മതപീഡനത്തിന് ഇരയായ പവിഴപ്പുറ്റുകള്‍

9

തലൈമന്നാര്‍ ഉള്‍ക്കടലിനും പാക് ഉള്‍ക്കടലിനും ഇടയിലുള്ള ആഴം കുറഞ്ഞ സമുദ്രഭാഗത്ത് ചെറിയദ്വീപുകള്‍, പവിഴപ്പുറ്റുകള്‍, മണല്‍തിട്ടകള്‍ തുടങ്ങി നിരവധി ചെറിയ ഭൂവിഭാഗങ്ങളുണ്ട്. അതില്‍ തന്നെ ഇന്ത്യയുടെ രാമേശ്വരത്തിനും ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയ്ക്ക് ഇടവിട്ട് മുറിഞ്ഞ് കാണപ്പെടുന്ന മണല്‍തിട്ടകളും പവിഴപ്പുറ്റുകളും ആകാശകാഴ്ചയില്‍ ഒരു പാലത്തിന്റെ പ്രതീതി ജനിപ്പിക്കുന്നുണ്ട്. ഈ മണല്‍തിട്ടകളാണ് ആഡംസ്ബ്രിഡ്ജ്, രാമസേതു എന്നൊക്കെയുള്ള പേരുകളാല്‍ പരാമര്‍ശിക്കപ്പെടുന്നത്. ഇതിന് ഏതാണ്ട് 30 കിലോമീറ്ററാണ് ദൈര്‍ഘ്യം. റിംഗ് ആകൃതിയിലുള്ള കോറല്‍റീഫ് അഥവാ ശൃംഖലാരൂപത്തിലുള്ള പവിഴപ്പുറ്റുകള്‍ (Ring Type Coral Reef)എന്ന പേരാണ് സമുദ്രശാസ്ത്രജ്ഞര്‍ ഈ പവിഴ/മണല്‍തിട്ടകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി ഈ മണല്‍പ്പുറ്റുകള്‍ ഷോലകള്‍ (Sholas) എന്നും അറിയപ്പെടുന്നുണ്ട്.

1899875_632117320158326_1112695916_n

ഈ 30 കിലോമീറ്ററില്‍ തന്നെ തുടര്‍ച്ചയായി മണല്‍തിട്ടയുടെ അവശിഷ്ടമില്ല. പല സ്ഥലങ്ങളിലും ഇത് മുറിയുന്നു; ചിലയിടത്ത് തീരെ കാണാനുമില്ല. മുറിയുന്ന ഭാഗങ്ങളില്‍ കനാലുകളും വലിയ കുഴികളുമുണ്ട്. ഈ കുഴികളില്‍ ജലം കെട്ടിക്കിടന്ന് നിരവധി ലഗൂണുകളും (Lagoons) രൂപം കൊണ്ടിട്ടുണ്ട്. ഓരോ മുറിഞ്ഞ ഭാഗവും ചെറിയ കുന്നുകളോ ദ്വീപുകളോപോലെ ജലോപരിതലത്തില്‍ പൊന്തി നില്‍ക്കുന്നു. ആഡംസ് ബ്രിഡ്ജിന്റെ(രാമസേതു)എല്ലാഭാഗത്തും ഒരേ ആകൃതിയല്ല ഉള്ളത്. ചിലയിടത്ത് വളരെ ഇടുങ്ങിയതും തീരെ ചെറുതുമാണ്. ഇവിടെ കടലിന് നല്ലരീതിയില്‍ നിറവ്യത്യാസം കാണുന്നുണ്ട്. പൊതുവെയുള്ള ആഴമില്ലെന്ന് മാത്രമല്ല കടല്‍വെള്ളം ഏതാണ്ട് തടാകത്തിലേത് പോലെ ശാന്തമായി കാണപ്പെടുന്നു. സമുദ്രജലത്തിലെ സ്വാഭാവിക ചലനങ്ങള്‍ കുറവാണെങ്കിലും വേലിയേറ്റത്തിലും വേലിയിറക്കത്തിലും ജലവിതാനത്തിന് കാര്യമായ വ്യതിയാനം ഉണ്ടാകാറുണ്ട്. സമുദ്രത്തിനടിത്തട്ടില്‍ ഒറ്റനോട്ടത്തില്‍ കുറെദൂരം ഒരു പാതപോലെ നീളത്തില്‍ കാണപ്പെടുന്നു എന്നതാണ് ഈ മണല്‍തിട്ടകളുടെ പ്രത്യേകത.

