Author Archives: Ravichandran C

വാദി പ്രതിയാകുമോ?

(1) രാസവളം എന്നു പറയുമ്പോള്‍ മനസ്സില്‍ ഓടിയെത്തുക യൂറിയയും ഫാക്ടംഫോസും പൊട്ടാഷുമൊക്കെയാണല്ലോ. ജൈവകൃഷിയില്‍ സമാനമായ രാസവസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ല അല്ലെങ്കില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നൊക്കെയാണ് വലിയ വില കൊടുത്ത് ‘ജൈവോല്പന്നങ്ങള്‍’ വാങ്ങി കഴിക്കുന്ന ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്. ജൈവോല്പന്നങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ തങ്ങള്‍ ‘വിഷവിമുക്തി’ നേടുന്നതായും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളില്‍ നിന്ന് രക്ഷനേടുന്നതായും ഇവര്‍ ഉദാരമായി സങ്കല്‍പ്പിക്കുന്നു. ”കുറച്ച് പണം അധികം നല്‍കിയാലെന്താ, വിഷം കഴിക്കേണ്ടല്ലോ…..!” എന്ന ആശ്വാസപല്ലവിയും നിലവിലുണ്ട്. സത്യത്തില്‍ ജൈവകൃഷിക്കാര്‍ എന്തൊക്കെ രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കുന്നുണ്ട് എന്ന് ആര്‍ക്കും നിശ്ചയമില്ല. വാങ്ങിക്കഴിക്കുന്നവന് മിക്കപ്പോഴും അതറിയാനാവില്ല. ”കൂടിയ വിലയാണ്, വിഷവുമില്ല-അപ്പോള്‍പ്പിന്നെ ഭയങ്കരസ്വാദും മുടിഞ്ഞ പോഷകഗുണവുമായിരിക്കും”-ഉപഭോക്താവിന്റെ ഈ പൊങ്ങച്ചബോധമാണ് ജൈവകൃഷിയുടെ നട്ടെല്ല് എന്ന് പറയാതെവയ്യ.

(2) ഭാരതത്തിലെ ജൈവകൃഷിയുടെ ദേശീയ പ്രോഗ്രാമില്‍  അനുവദിച്ചിട്ടുളള പ്രധാന രാസവസ്തുക്കള്‍ ധാതുക്കള്‍

 1. കാല്‍സ്യം ക്ലോറൈഡ് – പ്രകൃതിദത്തമായ കാല്‍സ്യം കാര്‍ബണേറ്റ് – ചോക്ക്, ലൈംസ്‌റ്റോണ്‍ ജപ്‌സം(അനുവദനീയം)
 2. ഫോസ്‌ഫേറ്റ് ചോക്ക് (അനുവദനീയം)
 3. സള്‍ഫേറ്റ് ഓഫ് പൊട്ടാഷ്, കൈനൈറ്റ്, സില്‍വി നൈറ്റ്. റോക്ക് ഫോസ്‌ഫേറ്റ്(നിയന്ത്രിത ഉപയോഗം)
 4. സോഡിയം ക്ലോറൈഡ്(അനവദനീയം)
 5. സൂക്ഷ്മ മൂലകങ്ങള്‍ ബോറോണ്‍, ഫെറസ്, മാംഗനീസ്, മോളിബ്ഡിനം, സിങ്ക് (നിയന്ത്രിത ഉപയോഗം)
 6. പൊട്ടാഷ്യം സള്‍ഫേറ്റ്(നിയന്ത്രിത ഉപയോഗം)
 7. എപ് സംസാള്‍ട്ട് (Mg SO4)(അനുവദനീയം)
 8. ജിപ്‌സം(കാല്‍സ്യം സള്‍ഫേറ്റ്)(അനുവദനീയം)
 9. അലുമിനിയം, കാല്‍സ്യം ഫോസ്‌ഫേറ്റ് (നിയന്ത്രിത ഉപയോഗം)
 10. സള്‍ഫേറ്റ്(നിയന്ത്രിത ഉപയോഗം)

  കീട രോഗനിയന്ത്രണം – ധാതുക്കള്‍
  ലൈം സോഡയുടെ ക്ലോറൈഡുകള്‍
  കോപ്പര്‍ സോള്‍ട്ട്/ഇനോര്‍ഗാനിക്
  സാള്‍ട്ട് (കോപ്പര്‍ ഹൈഡ്രോക്‌സൈസ്-COC)(നിയന്ത്രിത ഉപയോഗം)
  സോഡിയം ബൈകാര്‍ബണേറ്റ്(നിയന്ത്രിത ഉപയോഗം)
  സള്‍ഫര്‍ (കുമിള്‍നാശിനി)(നിയന്ത്രിത ഉപയോഗം)
  സോഫ്റ്റ് സോപ്പ് (പൊട്ടാഷ്യം സോപ്പ്)-നിയന്ത്രിത ഉപയോഗം
  കെണി ഫെറമോണ്‍സ്(അനുവദനീയം)

(3) അമേരിക്കന്‍ കൃഷി വകുപ്പിന്റെ (USDA) സര്‍ട്ടിഫൈഡ് ജൈവ കൃഷിയില്‍ അനുവദിക്കപ്പെട്ട രാസവസ്തുക്കളുടെ പട്ടിക.

1) ആല്‍ക്കഹോള്‍, എഥനോള്‍, ഐസോ പ്രൊപനോള്‍
2) ക്ലോറിന്‍ മിശ്രിതം, ഹൈപോ ക്ലോറൈറ്റ്, സോഡിയം ഹൈപോക്ലോറൈറ്റ്
3) കോപ്പര്‍ സള്‍ഫേറ്റ്
4) പെര്‍ അസറ്റിക് ആസിഡ്
5) സോപ്പ് അധിഷ്ഠിത കളനാശിനി.
6) അമോണിയം കര്‍ബണേറ്റ്.
7) ബോറിക് ആസിഡ്.
8) സോഡിയം കാര്‍ബണേറ്റ് പെര്‍ ഹൈഡ്രറ്റ്.
9) സള്‍ഫര്‍
10) മഗ്‌നീഷ്യം സള്‍ഫേറ്റ്.
11) വിറ്റാമിന്‍ D3 (എലിവിഷമായി)
12) വിറ്റാമിന്‍ B1, C1, E – മണ്ണിലെ പോഷക അഭാവം ശരിയാക്കല്‍.
13) ലിഗ്‌നിന്‍ സള്‍ഫൊണേറ്റ്.

