ദാദ്രിയുടെ അച്ഛന്‍

1

(1) ബ്രാഹ്മണര്‍ പശുമാംസം ഭക്ഷിക്കുന്നത് പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നത് ഗുപ്തകാലത്തോടു കൂടിയാണ്. മാംസം കഴിക്കുന്നവര്‍ അധമരായി മുദ്ര കുത്തപ്പെടുന്നതും അതിനുശേഷമാണ്. ഗോഹത്യ കടുത്ത പാപമായി ചിത്രീകരിച്ചു ധര്‍മ്മശാസനങ്ങളും പിന്നാലെയെത്തി. എന്നാല്‍ മധ്യകാലഘട്ടത്തില്‍ മുസ്ലീങ്ങളുടെ വരവോടു കൂടിയാണ് പശു ഹിന്ദുമതത്തിന്റെ വൈകാരികബിംബമായി മാറിയത്. ബ്രാഹ്മണരുടെയും ജൈനരുടെയും വികാരം മാനിച്ച് മുഗള്‍ ഭരണാധികാരികളായ ബാബര്‍, അക്ബര്‍, ജഹാംഗീര്‍ തുടങ്ങിയവരൊക്കെ പരിമിതമായ തോതില്‍ ഗോനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറാത്ത വീരനായ ശിവജി ബ്രാഹ്മണരുടെയും പശുക്കളുടെയും സംരക്ഷകനായാണ് അറിയപ്പെട്ടിരുന്നത്. 17, 18 നൂറ്റാണ്ടുകളിലാണ് പശുവുമായി ബന്ധപ്പെട്ടു മതസംഘര്‍ഷങ്ങളുണ്ടാകുന്നത്. പശു ഹിന്ദുക്കളുടെ മതവികാരമായി മാറുന്നതും ഇക്കാലത്താണ്.

(2) പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച സിക്കുകാരുടെ കുക/നാംധാരി പ്രസ്ഥാനമാണ് ഇന്ത്യയില്‍ പശുരാഷ്ട്രീയത്തിന്റെ ബീജംവിതച്ചത്. ഹിന്ദുക്കളെയും സിക്കുകാരയും ബ്രിട്ടീഷുകാരുടെ അംഗീകാരത്തോടെയുള്ള പശുകശാപ്പിനെതിരെ ഹിന്ദു-സിക്ക് ഐക്യമുണ്ടാക്കുക എന്നതായിരുന്നു അവരുടെ മുഖ്യ ദൗത്യം. ഐക്യചിഹ്നമായി അവര്‍ പശുവിനെ ഉയര്‍ത്തിക്കാട്ടി. 1882 ല്‍ ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതി ഗോരക്ഷിണി സഭ (ഏീം ഞമസവെശിശ ടമയവമ) സ്ഥാപിച്ചതോടെയാണ് ഈ ദൗത്യം ശക്തിയാര്‍ജ്ജിക്കുന്നത്. പേരു വ്യക്തമാക്കുന്നതുപോലെ തന്നെ പശുസംരക്ഷണത്തിനായി രൂപംകൊടുത്ത പ്രസ്ഥാനം ആയിരുന്നു അത്. തുടക്കം ഗോശാലകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു. ‘മുസ്ലീങ്ങളുടെ അറവുകത്തി’യില്‍ നിന്നു പശു എന്ന ദിവ്യമൃഗത്തെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ക്കു ബാദ്ധ്യതയുണ്ട് എന്ന നിലപാടിലേക്ക് ക്രമേണ സഭ ചുവടു മാറ്റി. അങ്ങനെ ചെയ്യാതിരിക്കുന്ന ഗോഹത്യപാപത്തെക്കാള്‍ ദോഷകരമാണെന്നും വാദിച്ചു.

(3) ആദ്യത്തെ ഗോരക്ഷണി സഭ സ്ഥാപിക്കപ്പെട്ടത് പഞ്ചാബിലാണ്, 1882 ല്‍. ഉത്തരേന്ത്യ, ബംഗാള്‍, ബോംബൈ, മദ്രാസ് എന്നിവിടങ്ങളിലേക്ക് ഈ പ്രസ്ഥാനം പെട്ടെന്നു വ്യാപിച്ചു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ പുനരധിവസിപ്പിക്കാനായി ഗോശാലകള്‍ സ്ഥാപിച്ചു. രാജ്യമെമ്പാടു നിന്നും ദാനവും സംഭാവനകളും സ്വീകരിച്ച് ഗോശാലകളിലെ പശുക്കളെ തീറ്റിപ്പോറ്റി. ചില സ്ഥലങ്ങളില്‍ മൂന്നര ലക്ഷം കയ്യൊപ്പുകള്‍ വരെ ശേഖരിച്ച് ഗോവധത്തിനെതിരെ നിരോധനം പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ത്തി. ഗോരക്ഷണി സഭയെ ഒരു ദേശീയപ്രസ്ഥാനമാക്കി മാറ്റുന്നതില്‍ ആര്യസമാജം നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഗോസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചത് വിജയ്പാല്‍ ബാഗല്‍ ആയിരുന്നു.