ഒരുപക്ഷെ, ഇവ അങ്ങിങ്ങായി ചിതറികിടന്നിരുന്നെങ്കില്‍ അസാധാരണമായൊന്നും തോന്നുമായിരുന്നില്ല. ഈ പവിഴപുറ്റുകള്‍ അവിടെയുള്ള വിവരം പണ്ടേ അറിവുള്ളതാണ്. യൂറോപ്യന്‍മാര്‍ ഇതിന് നല്‍കിയ പേരാണ് ‘ആഡംസ്ബ്രിഡ്ജ്’. ഇന്ത്യയിലെ ഹിന്ദുക്കള്‍ വാല്മീകിരാമായണത്തിലെ രാമ-രാവണ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനെ രാമസേതു എന്നുവിളിക്കുന്നു. സേതു എന്നാല്‍ സംസ്‌കൃതത്തില്‍ പാലം എന്നര്‍ത്ഥം. മണല്‍തിട്ടകളെന്ന് പൊതുവെ പറയുമെങ്കിലും ആഡംസ് ബ്രിഡ്ജ് ഘടനാപരമായി പവിഴപുറ്റുകള്‍ അഥവാ കോറല്‍ റീഫുകളാണ് (Coral Reef).സമുദ്രത്തിന്നടിയിലെ അത്ഭുതലോകത്തെ ഒരു പ്രധാന സവിശേഷതയാണ് കോറല്‍റീഫ് വ്യവസ്ഥ അഥവാ പവിഴപ്പുറ്റ് വ്യവസ്ഥ(Coral Reef System). പോളിപ്പുകള്‍(Coral Polyp)എന്നറിയപ്പെടുന്ന സമുദ്രത്തിലെ സൂഷ്മജീവികളുടെ മൃദുലശരീരത്തെ പൊതിയുന്ന കവചങ്ങളാണ് കാലാന്തരത്തില്‍ പവിഴപ്പുറ്റുകളാകുന്നത്.

കോടാനുകോടി പവിഴജീവികളുടെ ആയിരക്കണക്കിന് വര്‍ഷത്തെ ജീവിതത്തിന്റേയും മരണാനന്തരജീവിതത്തിന്റേയും സ്മാരകമാണ് ഓരോ പവിഴപ്പുറ്റും. പോളിപ്പ് പലപ്പോഴും സസ്യമാണോ ജീവിയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാതെ വരാറുണ്ട്. എന്നാല്‍ തീരെ ചെറിയ ജീവികളായ സീലന്ററേറ്റ (Coelenterates)എന്ന ജന്തുവിഭാഗത്തില്‍പ്പെടുന്നവയാണിവ. കൂട്ടമായി ജീവിക്കുന്ന സ്വഭാവമുള്ളതിനാല്‍ കുന്നുകള്‍, പര്‍വ്വതങ്ങള്‍, വരമ്പുകള്‍, പാലങ്ങള്‍ തുടങ്ങി വിവിധ ആകൃതിയില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇവ കാണപ്പെടുന്നു. പോളിപ്പുകളുടെ വളര്‍ച്ച ഒരിക്കല്‍ ആരംഭിച്ച് കഴിഞ്ഞാല്‍ അനുകൂലമായ സാഹചര്യത്തില്‍ പെരുകി നൂറ്റാണ്ടുകളോളം തുടരും. ആദ്യം രൂപം കൊള്ളുന്ന പോളിപ്പുകള്‍ നശിച്ചാലും അവയുടെ പുറന്തോട് നശിക്കാതെ നിലനില്‍ക്കുന്നു. ക്രമേണ അതിനോട് ചേര്‍ന്ന് പുതിയ പോളിപ്പുകള്‍ വളരും. വര്‍ഷങ്ങള്‍ കഴിയുന്നതോടെ വലിയ പവിഴമലകളോ പുറ്റുകളോ ആയി ഇവ രൂപം മാറുന്നു. വലുപ്പം കൂടുന്നതോടെ കോറല്‍റീഫിന്റെ കട്ടിയേറിയ അടിഭാഗം പാറപോലെ ഉറപ്പുള്ളതായി തീരും. മുകളില്‍ അട്ടിയട്ടിയായി പുതിയ പോളിപ്പുകള്‍ വളരുന്നത് തുടരുന്നതോടെ ആ കട്ടിയേറിയ അടിത്തറയ്ക്ക് മുകളില്‍ ഭൗമരൂപങ്ങള്‍ ഉയര്‍ന്ന് വരുകയും ചെയ്യും.

