ദയവ് ചെയ്ത് ‘ഉണ്ടാക്കരുത്’

26

(1) ”നിങ്ങള്‍ തനിയെ ഉണ്ടായതാണോ???”

എന്നെ ആരും ‘ഉണ്ടാക്കി’യതല്ല. എന്നിലുള്ളതെന്തോ അത് ഞാനായി. ഞാനറിയാതെ, ആരുടെയും സമ്മതിമില്ലാതെ ഭ്രൂണത്തില്‍ നിന്നും സ്വയം പരിണമിച്ചു.

”ഭൂണം ഉണ്ടാകാന്‍ ആരും സമ്മതിച്ചില്ലേ എന്തു സംഭവിക്കും? ചേച്ചി സമ്മതിച്ചാലല്ലേ, അണ്ഡത്തില്‍ ബീജം കയറൂ….??? ”

ഭ്രൂണം ഉണ്ടാകാന്‍ സമ്മതം(permission) വിഷയമല്ല. സമ്മതമില്ലെങ്കിലും ഭ്രൂണം തനിയെ ഉണ്ടാകും. എല്ലാ ജീവികുലങ്ങളിലും ഉണ്ടാകും. അറിഞ്ഞുകൊണ്ട് ഉണ്ടാക്കുന്നതല്ല. അറിഞ്ഞാലും സംഭവിക്കും. ഭ്രൂണം ഉണ്ടാകാനുള്ള സമ്മതം അപ്രസക്തമാണ്. പലരും സമ്മതിച്ചിട്ടും ആഗ്രഹിച്ചിട്ടും അതു നടക്കാറില്ല. അവരുടെ വേദന നാം കാണുന്നതാണ്. എല്ലാം തനിയെ സംഭവിക്കണം, അല്ലെങ്കില്‍ തനിയെ സംഭവിക്കാനുള്ള സാഹചര്യമൊരുങ്ങണം. എന്തായാലും തനിയെ തന്നെ വേണം.

(2) തനിയെ ഉണ്ടാകാത്ത (evolve on its own) വസ്തുക്കളൊന്നും മനുഷ്യന്‍ വിചാരിച്ചാലും ഉണ്ടാകില്ല. കൃത്രിമമായ വസ്തുക്കള്‍ തനിയേ സാധ്യമായവ മാത്രമാണ്. ചിലവ ഉണ്ടാകാനുള്ള സാധ്യത നിലവിലുള്ള സാഹചര്യങ്ങളില്‍ കുറയാം എന്നു മാത്രം. മനുഷ്യന്‍ വരുന്നതിന് മുമ്പ്, അതായത്, ഏതാണ്ട് ഒരു ലക്ഷം വര്‍ഷം മുമ്പ് ആരാണ് ഇവിടെ വസ്തുക്കള്‍ ‘ഉണ്ടാക്കി’യത്? മനുഷ്യന്‍ ഇല്ലാത്തിടത്ത് കാണുന്ന വസ്തുക്കളൊക്കെ ആരാണ് ഉണ്ടാക്കിയത്? ഉണ്ടാകേണ്ടത് മാത്രമേ ഉണ്ടാകൂ.

(3) ഉണ്ടാകുക എന്നാല്‍ പരിണാമം എന്നര്‍ത്ഥം. ഉണ്ടാകുന്നത് പദാര്‍ത്ഥഗുണവും രാസഗുണവും ആധാരമാക്കിയാണ്. മണലും സിമന്റും കല്ലും കുഴച്ചുവെച്ചാല്‍ കോണ്‍ക്രീറ്റാവില്ല. കോണ്‍ക്രീറ്റ് തനിയെ ഉണ്ടാക്കാനുള്ള ശേഷി അതിന്റെ ഘടക പദാര്‍ത്ഥങ്ങള്‍ക്കുണ്ടാകണം. ജലം, മണല്‍, സിമന്റ്, കമ്പി… ഇവയില്‍ ഏതെങ്കിലും ഒരെണ്ണം ഇല്ലെങ്കില്‍ കോണ്‍ക്രീറ്റ് ഇല്ല. കോണ്‍ക്രീറ്റ് ഉണ്ടാകുന്നത് സൗകര്യപ്പെടുത്താന്‍ മേശിരിക്കു സാധിക്കും. എന്നാല്‍ മേശിരി ഇല്ലാതെയും അതു സംഭവിക്കും. സാധ്യത താരതമ്യേന കുറവായിരിക്കുമെന്ന് മാത്രം.

(4) തനിയെ അല്ലാതെ എന്നത് തനിയെ എന്നതിന്റെ വിപരീതമായി പൊതുവെ ഉപയോഗിക്കുന്നതാണ്. ഡിങ്കന്‍അഡിങ്കന്‍ എന്നൊക്കെ പറയുന്നതുപോലെ. പദം ഉള്ളതുകൊണ്ട് കാര്യം സാധുവാണെന്നോ സംഭവ്യമാണെന്നോ അര്‍ത്ഥമില്ല. തനിയെ അല്ലാതെ ഒന്നും ഉണ്ടാകുന്നില്ല. അതായത് തനിയെ മാത്രം ഉണ്ടാകുന്നു. തനിയെ അല്ലാതെ എന്തോ ഉണ്ടാകുന്നു എന്ന മനോവിഭ്രാന്തിയാണ് മതചിന്ത.

