തെക്കുവടക്ക് കഥകള്‍

11

വിനീതമായ ചോദ്യം: സര്‍, വടക്കോട്ട് തല വെച്ച് ഉറങ്ങാമോ?

(1) അത്യുഷ്മാവിലും അതിമര്‍ദ്ദത്തിലും സദാ ഉരുകി തിളച്ചുമറിയുന്ന മാഗ്മയാണ് (Magma: a mixture of molten or semi-molten rocks) ഭൗമാന്തര്‍ഭാഗത്തുള്ളത്. ഈ മാഗ്മയുടെ കവചത്തിന് മുകളിലാണ് നാം ജീവിക്കുന്നത്. ഇരുമ്പ്, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയ കാന്തികപ്രഭാവമുള്ള മൂലകങ്ങള്‍ക്ക് ഭൂമിയുടെ അകക്കാമ്പില്‍ പ്രാമുഖ്യമുണ്ട്. ഭൗമാന്തര്‍ഭാഗത്തെ മഗ്മയുടെ അവസ്ഥ പ്രസ്തുത മൂലകങ്ങളെ അയണീകരിക്കപ്പെട്ട അവസ്ഥയിലെത്തിക്കുന്നു. ചാര്‍ജ് ഉള്ള ആറ്റങ്ങളാണ് അയോണുകള്‍. ഭൂമി മണിക്കൂറില്‍ ഏതാണ്ട് 1607 കി.മീ വേഗതയില്‍ (1607 Km/hr)സ്വയം ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹമാണ്. ഭൂമി സ്വയം കറങ്ങുമ്പോള്‍ ഉള്ളിലുള്ള മഗ്മയും ഒപ്പം ചുഴറ്റപ്പെടുന്നു. പ്രസ്തുത മഥനം മൂലം ചാര്‍ജുള്ള പദാര്‍ത്ഥങ്ങള്‍ ഇരു ധ്രൂവങ്ങളിലേക്കും അടിഞ്ഞുകൂടുന്നു. ഇതുമൂലം ഭൂമിക്ക് കാന്തിക ഉത്തരധ്രൂവവും കാന്തിക ദക്ഷിണധ്രൂവവും ഉണ്ടാകുന്നു. ഭൂമിക്ക് കാന്തികധ്രൂവീയത സംജാതമാകുന്നത് അങ്ങനെയാണ്. ചുരുക്കത്തില്‍ കാന്തികപ്രഭാവമുള്ള അയണീകരിക്കപ്പെട്ട വസ്തുക്കള്‍ അതിവേഗം ചുഴറ്റപ്പെടുന്നതുകൊണ്ടാണ് ഭൂമിക്ക് കാന്തിക ധ്രൂവീയത ഉണ്ടാക്കുന്നത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളില്‍ ഇത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നില്ല. മാത്രമല്ല മനുഷ്യനിലെ രക്തം ഉള്‍പ്പെടെയുള്ള ദ്രവപദാര്‍ത്ഥങ്ങള്‍ അതിവേഗമുള്ള ചുഴറ്റലിന് വിധേയമാകുന്നില്ല. അതുകൊണ്ടു തന്നെ മനുഷ്യന് പരിഗണിത്തക്കവിധം കാന്തികധ്രൂവിയതയുമില്ല. ഉണ്ടെങ്കില്‍ തന്നെ സങ്കല്‍പ്പിക്കാവുന്നതിലും വളരെ വളരെ നിസ്സാരമായിരിക്കുമത്.