ആഡംസ് ബ്രിഡ്ജ്(രാമസേതു)പരിശോധിച്ചതില്‍ ഇത്തരത്തിലുള്ള കോറല്‍റീഫുകള്‍ ഇടകലര്‍ന്ന മണല്‍തിട്ടകളാണ് അവയെന്നത് സംശയലേശമന്യേ സ്ഥിരീകരിച്ചിട്ടുണ്ട്. മുട്ടയുടേയും കക്കയുടേയും പുറന്തോട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കാല്‍സ്യം കാര്‍ബണേറ്റ് എന്ന രാസപദാര്‍ത്ഥം കൊണ്ടാണല്ലോ. ഈ കാല്‍സ്യം കാര്‍ബണേറ്റ് തന്നെയാണ് പോളിപ്പുകളില്‍ ഒരു പ്രധാന ഘടകം. അതുകൊണ്ടുതന്നെ അത്തരം പവിഴപ്പുറ്റുകള്‍ക്ക് വെള്ളനിറം ലഭിക്കുന്നു. എന്നാല്‍ കാല്‍സ്യം കാര്‍ബണേറ്റിനോടൊപ്പം വിവിധ ധാതുക്കളും മറ്റ് രാസപദാര്‍ത്ഥങ്ങളും കൂടിചേരുമ്പോള്‍ പവിഴപ്പുറ്റുകളുടെ നിറത്തിന് അതിനനുസരണമായ മാറ്റമുണ്ടാകും.ചെമപ്പ്,നീല,പച്ച തുടങ്ങിയ വ്യത്യസ്ത നിറങ്ങളുള്ള പവിഴപ്പുറ്റുകള്‍ രൂപംകൊള്ളുന്നത് അങ്ങനെയാണ്. ഉദാഹരണമായി കോറെല്ലം എന്ന പവിഴജീവികളില്‍ നിന്നാണ് ചെമപ്പ് നിറമുള്ള പവിഴമുണ്ടാകുന്നത്. പാരറ്റ് ഫിഷ് (Parrot fish),കടല്‍പായ(Seamat),കടല്‍വിശറി (Seafan),നക്ഷത്ര മത്സ്യം, (Butterfly fish), കടല്‍ക്കുതിര (Sea horse) തുടങ്ങിയ ഒട്ടനവധി സമുദ്രജീവികളും അനേകം കടല്‍സസ്യങ്ങളും കോറല്‍റീഫിന് ചുറ്റും കാണപ്പെടുന്നു.

