Category Archives: Morality

ദര്‍പ്പണത്തിലെ മാലിന്യം

ദര്‍പ്പണത്തിലെ മാലിന്യം

(1) ഇന്നു രാവിലെ മുതല്‍ രാഹുല്‍ പശുപാലനെ( Kiss of Love activist) കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരണം ആരാഞ്ഞ് മെസേജുകളും ഫോണ്‍വിളികളുമുണ്ടായതു വിചിത്രമായി തോന്നി. Don’t know why people ask me to EXPLAIN! രാഹുല്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെങ്കില്‍ അതു നിയമപ്രകാരം കൈകാര്യം ചെയ്യേണ്ട വിഷയമാണ്. അതിനെ ചുംബനസമരം എന്ന പ്രതീകാത്മക സമരവുമായി ബന്ധിപ്പിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കഥയില്ല. അതൊരുതരം തരംതാണ ചൊരുക്കുതീര്‍ക്കലാണ്. ചുംബനസമരത്തില്‍ പങ്കെടുത്തവര്‍ ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ ചുംബനസമരത്തെ സാധൂകരിക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ കോട്ടങ്ങളും അത്തരത്തില്‍ തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്.

(2) സ്വാതന്ത്ര്യസമരത്തിലും മാറുമറയ്ക്കല്‍ സമരത്തിലും ഭൂപരിഷ്‌ക്കരണ സമരത്തിലും പങ്കെടുത്ത പലരുടെയും പിന്നീടുള്ള വ്യക്തിഗതജീവിതം പരിശോധിച്ചാല്‍ അതില്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ കണ്ടെത്താനാവും. പലരും പില്‍ക്കാലത്ത് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടാവാം, കേസുകളില്‍ പ്രതികളായിട്ടുണ്ടാവും, ആത്മഹത്യ ചെയ്തിട്ടുണ്ടാവാം….നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടാവാം, സമ്പന്നരായിട്ടുണ്ടാവാം, പ്രസിദ്ധി നേടിയിട്ടുണ്ടാവാം….നല്ലതും മോശവുമായ വാര്‍ത്തകള്‍ അവിടെ കാണാനാവും. പക്ഷെ അവയൊന്നു പ്രസ്തുത ഈ സമരങ്ങളുടെ അന്തസത്തയെ ബാധിക്കുന്നില്ല. ഒരു സമരത്തില്‍ പങ്കെടുത്ത ഒരാള്‍ക്കു പില്‍ക്കാലത്തു ഭ്രാന്തു പിടിച്ചാല്‍ സമരത്തെ ഭ്രാന്തരുടെ സമരം എന്നു വിളിക്കുമ്പോള്‍ നിങ്ങള്‍ ആകെ വിളിച്ചു പറയുന്നത് ആ സമരം നിങ്ങളെ എത്രമാത്രം അലോരസപ്പെടുത്തി എന്നു മാത്രമാണ്.

(3) ചുംബനസമരക്കാരുമായി അഭിമുഖം നടത്തിയത് എന്തിനായിരുന്നു എന്നതാണ് മറ്റൊരു ചോദ്യം. smile emoticon ആശയപരമായി യോജിക്കുന്നവരുമായും അല്ലാത്തവരുമായും അഭിമുഖം നടത്തിയിട്ടുണ്ട്. I met the Kiss of Love team once. രാഹുല്‍ സിനിമാ പ്രവര്‍ത്തകനാണ്;രശ്മി മോഡലും. ഇരുവരും സ്വതന്ത്രചിന്തകരോ നാസ്തികരോ ആണെന്നു ഞാന്‍ കരുതുന്നില്ല-അല്ലെങ്കില്‍ എനിക്കറിയില്ല. രാഹുല്‍ പിടിയിലാകുമ്പോള്‍ കേരളത്തിലെ മോഡലുകളും സിനിമാപ്രവര്‍ത്തകരും മോശക്കാരാണെന്ന വിധി വരുമോ? കേരളത്തില്‍ പെണ്‍വാണിഭരംഗത്തു പ്രവര്‍ത്തിക്കുന്ന ഇടപാടുകാര്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരുടെ കണക്കെടുത്താല്‍ അവരില്‍ മഹാഭൂരിപക്ഷവും ചുംബനസമരവിരുദ്ധ-മതപക്ഷക്കാരായിരിക്കും! അങ്ങനെയാവാന്‍ ഒരു കാരണം അക്കൂട്ടരാണ് കേരളത്തില്‍ കൂടുതല്‍ എന്നതാണ്. സ്ത്രീപീഡനവും അക്രമവും അഴിമതിയും നടത്തുന്നവരുടെ പട്ടിക എടുത്താലും അക്കൂട്ടര്‍ക്കു മൃഗീയ ഭൂരിപക്ഷമുണ്ടാവും. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികപീഡനവും വിവാഹതട്ടിപ്പുമൊക്കെ ഇതേ വിഭാഗങ്ങളുടെ കുത്തകയാണ്. ജയിലിനകത്തും പുറത്തുമുള്ള കുറ്റവാളികളുടെ എണ്ണത്തിലും സ്ഥിതി ഭിന്നമല്ല.

