പഴങ്കഥ തീര്‍ക്കുന്ന പീഡനങ്ങള്‍

18

മതം ആസുരമായി പത്തി വിടര്‍ത്തിയാടിയ പാകിസ്ഥാനില്‍ കണ്ട രക്തം കട്ടയാക്കുന്ന രംഗങ്ങള്‍ ശമനമില്ലാതെ തുടരുമ്പോള്‍ മനുഷ്യനെന്ന ജീവിക്ക് പ്രതികരിക്കാന്‍ പോലുമാകാതെ നിര്‍വികാരതയില്‍ ആണ്ടുപോകുന്നു. മതം തിന്ന് മൃഗങ്ങളാകുന്ന മനുഷ്യരുടെ ദുര്‍ഗതിയില്‍ പരിതപിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്ന് പൊതുസമൂഹം വിലയിരുത്തുമ്പോഴും നിരന്തരമായ പ്രതിരോധവും വിമര്‍ശനവും തുടരുകയെന്നല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് തിരിച്ചറിയുന്നവരാണ് സ്വതന്ത്രചിന്തകര്‍

സ്ത്രീവിരുദ്ധമായ മതവിശ്വാസങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസമത്വങ്ങളെ എത്ര നിര്‍വികാരതയോടെയാണ് നമ്മുടെ സമൂഹം സഹിക്കുന്നത്! ഇന്നലെ(17.12.14) രാത്രി തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് സഞ്ചരിച്ച നസീറ (Nazeera)എന്ന മാധ്യമപ്രര്‍ത്തകയുടെ അനുഭവം രാവിലെ സൈമണ്‍ ബ്രിട്ടോ Ex MLA വിളിച്ച് പറഞ്ഞിരുന്നു. നമ്മുടെ സമൂഹം എന്തുകൊണ്ട് ചുംബനസമരത്തെ ആഴത്തില്‍ എതിര്‍ക്കുന്നുവെന്നതിന്റെ കാരണമെന്തെന്ന് നസീറയുടെ അനുഭവം വ്യക്തമാക്കുന്നു.

നസീറ പറഞ്ഞതിന്റെ സംഗ്രഹമിങ്ങനെ: TV New എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നദീറ ഇപ്പോള്‍ പ്രസവാവധിയിലാണ്. രണ്ട് കുട്ടികള്‍. ഇളയകുട്ടിക്ക് 7 മാസം പ്രായം, മൂത്തയാള്‍ക്ക് രണ്ടര വയസ്സ്. ഈ രണ്ട് കുട്ടികളെയുംകൊണ്ട് നസീറ വൈകിട്ട് വഞ്ചിനാട് എക്പ്രസ്സില്‍ കയറി. എറണാകുളത്ത് എത്തിയപ്പോള്‍ രാത്രി പത്ത് കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേക്ക് ചെന്നപ്പോള്‍ വൈറ്റില വഴി പോകുന്ന ഒരു ബസ്സ് കിടക്കുന്നത് കണ്ടു. ബസ്സിന്റെ സമയം തിരക്കിയപ്പോള്‍ എപ്പോള്‍ പോകുമെന്ന് പറയാനാവില്ലെന്ന് അറിയിപ്പ് കിട്ടി. മാത്രമല്ല ആ അയ്യപ്പന്‍മാര്‍ക്കുള്ള ബസ്സാണെന്നും മറ്റാര്‍ക്കും പ്രവേശനമില്ലെന്നുംകൂടി അറിയിച്ചു.

”അയ്യപ്പന്‍മാര്‍ക്ക് മാത്രം” എന്ന ബോര്‍ഡ് ബസ്സില്‍ ഉണ്ടായിരുന്നില്ല. പകരം ‘പമ്പ എന്ന ബോര്‍ഡ് മാത്രം വെച്ചിരുന്നു. ബസ്സ് നിറഞ്ഞിരുന്നു. അയ്യപ്പന്‍മാരല്ലാത്തവരും ആ ബസ്സിലുണ്ടായിരുന്നു. നസീറ അധികൃതരുടെ നിലപാടിനെ എതിര്‍ത്തു. അയ്യപ്പന്‍മാര്‍ക്ക് മാത്രമായി ഒരു KSRTC ബസ്സ് സ്റ്റേറ്റ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും രാത്രിയില്‍ തനിക്ക് സുരക്ഷിതമായി വീട്ടില്‍ പോകാന്‍ ബസ്സില്‍ കയറാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. കൂടെയുണ്ടായിരുന്ന അമ്മായിഅമ്മയും രണ്ടു കുരുന്നുകളും ആകെ ക്ഷീണതരായിരുന്നു. പക്ഷെ നദീറ ബസ്സില്‍ കയറരുതെന്ന് അധികൃതര്‍ ശാഠ്യം പിടിച്ചു- കാരണമായി അവര്‍ പറഞ്ഞത് അവര്‍ ഒരു സ്ത്രീയാണെന്നതായിരുന്നു. ”നിങ്ങള്‍ മലിനപ്പെട്ട അവനസ്ഥയിലാണോ എന്നറിയില്ല-അയ്യപ്പന്‍മാരെ മലിനമാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, വേറെ വണ്ടി പിടിച്ച് പൊവുക-അതാണിവിടുത്തെ നിയമം”-എന്നവര്‍ വാദിച്ചു. സ്ത്രീവിരുദ്ധമായ ഈ നിലപാടിനെ നസീറ ശക്തിയുക്തമായി എതിര്‍ക്കുകയും ബസ്സിനുള്ളില്‍ കയറി ഇരിക്കുകയും ചെയ്തു. പക്ഷെ വണ്ടി പുറപ്പെടാന്‍ സമയമായപ്പോള്‍ നസീറയേയും മറ്റും ബസ്സിനുള്ളില്‍ കണ്ട ഡ്രൈവര്‍ കുപിതനായി. ആരാണ് ഈ സ്ത്രീയെ ഇതിനകത്ത് കയറ്റിയത് എന്ന് പറഞ്ഞു ശകാരവാക്കുകള്‍ ചൊരിയാന്‍ തുടങ്ങി.