(4) ‘ഗോകരുണനിധി’ എന്ന പേരില്‍ 1881 ല്‍ സ്വാമി ദയാനന്ദസരസ്വതി (18241883) പ്രസിദ്ധീകരിച്ച ലേഖനം ഗോവധത്തെ രൂക്ഷമായി എതിര്‍ക്കുന്ന ഒന്നാണ്. ഗോവധം ഒരു ‘ഹിന്ദു-വിരുദ്ധ കര്‍മ്മം’ (‘anti hindu act’) ആണെന്നാണ് അദ്ദേഹം അതില്‍ വാദിക്കുന്നത്. തീവണ്ടിയുടെ ആവിര്‍ഭാവവും അച്ചടിവിദ്യയുടെ പ്രചാരവും ഗോരക്ഷണി സഭയുടെ പ്രചാരപ്രവര്‍ത്തനങ്ങളുടെ മൂര്‍ച്ച വര്‍ദ്ധിപ്പിച്ചു;മുസ്ലീങ്ങളുടെ പരാതിയുടെയും. അലഹബാദ് ഹൈക്കോടതി 1888 ല്‍ പുറപ്പെടുവിച്ച വിധി ന്യായം സംഘര്‍ഷാന്തരീക്ഷം രൂക്ഷമാക്കി. ഇന്ത്യന്‍ പീനല്‍ കോഡിന്റെ 295 ാം സെക്ഷനില്‍ വിശദീകരിച്ചിരിക്കുന്ന ‘വിശുദ്ധമൃഗ’ങ്ങളുടെ പട്ടികയില്‍ പശു ഉള്‍പ്പെടുന്നില്ലെന്നും പശുമാംസം ഭക്ഷിക്കുന്നതിന്റെ പേരില്‍ മുസ്ലീങ്ങളെ കുറ്റക്കാരായി കാണാനാവില്ലെന്നുമായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്.

(5) ബ്രിട്ടീഷുകാരും കോടതിയും ഹിന്ദുക്കള്‍ക്കെതിരെയാണ് എന്ന പ്രചരണത്തിലൂടെ വിധിയെ പ്രതിരോധിക്കാനാണ് ഗോരക്ഷിണി സഭ ശ്രമിച്ചത്. പ്രസ്ഥാനത്തിന്റെ ആശയസ്രോതസ്സ് ദയനന്ദ സരസ്വതി ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കാലത്ത് (1883 വരെ) ‘മുസ്ലീംവിരുദ്ധപ്രസ്ഥാന’മായി അതു മാറിയിരുന്നില്ലെന്നു വിലയിരുത്തപ്പെടുന്നുണ്ട്. 1893 ആയപ്പോഴേക്കും പശുലഹളകള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു. നാഗ്പൂര്‍, ഹരിദ്വാര്‍, ബനാറസ് എന്നിവിടങ്ങളില്‍ വമ്പന്‍ ഗോവധവിരുദ്ധ സമ്മേളനങ്ങള്‍ നടന്നു. പശുവിന്റെ ദുരവസ്ഥ ചിത്രികരിക്കുന്ന തെരുവുനാടകങ്ങളും കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. പശുസംരക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച് ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു വിതരണംചെയ്തു. എല്ലാ ഹിന്ദുവിഭാഗങ്ങളും ഒരുമിച്ച് പശുവിനെ അറുക്കുന്നതു നോക്കി കണ്ണീര്‍ വാര്‍ക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മുസ്‌ലിംകള്‍ ബലിപെരുന്നാളിന് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അത്തരം കശാപ്പുകള്‍ തടയണമെന്നും ആവശ്യമുയര്‍ന്നു.

