്കുകയായിരുന്നു.

(6) ‘ഞാന്‍ മാതൃഭൂമിയോടൊപ്പം’ എന്നു പറയാന്‍ ഏറെപ്പേര്‍ക്കൊന്നും
തോന്നതിരുന്നതിന്റെ കാരണം വേറെ അന്വേഷിക്കരുത്. മുഹമ്മദിനെക്കുറിച്ച് മുസ്ലിങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി എഴുതിവെച്ച മതസാഹിത്യത്തിലെ കാര്യങ്ങള്‍ പരോക്ഷരൂപത്തില്‍ ഒരാള്‍ കത്തിലെഴുതിയാല്‍ മതനിന്ദയാകുമെന്ന് മാതൃഭൂമി പഠിച്ചുകഴിഞ്ഞു. തീര്‍ച്ചയായും പഠിക്കേണ്ട കാര്യമാണത്. ചാര്‍ലി ഹെബ്ദോ സംഭവത്തിലൊക്കെ മതത്തിനൊപ്പം കരയുകയും മതനിന്ദയ്‌ക്കെതിരെ ആക്രോശിക്കുകയും ചെയ്ത പത്രങ്ങളും രാഷ്ട്രീയകക്ഷികളും ഇതൊക്കെ എന്നെങ്കിലും തിരിഞ്ഞു കുത്താം എന്നോര്‍ക്കേണ്ടിയിരുന്നു. സൈബര്‍ലോകത്തെ മതനിന്ദയെക്കുറിച്ച് പുലയാട്ട് നടത്തി രക്ഷപെടാമെന്ന് കരുതുന്ന മാതൃഭൂമിയുടെ കാപട്യം പരിഹാസ്യമാണ്. തങ്ങളുടേതുപോലെതന്നെ സൈബര്‍മാധ്യമങ്ങളുടെയും വരിയുടയ്ക്കണമെന്ന ശാഠ്യം പരിതാപകരമാണ്.

(7) എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും ശ്വസിക്കുമ്പോഴും രാഷ്ട്രീയ-മാധ്യമ ശക്തികള്‍ ശ്രദ്ധിക്കുക-മതത്തിനെതിരെ, മതനേതാക്കള്‍ക്കെതിരെ ഒരക്ഷരം അറിയാതെപോലും വീണുപോകരുത്. മുന്നില്‍ തൂങ്ങിയാടുന്നത് കൊലക്കത്തികളാണ്, പിറകെ വരുന്നത് രക്തംരുചിച്ച വേട്ടപ്പട്ടികളും. പലതും നിങ്ങളുടെ തന്നെ സൃഷ്ടികള്‍! അഭിപ്രായസ്വാതന്ത്ര്യത്തിനും
മധ്യമസ്വാതന്ത്ര്യത്തിനുമൊക്കെ നിങ്ങള്‍ കല്‍പ്പിച്ചുകൊടുത്ത അതിരുകള്‍ നിങ്ങള്‍ തന്നെ ലംഘിക്കുന്നത് അതിശയകരമല്ലേ?! ലംഘിച്ചാല്‍ പാലൂട്ടി വളര്‍ത്തുന്ന കരിനാഗങ്ങള്‍ ക്ഷമിക്കുമോ!?. അന്ധവിശ്വാസങ്ങളുടെയും യുക്തിഹീനതയുടെയും അനോഫിലസ് കൊതുകുകളായി വര്‍ത്തിക്കുന്ന കേരളത്തിലെ ഓരോ രാഷ്ട്രീയക്കാരനും മാധ്യമക്കാരനും മറക്കാന്‍ പാടില്ലാത്ത കാര്യമാണിത്. ചാടിക്കടിക്കലും അലറിത്തെറിക്കലും ധീരതാപ്രകടനവുമൊക്കെ മതത്തിനപ്പുറം പോകാമോ?! കെട്ടിയിരിക്കുന്ന ചങ്ങലയ്ക്കപ്പുറം കുതിക്കുന്ന കാവല്‍പ്പട്ടികളുടെ കഴുത്തിറുക സ്വാഭാവികമാണ്. നിങ്ങള്‍ പുനര്‍വിചിന്തനം നടത്തേണ്ടത്‌ ഉന്മാദത്തോടെ കഴുത്തിലണിഞ്ഞ ആ ചങ്ങലയെക്കുറിച്ചാണ്. അതാണ് സമൂഹത്തെ ഇരുട്ടിലാഴ്ത്തുന്നത്‌.

Copyright © 2017. Powered by WordPress & Romangie Theme.