Category Archives: Atheism

ചിന്തിക്കുന്നവരുടെ ചിതയൊരുക്കുന്നവര്‍

ചിന്തിക്കുന്നവരുടെ ചിതയൊരുക്കുന്നവര്‍

(1) മതത്തിന്റെ ഭക്ഷണം പലപ്പോഴും മനുഷ്യന്റെ ചോരയാണ്. കൊതിപ്പിച്ചും പേടിപ്പിച്ചും മനുഷ്യകുലത്തെ കീഴടക്കാമെന്ന ഗോത്രതന്ത്രം ബംഗ്ലാദേശിനെ നിരന്തരം ചുവപ്പിക്കുകയാണ്. തെരുവില്‍ മനുഷ്യരക്തം ചീറ്റിച്ചാടുമ്പോള്‍ മതം അപസ്മാര സമാനമായി കയ്യടിക്കുന്നു. വെട്ടുകാരും വെട്ടാരാധകരും മൂടുതാങ്ങികളും സന്തോഷമടക്കാനാവാതെ പരസ്യമായും രഹസ്യമായും ഉന്മാദംകൊള്ളുന്നു. 2013 നു ശേഷം അഞ്ചു മതേതര-നാസ്തിക ബ്ലോഗര്‍മാര്‍ ഇസ്ലാമിക മതഭീകരതയുടെ കൊലക്കത്തിക്കിരകളായ രാജ്യമാണ് ബംഗ്ലാദേശ്. 2015 ഫെബ്രുവരിക്കുശേഷം ഇതിനകം മൂന്നു പേര്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടു. ഇപ്പോഴിതാ നാലാമതൊരാളുടെ വധഭീഷണി സജീവ ചര്‍ച്ചയാകുന്നു. ഇരുപത്തിയഞ്ചുകാരനായ അനന്യ ആസാദ് (Ananya Azad/ചിത്രത്തില്‍) അത്തരത്തില്‍ മരണം മുന്നില്‍ കാണുന്ന ഒരാളാണ്. Continue Reading

കൃഷ്ണപിള്ളയുടെ കുമ്പസാരം

(1) അന്തരിച്ച പ്രൊഫസര്‍.കുറ്റിപ്പുഴ കൃഷ്ണപിള്ള അവസാനകാലത്ത് രഹസ്യമായി ഭഗവദ്ഗീത വായിച്ചെന്നും തന്നെ കണ്ടപ്പോള്‍ പുസ്തകം കട്ടിലിന്നടിയില്‍ ഒളിപ്പിച്ച് വെച്ച് കരഞ്ഞുവെന്നും ശിഷ്യന്‍ കൂടിയായ ശ്രീ.എം.പി.മന്മഥന്‍ പറഞ്ഞതായി ഒരാള്‍ അവകാശപ്പെട്ടുവത്രെ. പ്രൊഫ.കൃഷ്ണപിള്ള കുട്ടിക്കാലംമുതലേ ഗീതാപാരായണം നടത്തുമായിരുന്നുവെന്നും ഗീത സംബന്ധിച്ച് മൂന്നുനാല് കൃതികള്‍ രചിച്ചയാളാണെന്നുമാണ് മനസ്സിലാക്കുന്നത്. ജീവിതകാലം മുഴുവന്‍ പരസ്യമായി വായിച്ച ഒരു പുസ്തകം അദ്ദേഹം അവസാനകാലത്ത് ഒളിപ്പിച്ച് വായിക്കേണ്ട കാര്യമെന്തെന്നറിയില്ല.