ആഹാരവും ധാതുപദാര്‍ത്ഥങ്ങളും ധാരാളമുള്ളതിനാല്‍ ഭക്ഷണത്തിനായി വിവിധയിനം മത്സ്യങ്ങളും പവിഴപ്പുറ്റുകളിലെത്തും. ചുരുക്കത്തില്‍ സമുദ്രത്തിനുള്ളിലെ വിപുലമായ ഒരു ആവാസവ്യവസ്ഥയായി പവിഴപ്പുറ്റുകള്‍ മാറുന്നു. കടലിടുക്കുകളിലും,ഒറ്റപ്പെട്ട കടല്‍ ഭാഗങ്ങളിലും പവിഴപ്പുറ്റുകള്‍ താരതമ്യേന കൂടുതലാണ്. വേലിയിറക്ക സമയത്ത് പല കോറല്‍റീഫുകളും വെള്ളമിറങ്ങി കരപ്രദേശം പോലെ കാണപ്പെടാറുണ്ട്. പെസഫിക് സമുദ്രത്തില്‍ ഓസ്‌ട്രേലിയക്കടുത്ത് ഏകദേശം 2500 കിലോമീറ്റര്‍ നീളത്തില്‍കിടക്കുന്ന ഗ്രേറ്റ് ബാരിയര്‍റീഫ് കോറല്‍റീഫ് വ്യവസ്ഥകളില്‍ ഏറ്റവും പ്രശസ്തമാണ്. ഈ റീഫുകള്‍ കടലിന്നുള്ളില്‍ നീണ്ട ഒരു വരമ്പ് പോലെയാണ് കാണപ്പെടുന്നത്. വിസ്തീര്‍ണ്ണവും പവിഴനിക്ഷേപവും ഇടയ്ക്കിടയ്ക്ക് കൂടിയും കുറഞ്ഞുമാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് (The Great Barrier Reef)നിലകൊള്ളുന്നത്. ഇത് ചൈനീസ് വന്‍മതില്‍ പോലെ ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളില്‍ നിന്ന് നോക്കിയാല്‍ വ്യക്തമായികാണാന്‍ കഴിയുമത്രെ.

അനവധി വിനോദസഞ്ചാരികളെ ദിനവും ആകര്‍ഷിക്കുന്ന ഈ സമുദ്രഭാഗം ലോകത്തെ ഏവുമധികം മനുഷ്യസമ്പര്‍ക്കമുള്ള കടല്‍ഭാഗങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഇത്തരമുള്ള മണല്‍മതിലുകളില്‍ റിംഗ് പോലെ ശൃംഖലയായി കാണപ്പെടുന്ന കോറല്‍റീഫുകളാണ് റിംഗ് ടൈപ്പ് കോറല്‍റീഫ് (Ring Type Coral Reef).കോറല്‍റീഫുകളും മണലും എക്കലും ഒക്കെ ചേര്‍ന്നാണ് ചിലപ്പോള്‍ പാലത്തിന്റെ ആകൃതി കൈവരുന്നത്. പാക്കടലിടുക്കില്‍ കാണപ്പെടുന്ന ആഡംസ് ബ്രിഡ്ജ് (രാമസേതു) അത്തരത്തിലുള്ള റിംഗ് ടൈപ്പ് കോറല്‍റീഫുകളാണെന്നാണ് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ (GSI) നീണ്ട പരീക്ഷണ-നിരീക്ഷണങ്ങള്‍ക്ക് ശേഷം വസ്തുനിഷ്ഠമായി തെളിയിച്ചത്. ആകാശത്ത് നിന്ന് നോക്കുമ്പോള്‍ പൊളിഞ്ഞ മതില്‍പോലെ തോന്നുന്നതിനാലാണ് അത് പാലത്തിന്റെ അവശിഷ്ടമാണെന്ന വാദമുയര്‍ന്നത്. പവിഴപുറ്റുകള്‍ ഭൗമനിക്ഷേപങ്ങളായ മണല്‍, എക്കല്‍, പാറ,ചെളി എന്നിവയുമായി ചേര്‍ന്ന് പവിഴദ്വീപുകള്‍ (Coral islands), മലകള്‍,മതിലുകള്‍ എന്നിവയും സമുദ്രത്തിനുള്ളില്‍ നിര്‍മ്മിക്കുന്നുണ്ട്. ചില ഭാഗങ്ങളില്‍ പവിഴതടാകങ്ങളും (Coral Lagoons) സാധാരണയാണ്. ഇത് ലോകമെമ്പാടുമുള്ള സമുദ്രങ്ങളില്‍ കാണപ്പെടുന്നുണ്ട്.