(5) ‘ഇല്ലായ്മയില്‍ നിന്ന്’ ദ്രവ്യം ഉണ്ടാകില്ല. ഇല്ലായ്മ എന്നാല്‍ ഒന്നും ഇല്ലാത്ത അവസ്ഥ എന്നല്ലേ അര്‍ത്ഥം? അതില്‍ നിന്ന് ‘എന്തെങ്കിലും’ ഉണ്ടാകുന്നത് എങ്ങനെയാണ്? ദ്രവ്യത്തെ ഉണ്ടാക്കേണ്ട കാര്യമില്ല, അതുള്ളതാണ്, നശിപ്പിക്കാനുമാവില്ല. ദൈവം/കാക്രിപൂക്രി/ഡിങ്കോലാഫി ഇവയൊന്നും ഉള്ള കാര്യങ്ങളല്ല. അതുകൊണ്ട് തന്നെ അത്തരം ചിന്ത വെറും ഭാവനാവ്യായാമമാണ്. എന്നാല്‍ ദ്രവ്യം ഉണ്ട്, തെളിവുണ്ട്, ജ്ഞേയമാണ്, യുക്തിസഹമാണ്, അനുഭവവേദ്യമാണ്, ഞാനതാണ്, നിങ്ങളതാണ്.

(6) ബിഗ് ബാംഗ് സിദ്ധാന്തപ്രകാരം പ്രപഞ്ചം നിലവില്‍ വന്നിട്ടു 1382 കോടി വര്‍ഷമായി. ഭൂമിയും സൂര്യനും വന്നിട്ട് 460 കോടി വര്‍ഷങ്ങളും. എന്നാല്‍, കഷ്ടിച്ച് ഒരു ലക്ഷം വര്‍ഷം മുമ്പ് ഉരുത്തിരിഞ്ഞ മനുഷ്യന്‍ എന്ന ജീവിവര്‍ഗ്ഗം നിര്‍മ്മിച്ച സോപ്പ്, ചീപ്പ്, വാച്ച്, ഫാന്‍, ഉണ്ടന്‍പൊരി എന്നിവയൊക്കെ ചൂണ്ടിക്കാട്ടി ഇതുപോലെ ആരാണ്ട് കുത്തിയിരുന്നു ഉണ്ടാക്കയതല്ലേ ഈ പ്രപഞ്ചം മുഴുവന്‍ എന്നു ചിന്തിക്കാന്‍ എളുപ്പമാണ്, പക്ഷെ ചപലമാണ്. പ്രപഞ്ചത്തിലെ 99.999% വസ്തുക്കളും മനുഷ്യന്‍ നിര്‍മ്മിച്ചവയല്ല.

(7) നെബുലകളും ഗാലക്‌സികളും തമോഗര്‍ത്തങ്ങളും മലയും പുഴയും മഴയും മിന്നലും കടലും കടലാടിയും ഉണ്ടായത് അവനറിഞ്ഞല്ല. മനുഷ്യന്‍ ദോശ ചുടുന്നത് പോലെ ആരോ കുത്തിയിരുന്നു ചുട്ട ദോശയാണ് പ്രപ്ചമെന്ന പരിഹാസ്യമായ അന്ധവിശ്വാസമാണ് മതത്തിന്റെ കാതല്‍. എന്നിട്ട് ഉണ്ടാക്കിയ ഇല്ലാത്ത മാമന്‍ സ്വയം ഉണ്ടായതായും പ്രഖ്യാപിക്കുന്നു. എന്നാല്‍ ഉള്ളതിനെ(ദ്രവ്യം) പരിഗണിക്കുന്നില്ല, ശ്യാമോര്‍ജ്ജമായും(black energy) പ്രതിദ്രവ്യമായും (anti-matter) അതു നിലകൊള്ളുന്നത് അംഗീകരിക്കുന്നുമില്ല.

(8) ഭൗതികവാദികള്‍ ദ്രവ്യം അനാദിയാണെന്നു പറയുന്നു അവര്‍ ദൈവം/പ്രേതം അനാദിയാണെന്ന് പറയുന്നു. ഇതു തമ്മിലെന്താ വ്യത്യാസം? വ്യത്യാസമേയുള്ളൂ. ഉളള്ളതും, തെളിവുള്ളതും, ജ്ഞേയവും, അനുഭവവേദ്യവും, യുക്തസഹമായതുമായ ഒന്ന് എന്നുമുണ്ടായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. അതിനെ നിര്‍മ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്നതിനാല്‍ വിശേഷിച്ചും. നിര്‍മ്മിക്കാനാവാത്ത ഒന്ന് നിലവിലുണ്ടെങ്കില്‍ അത് എന്നുമുണ്ടായിരുന്നു എന്നു കരുതേണ്ടിവരും.

(9) ഉള്ള ഒന്നിനെ നശിപ്പിക്കാനാവില്ലെങ്കില്‍ അത് എന്നുമുണ്ടായിരിക്കും എന്നും അംഗീകരിക്കേണ്ടതുണ്ട്. അതേസമയം, ദൈവം/പ്രേതം എന്നിവ ഇല്ലാത്തതും തെളിവില്ലാത്തതും അജ്ഞേയവുമാണ്. കയ്യിലിരിക്കുന്ന ചെമ്പനീരിനു നറുമണമുണ്ടെന്നു പറയുന്നതും ആകാശകുസുമം കറുത്തു തുടത്തതാണെന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസമവിടെയുണ്ട്. ദ്രവ്യത്തിന്റെ രൂപഭാവഭേദങ്ങളാണ് പ്രപഞ്ചത്തിന്റെ അവസ്ഥാന്തരങ്ങള്‍ നിര്‍മ്മിക്കുന്നത്. സ്വഭാവികമായ നിര്‍ധാരണമാണതിന്റെ അടിസ്ഥാനം. പ്രപഞ്ചം മാറിമറിയും, ദ്രവ്യം നിലനില്‍ക്കും. കാരണം എന്നും അതുള്ളതാണ്… ഉള്ള ഒന്നിനെ ദയവ് ചെയ്ത് ‘ഉണ്ടാക്കരുത്’!

Copyright © 2017. Powered by WordPress & Romangie Theme.