(2) എന്താണ് അവസാനകാലം? How do you know that? ഏത് സമയവും അവസാനകാലമാകാം-അത് നമുക്കറിയില്ല. എന്റെ ബാഗില്‍ ഒരു കുട്ടി ഗീതയും ബൈബിളുമുണ്ട്. ”ബുദ്ധനെ എറിഞ്ഞ കല്ല് ”എഴുതുന്നതിനൊക്കെ മുമ്പ് തുടങ്ങിയ ശീലമാണ്. രണ്ടുംകൂടി ഒരു ഗാലക്‌സി നോട്ട്-2 ന്റെ വലുപ്പമേ കാണൂ. ഇവയല്ലാതെ വേറെയും ചെറുപുസ്തകങ്ങള്‍ ബാഗിലുണ്ട്. മൊബൈലിലും ലാപ്പിലും പുസ്തകമുണ്ട്. ആവശ്യമുള്ളത് കൊണ്ട് കൊണ്ട് നടക്കുന്നതാണ്. പണ്ട് Necessity of Atheism) എഴുതിയ ഷെല്ലി മുങ്ങി മരിച്ചപ്പോള്‍ പോക്കറ്റില്‍ ബൈബിളുണ്ടായിരുന്നുവെന്ന് പറഞ്ഞതുപോലെയുള്ള പ്രചരണങ്ങള്‍ക്ക് ഇതൊക്കെ അധികമല്ലേ?!എന്റെ കുട്ടി ഗീത കണ്ട് നിരവധി വിശ്വാസികള്‍ ഇമ്മാതിരി ചളിപ്പ് അടിച്ചിട്ടുണ്ട്. അതാണ് വിശ്വാസിയുടെ ഒരു റേഞ്ച് എന്ന് മനസ്സിലാക്കി ചിരിച്ചു സഹകരിക്കും. അവര്‍ക്കിതൊക്കെ പറയുമ്പോള്‍ വല്ലാത്തൊരു ഒരാശ്വസമാണ്!

(3) പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍വെച്ച് മാരകമായ രോഗങ്ങള്‍ മാറിയെന്ന് ആയിരക്കണക്കിന് രോഗികള്‍ സാക്ഷ്യം പറയാറുണ്ട്. ഈ സാക്ഷ്യംപറയല്‍ നല്ലൊരു ശതമാനം വിശ്വാസികളെ സ്വാധീനിക്കുകയും ചെയ്യും. ഇതൊക്കെ മതപ്രചരണത്തിലെ പരമ്പരാഗത അടവുകളാണ്. അതിലും പരിതാപകരമാണ് അവിശ്വാസികളുടെ കുമ്പസാരകഥകളുമായി പരന്നൊഴുകുന്ന അന്ധവിശ്വാസികളുടെ കാര്യം. ജീവിച്ചിരുന്നപ്പോള്‍ പണി കൊടുക്കാന്‍ പറ്റിയില്ല, ഇനി മരിച്ചതിന് ശേഷം അധിക്ഷേപിച്ച് നടക്കാം-എന്ന ലളിതമായ അജണ്ടയാണിതിന്റെ പിന്നില്‍. പ്രതീക്ഷിച്ചതുപോലെ കൃഷ്ണപിള്ളയുടെ കഥ പ്രചരിപ്പിക്കുന്ന വിദ്വാന്‍ പറയുന്നത് താനൊരു ‘മതാതീത ആത്മീയവാദി’ ആണെന്നാണ്! അതിലും ഭേദം മതവിശ്വാസം തന്നെ! സത്യസന്ധതയെങ്കിലും അവകാശപ്പെടാനാവും. താന്‍ ഭക്തിവാദിയുമല്ല യുക്തിവാദിയുമല്ലെന്ന ഹിജഡവാദവുമായി നടക്കുന്നവരില്‍ 99% നല്ല ലക്ഷണമൊത്ത അന്ധവിശ്വാസികളായിരിക്കും. രണ്ടു വിഭാഗങ്ങളില്‍ നിന്നും സ്വീകാര്യത കിട്ടണമെന്ന അത്യഗ്രഹം ഇവരെ വേറിട്ടുനിര്‍ത്തുന്നു.

(4) ”പണ്ട് യുക്തിവാദവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു-തലയില്‍ തേങ്ങ വീണപ്പോള്‍ പിന്നെ വിട്ടു”/ ”കടുത്ത നാസ്തികനായിരുന്നു, രണ്ടുതവണ ഹൃദയാഘാതം വന്നപ്പോഴേക്കും മനസ്സിടിഞ്ഞു, ഭഗവാനില്‍ അഭയംപ്രാപിച്ചു”-എന്നൊക്കെ തട്ടിവിടുന്ന വിശ്വാസികളുണ്ട്. താന്‍ രണ്ടും കണ്ട് തയക്കവുംപയക്കവും ആര്‍ജ്ജിച്ച കടുപ്പക്കാരനാണെന്നും എല്ലാവരും കരുതുന്നത് പോലെ വെറും ‘ചരടുകുറിചാമ്പല്‍ഗീതാസീത’ ടീമല്ലെന്നും നാട്ടുകാരെ ബോധ്യപ്പെടുത്താനാണ് ഈ നാസ്തികഭൂതകാലം അവകാശപ്പെടുന്നത്. അതായത് തനിക്ക് പണ്ടേ എല്ലാ പേപ്പറും കിട്ടിയതാണ്, എന്നിട്ടും താന്‍ ഗീതയുംസീതയും കാളിയുംമായയും മഹത്തരമാണെന്ന് മനസ്സിലാക്കി! മിക്കപ്പോഴും പരാജയപ്പെട്ട മതവിശ്വാസിയാണ് മതാതീത ഉടായിപ്പുകളുമായി ജനത്തിന്റെ ക്ഷമ പരിശോധിക്കുന്നത്. Every spiritualist is a defeated believer. പറയുന്നത് മതാതീതവും മണ്ണാങ്കട്ടയുമൊക്കെ ആണെങ്കിലും കീശ തപ്പി നോക്കിയാല്‍ അറിയപ്പെടുന്ന ആള്‍ദൈവങ്ങളുടെ(കൃഷ്ണന്‍, ശിവന്‍, വിഷ്ണു, യേശു, മെക്ക) പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കണ്ടെത്താം.