ലോകത്തുള്ള മിക്ക ഉള്‍ക്കടലുകളിലും കടലിടുക്കുകളിലും ഇത്തരം കോറല്‍റീഫുകളും മണല്‍തിട്ടകളുമുണ്ട്. പ്രത്യേകിച്ചും രണ്ടു ഭൂവിഭാഗങ്ങള്‍ കാലാന്തരത്തില്‍ വേര്‍പെടുകയും ഇടയില്‍ കടല്‍ കയറുകയും ചെയ്യുമ്പോള്‍. വടക്കെഅമേരിക്കയുടെ തെക്കെഅറ്റത്തുള്ള ഫ്‌ളോറിഡാ കടല്‍ഭാഗത്ത് കാണപ്പെടുന്ന ഫ്‌ളോറിഡാ കീസ് (Florida Keys) എന്നറിയപ്പെടുന്ന പവിഴപുറ്റുകള്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. അവിടേയും കോറല്‍റീഫുകളുടെ അവശിഷ്ടങ്ങള്‍ ഒരു നിരയില്‍തന്നെ വളരെ ദൂരം കാണപ്പെടുന്നുണ്ട്. പവിഴപുറ്റുകളും ചുണ്ണാമ്പുകല്ലുകളും ധാരാളമുള്ള ഫ്‌ളോറിഡാ കീസില്‍ അനേകം അപൂര്‍വ്വസുന്ദരങ്ങളായ സമുദ്രജീവികളും സസ്യങ്ങളുമുണ്ട്. പവിഴപ്പുറ്റുകളും മണല്‍തിട്ടകളും ചേര്‍ന്ന ഇത്തരം ഭൗമരൂപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സമുദ്രജലപ്രവാഹങ്ങള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പ്രദേശമാണിത്. പക്ഷെ അമേരിക്ക ഇതിഹാസങ്ങളും പുരാണങ്ങളുമില്ലാത്ത ‘ചരിത്രവും സംസ്‌ക്കാരവും’ തീരെക്കുറഞ്ഞ ഒരു പുതിയരാജ്യമായതുകൊണ്ടാവാം അതിനെപ്പറ്റി കെട്ടുകഥകളോ ഐതിഹ്യങ്ങളോ പ്രചാരത്തിലില്ല.

വന്‍ശക്തികളായ അമേരിക്കയും റഷ്യയും അയല്‍ക്കാരാണെന്ന് നമുക്കറിയാം.പക്ഷെ രണ്ടുരാജ്യങ്ങളും ഒരിക്കല്‍ ഒന്നായിരുന്നു എന്നതാണ് കൂടുതല്‍ കൗതുകകരമായ വസ്തുത. കാനഡയ്ക്ക് സമീപം കിടക്കുന്ന അലാസ്‌ക അമേരിക്ക റഷ്യയില്‍നിന്ന് വിലയ്ക്ക് വാങ്ങിയ പ്രദേശമാണ്. മനുഷ്യവാസം തീരെയില്ലാത്ത മഞ്ഞുമൂടിയ പ്രദേശമാണിത്. അമേരിക്ക പിന്നീടവിടെ എണ്ണനിക്ഷേപം കണ്ടെത്തിയപ്പോള്‍ റഷ്യക്കാര്‍ വല്ലാതെ നിരാശപ്പെട്ടിരുന്നിരിക്കണം. ഇന്ന് ഭൂപടത്തില്‍ നോക്കിയാല്‍ വടക്കെഅമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ള അലാസ്‌കയ്ക്കും ഏഷ്യയുടെ കിഴക്കെഅറ്റത്തുള്ള സൈബീരിയക്കും ഇടയില്‍ ഒരു കടലിടുക്ക് കാണാം. ബെറിംഗ് കടലിടുക്ക് (Bering Strait)എന്നാണിതറിയപ്പെടുന്നത്. ഏതാണ്ട് 50000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കടലിടുക്കുണ്ടായിരുന്നില്ല. അന്ന് യൂറേഷ്യയും വടക്കെഅമേരിക്കയും ഒറ്റ ഭൂഖണ്ഡമായി രുന്നു. അലാസ്‌കയും സൈബീരിയയും തമ്മില്‍ചേര്‍ന്നിരുന്ന ഭാഗം ബെറിംഗിയ ലാന്‍ഡ് (Beringia Land)എന്നാണറിയപ്പെട്ടിരുന്നത്. പരസ്പരം വേര്‍പെട്ടെങ്കിലും യൂറേഷ്യക്കും വടക്കന്‍അമേരിക്കന്‍ ഭൂഖണ്ഡത്തിനും ഇടയിലുള്ള ബെറിംഗ് കടലിടുക്കില്‍ സമുദ്രാന്തര്‍ഭാഗത്ത് ഏതാണ്ട് ആയിരംമൈല്‍ നീളത്തിലുളള ഒരു ലാന്‍ഡ്ബ്രിഡ്ജുണ്ട്.ഒരു പ്രകൃതിദത്ത മതിലാണിത്. ഇപ്പോള്‍ ചുറ്റും കോറല്‍റീഫുകളുടെ കനത്ത അടരുകളുമുണ്ട്. ഹിമയുഗത്തിന് ശേഷം സമുദ്രനിരപ്പ് ഉയരുകയും താഴുകയും ചെയ്യുന്നതനുസരിച്ച് ബെറിംഗ് ലാന്‍ഡ്ബ്രിഡ്ജ് പലപ്പോഴും പ്രത്യക്ഷമാകുകയും മുങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. മഞ്ഞ് ഉരുകുന്നതാണ് പലപ്പോഴും ഇത് വെള്ളത്തിനടിയിലാകാന്‍ കാരണം. ഏതാണ്ട് 1,80000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ഈ ഒളിച്ച് കളി. 10500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇത് നീണ്ടുനിന്നുവത്രെ. ഇന്നേക്ക് കൃത്യം 10500 വര്‍ഷങ്ങള്‍ക്ക്് മുമ്പ് ബെറിംഗ് ലാന്‍ഡ്ബ്രിഡ്ജ് പൂര്‍ണ്ണമായും കടലിന്നടിയിലായി.

