Category Archives: Agriculture

വാദി പ്രതിയാകുമോ?

(1) രാസവളം എന്നു പറയുമ്പോള്‍ മനസ്സില്‍ ഓടിയെത്തുക യൂറിയയും ഫാക്ടംഫോസും പൊട്ടാഷുമൊക്കെയാണല്ലോ. ജൈവകൃഷിയില്‍ സമാനമായ രാസവസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ല അല്ലെങ്കില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നൊക്കെയാണ് വലിയ വില കൊടുത്ത് ‘ജൈവോല്പന്നങ്ങള്‍’ വാങ്ങി കഴിക്കുന്ന ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്. ജൈവോല്പന്നങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ തങ്ങള്‍ ‘വിഷവിമുക്തി’ നേടുന്നതായും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളില്‍ നിന്ന് രക്ഷനേടുന്നതായും ഇവര്‍ ഉദാരമായി സങ്കല്‍പ്പിക്കുന്നു. ”കുറച്ച് പണം അധികം നല്‍കിയാലെന്താ, വിഷം കഴിക്കേണ്ടല്ലോ…..!” എന്ന ആശ്വാസപല്ലവിയും നിലവിലുണ്ട്. സത്യത്തില്‍ ജൈവകൃഷിക്കാര്‍ എന്തൊക്കെ രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കുന്നുണ്ട് എന്ന് ആര്‍ക്കും നിശ്ചയമില്ല. വാങ്ങിക്കഴിക്കുന്നവന് മിക്കപ്പോഴും അതറിയാനാവില്ല. ”കൂടിയ വിലയാണ്, വിഷവുമില്ല-അപ്പോള്‍പ്പിന്നെ ഭയങ്കരസ്വാദും മുടിഞ്ഞ പോഷകഗുണവുമായിരിക്കും”-ഉപഭോക്താവിന്റെ ഈ പൊങ്ങച്ചബോധമാണ് ജൈവകൃഷിയുടെ നട്ടെല്ല് എന്ന് പറയാതെവയ്യ.

(2) ഭാരതത്തിലെ ജൈവകൃഷിയുടെ ദേശീയ പ്രോഗ്രാമില്‍  അനുവദിച്ചിട്ടുളള പ്രധാന രാസവസ്തുക്കള്‍ ധാതുക്കള്‍

 1. കാല്‍സ്യം ക്ലോറൈഡ് – പ്രകൃതിദത്തമായ കാല്‍സ്യം കാര്‍ബണേറ്റ് – ചോക്ക്, ലൈംസ്‌റ്റോണ്‍ ജപ്‌സം(അനുവദനീയം)
 2. ഫോസ്‌ഫേറ്റ് ചോക്ക് (അനുവദനീയം)
 3. സള്‍ഫേറ്റ് ഓഫ് പൊട്ടാഷ്, കൈനൈറ്റ്, സില്‍വി നൈറ്റ്. റോക്ക് ഫോസ്‌ഫേറ്റ്(നിയന്ത്രിത ഉപയോഗം)
 4. സോഡിയം ക്ലോറൈഡ്(അനവദനീയം)
 5. സൂക്ഷ്മ മൂലകങ്ങള്‍ ബോറോണ്‍, ഫെറസ്, മാംഗനീസ്, മോളിബ്ഡിനം, സിങ്ക് (നിയന്ത്രിത ഉപയോഗം)
 6. പൊട്ടാഷ്യം സള്‍ഫേറ്റ്(നിയന്ത്രിത ഉപയോഗം)
 7. എപ് സംസാള്‍ട്ട് (Mg SO4)(അനുവദനീയം)
 8. ജിപ്‌സം(കാല്‍സ്യം സള്‍ഫേറ്റ്)(അനുവദനീയം)
 9. അലുമിനിയം, കാല്‍സ്യം ഫോസ്‌ഫേറ്റ് (നിയന്ത്രിത ഉപയോഗം)
 10. സള്‍ഫേറ്റ്(നിയന്ത്രിത ഉപയോഗം)