(4) മേല്‍പ്പറഞ്ഞ രാസവസ്തുക്കളും കീടനാശിനികളും അംഗീകൃതമാണ്. പക്ഷെ പട്ടികയൊക്കെ ആരുനോക്കുന്നു?! അതുക്കും മേലെയാണ് കാര്യങ്ങള്‍! ഇവിടെ ഏകീകൃത മാനദണ്ഡങ്ങളില്ല. പലര്‍ക്കും തോന്നിയതുപോലെയാണ് കാര്യങ്ങള്‍. ഇന്ത്യയിലെ പല ജൈവകൃഷിക്കാരുടെയും പ്രിയങ്കര കീടനാശിനിയായ പുകയിലക്കഷായം ഈ പട്ടികകളില്‍ കാണാനാവില്ല! പിന്നെ വേപ്പിലക്കഷായം, ബോര്‍ഡോ മിശ്രിതം……!! കയറ്റുമതി ചെയ്യുന്നവയ്ക്ക് അതാത് രാജ്യങ്ങളിലെ മാനദണ്ഡങ്ങള്‍ പാലിക്കണം. അല്ലാത്തവയുടെ ജൈവനിലവാരം കണ്ടറിയണം! നല്ല ജൈവകൃഷിക്കാരനുള്ള അവാര്‍ഡ് കൊടുക്കുന്നതിന് മുമ്പ് ജൈവകൃഷിതോട്ടം പരിശോധിച്ച അവാര്‍ഡ് കമ്മറ്റിക്കാര്‍ എക്കാലക്‌സിന്റെയും മാലത്തിയോണിന്റെ ഒഴിഞ്ഞ കുപ്പികള്‍ തട്ടി വീണ കഥ കൃഷിവൃത്തങ്ങളില്‍ പ്രചാരമുള്ള ഒരു കോമഡിയായത് അങ്ങനെയാണ്. :) :)

(5) ജൈവോല്പന്നങ്ങള്‍ കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ വരില്ലേ? നിര്‍മലമായ ചോദ്യം! അക്കാര്യത്തില്‍ ഒരുറപ്പ് ജൈവകൃഷി പ്രചാരകര്‍ക്ക് നല്‍കാനാവുമോ? ജൈവോല്പന്നം കഴിച്ചാല്‍ കാന്‍സര്‍സാധ്യത കുറയുമെന്ന് തെളിയിച്ചിട്ടുണ്ടോ?? ബന്ധമുള്ളതായി തോന്നുന്നതെല്ലാം കാരണമായി സ്ഥിരീകരിക്കുന്ന (correlation construed as causation) ന്യായവൈകല്യമാണ് നമുക്ക് പ്രിയങ്കരം! മനുഷ്യനിര്‍മ്മിതമായ ഏറ്റവും പ്രധാനപ്പെട്ട കാന്‍സര്‍കാരിയാണ് പുകയില (tobacco). പുകയില, പുകയില ഉല്പന്നങ്ങള്‍ എന്നിവയില്‍ ഒട്ടനവധി കാര്‍സിനോജനുകള്‍ ഉണ്ട്. പോളിസൈക്ലിക് ഹൈഡ്രോകാര്‍ബണുകള്‍(poly cyclic hydrocarbons)), പുകയിലയിലെ എന്‍-നൈട്രോസാമൈനുകള്‍ (tobacco-specific N-nitrosamines/TSNA))എന്നിവ പുകയില കാരണമുള്ള കാന്‍സറിന്റെ മുഖ്യകാരണങ്ങളാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പുകയിലയിലെ മുഖ്യ ആല്‍ക്കലോയിഡായ നിക്കോട്ടിന്‍ സ്വന്തംനിലയില്‍ കാന്‍സര്‍കാരിയാണോ എന്ന കാര്യത്തില്‍ തര്‍ക്കം നിലവിലുണ്ടെങ്കിലും ഒരിക്കല്‍ കാന്‍സര്‍ മ്യൂട്ടേഷന്‍ തുടങ്ങിക്കഴിഞ്ഞാല്‍ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കും വ്യാപനത്തിനും അത് ഗണ്യമായ സംഭാവന ചെയ്യുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന പഠനങ്ങളുണ്ട്. ശരീരത്തിലെ നിക്കോട്ടിനില്‍ നിന്ന് TSNA രൂപപ്പെടാമെന്നും സൂചനയുണ്ട്((Link ).

(6) ഇത്ര മാരകമായ പുകയില അടങ്ങിയ കഷായമാണ് കേരളത്തിലെ ജൈവകൃഷിക്കാരുടെ പ്രിയങ്കരമായ കീടനാശിനി! അത് തളിക്കുന്നതാകട്ടെ, നേരിട്ട് ഇലകളിലും തണ്ടുകളിലും-പലതവണ. കേരളത്തില്‍ ജൈവകൃഷി പ്രചരിച്ച് തുടങ്ങിയിട്ട് രണ്ട് ദശകങ്ങളിലേറെയായി. കേരളത്തില്‍ കാന്‍സര്‍രോഗികളുടെ എണ്ണംകൂടുന്നതെന്ന് ജൈവകൃഷിഭ്രമത്തിന് പങ്കില്ലേ?! അങ്ങനെയും ഊഹിക്കാമല്ലോ! ‘ജൈവകൃഷി കൊലയാളിയോ?’എന്ന തലക്കെട്ടോടെ ഒരു കവര്‍‌സ്റ്റോറി എങ്ങനെയുണ്ടാവും?! ഹബിള്‍ ടെലസ്‌ക്കോപ്പ് പുതിയ നക്ഷത്രസമൂഹങ്ങളെ കണ്ടെത്തുന്നത് പോലെയാണ് സയന്‍സ് പുതിയ കാര്‍സിനോജനുകളെ തിരിച്ചറിയുന്നത്. ജൈവവളവും ജൈവകീടനാശിനികളും അധികം പഠനവിധേയമാക്കിയിട്ടില്ല. അവസാനം വാദി പ്രതിയാകുമോ? :)

പൊട്ടിത്തെറിക്കുന്ന ക്ഷേത്രങ്ങള്‍

പൊട്ടിത്തെറിക്കുന്ന ക്ഷേത്രങ്ങള്‍

(1) കൊല്ലം പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം ഹൃദയഭേദകമാണ്. നൂറിലധികംപേര്‍ കൊല്ലപ്പെട്ടു, നാനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് മാരകം. 1980 മുതല്‍ ക്ഷേത്ര സമീപത്ത് വസിക്കുന്ന ഒരു പ്രവാസി അവിടെ നടക്കുന്ന അനധികൃത മത്സരവെടിക്കെട്ടിനെതിരെ പരാതിപ്പെടുന്നുണ്ട്. വെടിക്കെട്ട് സമീപത്തുള്ള വീടുകള്‍ക്ക് ഹാനികരമായിരുന്നു. ഇക്കുറി കളക്ടര്‍ക്ക് തന്നെ പരാതി കൊടുത്തു. അന്വേഷണം നടത്തിയ കളക്ടര്‍ വെടിക്കെട്ട് നിരോധിക്കാന്‍ തീരുമാനിച്ചതാണ്. പക്ഷെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും കൂട്ട പ്രതിരോധത്തില്‍ ആ തീരുമാനം നടപ്പിലാകാതെപോയി. ആഭ്യന്തരവകുപ്പ് അടക്കമുള്ള വകുപ്പുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ ക്ഷേത്രക്കാര്‍ക്കുണ്ടായിരുന്നുവത്രെ. ഭക്തരുടെ വഴിപാടായാണ് കമ്പം(വെടിക്കെട്ട്) നടത്തുന്നതെന്നും അത് നിരോധിക്കുന്നത് ഭക്തവികാരത്തെ മുറിപ്പെടുത്തുമെന്നുമായിരുന്നു രാഷ്ട്രീയക്കാരുടെ പൊതുനിലപാട്. Continue Reading