(2) മനുഷ്യശരീരത്തില്‍ 75 ശതമാനത്തിലധികം ജലമാണെങ്കിലും ആ ജലം സമുദ്രജലം, മാഗ്മ എന്നിവയെപ്പോലെ ഏകതാനതയുള്ളതോ വലുതോ സ്വതന്ത്രമോ ചലനാത്മകമോ അല്ല. അതിശക്തമായ തന്മാത്രബന്ധനങ്ങളില്‍ കുടുങ്ങിയ രീതിയിലാണ് നമ്മുടെ ശരീരത്തില്‍ ജലമുള്ളത്. കോശങ്ങള്‍ക്കുള്ളില്‍ തന്മാത്രാരൂപത്തില്‍ അവ തളയ്ക്കപ്പെട്ടിരിക്കുന്നു;ത്വക്ക് പോലുള്ള ഒരു ഖരാവരണം മുകളിലുണ്ടുതാനും. രക്തം ചലനാത്മകമാണെങ്കിലും രക്തക്കുഴലുകള്‍ക്കുള്ളിലൂടെയാണ് അതൊഴുകുന്നത്. താരതമ്യേന ഉയര്‍ന്ന മര്‍ദ്ദനിരക്കിലുള്ള(above 80 mm of mercury)ഈ രക്തപ്രവാഹത്തെ ചുഴറ്റിയടിക്കുക എളുപ്പമല്ല. മനുഷ്യശരീരത്തിലെ ജലത്തെ ചന്ദ്രന് ആകര്‍ഷിക്കാനാവില്ലെന്ന് പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

(3) ഭൂമിയുടെ കാന്തികധ്രൂവീയത( direction of magnetic polarity) സ്ഥിരമല്ലെന്നും ശരാശരി നാലര ലക്ഷം വര്‍ഷങ്ങളില്‍ അത് മാറി മറിയുന്നുണ്ടെന്നും ശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് തെക്കു-വടക്കുകള്‍ മാറിമറിയുന്നു. തെക്ക് വടക്കാകുന്നു-വടക്ക് തെക്കാകുന്നു. ശരാശരി നാലര ലക്ഷം എന്നു പറയുമ്പോള്‍ ചിലപ്പോള്‍ ഇത് ഏറിയും കുറഞ്ഞുമിരിക്കും. ഏറ്റവും ഒടുവില്‍ ഭൂമിയുടെ കാന്തികധ്രൂവീയത മാറി മറിഞ്ഞത് ഏകദേശം 7.8-8 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 8 ലക്ഷം വര്‍ഷത്തിന് മുമ്പ് ഒരു വടക്കുനോക്കി യന്ത്രം ഉപയോഗിച്ചിരുന്നെങ്കില്‍ അതിന്റെ സൂചി ഇന്ന് നാം തെക്കായി പരിഗണിക്കുന്ന ദിശയിലേക്ക് തിരിയുമായിരുന്നു. പക്ഷെ അതിന് ശേഷം 41000 വര്‍ഷത്തിന് മുമ്പ് വീണ്ടും കാന്തികധ്രൂവദിശ തിരിച്ചായി . പക്ഷെ ഈ വ്യതിയാനം കേവലം 440 വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. തുടര്‍ന്ന് ധ്രൂവീയത വീണ്ടും പഴയതുപോലെയായി. ഇന്നും പ്രസ്തു അവസ്ഥ തുടരുന്നു. The process is called ‘reverse polarity’. ഭൗമധ്രൂവീയതയും കാന്തികധ്രൂവീയതയും രണ്ടാണ്. ഭൗമധ്രൂവീയത സ്ഥിരമാണ്, കാന്തിക ധ്രൂവീയത അങ്ങനെയല്ല. ഇന്ന് ഭൂമിയുടെ ഭൗമധ്രൂവീയതയും കാന്തികധ്രൂവീയതയും ഉത്തരധ്രൂവത്തെ കേന്ദ്രീകരിച്ചാണ്. പക്ഷെ ഇതെന്നും ഇങ്ങനെയാവണമെന്നില്ല. പക്ഷെ അപ്പോഴും ഭൗമ ഉത്തരധ്രൂവം സ്ഥിരമായിരിക്കും.