(4) ആശയങ്ങളെ വ്യക്തിതലത്തിലേക്ക് ചുരുക്കുന്നത് മതാത്മകമായ നിലപാടാണ്. ചുംബനസമരം ഏതെങ്കിലും ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുണ്ടായതല്ല. അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സദാചാരപോലീസ് എന്ന സാമൂഹിക വിപത്തിനെതിരെ എതിരെ നടന്ന പ്രതീകാത്മകമായ പൗരസമരമാണത്. ഇന്നും എന്നും പ്രസക്തമായ കാര്യം! സമരം നടത്തിയ നൂറു കണക്കിനു വ്യക്തികള്‍ വേറെയുമുണ്ട്. ഭാവിയില്‍ വ്യക്തിജീവിതത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ചുംബനസമരത്തിന്റെ ബാധ്യതയല്ല. ചുംബനസമരം ആസൂത്രിതമായിരുന്നില്ല. കെട്ടുറപ്പുള്ള ഒരു സംഘടനയോ നീണ്ടകാലത്തെ തയ്യാറെടുപ്പോ അതിന്റെ പിന്നിലുണ്ടായിരുന്നില്ല. എങ്കിലും അതു ലോകശ്രദ്ധ ആകര്‍ഷിച്ചു, ജനം സന്ദേശം ശ്രദ്ധിച്ചു. സമരത്തിനു ശേഷം ‘സദാചാര പോലീസിംഗ്’ വര്‍ദ്ധിച്ചു എന്നു പറയുന്നതില്‍ കഥയില്ല. സമരം ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നതിനെ കുറിച്ച് മുന്‍കൂര്‍ വെളിപാടുള്ളവര്‍ക്ക് മാത്രം പറയേണ്ട ചപല ന്യായമാണത്. ചുംബനസമരം മൂലമാണ് ഇന്നു ഇത്രയെങ്കിലും ഭേദപ്പെട്ട സ്ഥിതി കേരളത്തില്‍ ഉള്ളതെന്ന മറുവാദത്തിനു അക്കൂട്ടര്‍ ഉത്തരം നല്‍കേണ്ടതുമുണ്ട്.

(5) പൊതുജന പ്രതിഷേധത്തിന്റെ സ്വാഭാവികപരിണതി ആയ ഒരു സമരത്തില്‍ ആസൂത്രണവും അവലോകനവും ഇല്ലാതിരുന്നത് പോരായ്മയായി തോന്നാം. പക്ഷെ ഇവയൊക്കെയുള്ള സമരങ്ങള്‍ ദയനീയമായി പരാജയപ്പെടുന്ന ചരിത്രവും നമ്മുടെ മുന്നിലുണ്ട്. പെട്ടെന്നുള്ള പ്രതിഷേധവും ആസൂത്രിതമായ പ്രതിഷേധവും വ്യത്യസ്ത രീതിശാസ്ത്രങ്ങള്‍ അവലംബിക്കുന്നുവെങ്കിലും ഫലത്തിന്റെ കാര്യത്തില്‍ ഉറപ്പൊന്നുമില്ല. മാറുമറയ്ക്കല്‍ സമരവും തല്ലി തകര്‍ക്കപ്പെട്ട സമരമാണ്. പക്ഷെ അതിനിന്നും ചരിത്രത്തില്‍ സ്ഥാനമുണ്ട്. പൗരാവകാശസമരങ്ങളും സംഘടനാസമരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. പൗരാവകാശ സമരങ്ങളില്‍ എവിടെ നിന്നു ആരെല്ലാം പങ്കെടുത്തുവെന്ന് തിട്ടപ്പെടുത്താനാവില്ല. നല്ലവരും മോശക്കാരും കുറ്റവാളികളും വിശുദ്ധരും കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും തൊഴിലാളിയും മുതലാളിയും അവര്‍ക്കിടയിലുണ്ടാവും. ചിലര്‍ ഘോഷയാത്രയുടെ മുന്നില്‍ സ്ഥാനംപിടിക്കും. അത്തരക്കാര്‍ക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചെന്നുവരാം. ചുംബനസമരത്തെ അനുകൂലിച്ചവരില്‍ 99% അതില്‍ പങ്കെടുത്തിട്ടില്ല. അതിനോടു അനുഭാവമുള്ളവരില്‍ മഹാഭൂരിപക്ഷവും രംഗത്തു വന്നിട്ടുമില്ല.