വേനല്‍ക്കാല വിനോദങ്ങള്‍

(1) ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിന് അടുത്തുള്ള ഡാലിഗഞ്ച് റെയില്‍വെ പാലത്തിനടുത്ത് താമസിക്കുന്ന കൗമാരക്കാരും യുവാക്കളും കണ്ടെത്തിയ സവിശേഷമായ ഒരു വേനല്‍ക്കാല വിനോദം വിദേശ മാധ്യമങ്ങളുടെ വരെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അക്ഷരാര്‍ത്ഥത്തില്‍ തീവണ്ടിക്ക് ”അട വെക്കലാണ്” പ്രസ്തുത വിനോദം. തീവണ്ടി വരുന്ന സമയം നോക്കി ഒറ്റവരിപാലത്തില്‍ കയറി നില്‍ക്കുക, തീവണ്ടി തൊട്ടടുത്ത് എത്തുമ്പേഴേക്കും താഴെ നദിയിലേക്ക് എടുത്തു ചാടുക, നീന്തി കരകയറുക-സിമ്പിള്‍. ഈ കളി വര്‍ഷങ്ങളായി തുടര്‍ന്നുവരികയാണത്രെ. (2014 ലെ ഒരു റിപ്പോര്‍ട്ട് ഇവിടെ വായിക്കാം)

Continue Reading

തലയുടെ തല തേടി

new-book-vs-ramachandran-tell-tale-brain

ഡോ.വിളയന്നൂര്‍ എസ്.രാമചന്ദ്രന്റെ The Tell Tale Brain ന്റെ മലയാള വിവര്‍ത്തനം ‘മസ്തിഷ്‌ക്കം കഥ പറയുന്നു‘എന്ന പേരില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചു. എന്റെ രണ്ടാമത്തെ വിവര്‍ത്തനകൃതിയാണ്. ആദ്യത്തേത് റിച്ചാഡ് ഡോക്കിന്‍സിന്റെ The Greatest Show on Earth (ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം/2012) ആയിരുന്നു. വിവര്‍ത്തകന്‍, പഠിതാവ് എന്നീ നിലകളില്‍ സന്തോഷകരമായ അനുഭവമായിരുന്നു ഇതും. നോബല്‍ സമ്മാനം ലഭിക്കുമെന്ന കരുതപ്പെടുന്ന വിളയന്നൂരിന്റെ പുസ്തകങ്ങള്‍ മലയാളി ശ്രദ്ധാപൂര്‍വം വായിക്കുമെന്ന് പ്രത്യാശിക്കുന്നു. Continue Reading

പോളിസം

(1) ഇക്കുറി നിലവിളിക്കുന്നത് ബല്‍ജിയമാണ്. മതം മനുഷ്യനെ കടിച്ചുകുടയുകയാണ്. 35 പേരുടെ ജീവനെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യ സ്‌ക്വാഡിന്റെ പിതൃത്വം അവകാശപ്പെട്ട് ഐസിസ് രംഗത്തുണ്ട്. ലോകത്തെവിടെയും ഹിംസ വിതറാന്‍ കഴിയുമെന്നതാണ് ഇസ്ലാമിക മൗലികവാദത്തെ സമകാലികലോകത്തിലെ കറുത്ത ചോദ്യങ്ങളിലൊന്നാക്കി മാറ്റുന്നത്. പൊട്ടിത്തെറിക്കുന്ന മതങ്ങള്‍ അണുബോംബിനെക്കാള്‍ ആസുരമായ ഭീഷണിയാണ്. മ്യത്യുതാണ്ഡവമാടുന്ന മതത്തിനു മുമ്പില്‍ തൊഴുകൈകളുമായി മുട്ടിലിഴയുന്ന മനുഷ്യനെ കാണുമ്പോഴും മാനിഷാദ പാടാന്‍ കഴിയാത്തവരുടെ നിശബ്ദത ജനിപ്പിക്കുന്ന ഒച്ച ബോംബുസ്‌ഫോടനങ്ങളെക്കാള്‍ ഭയാനകമാണ്. വ്രണപ്പെട്ടും കരളു കലങ്ങിയും കടിച്ചമര്‍ത്തിയും ശ്വാസംമുട്ടി ജീവിക്കുന്ന വിശ്വാസികള്‍ ഭൂമിക്ക് ശവപ്പറമ്പിന്റെ വിലയിടുകയാണ്. മതം കൊല്ലുമ്പോള്‍ മനംനിറയുന്ന മൗലികവാദികള്‍ പ്രീണനസ്വാമിമാരായും അമാനവികപ്രഭുക്കളായും നിരന്തരം അവതരിക്കുന്ന കെട്ട കാലത്താണ് നാം ജീവിക്കുന്നത്. Continue Reading

സി.രവിചന്ദ്രന്റെ സംവാദങ്ങൾ

debates-of-ravichandranc

2013-15 കാലഘട്ടത്തിലെ ആറ് സംവാദങ്ങളുടെ പൂര്‍ണ്ണരൂപം കോട്ടയത്തെ ഡോണ്‍ ബുക്‌സ് പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നു. ഉദ്യമം സാര്‍ത്ഥകമാക്കാന്‍ സഹായിച്ച ബന്‍ശ്രീ.എ.എസ്, റെന്‍സണ്‍ എഡിറ്റിംഗ് നിര്‍വഹിച്ച ഹരികുമാര്‍ റ്റി.ജി, പച്ചക്കുതിര എഡിറ്റര്‍ കെ.വി.ജയദേവ്‌ പ്രസാധകനായ അനില്‍ വേഗ (ഡോണ്‍ ബുക്‌സ്) എന്നിവര്‍ക്ക് നന്ദി.