(4) പറഞ്ഞുവരുന്നതിതാണ്: ഭൂമിയുടെ തെക്കുവടക്കും കാന്തികധ്രൂവങ്ങളും എക്കാലത്തും ഒരു പോലെയല്ല. കാന്തികധ്രൂവങ്ങള്‍ മാറി മറിഞ്ഞുവരും. ഇത് വിശദീകരിക്കുന്ന കമ്പ്യൂട്ടര്‍ സിമുലേഷന്‍ സോഫ്റ്റ് വെയറുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വടക്കോട്ട് തല വെച്ച് കിടന്നാല്‍ പ്രശ്‌നമാകും എന്നു പറയുന്നത് പൂച്ച കുറുക്കു ചാടിയാല്‍ മണ്ട മറിയും എന്നു പറയുന്നതുപോലെയേ ഉള്ളൂ. ഭൂമിയില്‍ സൂര്യന്‍ ഉദിക്കുന്നതായി അനുഭവപ്പെടുന്ന ദിക്കിന് കിഴക്ക് എന്ന് പറയുന്നു. അതിനനുസരിച്ച് സൗകര്യാര്‍ത്ഥം മറ്റ് ദിക്കുകള്‍ തിട്ടപ്പെടുത്തുന്നു. എന്തെന്നാല്‍ നാമെല്ലാം ജീവിക്കുന്നത് ഗോളത്തിന്റെ ഉപരിതലത്തിലാണെങ്കിലും പരന്നപ്രതലത്തില്‍ ജീവിക്കുന്ന പ്രതീതിയിലാണ് നമ്മുടെ മസ്തിഷ്‌ക്കം ചുറ്റുപാടുകള്‍ നിര്‍ധാരണം ചെയ്യുന്നത്- എക്കാലത്തും അതങ്ങനെതന്നയായിരുന്നു. പക്ഷെ ഒരു ഗോളത്തെ സംബന്ധിച്ചിടത്തോളം ദിശ/ദിക്ക് എന്ന സങ്കല്‍പ്പം അപ്രസക്തമാണ്. നേര്‍രേഖയില്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ പടിഞ്ഞാറ് എത്തിച്ചേരും, പിന്നെയും സഞ്ചരിച്ചാല്‍ ആരംഭബിന്ദുവിലും.

(5) ഭൂമി പരന്നതായി അനുഭവപ്പെടുകയും അതങ്ങനെതന്നെയെന്ന് വിശ്വസിക്കുകയും ചെയ്ത ജനമാണ് ദിക്കുകള്‍ നിര്‍വചിച്ചത്. പ്രാദേശികമായ ആവശ്യങ്ങള്‍ക്ക് ഇന്നും ദിക്കുകള്‍ സഹായകരമാണ്. എങ്കിലും ഭൂമിയെ മുഴുവനായി പരിഗണിക്കുമ്പോള്‍ ദിക്കുകളില്ല. ലോകമെമ്പാടുമുള്ള മുസ്‌ളീങ്ങള്‍ മെക്കയിലെ കഅബ ദിശ(കിബ്‌ല)യായി കണ്ട് അങ്ങോട്ട് തിരിഞ്ഞുനിന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. മതവിശ്വാസങ്ങളെല്ലാം പൊതുവെ പരന്നഭൂമിയുടെ ഉത്പ്പന്നങ്ങളായതിനാലാണ് ഈ തമാശ അരങ്ങേറുന്നത്. ഇന്ത്യന്‍ മുസ്‌ളീമിന് കൃത്യമായും മെക്കയ്ക്ക നേരെ നിന്ന് നിസ്‌ക്കരിക്കാനാവില്ല. അങ്ങനെ ചെയ്യുന്നുവെന്ന ധാരണയില്‍ അയാള്‍ ശരിക്കും തുറന്ന സ്‌പേസിലേക്കോ മണ്ണിലേക്കോ തന്റെ ദിശ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. മെക്കയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന ധാരണയില്‍ അയാള്‍ ശരിക്കും അഭിമുഖീകരിക്കുന്നത് തറയേയോ വിദൂരത്ത് എവിടെയോ നില്‍ക്കുന്ന ഗ്രഹങ്ങളെയോ ഗാലക്‌സികളെയോ ആണ്! മെക്കയ്ക്ക് അടുത്ത് നില്‍ക്കുന്നവര്‍ക്ക് ദിക്കും ദിശയും പ്രസക്തമാകും. പക്ഷെ ദൂരം കൂടുമ്പോള്‍ ഭൂമിയുടെ ഗോളീയവക്രത(spherical curvature) കാരണം ദിക്കും ദിശയും ക്രമേണ അപ്രസക്തമാകും.