(5) സംഗതി മതപ്രചരണമാണെങ്കിലും പ്രൊഫ.കുറ്റിപ്പുഴയെക്കുറിച്ച് മ്‌ളേച്ഛമായ ഒരാരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇനിയത് 100% ശരിയാണെന്നിരിക്കട്ടെ. അപ്പോഴും പ്രസ്തുത പ്രചരണം തരംതാണതാണ്. പ്രൊഫ.കുറ്റിപ്പുഴയ്ക്ക് ഇതിനെതിരെയോ അനുകൂലമായോ തെളിവ് നിരത്താന്‍ അവസരമില്ല. ഇങ്ങനെയാണെങ്കില്‍ നാളെക്കാലത്ത് ആര്‍ക്കും ഏതൊരാളെക്കുറിച്ചും യാതൊരു തെളിവുമില്ലാതെ വായില്‍ത്തോന്നിയത് വിളിച്ചുപറയാം. മരണസമയത്ത് കുമ്പസരിക്കുന്ന അവിശ്വാസികളുടെ കഥ മെനയാന്‍ വിശ്വാസിക്കൂട്ടം ആക്രാന്തം കാണിക്കുന്നതെന്തിനായിരിക്കും?! എന്തേ മരണസമയത്ത് മാത്രം അവര്‍ കുമ്പസരിക്കുന്നത്?!! വിശ്വാസവും മരുന്നുമൊക്കെ മരിക്കാന്‍ നേരത്ത് മാത്രമേ വേണ്ടതുള്ളോ? ജീവിക്കാന്‍ യുക്തിവാദമായാലും കുഴപ്പമില്ലേ? അതാണ് ഈ കഥയുടെ സാരാംശമെങ്കില്‍ പിന്നെന്തിന് വിശ്വാസഭാരവുമായി ജീവിതകാലം മുഴുവന്‍ സ്വയംപീഡിപ്പിക്കണം? പല്ലുപോയിട്ട് പല്ല് സെറ്റ് വെച്ചാല്‍ പോരെ? എണ്‍പതാം വയസ്സില്‍ അര്‍ബുദം വരുമെന്ന് പേടിച്ച് എട്ടാം വയസ്സില്‍ കീമോതെറാപ്പി തുടങ്ങിവെക്കേണ്ട കാര്യമുണ്ടോ?!!

(6) ആജീവനാന്തം അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തിയ ഒരാള്‍ വാര്‍ദ്ധക്യത്തില്‍ എല്ലാവരാലും ഒറ്റപ്പെടുത്തപ്പെടുത്തപ്പെടുകയും അവസാനം ജീവിക്കാനായി ചെറിയൊരു അഴിമതി നടത്തി പിടിക്കപ്പെടുകയും ചെയ്‌തെന്നിരിക്കട്ടെ. അതോടെ അഴിമതി നല്ലതാണ്, എല്ലാവര്‍ക്കും അവസാനം അഴിമതിയിലേക്ക് തന്നെ വരേണ്ടിവരും-അല്ലാതെ ജീവിക്കാനാവില്ല എന്ന് അഴിമതിക്കാര്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാവും? നോക്കൂ, ജീവിതകാലം മുഴുവന്‍ ഞങ്ങളെ വിമര്‍ശിച്ച് നടന്നതാ….എന്നിട്ടിപ്പോള്‍ കണ്ടില്ലേ..?! പെണ്‍വാണിഭത്തിനും സ്ത്രീപീഡനത്തിനും എതിരെ ആയകാലത്ത് അതിശക്തമായ പോരാടിയ ഒരാള്‍ വാര്‍ദ്ധക്യത്തില്‍ വെളിവ് കെട്ട് ഒരു പെണ്ണിനെ കയറി പിടിച്ചെന്നിരിക്കട്ടെ. അതോടെ ‘പെണ്ണുപിടി’ ഉദാത്തമാകുമോ?!!