(6) 1893 ല്‍ അസംഗഡിലെ മൗവില്‍(Mau) ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുണ്ടായ പശുലഹള കുപ്രസിദ്ധമാണ്. നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് പോലീസിനു മൂന്നു ദിവസം വേണ്ടി വന്നു. ലഹള ഉണ്ടായത് ഒരു തെറ്റിദ്ധാരണ മൂലമാണെന്നു വിലയിരുത്തലുകളുണ്ട്. പ്രാദേശിക മജിസ്റ്റ്രേട്ട് കശാപ്പുജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട് ഒരു ഉത്തരവിറക്കി. ഏതൊക്കെ മേഖലകളില്‍ എത്രമാത്രം പ്രശ്‌ന സാധ്യതയുണ്ടെന്നു വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അപ്രകാരം ചെയ്തത്രെ. പക്ഷെ കശാപ്പുജോലി ചെയ്യാനുള്ള തങ്ങളുടെ അവകാശം സംരക്ഷിക്കുന്ന ഉത്തരവായി മുസ്ലീങ്ങള്‍ അതു വ്യാഖ്യാനിച്ചു. ഹൈക്കോടതി വിധി സംഘര്‍ഷം ഇരട്ടിപ്പിച്ചു.

(7) ബലിപെരുന്നാളിനു കശാപ്പ് തടയാന്‍ ഗോരക്ഷിണി സമിതി ശ്രമിച്ചത് ഹിന്ദു-മുസ്ലീം സംഘര്‍ഷത്തിനു കാരണമായി. ഇരു ഭാഗത്തും വൈകാരികപ്രക്ഷാളനം നടത്താന്‍ ആളുണ്ടായി. വാളും തോക്കും ലാത്തികളുമായി പശുപക്ഷക്കാരും മുസ്ലീങ്ങളും തെരുവില്‍ രക്തം ചിന്തി. സംഘര്‍ഷം പൊലീസ് വെടിവെപ്പില്‍ കലാശിച്ചു.മൗ കലാപം അമര്‍ച്ച ചെയ്ത ബ്രിട്ടീഷ് സര്‍ക്കാരിന്റെ കര്‍ക്കശ നിലപാടു മൂലം പലയിടങ്ങളിലും ശാഖകള്‍ പിരിച്ചുവിടാന്‍ ഗോരക്ഷിണി സഭ നിര്‍ബന്ധിതരായി. പക്ഷെ അവര്‍ ഉയര്‍ത്തി വിട്ട മതവൈകാരികത മരിച്ചില്ല. പിന്നീട് അയോദ്ധ്യയിലും (1912) ശാഹാബാദിലും (1917) അരങ്ങേറിയ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു പശുരാഷ്ട്രീയവുമായി നേരിട്ടു ബന്ധമുണ്ടായിരുന്നു. നൂറിലധികംപേരാണ് ഈ കലാപങ്ങളിലൂടെ പശുവിന്റെ നാമത്തില്‍ കൊല്ലപ്പെട്ടത്.

(8) ഗോമാതാവ്, സരസ്വതി മാതാവ്, ഭൂമി മാതാവ്’ എന്നീ മൂന്നു മാതാക്കള്‍ ഓരോ ഹിന്ദുവിനും പരമപ്രധാനമാണെന്നു വാദിച്ച ശുദ്ധിപ്രസ്ഥാന നേതാവ് സ്വാമി ശ്രദ്ധാനന്ദയും ഗോവധവിരുദ്ധ മനോഭാവം വളര്‍ത്താന്‍ പ്രയത്‌നിച്ചയാളാണ്. ഈ സമവാക്യത്തിലേക്ക് ഭാരത മാതാവിനെ കൂടി കൂട്ടിച്ചേര്‍ത്താല്‍ ഇന്നത്തെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ചേരുവകള്‍ പൂര്‍ണ്ണമായി. ആരംഭഘട്ടത്തില്‍ ‘ഗോശാലകള്‍’ നിര്‍മ്മിക്കുന്നതില്‍ വ്യാപൃതരായ ഗോരക്ഷിണി സഭ പ്രായംകൊണ്ടും രോഗംകൊണ്ടും അവശത അനുഭവിക്കുന്ന നിരവധി പശുക്കളെ പോറ്റി വളര്‍ത്തി. ഗോപൂജ ഹിന്ദുക്കള്‍ക്കു നിര്‍ബന്ധമാണെന്നും അവര്‍ പ്രചരിപ്പിച്ചു. പശുക്കളോടുള്ള പെരുമാറ്റ രീതി സംബന്ധിച്ച് നിയമങ്ങളുണ്ടാക്കുകയായിരുന്നു അടുത്ത പടി. നിയമംതെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷകളും പ്രഖ്യാപിക്കപ്പെട്ടു. മുസ്ലീങ്ങള്‍ക്കു കാളയോ പശുവിനെയോ വിറ്റാല്‍ ഊരു വിലക്കു വരുമെന്ന ഭീഷണി ഉയര്‍ന്നു.