  കീട രോഗനിയന്ത്രണം – ധാതുക്കള്‍
  ലൈം സോഡയുടെ ക്ലോറൈഡുകള്‍
  കോപ്പര്‍ സോള്‍ട്ട്/ഇനോര്‍ഗാനിക്
  സാള്‍ട്ട് (കോപ്പര്‍ ഹൈഡ്രോക്‌സൈസ്-COC)(നിയന്ത്രിത ഉപയോഗം)
  സോഡിയം ബൈകാര്‍ബണേറ്റ്(നിയന്ത്രിത ഉപയോഗം)
  സള്‍ഫര്‍ (കുമിള്‍നാശിനി)(നിയന്ത്രിത ഉപയോഗം)
  സോഫ്റ്റ് സോപ്പ് (പൊട്ടാഷ്യം സോപ്പ്)-നിയന്ത്രിത ഉപയോഗം
  കെണി ഫെറമോണ്‍സ്(അനുവദനീയം)

(3) അമേരിക്കന്‍ കൃഷി വകുപ്പിന്റെ (USDA) സര്‍ട്ടിഫൈഡ് ജൈവ കൃഷിയില്‍ അനുവദിക്കപ്പെട്ട രാസവസ്തുക്കളുടെ പട്ടിക.

1) ആല്‍ക്കഹോള്‍, എഥനോള്‍, ഐസോ പ്രൊപനോള്‍
2) ക്ലോറിന്‍ മിശ്രിതം, ഹൈപോ ക്ലോറൈറ്റ്, സോഡിയം ഹൈപോക്ലോറൈറ്റ്
3) കോപ്പര്‍ സള്‍ഫേറ്റ്
4) പെര്‍ അസറ്റിക് ആസിഡ്
5) സോപ്പ് അധിഷ്ഠിത കളനാശിനി.
6) അമോണിയം കര്‍ബണേറ്റ്.
7) ബോറിക് ആസിഡ്.
8) സോഡിയം കാര്‍ബണേറ്റ് പെര്‍ ഹൈഡ്രറ്റ്.
9) സള്‍ഫര്‍
10) മഗ്‌നീഷ്യം സള്‍ഫേറ്റ്.
11) വിറ്റാമിന്‍ D3 (എലിവിഷമായി)
12) വിറ്റാമിന്‍ B1, C1, E – മണ്ണിലെ പോഷക അഭാവം ശരിയാക്കല്‍.
13) ലിഗ്‌നിന്‍ സള്‍ഫൊണേറ്റ്.

(4) മേല്‍പ്പറഞ്ഞ രാസവസ്തുക്കളും കീടനാശിനികളും അംഗീകൃതമാണ്. പക്ഷെ പട്ടികയൊക്കെ ആരുനോക്കുന്നു?! അതുക്കും മേലെയാണ് കാര്യങ്ങള്‍! ഇവിടെ ഏകീകൃത മാനദണ്ഡങ്ങളില്ല. പലര്‍ക്കും തോന്നിയതുപോലെയാണ് കാര്യങ്ങള്‍. ഇന്ത്യയിലെ പല ജൈവകൃഷിക്കാരുടെയും പ്രിയങ്കര കീടനാശിനിയായ പുകയിലക്കഷായം ഈ പട്ടികകളില്‍ കാണാനാവില്ല! പിന്നെ വേപ്പിലക്കഷായം, ബോര്‍ഡോ മിശ്രിതം……!! കയറ്റുമതി ചെയ്യുന്നവയ്ക്ക് അതാത് രാജ്യങ്ങളിലെ മാനദണ്ഡങ്ങള്‍ പാലിക്കണം. അല്ലാത്തവയുടെ ജൈവനിലവാരം കണ്ടറിയണം! നല്ല ജൈവകൃഷിക്കാരനുള്ള അവാര്‍ഡ് കൊടുക്കുന്നതിന് മുമ്പ് ജൈവകൃഷിതോട്ടം പരിശോധിച്ച അവാര്‍ഡ് കമ്മറ്റിക്കാര്‍ എക്കാലക്‌സിന്റെയും മാലത്തിയോണിന്റെ ഒഴിഞ്ഞ കുപ്പികള്‍ തട്ടി വീണ കഥ കൃഷിവൃത്തങ്ങളില്‍ പ്രചാരമുള്ള ഒരു കോമഡിയായത് അങ്ങനെയാണ്. :) :)