(7) ആരെങ്കിലും വിശ്വാസിയോ അവിശ്വാസിയോ ആകുന്നതിന് യുക്തിവാദവുമായി എന്തു ബന്ധം? യാത്രക്കാര്‍ അവരവരുടെ സ്ഥലമാകുമ്പോള്‍ ഇറങ്ങിപ്പോകും. പക്ഷെ തീവണ്ടി യാത്രക്കാര്‍ക്കൊപ്പം ഇറങ്ങിപ്പോകാറില്ല. പാവം കെ.ആര്‍.ഗൗരിയും ഫിലിപ്പ് എം പ്രസാദും വിശ്വാസികളായി എന്നുപറയുന്നവരോട് അവരെന്നെങ്കിലും അവിശ്വാസികളായിരുന്നുവോ എന്ന ചോദ്യംകൂടി ചോദിക്കേണ്ടതുണ്ട്. വൈകാരികഭദ്രതയും യാഥാര്‍ത്ഥ്യബോധവും ഇല്ലാത്തവര്‍ക്ക് എന്തെങ്കിലും ലഹരികളുടെയും ഊന്നുവടികളുടെയും സഹായമില്ലാതെ മുന്നോട്ടുപോകാനാവില്ല. ഗൗരിയമ്മയും പ്രസാദുമൊക്കെ ശരിവെക്കുന്നതതാണ്. മതവിശ്വാസികള്‍ പിന്നീട് അവിശ്വാസികളായി തീരാറുമുണ്ട്. ഒരര്‍ത്ഥത്തില്‍ ലോകത്തെ മഹാഭൂരിപക്ഷം നാസ്തികരും മതം പ്രസവിച്ചവരാണ്. അതിനത്ര വാര്‍ത്താപ്രാധാന്യം കിട്ടാറില്ലെന്ന് മാത്രം-മദര്‍ തെരസയെപ്പോലെ ചില അപവാദങ്ങളില്ലെന്നല്ല.

(8) നാസ്തികത വ്യക്തിയനുഭവംകൊണ്ട് തെളിയിക്കപ്പെടേണ്ട ഒന്നല്ല. ദൈവം നുണയാണെന്ന് റിച്ചാഡ് ഡോക്കിന്‍സ് പറഞ്ഞതുകൊണ്ടായില്ല. അദ്ദേഹം മറിച്ച് പറഞ്ഞാലും കഥയില്ല. ഡോക്കിന്‍സ് പറഞ്ഞത് ശരിയാവണമെങ്കില്‍ അത് ഡോക്കിന്‍സിന് അതീതമായി വസ്തുനിഷ്ഠമായി തെളിയിക്കപ്പെടണം. ആപ്പിള്‍ താഴേക്ക് വീഴുന്നത് ഗുരുത്വബലംകൊണ്ടാണെന്ന് പറഞ്ഞ ഐസക് ന്യൂട്ടണ്‍ അന്ത്യകാലത്ത് വീഴുന്ന ആപ്പിളൊക്കെ മുകളിലോട്ട് പോകുമെന്നും ഗുരുത്വബലം എന്നൊന്ന് ഇല്ലെന്നും അവകാശപ്പെട്ടതായി കഥ വരുന്നുവെന്നിരിക്കട്ടെ. എന്താണവിടെ തെളിയുന്നത്? ഒന്നുകില്‍ ന്യൂട്ടണ് സാരമായ എന്തോ കുഴപ്പം, അല്ലെങ്കില്‍ കഥ പ്രചരിപ്പിച്ച ആള്‍ക്ക് മറ്റെന്തോ ലക്ഷ്യം! അതല്ലാതെ ഈ കഥ ഗുരുത്വബലം ഇല്ലെന്നതിന്റെ തെളിവാകില്ലല്ലോ.സുഹൃത്തും വേദാന്തിയും ഗ്രന്ഥകാരനുമായ ഒരു മാന്യദേഹത്തോട് ചോദിച്ചത് ആവര്‍ത്തിക്കേണ്ടി വരുന്നു: ”സാര്‍, അങ്ങ് പേടിച്ചെന്ന് കരുതി യാഥാര്‍ത്ഥ്യം നീങ്ങിപ്പോകുമോ?! ”