ഇന്ത്യന്‍ അന്ധവിശ്വാസം വടക്കോട്ട് തല വെക്കരുതെന്നാണെങ്കില്‍ അയല്‍ക്കാരായ ചൈനക്കാര്‍ പറയുക തെക്കോട്ട് തലവെക്കരുതെന്നാണ്. തെക്ക് ദിശയില്‍ വാതിലുകള്‍ പാടില്ലെന്നും അവര്‍ പറയും. എന്തെന്നാല്‍ ചൈനക്കാരുടെ മരണദേവന്‍ കടന്നുവരുന്നത് തെക്കുനിന്നാണ്. വാതില്‍ വെച്ചുകൊടുത്താല്‍ ടിയാന്‍ അനായാസം വീട്ടിനുള്ളില്‍ കടന്നുവരും!

(6) ഭൂമിയുടെ ഉത്തരകാന്തികധ്രൂവവും(magnetic north) മനുഷ്യശരീരത്തിന്റെ ഉത്തരകാന്തികധ്രൂവവും(?) വടക്കായതിനാല്‍ വടക്കോട്ട് തലവെച്ച് ഉറങ്ങിയാല്‍ സമാനചാര്‍ജ്ജുകളുടെ വികര്‍ഷണം മൂലം ശരീരത്തിന്റെ ഉത്തരകാന്തികധ്രൂവവും ഭൂമിയുടെ ഉത്തരകാന്തികധ്രൂവവും തമ്മില്‍ പോരാട്ടത്തില്‍ ഏര്‍പ്പെടുകയും ആത്യന്തികമായി ഭൂമിയുടെ ഉത്തരധ്രൂവം വിജയിക്കുകയും ചെയ്യും. ഇതുമൂലം രാവിലെ എഴുന്നേല്‍ക്കുമ്പോല്‍ വല്ലാത്ത ക്ഷീണവും വിളര്‍ച്ചയും അനുഭവപ്പെടും- ഇതാണ് ഇന്ത്യന്‍ അന്ധവിശ്വാസത്തിന്റെ കാതല്‍. പണ്ട് ഏതോ മിടുമിടുക്കന്‍ ഋഷിക്ക് രാവിലെ എഴുന്നേറ്റപ്പോള്‍ അസ്വസ്ഥതയോ ഛര്‍ദ്ദിലോ തോന്നിയിട്ടുണ്ടാവാം. തലേ ദിവസം രാത്രിയില്‍ സേവിച്ച സോമത്തിന്റേതല്ല സ്വാധീനമല്ല അതെന്ന് പ്രസ്തുത ഋഷി തിരിച്ചറിയുന്നു. തടുര്‍ന്ന് ഉറക്കത്തില്‍ താന്‍ തല വെച്ച ദിശയാവാം ക്ഷീണത്തിന് കാരണമെന്ന് മഹാമുനിക്ക് വെളിപാടുണ്ടാകുന്നു. ഇക്കാര്യം അദ്ദേഹം പലരോടും പറയുകയും അതേ തുടര്‍ന്ന് അടുത്ത ദിവസംമുതല്‍ വടക്കോട്ട് തല വെച്ച പലര്‍ക്കും രാവിലെ അസ്വസ്ഥത ഉണ്ടായതായി ”പൊലിപ്രാഭാവ”ത്തിന്റെ (placebo effect) സ്വാധീനത്തില്‍ തോന്നുകയും അത് പിന്നീട് കിടിലന്‍ ഛാത്രമായി മാറുന്നു- ഇതാവാം സംഭവം!