debates-of-ravichandranc

വിതരണം-നാഷണല്‍ ബുക്ക് സ്‌റ്റോൾ 
Buy this book from Indulekha

അന്ധവിശ്വാസികളുടെ ആവലാതികൾ

(1) ഇന്ത്യാചരിത്രത്തിലെ കൗതുകകരമായ സംഭവങ്ങളിലൊന്നാണിത്. സംഗതി എങ്ങനെ അവസാനിച്ചാലും കുറെ രസകരമായ ചോദ്യങ്ങള്‍ ബാക്കിയാവും. തനിക്ക് വാഗ്ദാനം നല്‍കിയ സേവനം ലഭിച്ചില്ലെന്ന് ആരോപിച്ച് ഒരു വാസ്തു അന്ധവിശ്വാസി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നു! കര്‍ണ്ണാടകത്തിലെ വിജയപുരം ജില്ലയിലാണ് കേസിനാസ്പദമായ സംഭവം. സരള വാസ്തു എന്ന സ്ഥാപനം തന്നെ കബളിപ്പിച്ചു എന്ന ആരോപണവുമായി മഹാദേവ് ദുഡിഹാല്‍(in pix) എന്നയാള്‍ ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചിരിക്കുകയാണ്. അധാര്‍മികമായ കച്ചവടരീതി, അപര്യാപ്തമായ സേവനം തുടങ്ങിയ വകുപ്പുകളനുസരിച്ച് ഉപഭോക്തൃ ഫോറം കേസ് ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. Continue Reading

ചങ്ങലയുടെ നീളം

(1) ”നേരോടെ, നിര്‍ഭയം, നിരന്തരം…”. എന്നൊക്കെ ബാനര്‍ കെട്ടി വാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുണ്ടിവിടെ. ഭയക്കേണ്ടതിനെ ഭയന്നും വളയേണ്ടിടത്ത് വളഞ്ഞും ചെയ്യേണ്ടതൊക്കെ കൃത്യമായും ചെയ്തും നടത്തുന്ന മാധ്യമപ്രവര്‍ത്തനത്തിനാണ് ഇത്ര കൂറ്റന്‍ പരസ്യം! കേരള സമൂഹത്തില്‍

മതാധിപത്യം പിടിമുറുക്കുകയാണ്. രാഷ്ട്രീയകക്ഷികളെയും ഭരണഘടനയേയും എന്തിനേറെ രാജ്യാര്‍തിര്‍ത്തികളെ വരെ ചോദ്യംചെയ്യുന്ന വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നവര്‍ മതം എന്നു കേള്‍ക്കുമ്പോള്‍ മുട്ടിലിഴയുന്നു, മൂത്രമൊഴിക്കുന്നു, സ്വന്തം ജീവനക്കാരെ കൈകാര്യംചെയ്ത് നല്ല പിള്ള കളിക്കുന്നു…. രാഷ്ട്രീയ പാര്‍ട്ടികളുടെയും ഗതി ഇതു തന്നെയാണ്. മതം ഒഴികെസൂര്യനു കീഴിലുള്ള യാതൊന്നിനെയും ഭയക്കുന്നില്ലെന്നതാണ് മിക്ക രാഷ്ട്രീയസിംഹങ്ങളുടെയും മിനിമം ധീരതാപ്രഖ്യാപനങ്ങള്‍.എല്ലായിടത്തും കുതിരകയറി ആടിത്തിമിര്‍ക്കുന്നവര്‍ വരെ അവിടെയെത്തുമ്പോള്‍ കിതയ്ക്കുന്നു.

(2) ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥികളെ നിറുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ജോലി ക്രമേണ അവസാനിച്ചേക്കും. ”സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ നിറുത്തിക്കൊള്ളാം, നിങ്ങള്‍ വേണമെങ്കില്‍ പിന്തുണയ്ക്കൂ” എന്ന് ജാതി-മത സംഘടനകള്‍ രാഷ്ട്രീയക്കാരനോട് പറയുന്ന കാലം വിദൂരത്തല്ല. മതവും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസവും അകലവും അത്രമാത്രം ഇല്ലാതാകുകയാണ്. ജമാ-അത്ത ഇസ്ലാമിയും മാധ്യമവും ചെയ്യുന്ന പണി കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ ഞങ്ങള്‍ ചെയ്തുതരാമെന്നാണ് സി.പി.എമ്മും ദേശാഭിമാനിയും മുസ്ലീം സമുദായത്തോട് പറയുന്നത്. തിരുമേനിമാരും മനോരമയും വിശ്രമിക്കട്ടെ, ആ ദൗത്യം ഞങ്ങള്‍ നിര്‍വഹിച്ചുകൊള്ളാമെന്ന് കേരളകോണ്‍ഗ്രസ്സുകാരന്‍ ആണയിടുന്നു. സംഘപിരാവാറും ജന്മഭൂമിയും ചെയ്യുന്നതെല്ലാം കുറെക്കൂടി നന്നായി ചെയ്യാനാവുമെന്നാണ് ബി.ജെ.പി യും വെള്ളപ്പള്ളി പാര്‍ട്ടിയും വിളിച്ചുപറയുന്നത്. Continue Reading

ഫൈന്‍മാന്റെ ചോദ്യം

12802948_980464988656889_7276740513557014537_n

(1) കഥാനായകന്‍ മാറുമെങ്കിലും പ്രസിദ്ധി വിട്ടുപിരിയാത്ത ഒരു കഥയുണ്ട്. കുറച്ച് തത്വചിന്താപരമാണ്. പ്രസിദ്ധ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ റിച്ചാഡ് ഫൈന്‍മാന്റെ (Richard Feynman/1918-1988)പേരിലാണ് കൂടുതലും കേട്ടിട്ടുളളത്.

സൈന്യത്തില്‍ ചേരാന്‍ ചെന്ന യുവാവായ ഫൈന്‍മാനോട് ഇന്റര്‍വ്യു ബോര്‍ഡ് ഒരു അപ്രതീക്ഷിത ചോദ്യമെറിഞ്ഞു: ”മി ഫൈന്‍മാന്‍, ഒരു സൈനികന്റെ ജീവിതം ജീവന്‍മരണപ്പോരാട്ടമാണ്. നിങ്ങള്‍ സ്വന്തം ജീവനു എന്തു വിലയാണ് കല്‍പ്പിക്കുന്നത്?”

”16789 അമേരിക്കന്‍ ഡോളര്‍!”- ഫൈന്‍മാന്റെ വെടിയുണ്ടപോലുള്ള മറുപടി ബോര്‍ഡിനെ സ്തബ്ധമാക്കി. ഞെട്ടല്‍ വിട്ടുമാറിയ അവരിലൊരാള്‍ ചോദിച്ചു: എന്തുകൊണ്ട് 16789? എന്തുകൊണ്ട് 16788 ഓ 16790 ഓ അല്ല? എന്തകൊണ്ടോ ആയിരമോ പത്തുലക്ഷമോ അല്ല?

”സര്‍, ഈ ചോദ്യത്തിനു ഏത് സംഖ്യ ഉത്തരമായി പറഞ്ഞാലും താങ്കള്‍ ഇതേ ചോദ്യം തന്നെ എന്നോട് തിരിച്ചു ചോദിക്കുമായിരുന്നു….”