(5) ജൈവോല്പന്നങ്ങള്‍ കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ വരില്ലേ? നിര്‍മലമായ ചോദ്യം! അക്കാര്യത്തില്‍ ഒരുറപ്പ് ജൈവകൃഷി പ്രചാരകര്‍ക്ക് നല്‍കാനാവുമോ? ജൈവോല്പന്നം കഴിച്ചാല്‍ കാന്‍സര്‍സാധ്യത കുറയുമെന്ന് തെളിയിച്ചിട്ടുണ്ടോ?? ബന്ധമുള്ളതായി തോന്നുന്നതെല്ലാം കാരണമായി സ്ഥിരീകരിക്കുന്ന (correlation construed as causation) ന്യായവൈകല്യമാണ് നമുക്ക് പ്രിയങ്കരം! മനുഷ്യനിര്‍മ്മിതമായ ഏറ്റവും പ്രധാനപ്പെട്ട കാന്‍സര്‍കാരിയാണ് പുകയില (tobacco). പുകയില, പുകയില ഉല്പന്നങ്ങള്‍ എന്നിവയില്‍ ഒട്ടനവധി കാര്‍സിനോജനുകള്‍ ഉണ്ട്. പോളിസൈക്ലിക് ഹൈഡ്രോകാര്‍ബണുകള്‍(poly cyclic hydrocarbons)), പുകയിലയിലെ എന്‍-നൈട്രോസാമൈനുകള്‍ (tobacco-specific N-nitrosamines/TSNA))എന്നിവ പുകയില കാരണമുള്ള കാന്‍സറിന്റെ മുഖ്യകാരണങ്ങളാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പുകയിലയിലെ മുഖ്യ ആല്‍ക്കലോയിഡായ നിക്കോട്ടിന്‍ സ്വന്തംനിലയില്‍ കാന്‍സര്‍കാരിയാണോ എന്ന കാര്യത്തില്‍ തര്‍ക്കം നിലവിലുണ്ടെങ്കിലും ഒരിക്കല്‍ കാന്‍സര്‍ മ്യൂട്ടേഷന്‍ തുടങ്ങിക്കഴിഞ്ഞാല്‍ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കും വ്യാപനത്തിനും അത് ഗണ്യമായ സംഭാവന ചെയ്യുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന പഠനങ്ങളുണ്ട്. ശരീരത്തിലെ നിക്കോട്ടിനില്‍ നിന്ന് TSNA രൂപപ്പെടാമെന്നും സൂചനയുണ്ട്((Link ).

(6) ഇത്ര മാരകമായ പുകയില അടങ്ങിയ കഷായമാണ് കേരളത്തിലെ ജൈവകൃഷിക്കാരുടെ പ്രിയങ്കരമായ കീടനാശിനി! അത് തളിക്കുന്നതാകട്ടെ, നേരിട്ട് ഇലകളിലും തണ്ടുകളിലും-പലതവണ. കേരളത്തില്‍ ജൈവകൃഷി പ്രചരിച്ച് തുടങ്ങിയിട്ട് രണ്ട് ദശകങ്ങളിലേറെയായി. കേരളത്തില്‍ കാന്‍സര്‍രോഗികളുടെ എണ്ണംകൂടുന്നതെന്ന് ജൈവകൃഷിഭ്രമത്തിന് പങ്കില്ലേ?! അങ്ങനെയും ഊഹിക്കാമല്ലോ! ‘ജൈവകൃഷി കൊലയാളിയോ?’എന്ന തലക്കെട്ടോടെ ഒരു കവര്‍‌സ്റ്റോറി എങ്ങനെയുണ്ടാവും?! ഹബിള്‍ ടെലസ്‌ക്കോപ്പ് പുതിയ നക്ഷത്രസമൂഹങ്ങളെ കണ്ടെത്തുന്നത് പോലെയാണ് സയന്‍സ് പുതിയ കാര്‍സിനോജനുകളെ തിരിച്ചറിയുന്നത്. ജൈവവളവും ജൈവകീടനാശിനികളും അധികം പഠനവിധേയമാക്കിയിട്ടില്ല. അവസാനം വാദി പ്രതിയാകുമോ? :)

Copyright © 2016. Powered by WordPress & Romangie Theme.