(7) തെക്കോട്ട് തലവെക്കുന്നതാണ് നല്ലതെന്ന് കേട്ട് അങ്ങനെ ചെയ്ത പലര്‍ക്കും പൊലിപ്രഭാവ സ്വാധീനത്താല്‍ രാവിലെ വലിയ ഉന്മേഷം തോന്നിയിട്ടുണ്ടാവാം! കാന്തികപ്രഭാവം എന്നൊന്ന് ഉണ്ടെന്നും ഭൂമിക്ക് കാന്തികധ്രൂവീയത ഉണ്ടെന്നുമൊക്കെ സയന്‍സ് മനസ്സിലാക്കിയതിന് എത്രയോ മുമ്പാണ് ഇത്തരം ഛാത്രങ്ങള്‍ ഉണ്ടായതെന്നോര്‍ക്കുക! സംഗതി ഇത്രയേ ഉള്ളൂ: ദിശ ഏതോ ആയിക്കോട്ടെ അന്ധവിശ്വാസിയോട് ഏതെങ്കിലും ഒരു ദിശയുടെ കാര്യം പറഞ്ഞ് പേടിപ്പിച്ചാല്‍ അത് അനുഭവിച്ചെടുക്കുന്ന കാര്യം അയാളുടെ മസ്തിഷ്‌ക്കം ഏറ്റെടുത്തുകൊള്ളും. വടക്കോട്ട് തല വെച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസികള്‍ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ബാക്കിയുള്ളവര്‍ ഏത് ദിശയില്‍ തല വെച്ച് ഉറങ്ങിയാലും സമം ഗുണം.

(8) ലോകത്തെമ്പാടും ദിശയെ അടിസ്ഥാനപ്പെടുത്തി മനോഹരമായ അന്ധവിശ്വാസങ്ങള്‍ നെയ്തുകൂട്ടിയിട്ടുണ്ട്. പലര്‍ക്കും ഭിന്ന ദിശകളാണ് പ്രശ്‌നം. ചിലര്‍ക്ക് വടക്ക് പ്രശ്‌നമാണെങ്കില്‍ മറ്റു ചിലര്‍ക്ക് തെക്കും കിഴക്കുമാണ് വില്ലന്‍! ദിശയേ മാറുന്നുള്ളു, അന്ധിവിശ്വാസങ്ങളുടെ സ്വഭാവവും പിന്നാമ്പുറക്കഥകളും ഏതാണ്ട് സമാനമായിരിക്കും. വടക്കോട്ട് തല വെച്ചാല്‍ യഥാര്‍ത്ഥത്തില്‍ പ്രശ്‌നമാണെങ്കില്‍ തെക്കുവടക്ക് അറിയാതെ ജീവിച്ച നമ്മുടെ പൂര്‍വികരില്‍ പലരുടെയും തലമണ്ടയുടെ ഐ.സിയും മദര്‍ബോര്‍ഡുമൊക്കെ അടിച്ചുപോയേനെ. ഗൂഹാമനുഷ്യരും കാട്ടാളന്‍മാരുമൊക്കെ മൈഗ്രെയിന്‍ കാരണം ഭ്രാന്തരായിപ്പോകുമായിരുന്നു. ഇന്നും ഈ വടക്കുഛാത്രം അറിയാതെ ജീവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ലോകജനതയുടെ കാര്യമൊന്നോര്‍ത്തു നോക്കൂ! മാത്രമല്ല ആന, കാള, പശു, സിംഹം… തുടങ്ങി ബാക്റ്റീരിയ വരെയുള്ള ജീവജാലങ്ങളുടെ കാര്യവും തഥൈവ. അവയൊന്നും തെക്കുവടക്ക് നോക്കിയല്ലല്ലോ ശയനം നടത്തുന്നത്!അവര്‍ക്കിടയില്‍ ഛാത്രം നേരത്തെ കണ്ടുപിടിക്കുന്ന സ്വഭാവമുള്ള മ്യാരകഋഷിമാരുമില്ല. വടക്കോട്ടെ തല വെക്കരുത്, തെക്കോട്ട് കാലു വെക്കരുത്, പടിഞ്ഞാറോട്ട് മൂക്ക് വെക്കരുത് എന്നൊക്കെയുള്ള ലാവണ്യനിബിഡമായ അന്ധവിശ്വാസങ്ങള്‍ ചുമക്കാത്തവരെ സംബന്ധിച്ചിടത്തോളം അത്യാവശ്യം കഷ്ടപ്പാടില്ലാതെ ജീവിച്ചുപോകാം. അതില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വടക്കോട്ട് തലവെച്ച് ഉറങ്ങിയാല്‍ രാവിലെ തെക്കോട്ട് എടുക്കേണ്ടി വരുമെന്ന് കഠോരന്റെ ഘോരശാസ്ത്രത്തില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