(2) രാഹുല്‍ ഈശ്വര്‍ ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍(ACV) ‘എന്റെ ദൈവം’ എന്നൊരു അഭിമുഖ പരിപാടി ചെയ്യുന്നുണ്ട്. പ്രമുഖ വ്യക്തികള്‍ വന്നിരുന്ന് അനുഭവസാക്ഷ്യവും കരിഷ്മാറ്റിക്ക് ബോധ്യങ്ങളും വര്‍ണ്ണിക്കുന്ന ഒരു പരിപാടിയാണത്. എന്തുകൊണ്ടോ ഞാനും പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടു. ഏഴെട്ടു മാസംമുമ്പ് പ്ലാന്‍ ചെയ്തിരുന്നതാണെങ്കിലും കഴിഞ്ഞ ബുധനാഴ്ചയാണ് ഷൂട്ടിംഗ് നടന്നത്. എന്റെ ദൈവം സംബന്ധിച്ച അനുഭവമുണ്ടോ എന്നതരത്തിലുള്ള ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. വിശ്വാസഘട്ടത്തിലെ പഴയ ഒരനുഭവം ഞാന്‍ പരാമര്‍ശിച്ചു:

(3) നാലാം ക്ലാസ്സ് വരെ പഠിച്ചത് നാട്ടിലെ ഒരു സ്‌ക്കൂളിലായിരുന്നു. 1980 ല്‍ അഞ്ചാംക്ലാസ്സില്‍ പഠിക്കാനായി 12-13 കിലോമീറ്റര്‍ അകലെയുള്ള മുഖത്തല സെന്റ്ജൂഡ് ഹൈസ്‌ക്കൂളിലേക്ക് പോയി. ഒരു കൃസ്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌ക്കൂളായിരുന്നു അത്. പ്രൈമറിസ്‌ക്കൂള്‍ അദ്ധ്യാപികയായിരുന്ന അമ്മ ആ വഴിക്കുള്ള വേറൊരു സ്‌ക്കൂളിലേക്ക് പോയിരുന്നതുകൊണ്ടാണ് ദൂരംകൂടുതലായിട്ടും പ്രസ്തുത സ്‌ക്കൂള്‍ തെരഞ്ഞടുത്തതെന്ന് തോന്നുന്നു. മിക്ക ദിവസവും അമ്മയും ഞാനും ഒരു ബസ്സിലാണ് യാത്ര ചെയ്തിരുന്നത്. അന്നൊക്കെ സ്വകാര്യബസ്സിന്റെ മുന്‍വശത്ത് എഞ്ചിനു സമീപത്തായിട്ടാണ് ചെറിയ ആണ്‍കുട്ടികളെ അക്കോമൊഡേറ്റ് ചെയിരുന്നത്. 25 പൈസ ആയിരുന്നു ബസ് ചാര്‍ജ്ജ്. ബസ്സിന്റെ മുന്നിലെന്ന് പറഞ്ഞാല്‍ മുന്‍വശത്തെ ഗ്ലാസ്സ് തൊട്ടിയുരുമ്മി നില്‍ക്കും. ചുറ്റും സ്ത്രീകളായിരിക്കും. ഞങ്ങള്‍ അവിടെ നിന്ന് വാഹനങ്ങളുടെ നമ്പര്‍ പറഞ്ഞു കളിക്കും, അലയ്ക്കും.. വഴക്കുകൂടും.. വേഗത കൂട്ടാന്‍ ഡ്രൈവറെ പ്രേരിപ്പിക്കും….ഓവര്‍ടേക്ക് ചെയ്യ് അങ്കിള്‍…. എന്നതായിരുന്നു സ്ഥിരം നിര്‍ദ്ദേശം!

12802948_980464988656889_7276740513557014537_n

(4) അഞ്ചാംക്ലാസ്സിലെ ഓണപരീക്ഷ കഴിഞ്ഞപ്പോള്‍ വലിയൊരു അപകടമുണ്ടായി. അമ്മ അന്നു ബസ്സിലില്ല. എതിരെവന്ന വണ്ടി ഞങ്ങള്‍ സഞ്ചരിച്ച വണ്ടിയുടെ മുന്‍വശത്ത് ഇടിച്ചു. നിയന്ത്രണം തെറ്റി ബസ്സ് ഓടയിലേക്ക് പോയി. മുന്‍വശത്തെ കണ്ണാടി പൊട്ടിത്തെറിച്ചു. പലര്‍ക്കും സാരമായ പരിക്കുകള്‍ പറ്റി. ഡ്രൈവറുടെ പരിക്ക് മാരകമായിരുന്നു. തല ചെന്ന് സ്റ്റീയറിംഗ് വീലില്‍ ഇടിച്ചു, ഗ്ലാസ്സ് ശരീരത്തില്‍ കുത്തികയറി….എന്റെ തൊട്ടടുത്തു നിന്ന അമ്മമാര്‍ക്കും ചേച്ചിമാര്‍ക്കും നല്ല തോതില്‍ പരിക്കേറ്റു… പലരുടെയും ശരീരത്തില്‍ ഗ്ലാസ്സ് തുളച്ചുകയറി. ആകെ ബഹളമയം…നിലവിളി….രക്തം, ഞരക്കങ്ങള്‍…ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. അയാള്‍ പിന്നീട് ഒരിക്കലും വണ്ടി ഓടിച്ചിട്ടില്ല. രണ്ടു മാസം കഴിഞ്ഞ് ആശുപത്രിയില്‍ തന്നെ കിടന്നു മരിച്ചു. മുന്‍വശത്ത് നിന്നവര്‍ക്ക് മാത്രമാണ് കാര്യമായി പരിക്കേറ്റത്. അത്ഭുതകരമെന്ന് പറയട്ടെ, ചരിഞ്ഞു, കൈകുത്തി വീണന്നല്ലാതെ ഏറ്റവും മുമ്പില്‍ ഗ്ലാസ്സിനോട് ചേര്‍ന്ന് നിന്ന എനിക്ക് ഒരു പോറല്‍ പോലും സംഭവിച്ചില്ല!!