കിളിപ്പാട്ട്

”നിന്റെ മോചനത്തിന് വേണ്ടി നീ തന്നെ പ്രയത്‌നിക്കണം. നാം ദു:ഖിതരാകുന്നത് നമ്മെക്കൊണ്ട് തന്നെയാണ്. ദു:ഖങ്ങള്‍ക്ക് നിവാരണം ഉണ്ടാക്കാന്‍ നീ തന്നെ യത്‌നിക്കണം”എന്ന് മരണത്തിന് മുമ്പ് പ്രധാനശിഷ്യനായ ബുദ്ധന്‍ ആനന്ദനോട് പറഞ്ഞതായി ബുദ്ധസാഹിത്യം സാക്ഷ്യപ്പെടുത്തുന്നു.

ഉദ്ധരേദാത്മനാത്മാനം
നാത്മനാമവസാദയേത്
ആത്മൈവ ഹ്യാത്മനോബന്ധു-
രാത്മൈവ രിപുരാത്മന:(ഗീത 6:5)
(തന്നെ സ്വയം ഉദ്ധരിക്കുക, തന്നെ തളര്‍ത്തരുത്. താന്‍ തന്നെയാണ് തന്റെ ബന്ധു. താന്‍ തന്നെയാണ് തന്റെ ശത്രുവും)- ഇത്തരമൊരു ഉപദേശം കൃഷ്ണന്‍ അര്‍ജ്ജുനന് നല്‍കുന്നത് ബുദ്ധന്റെ മുകളിലെ വാചകങ്ങളുമായി താരതമ്യപ്പെടുത്തുന്നവരുമുണ്ട്.

സ്വയം ജയിക്കുകയെന്നതാണ് പരമപ്രധാനം, സ്വയം നിയന്ത്രിക്കുന്നവന്‍ ലോകത്തെ നിയന്ത്രിക്കും എന്ന് അര്‍ത്ഥശാസ്ത്ര രചയിതാവായ കൗടില്യനും(ബി.സി.ഇ 350-283) വാദിച്ചു.

ആത്മവിശ്വാസം, ആത്മനിയന്ത്രണം, സ്വയം പിന്തുണയ്‌ക്കേണ്ട ആവശ്യകത..ഇത്യാദി കാര്യങ്ങളൊക്കെ ലോകമെമ്പാടുമുള്ള സാഹിത്യകൃതികളിലെ പൊതു ഉപദേശമാണ്. ഇതൊന്നും അറിയാത്തവരില്ല. മനുഷ്യന് ഉപരിയായ എന്തൊക്കെയോ ഉണ്ടെന്ന് വാദിക്കുന്ന മതസാഹിത്യങ്ങളും അവസാനം ഇതേ നിഗമനത്തിലാണെത്തുന്നത്. ”ദൈവമുണ്ടായിട്ട് തന്നെ രക്ഷയില്ല, ആ നിലയ്ക്ക് ദൈവം കൂടിയില്ലാത്ത നിങ്ങളൊക്കെ എങ്ങനെ ജീവിച്ചുപോകുന്നു?”-എന്നത്ഭുതം കൂറുന്നവരോട് പരിഭവമില്ല. കാരണം മറ്റുള്ളവരിലും മറ്റുള്ളതിലും വിശ്വസിക്കുന്നവന്‍ സ്വയം അനാദരിക്കുന്നവനാണ്. മറ്റുള്ളതും മറ്റുള്ളവരും അന്ധവിശ്വാസിയെ നിയന്ത്രിക്കും. യുക്തിബോധമുള്ളവന് സ്വയം നിയന്ത്രിക്കാനാവും. When you are ‘super’ you are controlled by others and other things. When you are rational you tend to control yourself*

അവനവനെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവനാണ് നാസ്തികന്‍. വൃക്ഷത്തിന്റെ ഉന്നത ശിഖരത്തിന്റെ തുഞ്ചത്തിരിക്കുന്ന പാടുന്ന ചെറുകിളിയെ പോലെയാണവന്‍. കാറ്റും മഴയും ഭൂകമ്പവും അതിനെ പേടിപ്പിക്കുന്നില്ല. ഇരിക്കുന്ന കമ്പ് ഒടിഞ്ഞാലും മഴ കോരിച്ചൊരിഞ്ഞാലും കാറ്റ് ചീറിയടിച്ചാലും കിളി ആശങ്കപ്പെടില്ല; കിളിപ്പാട്ട് നിലയ്ക്കുന്നുമില്ല. കാരണം അത് വിശ്വസിക്കുന്നത് സ്വന്തം ചിറകുകളിലാണ്. കമ്പും കാറ്റും മഴയും തുണച്ചാലും ചിറകിന് കരുത്തില്ലെങ്കില്‍ എന്തു പ്രയോജനം?! ഇവയെല്ലാം തുണച്ചാല്‍ ബഹു സന്തോഷം-ഇല്ലെങ്കിലും പ്രശ്‌നമില്ല. വിശ്വാസിയെ പൊതുവെ പീഡിപ്പിക്കുന്ന പല മാനസികസംഘര്‍ഷങ്ങളും അശാന്തിയും നാസ്തികനെ തീണ്ടാത്തതിന് കാരണമതാണ്. അമിതപ്രതീക്ഷകളില്ലാത്ത അവന് സദാ ജീവതത്തോട് പ്രസാദാത്മകമായ ആഭിമുഖ്യം വെച്ചുപുലര്‍ത്താന്‍ സാധിക്കും.

ആത്മാവിലുള്ള വിശ്വാസമാണ് ആത്മീയതയ്ക്കടിസ്ഥാനം. ഒരിനം വികലമായ മതഭക്തിയാണത്. ആത്മാവിലുള്ള വിശ്വാസം ആത്മവിശ്വാസം അലിയിച്ചുകളയും. ശരീരമെന്നും ആത്മാവെന്നും രണ്ടുണ്ടെന്നും താന്‍ യഥാര്‍ത്ഥത്തില്‍ ശരീരമല്ലെന്നുമുള്ള ദിത്വഭാവന അവനെ ചുറ്റിവരിയും. പ്രാര്‍ത്ഥിക്കാതിരുന്നാല്‍ ഒരിക്കലുമുണ്ടാകാന്‍ ഇടയില്ലാത്ത പ്രശ്‌നങ്ങള്‍ പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും മറികടക്കാമെന്ന അത്യാഗ്രഹമാണ് മതവിശ്വാസത്തിന്റെ ഉള്ളടക്കം. ഊന്നുവടി ഉപയോഗിച്ച് ശീലിച്ചവര്‍ അതവരുടെ മൂന്നാംപാദമായി പരിഗണിക്കുന്നു. സിദ്ധാന്തം ശരിയാണെന്ന് വരുത്താനായി വ്യാഖ്യാനഫാക്ടറി തുറന്ന് ഗുഹാമനുഷ്യന് മൂന്ന് കാലുകളുണ്ടായിരുന്നതായി പ്രഖ്യാപിക്കുന്നു. ജീവിതം ആസ്വാദ്യകരമാക്കാന്‍ രണ്ടു പാദങ്ങള്‍ മതിയെന്ന തിരിച്ചറിവാണ് നാസ്തികത.

ഭൗതികവാദികളുടെ പുനര്‍ജന്മം

മതകഥ അനുസരിച്ച് ജീവികളിലെ ചേതന അഥവാ സൂക്ഷ്മാംശമാണ് ജീവാത്മാവ്. മോക്ഷയാത്രയ്ക്കിടയില്‍ അത് ജീവികളില്‍ നിന്നും ജീവികളിലേക്ക് സഞ്ചരിക്കുന്നു. യാതൊരു തെളിവുമില്ലാത്ത ഒരോ മനോകല്‍പ്പനയാണിതെന്ന കാര്യമവിടെ നില്‍ക്കട്ടെ. നിങ്ങള്‍ ഒരു ഭൗതികവാദിയാണെങ്കില്‍ പുനര്‍ജന്മം തള്ളേണ്ടതില്ല! നിങ്ങള്‍ നക്ഷത്രപദാര്‍ത്ഥമാണ്. നക്ഷത്രങ്ങളില്‍ ഉള്ളതെന്തോ അതാണ് നിങ്ങളിലുമുള്ളത്. രൂപ-ഭാവ വ്യതിയാനങ്ങളുണ്ടെന്ന് മാത്രം. അനാദിയും അനശ്വരവുമായ ദ്രവ്യത്തിന്റെ ഭിന്ന രൂപങ്ങളാണ് ചേതനയും അചേതനയും. അതു തന്നെയാണ് ഭൂമിയും നക്ഷത്രങ്ങളും നെബുലകളും ജീവജാലങ്ങളും. ജീവി മരിച്ചാല്‍ ചേതന ഉത്പാദിച്ചുകൊണ്ടിരുന്ന ദ്രവ്യഘടന ശിഥിലമാകുന്നു, ജൈവരാസപ്രവര്‍ത്തനങ്ങള്‍ ക്രമേണ നിലയ്ക്കുന്നു. ശരീരം സൂക്ഷ്മാണുക്കളിലേക്ക് വിഘടിപ്പിക്കപ്പെടുന്നു. ബാഹ്യപരിസ്ഥിത ജഡശരീരത്തോട് ചെയ്യുന്നതെന്തോ അത് തന്നെയാണ് നമ്മുടെ ആമാശയം ആഹാരത്തോട് ചെയ്യുന്നത്-സൂക്ഷ്മഘടകങ്ങളിലേക്ക് വിഘടിപ്പിക്കുക.