നസീറ ഇറങ്ങാതെ വണ്ടി വിടില്ലെന്ന് അയാള്‍ കഠായം പറഞ്ഞു. ബസ്സിലുണ്ടായിരുന്ന മറ്റാരും നസീറയെ പിന്തുണച്ചില്ല. അപമാനിതയായി കുട്ടികളെയും കൊണ്ട് പുറത്തിറങ്ങിയ അവര്‍ തൊട്ടടുത്ത് കണ്ട പോലീസുകാരനോട് (@police aid post) വിവരം പറഞ്ഞെങ്കിലും അയാളും ബസ്സുകാരുടെ വാദം ശരിയാണെന്ന മട്ടിലുള്ള നിലപാട് സ്വീകരിച്ചു. തര്‍ക്കത്തിന് അവസാനം നസീറയെ കൊണ്ടു ബസ്സില്‍ കൊണ്ടു പോകാമെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. പക്ഷെ ഒരു വ്യവസ്ഥ: ഇരിക്കാന്‍ സീറ്റ് തരില്ല-നിന്ന് യാത്ര ചെയ്യണം! രണ്ട് കൈക്കുഞ്ഞുങ്ങളുമായി ആ രണ്ട് സ്ത്രീകളും രാത്രിയില്‍ നിന്ന് യാത്രചെയ്യണമെന്ന നിര്‍ബന്ധത്തെ എന്തു പേരാണ് വിളിക്കേണ്ടത്?!

നിന്നുകൊണ്ട് യാത്ര ചെയ്യാന്‍ നസീറ തയ്യാറായില്ല. രാത്രി പത്തേ മുക്കാലായതോടെ വണ്ടി വിട്ടു. തന്നെ വീട്ടില്‍ കൊണ്ടു ചെന്ന് ആക്കേണ്ട ബാധ്യത സ്‌റ്റേറ്റിനുണ്ടെന്നും തനിക്ക് രാത്രിയില്‍ സംരക്ഷണം തരണമെന്നും അവര്‍ പോലീസിനോട് പറഞ്ഞു. വനിത പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്‌തെങ്കിലും അവിടെ വണ്ടിയില്ലെന്ന അറിയിപ്പാണ് കിട്ടിയത്. പിന്നെയും മുക്കാല്‍ മണിക്കൂറോളം ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്നെങ്കിലും വണ്ടി വന്നില്ല. തുടര്‍ന്ന് മറ്റേതോ പോലീസ് സ്‌റ്റേഷനില്‍ നിന്ന് വണ്ടി വരുത്തിയാണ് നസീറയെയേയും കുട്ടികളെയും വീട്ടിലെത്തിച്ചത്.

രാത്രി സമയത്ത് മാതാവും കുട്ടികളുമായി വീട്ടിലെത്താന്‍ കാത്തിരിക്കുന്ന ഒരു സ്ത്രീയെ ബസ്സില്‍ നിന്നിറക്കി വിടുന്ന കാടത്തം ന്യായീകരിക്കപ്പെടുന്നത് ഓതോ പഴംകഥയുടെ പേരിലാണ്! സ്ത്രീ ബസ്സില്‍ കയറിയാല്‍ അയ്യപ്പന്‍ അശുദ്ധമാകുമെന്നാണ് ബസ്സിലെ ഡ്രൈവറും കണ്ടക്ടറും മദ്ധ്യസ്ഥത വഹിക്കാനെത്തിയ പോലീസുകാരനും തട്ടിവിടുന്നത്. ആ ബസ്സില്‍ തന്നെ അയ്യപ്പന്‍മാരല്ലാത്ത പുരുഷ യാത്രക്കാരുണ്ട്. അവര്‍ക്കൊന്നും പ്രശ്‌നമില്ല! നസീറ തന്നെ അയ്യപ്പന്‍മാരുള്ള ബസ്സില്‍ നിരവധി തവണ യാത്ര ചെയ്തിരിക്കുന്നു. യാത്ര ചെയ്യുന്ന ബസ്സിലും ട്രെയിനിലും അയ്യപ്പന്‍മാരുണ്ടെങ്കില്‍ സ്ത്രീ അതില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് വാദിക്കുന്നത് അതിക്രമത്തിന്റെയും അന്ധവിശ്വാസസത്തിന്റെയും അങ്ങേയറ്റമാണ്.

സ്ത്രീയെ കണ്ടാല്‍ ബ്രഹ്മചര്യത്തിന് ഭംഗം സംഭവിക്കുമെന്ന് ഭയക്കുന്ന ദൈവവും അതേ നിലപാടുമായി ജീവിക്കുന്ന ഭക്തന്‍മാരും ചേര്‍ന്ന് തീര്‍ക്കുന്ന മരണക്കോമഡിയില്‍ ഹനിക്കപ്പെടുന്നത് നസീറയെ പോലുള്ള സാധാരണ പൗരന്‍മാരുടെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളുമാണ്.

Copyright © 2016. Powered by WordPress & Romangie Theme.