കഴിഞ്ഞ 60000 വര്‍ഷങ്ങള്‍ക്കിടയില്‍ നാല് പ്രാവശ്യം ഈ പാലം വെള്ളത്തിനടിയിലാവുകയും പുറത്തുവരികയും ചെയ്തിട്ടുണ്ടത്രെ. അതിന് മുമ്പ് മനുഷ്യരും ജന്തുജാലങ്ങളും യൂറേഷ്യയില്‍നിന്ന് വടക്കെഅമേരിക്കയിലേക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിരുന്നു. ഇരുവശത്തുമുള്ള സസ്യ-ജന്തുജാലങ്ങള്‍ ഇന്നും ഏറെക്കുറെ സമാനമാണ്. ഈ പ്രകൃതിദത്തമായ മണല്‍തിട്ടകള്‍ ഉപഗ്രഹചിത്രങ്ങളിലൂടെ നിരന്തരം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വേര്‍പെട്ടുപോയ ഏത് രണ്ട് വന്‍കരകള്‍ക്കിടയിലുള്ള കടലിലും ഇത്തരം ബ്രിഡ്ജുകളോ ബ്രിഡ്ജിന്റെ ആകൃതിക്ക് സമാനമായ പവിഴപുറ്റുകളോ സാധാരണമാണ്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള കടലിന്റെ കാര്യവും വ്യത്യസ്തമല്ല. വാല്മീകി ഇന്ത്യക്കാരനായത് ഭാഗ്യമായി. രാമന്‍ സേതു നിര്‍മ്മിച്ചത് അത്‌ലാന്റിക്കിലോ പെസഫിക്കിലോ ആണെന്ന് വര്‍ണ്ണിച്ചിരുന്നുവെങ്കില്‍ ലോകത്ത് ഏറ്റവും തിരക്കുള്ള ആ റൂട്ടിലെ കപ്പല്‍ഗതാഗതം തന്നെ ഒരുപക്ഷെ മുടങ്ങിയേനെ

  • Jome Peravoor

    Excellent study!

  • Anvar Hussain

    Very Fine

  • Arun_Hitchens

    Nice article. Eventhough opening a searoute through Ramsetu can bring economic progress we must not forget the ecological significance of these coral reefs. Globally Coral reefs are being destroyed at a fast pace. So I think preservation of the reef is much more significant than the Sethusamudram project.

Copyright © 2017. Powered by WordPress & Romangie Theme.