ജീര്‍ണ്ണശരീരം മണ്ണാകുന്നതോടെ നമ്മിലെ തന്മാത്രകളും ആറ്റങ്ങളും ബാക്കിയാകുന്നു. മണ്ണില്‍ നിന്നും പോഷണം ആഗിരണം ചെയ്യുന്ന ഒരു സസ്യം വേരുകളിലൂടെ ഇതേ തന്മാത്രകള്‍ വലിച്ചെടുത്ത് ഫലങ്ങളും പുഷ്പങ്ങളും നിര്‍മ്മിച്ചെന്ന് വരാം. ഒരിക്കല്‍ നിങ്ങളുടെ ഭാഗമായിരുന്ന അതേ പ്രപഞ്ചദ്രവ്യം നാളെ പൂക്കളായായും ഫലങ്ങളായും ജീവജാലങ്ങളായും മാറിയെന്ന് വരാം. മണ്ണിന്റെയും മരത്തിന്റെയും മനുഷ്യന്റെയും ഭാഗമായി മാറുന്ന നിങ്ങളുടെ ആറ്റങ്ങള്‍ തത്വത്തില്‍ പുതിയൊരു ജന്മം കണ്ടെത്തുകയല്ലേ?! നിങ്ങളായിരുന്ന ദ്രവ്യരൂപങ്ങളില്‍ ചിലതിന് ജീവനുണ്ടാവും, മറ്റു ചിലവ അചേതനവും-പാറയായും പാറയ്ക്കിടയില്‍ വളരുന്ന പൂവായും ഒരുപക്ഷെ നിങ്ങളുണ്ടാവും! സദാ പുനര്‍ജനിക്കുമെങ്കിലും നിങ്ങള്‍ക്ക് മോക്ഷമുണ്ടാകില്ല. എന്തെന്നാല്‍ നിങ്ങളെങ്ങും പോകുന്നില്ല-നിങ്ങള്‍ക്കെങ്ങും പോകാനുമില്ല.

നക്ഷത്രപദാര്‍ത്ഥമായ നിങ്ങള്‍ 500 കോടി വര്‍ഷത്തിന് ശേഷം സൂര്യന്‍ ഒരു ചുവപ്പ് രാക്ഷസനായി മാറുമ്പോള്‍ നിങ്ങള്‍ സൂര്യനാവും, സൂര്യന്‍ പ്രപഞ്ചധൂളിയാകും. മഹാശോഷണം (The Big Crunch) വന്നാല്‍ ചുരുങ്ങുന്ന പ്രപഞ്ചദ്രവ്യത്തില്‍ സൂര്യനൊപ്പം നിങ്ങളുമുണ്ടാകും. വീണ്ടും സിംഗുലാരിറ്റിയും മഹാവിഭേദനവും (The Big Bang)ആവര്‍ത്തിച്ചാല്‍, പ്രപഞ്ചം പരിണമിച്ചാല്‍ അപ്പോഴും നിങ്ങളുണ്ടാകും-വേറൊരു രൂപത്തിലും ഭാവത്തിലും. പ്രപഞ്ചം ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഭിന്നരൂപഭാവങ്ങളില്‍ നിങ്ങളും ആവര്‍ത്തിക്കപ്പെടും. നിങ്ങള്‍ക്ക് നാശമില്ല-എന്തെന്നാല്‍ നിങ്ങള്‍ നിര്‍മ്മിക്കപ്പെട്ട ദ്രവ്യത്തിന് നാശമില്ല; അത് അനാദിയും അവിനാശിയുമാണ്. നിങ്ങളും പ്രപഞ്ചവും ഭിന്നമല്ലെന്ന് സാരം. എല്ലായ്‌പ്പോഴും അതങ്ങനെതന്നെയാകുന്നു.