(5) എങ്ങനെയോ വാര്‍ത്ത സ്‌ക്കൂളില്‍ അറിഞ്ഞിരുന്നു. ആദ്യത്തെ പീരിയഡില്‍ ക്ലാസ്സ് ടീച്ചര്‍ ഈ വിവരം സൂചിപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്… വീ ഹാഡ് മിസ് ഹാപ്പ് നിയര്‍ പെരുമ്പുഴ ടുഡെ, ഔര്‍ രവിചന്ദ്രന്‍ വോസ് ആള്‍സോ ഇന്‍ ദ ബസ്സ്, പ്രെയിസ് ദ ലോഡ്… ഹീ വോസ് സേവ്ഡ് ബൈ ദ ഓള്‍മൈറ്റി…. നോട്ട് ഈവന്‍ എ സ്‌ക്രാച്ച്….ഇങ്ങനെയാണ് ദൈവം നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്…അവന്‍ എല്ലാവര്‍ക്ക് വേണ്ടിയും പ്രത്യേകം പ്രത്യേകം പദ്ധതികള്‍ ഇട്ടിട്ടുണ്ട്…യേശു ഒരിക്കലും നമ്മെ വിട്ടുകൊടുക്കില്ല….നോക്കൂ, ഒരു പൂച്ചകുട്ടിയെ പൊക്കിയെടുക്കുന്നത് പോലെയാണ് രവിയെ ദൈവം രക്ഷിച്ചത്…ലെറ്റ് അസ് റിജോയ്‌സ് ഹിസ് ലക്ക്, ദ ബ്ലെസ്സിംഗ് ഹീ ഗോട്ട്… ഓ.. ജീസസ്… അദ്ദേഹം ഇതു പറഞ്ഞതും എനിക്ക് വല്ലാതെ സങ്കടംവന്നു. കണ്ണില്‍ വെള്ളംനിറഞ്ഞു… പലരെയും ശിക്ഷിച്ചിട്ടും എന്നെ മാത്രം രക്ഷിച്ച കരുണാമയനായ യേശുവിനോടുള്ള എന്റെ ആരാധന കഠിനമായി.

(6) ഞാന്‍ പരിക്കേല്‍ക്കാതെ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു! നിഴല്‍പോലെ അവന്‍ എന്റെ കൂടെയുണ്ട്! പിന്നെ കുറേക്കാലം ബൈബിളും യേശുവും ഒക്കെയായിരുന്നു. നോട്ട് ബുക്കില്‍ ഗോഡ് ഈസ് ലവ് എന്നെഴുതുക, കുരിശിന്റെ പടംവരയ്ക്കുക തുടങ്ങിയ പരിപാടികള്‍ സ്ഥിരമായി. സ്‌ക്കൂളിനടുത്തുള്ള ബോഡിംഗില്‍ ഒരു ചര്‍ച്ചുണ്ട്. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് അവിടെ പോയിരുന്നു ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കും. കാരണം ഞാനും അവനും തമ്മില്‍ മാറ്റാരും അറിയാത്ത, രഹസ്യമായി ഒരു വ്യക്തിബന്ധം തന്നെ ഉണ്ടെന്ന് ബോധ്യപ്പെട്ടതാണല്ലോ. യേശുവാണ് രക്ഷിച്ചതെന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായില്ല. അല്ലെങ്കില്‍ ഏറ്റവുമധികം അപകടം പറ്റേണ്ടത് എനിക്കാണ്….ഒരുപക്ഷെ മരണംതന്നെ! എന്തുകൊണ്ട് ഞാന്‍ മാത്രം രക്ഷപെട്ടു….? അതെങ്ങനെ വിശദീകരിക്കും? മിറക്കിള്‍ കഥകള്‍ വായിച്ച് ഞാന്‍ സംഗതി തീര്‍ച്ചപ്പെടുത്തി….! സ്ഥിരം കൃഷ്ണനും ശിവനുമൊക്കെ സഹായിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് യേശുവിനെകൂടെ കൂട്ടി. കുറെക്കാലം ഘോരപ്രാര്‍ത്ഥനയും ദൈവവുമായി സംസാരിക്കലുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ആറാം ക്ലാസ്സ് അവസാനമായതോടെ മതചപലതകളില്‍ നിന്നും ക്രമേണ പുറത്തുവന്നു…. ഏഴാം ക്ലാസ്സില്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ണ്ണമായി നിലച്ചു…

(7) മതവിശ്വാസം അപസ്മാര സമാനമായ ഒരു മാനസികചപലതയാണ്. ബഹുഭൂരിപക്ഷവും കൊണ്ടുനടക്കുന്നതിനാല്‍ അതിനെ രോഗം എന്നാരും വിളിക്കുന്നില്ലെന്ന് മാത്രം. പക്ഷെ തന്റെ ബോധ്യങ്ങള്‍ യുക്തസഹവും സാധുവുമാണെന്ന് കാണിക്കാന്‍ വിശ്വാസി ഏതുതരം വാദങ്ങളും ഉപയോഗിക്കും. ഗംഗ മാതൃകയില്‍ തുള്ളിവിറയ്ക്കും! അനുഭവസാക്ഷ്യം വിവരിക്കുന്ന വിശ്വാസിയുടെ മുഖവും ശരീരഭാഷയും കണ്ടുനില്‍ക്കുന്നവരില്‍ അത്ഭുതവും ഭയവും നിറയ്ക്കും. അവിടെ യുക്തിഹീനതയും വൈകാരികചപലതയും അയാള്‍ക്കൊരു പ്രശ്‌നമല്ല. വല്ലാത്തൊരു ലഹരിയിലാണവര്‍.. സര്‍വ ജീവിതനേട്ടങ്ങളും ദൈവാനുഗ്രഹമാണെന്നും കോട്ടങ്ങള്‍ ഭക്തി നേര്‍പ്പിക്കപ്പെടുന്നതുകൊണ്ടാണെന്നും സ്വയം ബോധ്യപ്പെടുത്തിയാണവര്‍ മുന്നേറുന്നത്. തന്റെ മാനസികാവസ്ഥയ്ക്ക് മതപുസ്തകങ്ങളില്‍ ന്യായീകരണം കണ്ടെത്താനും നിസ്സാരമായി അവര്‍ക്കു സാധിക്കുന്നു.

(8) അന്നെനിക്ക് ബസ്സ് കിട്ടിയില്ലായിരുന്നുവെങ്കില്‍, പനി പിടിച്ച് വീട്ടില്‍ കിടന്നിരുന്നെങ്കില്‍, ചെറിയ ഒരപകടം മാത്രം പറ്റിയിരുന്നെങ്കില്‍…..കൈ മാത്രം മുറിഞ്ഞിരുന്നെങ്കില്‍, അതിലും വലിയ പരിക്കേറ്റിട്ടും ജീവന്‍ രക്ഷപെട്ടിരുന്നെങ്കില്‍…..എന്തു സംഭവിച്ചിരുന്നെങ്കിലും എന്റെ മതമനസ്സ് അതു ദൈവികഇടപെടലായി തന്നെ വ്യാഖ്യാനിക്കുമായിരുന്നു. മരിച്ചിരുന്നെങ്കില്‍ ”ദൈവം രവിയെ ഏറെ ഇഷ്ടപ്പെട്ടതിനാല്‍ അവനെ നേരത്തെ വിളിച്ചു….നമുക്ക് അവനു വേണ്ടി പ്രാര്‍ത്ഥിക്കാം” എന്ന് അതേ ക്ലാസ്സ് ടീച്ചര്‍ പറഞ്ഞേനെ! സാധാരണ വാഹനാപകടമുണ്ടാകുമ്പോള്‍ ഒ! ദൈവമേ, ഞാന്‍ ആ തീവണ്ടിയില്‍ ബുക്ക് ചെയ്തിരുന്നതാണ്, ഞാന്‍ ബുക്ക് ചെയ്ത കമ്പാര്‍ട്ടമെന്റാണ് അപകടത്തില്‍ പെട്ടത്!…..ഞാന്‍ ആ വിമാനത്തില്‍ പോകാനിരുന്നതാണ്….യാത്രാ പേപ്പറുകള്‍ ശരിയാക്കി തരാതെ ദൈവംകാത്തു… എന്നൊക്കെ പറഞ്ഞ് വെറുപ്പിക്കുന്ന മതവിശ്വാസികള്‍ ധാരാളമുണ്ടല്ലോ….!!