 • Nibin P S

  ബഹുമാനപെട്ട രവിചന്ദ്രൻ സർ,

  അങ്ങയുടെ ഒട്ടമിക്ക ബ്ലോഗുകളും ബുക്ക്‌കളും വളരെ കൌതകത്തോടെ വായിച്ചിട്ടുണ്ട്, വായിക്കും തോറും കൂടുതൽ കൂടുതൽ സംശയങ്ങളാണ് ഉണ്ടാകുനത്, പ്രാചീനമായി രൂപം കൊണ്ട സമകാലീന മതങ്ങളും , നശിച്ചു പോയ മതങ്ങളും അവതരിപിക്കുന്ന ദൈവം എന്നാ ആശയം യുക്തിഹീനവും നിലനിന്നിരുനില്ല എന്നു മനസിലാക്കാൻ സാമാന്യ യുക്തി മതി, പക്ഷെ സാംസ്കാരികമായി നിലനില്ക്കുന്ന പല നിരുപദ്രവകരമായ ഭാരതിയ വിശ്വാസങ്ങളെയും അങ്ങ് യുക്തി ഉപയോഗിച്ച് എതിര്ക്കുനത് എന്തിനാണെന്ന് മനസിലാകുനില്ല ,

  ഉദാഹരണത്തിന്, shake hand ഒരു ഓൾഡ്‌ custom ആണ് , ആധുനിക മന്ഷ്യനും ഇന്ന് അത് ഔപചാരികമായി ചെയ്യുന്നു , യുക്തി പരമായി നോക്കുകയാണെങ്കിൽ shake hand ഒരു നല്ല ആചാരമല്ല, ഏറ്റവും കൂടുതൽ രോഗാണുക്കൾ പരത്തുന്ന ഒരു പ്രക്രിയയാണെന്നു വാദിക്കാം അതുകൊണ്ട് അത് ഒഴിവാക്കുനതാണ് യുക്തി എന്ന് പറയാം, അല്ലെ …

  Why don’t you say this because its not started in India, is it? But you people are condemning all rituals with scientific view, I think its not right…

  • മതങ്ങളും അവയുടെ ആചാരങ്ങളും രൂപപ്പെട്ട കാലം കൂടി നമ്മൾ കണ്ണക്കിലെടുക്കേണ്ടതുണ്ട് നിബിൻ . അന്നുണ്ടായിരുന്ന പരിമിതമായ അറിവ് വെച്ചുണ്ടാക്കിയതാണു ഈ ആചാരങ്ങളെല്ലാം തന്നെ. അത് കൊണ്ട് സകൾ മതാചാരങ്ങളും ഇന്നത്തെ ഏറ്റവും പുതിയ അറിവുകൾ മുൻ നിരത്തി പരിശോധിക്കേണ്ടതുണ്ട്

Copyright © 2017. Powered by WordPress & Romangie Theme.