പക്ഷെ മതകഥയിലെ ആത്മാവിനെപ്പോലെ നിങ്ങള്‍ എങ്ങുനിന്നും വരുന്നില്ല, എങ്ങും വിലയം പ്രാപിക്കുന്നുമില്ല. നിങ്ങളെ ബന്ധിക്കാന്‍ കര്‍മ്മപാശമോ സിദ്ധിക്കാന്‍ മോക്ഷമോ ഇല്ല. ഈ ജന്മവും നവജന്മവുമായി ബന്ധവുമുണ്ടാകില്ല. നിങ്ങള്‍ നശിച്ച് പാറയോ വെള്ളമോ ആകാം. പക്ഷെ നിങ്ങള്‍ മുഴുവനും ഒറ്റ ദ്രവ്യരൂപമായി എക്കാലവും നിലകൊള്ളില്ല. പകരം പല പല ദ്രവ്യരൂപങ്ങളില്‍ നിങ്ങള്‍ പ്രപഞ്ചമായി നിലകൊള്ളും. നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും അതങ്ങനെതന്നെ. പക്ഷെ തത്വത്തില്‍ പുനര്‍ജനിക്കുമെന്ന് പറഞ്ഞാലും നിങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ല. കാരണം നിങ്ങളെ നിര്‍മ്മിക്കുന്ന ദ്രവ്യഘടന തകരുമ്പോള്‍, നിങ്ങളുടെ ശരീരം തകരുമ്പോള്‍, നിങ്ങള്‍ റദ്ദാക്കപ്പെടുന്നു.

“ഞാന്‍ പണ്ട് ഒരു നാസ്തികനായിരുന്നു….”

സ്വന്തം അന്ധവിശ്വാസങ്ങളും മനോവിഹ്വലതകളും ന്യായീകരിക്കുന്നതിലെ ചളിപ്പ് മറയ്ക്കാനായി തീരെ ഭാവനാശൂന്യരായ ചില മതവാദികള്‍ സ്ഥിരം ഉന്നയിക്കുന്ന നമ്പരാണിത്. അതായത് താന്‍ ചിന്താശേഷിയില്ലാത്ത വെറും ചവക്കാളമല്ല; വളരെ കൂടിയ ഇനമാണ്. യുക്തിവാദം മൂത്ത് അന്ധവിശ്വാസിയായതാണ്. നാസ്തികത അടുത്ത് ചെന്ന് മണത്തും നാസ്തികഗ്രന്ഥങ്ങളുടെ മൂല കടിച്ച് അതില്‍ ആകൃഷ്ടനായി നടന്ന ഒരു ക്ഷുഭിതയൗവ്വനം തനിക്കുണ്ടായിരുന്നു. ഇത്തരം പഴംപുരാണങ്ങളുടെ തിരക്കഥ എല്ലായ്‌പ്പോഴും ഒന്നുതന്നെ. കരയും മറുകരയും താണ്ടിയ മഹാസംഭവമാണ് താനെന്ന പ്രതീതി ശ്രോതാക്കളില്‍ ജനിപ്പിക്കുക. അതിലൂടെ തന്റെ കഥയില്ലായ്മയും ആത്മവിശ്വാസമില്ലായ്മയും മറച്ചുപിടിക്കുക; ബൗദ്ധിക സ്വീകാര്യത നേടിയെടുക്കുക.

പണ്ടേ മതവിശ്വാസിയാണെന്ന് പറഞ്ഞാല്‍ അതിനൊരു ഗമയില്ല. മതവിശ്വാസികള്‍ കാശിന് നൂറാണ്. താനങ്ങനെയൊന്നുമായിരുന്നില്ല. അന്ധതയോ അമിതവൈകാരികതയോ അടുത്തൂകൂടി പോയിട്ടില്ല. വറും മതവിശ്വാസിയായി തന്നെ ചെറുതാക്കി കാണരുത്. ആദ്യം കാര്യങ്ങളൊക്കെ പഠിച്ച് നാസ്തികനായി. പിന്നെ ആഴത്തിലേക്ക് തുരന്നു തുരന്നു നോക്കിയപ്പോള്‍ അന്ധവിശ്വാസം തന്നെയാണ് മഹത്തരമെന്ന് ബോധ്യപ്പെട്ടു! നാസ്തികതയൊക്കെ താണ്ടിയെത്തണമെങ്കില്‍ താന്‍ ചീള് കേസല്ലെന്ന് കണ്ടോണം. നനഞ്ഞവനെ പോലെ കാണരുത്; കുളിച്ച് കയറിയവനായി അംഗീകരിക്കണം. Continue Reading

Copyright © 2016. Powered by WordPress & Romangie Theme.