(9) ഫൈന്‍മാന്റെ കഥയില്‍ കണ്ടതുപോലെ….വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഭവം എന്തായാലും അവ തന്റെ ചക്കരദൈവത്തില്‍ കൊണ്ടുചെന്ന് കെട്ടുക നിര്‍ബന്ധമാണ്. കാരണം അതാണ് അയാളുടെ മനനരീതി. ലോകമെമ്പാടും ഭിന്ന ജാതിമതസ്ഥര്‍ തങ്ങളുടെ ഇഷ്ടമൂര്‍ത്തികളില്‍ ഇത്തരം ഉത്തരങ്ങള്‍ വിജയകരമായി കണ്ടെത്തുന്നു….എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു…. ? എനിക്ക് വിശദീകരണമില്ല….രക്ഷിക്കാന്‍ കരുണാമയനായ ഒരാളുണ്ടെന്ന് കേട്ടിട്ടുണ്ട്, അങ്ങനെ കഥകളുണ്ട്. അനുഭവസാക്ഷ്യങ്ങളുണ്ട്…മിറക്കിളുകളുണ്ട്….അപ്പോള്‍ പുള്ളിതന്നെയാവും എന്നയും തുണച്ചത്… അല്ലെങ്കില്‍പ്പിന്നെ എന്നേ തുലയണ്ടതാണ്…? സിമ്പിള്‍ ലോജിക്ക്…

(10) മിക്ക ഐ.എ.എസ്-ഐ.പി.എസ്-യു.ജി.സി-ഹൈവോള്‍ട്ടേജ് വേദാന്ത ടീമുകളുടെയും ”ആത്മീയത”, ”ആദ്ധ്യാത്മികത”… എന്നൊക്കെ പറയുന്ന ചരക്കുകള്‍ സത്യത്തില്‍ ഇവയൊക്കെയാണ്. വേദാന്തിയായ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു മുന്‍ മാര്‍ക്‌സിസ്റ്റ് ശ്രീ.പി.കേശവന്‍നായര്‍ പച്ചക്കുതിര അഭിമുഖ സമയത്ത് തന്റെ രോഗാവസ്ഥയെക്കുറിച്ച് എന്നോട് പറഞ്ഞതിങ്ങനെ: “വേണമെങ്കില്‍ ഞാനതില്‍ തട്ടിപോകാമായിരുന്നു, പക്ഷെ ഉണ്ടായില്ല….എന്തുകൊണ്ട്? ”’ ‘കട്ട വേദാന്തി’കളുടെ അവസ്ഥ ഇതാണെന്നിരിക്കെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്തു സംഭവിച്ചാലും ഒന്നും തന്നെ സംഭവിച്ചില്ലെങ്കിലും പ്രതികൂലമായി സംഭവിച്ചാലും അനുകൂലമായി സംഭവിച്ചാലും അവര്‍ ഒരേതരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും: ദൈവം അല്ലെങ്കില്‍ പിന്നെ ആരാണ് കൊല്ലത്തേക്ക് പോയ എന്നെ കൊല്ലത്ത് തന്നെ എത്തിച്ചത്? വേറെ എവിടെയെല്ലാം പോകാമായിരുന്നു? മറ്റെന്തൊക്കെ സംഭവിക്കാമായിരുന്നു?!

കുറെ ഗ്രഹണങ്ങള്‍ കിട്ടിയിരുന്നെങ്കില്‍…

1) സൂര്യഗ്രഹണം കാരണം നട അടയ്ക്കുമെന്ന് ഇന്നത്തെ മനോരമയില്‍
വാര്‍ത്ത. നാളെ രാവിലെ 5.05 മുതല്‍ 6.41 വരെയാണ് അടയ്ക്കുന്നത്. ഒരു മണിക്കൂര്‍ 39 മിനിറ്റ് നീളുന്ന സൂര്യഗ്രഹണമോ?! ഏതു ക്ഷേത്രത്തിനു മുകളിലാണ് ഈ മഹാപാതകം?!

എന്താണ് സൂര്യഗ്രഹണം? ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ പ്രതലതലത്തില്‍ നേര്‍രേഖയില്‍ വരുമ്പോള്‍ ചന്ദ്രന്റെ നിഴല്‍ മൂലം ഭൂമിയില്‍ പരമാവധി 242-250 കിലോമീറ്ററോളം ചുറ്റളവുള്ള ഭാഗത്ത് സൂര്യനെ കാണാതാവുന്നു. ഈ മറയ്ക്കലിന്റെ പരമാവധി സമയദൈര്‍ഘ്യം ഏതാനും സെക്കന്‍ഡുകള്‍ മുതല്‍ ഏഴര മിനിറ്റുവരെ. സൂര്യപ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയദൈര്‍ഘ്യം പരമാവധി എട്ടര മിനിറ്റ്. മിക്ക സൂര്യഗ്രഹണങ്ങളും ഭാഗികമായിരിക്കും-അതായത് ഒന്നോ രണ്ടോ മിനിറ്റുകള്‍. അപൂര്‍വമായേ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കുറച്ച് സ്ഥലത്തെങ്കിലും ലഭ്യമാകൂ.

(2) ഗ്രഹണസമയത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം വിഗ്രഹത്തിന്റെ ചൈതന്യത്തിനു ലോപം വരുമെന്നാണ് വാര്‍ത്ത പറയുന്നത്. ഈ തള്ളല്‍ കേട്ടാല്‍ ഏഴാം ക്ലാസ്സുവരെ ശ്രദ്ധിച്ച് പഠിച്ചവര്‍ അമ്പരന്നുപോകും. അന്ധവിശ്വാസത്തിനു സയന്‍സിന്റെ നിക്കര്‍ ഇടുവിപ്പിച്ച് നിറുത്താനുള്ള അത്യാഗ്രഹം പ്രകടം. സൗരപ്രകാശ സ്‌പെക്രട്രത്തില്‍ ദൃശ്യപ്രകാശത്തിലെ ഏഴു നിറങ്ങള്‍ക്കു പുറമെ ഇന്‍ഫ്രാറെഡ്, അള്‍ട്രാവയറ്റ്, റേഡിയോ തരംഗങ്ങള്‍, ഗാമാ തരംഗങ്ങള്‍, എക്‌സ് റേ….എന്നിങ്ങനെയുള്ള കിരണങ്ങളുണ്ട്.