(9) ഗോരക്ഷണി സഭകള്‍ പ്രവര്‍ത്തനഫണ്ട് സ്വരൂപിക്കാനായി നടത്തിയിരുന്ന പിരിവിന്റെ പേര് ‘ചുട്കി’ എന്നായിരുന്നു പല മുസ്ലീങ്ങളും ‘ഇഖ്‌റാര്‍ നാമ’ എന്നറിയപ്പെടുന്ന കരാര്‍ പത്രങ്ങള്‍ സഭയ്ക്ക് എഴുതികൊടുത്തു. മേലില്‍ പശുവിനെ കശാപ്പ് ചെയ്യില്ലെന്ന സമ്മതപത്രമായിരുന്നു ഇഖ്‌റാര്‍നാമ. എല്ലാ മനുഷ്യരും പശുവിന്‍ പാല്‍ കുടിക്കുന്നു-അതിനാല്‍ പശു വിശ്വമാതാവാണ്-ഗോവധം മാതൃഹത്യയാണ്-ഇതായിരുന്നു സഭയുടെ അടിസ്ഥാന പ്രചരണ മുദ്രാവാക്യം. പ്രചരണത്തോടൊപ്പം ഹിന്ദുഭവനങ്ങളിലേക്ക് ഇടയലേഖനത്തിന്റെ മാതൃകയില്‍ നിര്‍ദ്ദേശങ്ങള്‍ തപാലില്‍ അയച്ചുകൊടുക്കുന്ന രീതിയും അവലംബിച്ചു. പാട്ടിയ എന്നാണ് ഈ കത്തുകള്‍ അറിയപ്പെട്ടിരുന്നത്. കത്തു ലഭിക്കുന്നവര്‍ അതിന്റെ പരമാവധി കോപ്പികള്‍ എഴുതിയുണ്ടാക്കി പ്രചരിപ്പിക്കാനും നിര്‍ദ്ദേശമുണ്ടായി. ഇത്തരത്തിലുള്ള രണ്ട് കത്തുകളില്‍ രണ്ടെണ്ണം കീഴാള ചരിത്രകാരനായ ഗ്യാന്‍ പാണ്‌ഡെ ഉദ്ധരിക്കുന്നുണ്ട്:

(10) ”ഗോലോകത്തുനിന്നുള്ള കത്താണിത്. ഹിന്ദുസഹോദരന്‍മാരോടുള്ള ഒരഭ്യര്‍ത്ഥനയാണ് ഇതിലുള്ളത്. പശുവിന്റെ മതം നശിപ്പിക്കപ്പെടുകയാണ്. അവിശ്വാസികളാല്‍ (മുസ്ലീങ്ങള്‍) കൊല്ലപ്പെടാന്‍മാത്രം എന്തു പാതകമാണ് അവള്‍ (പശു) ചെയ്തത്? ഓരോ ഗ്രാമത്തിലെയും ഓരോ വീട്ടിലെയും പശുവിനെ നിരീക്ഷിക്കാന്‍ ഹിന്ദു സഹോദരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍, പശു സങ്കടത്തോടെ അന്ത്യശ്വാസം വലിക്കുകയും നമ്മുടെ ഗ്രാമങ്ങളില്‍ നിന്നു അപ്രത്യക്ഷമാവുകയും ചെയ്യും. പശുവുമായി വരുന്ന മുസല്‍മാനെ കണ്ടാല്‍, അയാളില്‍ നിന്നു അതിനെ മോചിപ്പിക്കേണ്ടത് നിങ്ങളുടെ കര്‍ത്തവ്യമാണ്. ഇതുപോലുള്ള അഞ്ചു കത്തുകള്‍ എഴുതി അയയ്ക്കലും നിങ്ങളുടെ ധര്‍മ്മമാകുന്നു. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കുപോലും ഗോഹത്യാപാപമുണ്ട്.” ((Gyan Pandey, ‘Rallying Round the Cow: Sectarian Srife in the Bhojpuri region, c. 1888-1917’, in Ranajit Guha (ed.), Subaltern Studies II: Writings on South Asian History and Socitey (New Delhi: Oxford Universtiy Press, 1983, Eighth Impression : 2010), p.110)

(11) പശുസംരക്ഷണ ആഹ്വാനങ്ങളാണ് പൊതുവെ പട്ടിയകളില്‍ ഉണ്ടായിരുന്നതെങ്കില്‍ ചിലവ ശരിക്കും ”മദനി മാതൃക’യിലായിരുന്നു:

”ഹിന്ദുക്കള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല. ഗോവധ വിഷയത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ശത്രുതയുണ്ട്.ബലിപെരുന്നാളിന് ചില ഗ്രാമങ്ങളില്‍ നടക്കുന്ന കശാപ്പ് ഹിന്ദുക്കളെ അപമാനിക്കലാണ്. ജീവിതം ഒരു ശാപമായിത്തീരാന്‍ മാത്രമുള്ള അപമാനം! അതിനാല്‍, നിങ്ങള്‍ മുസ്ലീങ്ങളുടെ വീടുകള്‍ കൊള്ളയടിക്കണം, അവരെ കൊല്ലണം. അഞ്ചു കത്തു വീതം ഗ്രാമത്തില്‍ വിതരണം ചെയ്യണം. കത്ത് വിതരണം ചെയ്യുകയും കൊള്ളയടിക്കുകയും കൊല്ലുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങളുടെ മകളോടുപോയി ശരീരബന്ധം പുലര്‍ത്തിക്കൊള്ളുക. തീര്‍ച്ചയായും, ഇതൊക്കെ ചെയ്യാതിരിക്കുന്നതിലും ഭേദം സ്വന്തം മാതാവിനെ ഒരു മുസ്ലീമിനു വിവാഹം ചെയ്തുകൊടുക്കലാണ്” ((Gyan Pandey, ‘Rallying Round the Cow: Sectarian Srife in the Bhojpuri region, c. 1888-1917’, in Ranajit Guha (ed.), Subaltern Studies II: Writings on South Asian History and Socitey (New Delhi: Oxford Universtiy Press, 1983, Eighth Impression : 2010), p.110)

(12) വെടിമരുന്നു പുരട്ടിയ ഇത്തരം കത്തുകള്‍ ഇസ്ലാമികസൃഷ്ടികളാണെന്ന എതിര്‍വാദം പശുപക്ഷക്കാര്‍ ഉന്നയിക്കാറുണ്ട്. ഇന്റര്‍നെറ്റും പത്രമാധ്യമങ്ങളും ഫോട്ടോഷോപ്പ് സാങ്കേതികതയുമൊക്കെ വരുന്നതിനു വളരെ മുമ്പു തന്നെ പ്രകോപനമുണ്ടാക്കുന്നതു എതിര്‍പക്ഷമാണെന്നും തങ്ങള്‍ ‘പ്രതിരോധക്കാര്‍’ മാത്രമാണെന്നും സമര്‍ത്ഥിക്കാന്‍ ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ വ്യാജപ്രചരണം അഴിച്ചുവിടുക പതിവായിരുന്നു. കത്തുകള്‍ എഴുതി അയക്കാന്‍ വലിയ പ്രയാസമില്ല. കിട്ടുന്നവര്‍ തന്നെ കോപ്പികളെടുത്ത് അയക്കണമെന്നു പറയുമ്പോള്‍ ആധികാരികത പ്രസക്തവുമല്ല. ബ്രിട്ടീഷ് അധികാരികളുടെ മുന്നില്‍ ഇത്തരം രേഖകള്‍ തെളിവായി ഹാജരാക്കപ്പെട്ടിട്ടുണ്ട്. അസ്സല്‍ കത്തേത്-വ്യാജ കത്തേത് എന്നൊക്കെ തിരിച്ചറിയാന്‍ ഗ്രാമീണര്‍ക്കു സാധിക്കുമായിരുന്നില്ലെന്നതു പരിഗണിക്കുമ്പോള്‍ ഇത്തരം കത്തുകള്‍ ആരയച്ചാലും ഫലം ഒന്നു തന്നെ. ഗോരക്ഷിണി സഭയാണ് രാജ്യത്തുണ്ടായ പശുപക്ഷ അതിക്രമങ്ങളുടെ നേരവകാശികള്‍. ഇന്നതിന്റെ കടിഞ്ഞാണ്‍ സംഘപരിവാറിന്റെ കയ്യിലാണ്. ഗോമാതാവിനു വേണ്ടി സഹജീവിയെ തല്ലിക്കൊല്ലാന്‍ ബിസാരയിലെ ഗ്രാമീണര്‍ക്കു തോന്നിയെങ്കില്‍ ആ മനോഭാവം ഉണ്ടാക്കിയെടുക്കാന്‍ ഒരു നൂറ്റാണ്ടിനു മുമ്പു തന്നെ പലരുമിവിടെ ആസൂത്രിതമായി കഷ്ടപ്പെട്ടിട്ടുണ്ട്. ദാദ്രിക്ക് അമ്മ മാത്രമല്ല അച്ഛനുമുണ്ട്.

Copyright © 2016. Powered by WordPress & Romangie Theme.