വേനല്‍ക്കാല വിനോദങ്ങള്‍

2

(1) ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിന് അടുത്തുള്ള ഡാലിഗഞ്ച് റെയില്‍വെ പാലത്തിനടുത്ത് താമസിക്കുന്ന കൗമാരക്കാരും യുവാക്കളും കണ്ടെത്തിയ സവിശേഷമായ ഒരു വേനല്‍ക്കാല വിനോദം വിദേശ മാധ്യമങ്ങളുടെ വരെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അക്ഷരാര്‍ത്ഥത്തില്‍ തീവണ്ടിക്ക് ”അട വെക്കലാണ്” പ്രസ്തുത വിനോദം. തീവണ്ടി വരുന്ന സമയം നോക്കി ഒറ്റവരിപാലത്തില്‍ കയറി നില്‍ക്കുക, തീവണ്ടി തൊട്ടടുത്ത് എത്തുമ്പേഴേക്കും താഴെ നദിയിലേക്ക് എടുത്തു ചാടുക, നീന്തി കരകയറുക-സിമ്പിള്‍. ഈ കളി വര്‍ഷങ്ങളായി തുടര്‍ന്നുവരികയാണത്രെ. (2014 ലെ ഒരു റിപ്പോര്‍ട്ട് ഇവിടെ വായിക്കാം)


(2) തീവണ്ടി പാലത്തിനു അടുത്തു എത്തുമ്പേഴേക്കും യുവാക്കള്‍ തീവണ്ടി പാലത്തിലേക്ക് ഓടിക്കയറും. പാളത്തില്‍ കാല്‍നടക്കാര്‍ക്ക് നില്‍ക്കാനുള്ള സ്ഥലമില്ലെന്നോര്‍ക്കണം. വണ്ടി പരമാവധി അടുത്തു വരുന്നതുവരെ കാത്തുനില്‍ക്കും. ഏറ്റവുമധികം കാത്തു നില്‍ക്കുന്നവനാണ് സമ്മാനം. വണ്ടി വരുന്നതു കണ്ട് ആദ്യമേ ചാടുന്നവന്‍ അപഹസിക്കപ്പെടും. പലപ്പോഴും പന്തയംകെട്ടിയാണ് വിനോദമെങ്കിലും ചിലപ്പോള്‍ കേവലം വിനോദത്തിനു വേണ്ടിയും ചെയ്യാറുണ്ടെന്നാണ് യുവാക്കള്‍ അഭിമാനപൂര്‍വം പറയുന്നത്.

article-2646874-1E675A6D00000578-350_634x409

(3) തീവണ്ടിയുടെ ഡ്രൈവര്‍മാര്‍ക്ക് ഇതൊരു ശീലമായി കഴിഞ്ഞു. പാലം അടുക്കുമ്പോള്‍ സ്വഭാവികമായും തീവണ്ടിയുടെ വേഗത കുറയ്ക്കുമെന്നല്ലാതെ അവരും ഈ വിനോദത്തിനായി പ്രത്യേക മുന്‍കരുതലൊന്നും എടുക്കാറില്ലത്രെ. പലപ്പോഴും കണ്ടു നില്‍ക്കാന്‍ കാഴ്ചക്കാരുമുണ്ടാകും. അവര്‍ക്കും പൊടി രസമാണ്. ”ചൂടല്ലേ, താഴെ വെള്ളമല്ലേ..” എന്ന മട്ട്! പാളം ചുട്ടുപഴുത്ത് കിടക്കുന്നതിനാല്‍ നിയമപാലകരാരും അങ്ങോട്ട് തിരിഞ്ഞുനോക്കില്ലെന്നും അഥവാ പിന്തുടര്‍ന്നാല്‍ ഒരിക്കലും തങ്ങളെ പിടിക്കാന്‍ സാധിക്കില്ലെന്നുമാണ് യുവാക്കളുടെ അവകാശവാദം. ഈ കളി കളിച്ച് ഇന്നുവരെ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നതാണ് അവരുന്നയിക്കുന്ന മുഖ്യ ന്യായം.

(4) വിനോദം നിര്‍മ്മിക്കാന്‍ ചാടുന്നത് സാമാന്യം നല്ല ആഴവും ഒഴുക്കുമുള്ള ഗോമതി നദിയിലേക്കാണ്. പാഞ്ഞുവരുന്ന തീവണ്ടിയും ആഴമുള്ള നദിയേയും വെല്ലുവിളിച്ച് രസിക്കാന്‍ ശ്രമിക്കുന്ന ഈ യുവാക്കളെ സാഹസത്തിന്റെ അപകടം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ചിരിച്ചു തള്ളുകയായിരുന്നുവെന്ന് മാധ്യമക്കാര്‍. ഇവരുടെ കൂടെ ചാടാനോ ഇന്നുവരെ ഒരാളെപ്പോലും പിടിച്ച് മാതൃകാപരമായി ശിക്ഷിക്കാനോ മുന്‍കരുതലുകള്‍ സ്വീകരിക്കാനോ പ്രാദേശിക പോലീസും തയ്യാറാവുന്നില്ല. ‘ഇതൊക്കെ എന്ത്..?!!’ എന്നാണ് അവരുടെയും ഭാവം!

Copyright © 2017. Powered by WordPress & Romangie Theme.