(3) അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നമുക്ക് ഹാനികരമാണെങ്കിലും അവയെ അന്തരീക്ഷത്തിലെ ഓസോണ്‍ പാളി തടഞ്ഞു നിറുത്തുണ്ട്. ഓസോണ്‍പാളിയിലുള്ള വിള്ളല്‍ പ്രധാനമായും ധ്രൂവപ്രദേശത്താണ്. അതാകട്ടെ കാലക്രമേണ കുറഞ്ഞുവരികയുമാണ്. അതായത് അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നമുക്ക് ഏല്‍ക്കാനുള്ള സാധ്യത കുറവാണ്. സൂര്യഗ്രഹണസമയത്താകട്ടെ, ഒട്ടുമില്ല. കാരണം, സൂര്യപ്രകാശം തന്നെയില്ലല്ലോ!

(4) സത്യത്തില്‍ ഗ്രഹണസമയത്ത് സൂര്യനെ നോക്കരുതെന്ന് സയന്‍സ് പറയുന്നത് അള്‍ട്രാവയലറ്റിനെ പേടിച്ചല്ല. ഗ്രഹണസമയത്ത് നോക്കിയാലും അല്ലാതെ നോക്കിയാലും അള്‍ട്രാവയലറ്റിന്റെ ആക്രമണം നമുക്കുണ്ടാകാനുള്ള സാധ്യത കുറവാണ്-ഓസോണ്‍പാളി ഉള്ളിടത്തോളംകാലം. സൂര്യനെ നേരിട്ടുനോക്കുമ്പോള്‍ പ്രധാന പ്രശ്‌നകാരി ഇന്‍ഫ്രാറെഡാണ്. സൂര്യപ്രകാശത്തിന്റെ താപം വരുന്നത് ഇന്‍ഫ്രാറെഡില്‍ നിന്നാണ്. ഈ രശ്മികള്‍ കണ്ണിന്റെ റെറ്റിനയിലും ചുറ്റുമുള്ള കോശങ്ങളിലും പതിച്ചാല്‍ ആ ഭാഗത്ത് മാരകമായ പൊള്ളലേല്‍ക്കാനുള്ള സാധ്യതയുണ്ട്.

(5) സാധാരണ നിലയില്‍ സൂര്യനെ നോക്കുമ്പോള്‍ നാം ബോധപൂര്‍വം കൃഷ്ണമണി വളരെയധികം ചുരുക്കിയാണ് നോക്കുന്നത്. ആയതിനാല്‍ ഇന്‍ഫ്രാറെഡ് വഴി പൊള്ളല്‍ ഏല്‍ക്കാനുള്ള സാധ്യത കുറയുന്നു. ഗ്രഹണസമയത്ത് സൂര്യപ്രകാശമില്ലാത്തതിനാല്‍ നാം അറിയാതെ കൃഷ്ണമണി വികസിപ്പിച്ച് തന്നെ സൂര്യനെ കണ്‍കുളിര്‍ക്കെ കാണുന്നു.

(6) ഇവിടെയാണ് അപകടകാരണം പതിയിരിക്കുന്നത്. സൂര്യനെ മറച്ചിരിക്കുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ വമ്പന്‍ പര്‍വതങ്ങളും കൊടുമുടികളുമുണ്ട്. ചന്ദ്രന്‍ മെല്ലെ ഇളകിയാടുമ്പോള്‍ സൂര്യപ്രകാശം ഈ കൊടുമുടികളുടെ വിടവുകളിലൂടെ വെടിച്ചില്ലുപോലെ ഭൂമിയിലേക്ക് ചിതറിത്തെറിക്കും. കണ്‍കുളിര്‍ക്കെ സൂര്യനെ നോക്കിയിരുന്നാല്‍ പ്രകാശം നേരിട്ട് കണ്ണിനുള്ളില്‍ തന്നെ വീഴും, പൊള്ളലേക്കും. അതുകൊണ്ടാണ് ഗ്രഹണസമയത്ത് സൂര്യനെ നോക്കരുതെന്ന് ഉപദേശിക്കുന്നത്. കാരണം എപ്പോഴാണ് ചന്ദ്രന്‍ തെന്നിമാറുന്നതെന്ന് നമുക്ക് പറയാനാവില്ലല്ലോ! ഗ്രഹണം ഭാഗികമാണെങ്കില്‍ അപകടസാധ്യതയും വലുതാണ്. അതല്ലെങ്കില്‍ സൂര്യനെ നോക്കാന്‍ ഏറ്റവും പറ്റിയ സമയം സമ്പൂര്‍ണ്ണ ഗ്രഹണം തന്നെയാണ്.

(7) ശനിയ്ക്ക് 68+ഉം വ്യാഴത്തിന് 64+ഉം ഉപഗ്രഹങ്ങളുണ്ട്. ദിവസവും അവിടെ നടക്കുന്ന സൂര്യഗ്രഹണങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. അവിടെയൊക്കെ ഉപഗ്രഹങ്ങള്‍ മൂലം ഉപഗ്രഹങ്ങളില്‍ ഗ്രഹണം സംഭവിക്കാറുണ്ട്! ഗ്രഹണസമയത്ത് ഭൗമാന്തരീക്ഷത്തില്‍ പ്രത്യേകിച്ച് യാതൊരു വിജ്രംഭനവും സംഭവിക്കുന്നില്ല. ദിവസവും അനുഭവിക്കുന്ന ഏറ്റവും വലിയ ഗ്രഹണം രാത്രിയാണ്. ഭൂമിയുടെ തന്നെ നിഴലിലാണ് ഒരു വശമപ്പോള്‍-ശരിക്കും സമ്പൂര്‍ണ്ണഗ്രഹണം! സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാകട്ടെ ഏതാനും സെക്കന്‍ഡുകള്‍ മുതല്‍ ഏഴരമിനിറ്റു വരെ മാത്രം. സൂര്യഗ്രഹണസമയത്ത് ക്ഷേത്രം അടച്ചിടാനുള്ള തീരുമാനം ഉചിതം തന്നെയാണ്. അത്രയും നേരത്തേക്കെങ്കിലും ശബ്ദമലിനീകരണവും ആക്രാന്തപ്രകടനങ്ങളും വെടിശബ്ദവും ചളിപ്രഭാഷണവും സഹിക്കേണ്ടല്ലോ! സൂര്യഗ്രഹണങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഡിങ്കന്‍ കനിയുമാറാകട്ടെ.

Copyright © 2016. Powered by WordPress & Romangie Theme.