(6) കേഡര്‍പാര്‍ട്ടികള്‍ നടത്തുന്ന ആസൂത്രിത സമരങ്ങളില്‍വരെ ക്രിമിനലുകളും പെണ്‍വാണിഭക്കാരുമൊക്കെ പങ്കെടുത്തെന്നുവരാം. ചുംബനസമരത്തില്‍ മവോയിസ്റ്റുകള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടു വന്നിരുന്നു. അത്തരക്കാര്‍ വരരുതെന്നോ പങ്കെടുക്കരുതെന്നോ പറയാനുള്ള സംഘടനാ ചട്ടക്കൂട് ആ സമരത്തിനു ഉണ്ടായിരുന്നില്ല. ഒരര്‍ത്ഥത്തില്‍ അതു എല്ലാവരുടെയും സമരമായിരുന്നു. സമരത്തെ താറടിക്കാന്‍ ശ്രമിച്ചവര്‍ ആദ്യം മാവോയിസ്റ്റുകളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പെണ്‍വാണിഭ ആരോപണം. പൗരാവകാശസമരങ്ങളുടെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കാത്തതുകൊണ്ടല്ല മറിച്ചു ആ സമരം തങ്ങളെ വല്ലാതെ പൊള്ളിച്ചുവെന്ന കുറ്റസമ്മതമാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ നടത്തുന്നത്.

(7) ചുംബനസമരത്തെ എതിര്‍ത്തു നിലപാട് സ്വീകരിച്ചവരില്‍ എത്ര പെണ്‍വാണിഭക്കാരും ക്രിമിനലുകളുമുണ്ടാകും? ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാല്‍ മതിയാകും. പരമ്പരാഗതമായി ലൈംഗികവിഷയങ്ങളും ഇക്കിളി റിപ്പോര്‍ട്ടുകളും തള്ളിവിട്ട് ഉപജീവനം നടത്തുന്ന പത്രക്കാരുടെ സ്വകാര്യവിശേഷങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമലോകം മാപ്പിരക്കണമെന്നു ആവശ്യപ്പെടാനാവുമോ? ലൈംഗികപീഡനവും പെണ്‍വാണിഭവും ക്രിമിനല്‍ കുറ്റങ്ങളുമാണ് മാനദണ്ഡമെങ്കില്‍ എങ്ങനെയാണ് കേരളത്തില്‍ മതവിദ്യാലയങ്ങളും ആത്മീയ ശുശ്രൂഷാകേന്ദ്രങ്ങളും ആള്‍ദൈവങ്ങളും പ്രവര്‍ത്തിക്കുക?

(8) ചുംബനസമരം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞു നടത്തിയ കുറ്റകൃത്യത്തിനാണ് ഇപ്പോള്‍ രാഹുല്‍ പിടിയിലായിരിക്കുന്നത്(If the report is true). പിടിയിലായവരുടെ കൂട്ടത്തില്‍ മത-സദാചാരവാദികളുണ്ട്. ഇനി വെളിച്ചത്തു വരാന്‍പോകുന്ന മഹാഭൂരിപക്ഷ പെണ്‍വാണിഭ കേസുകളിലും സദാചാരമതവാദികള്‍ക്കു തന്നെയാവും ഭൂരിപക്ഷം. അപ്പോള്‍ നാമതങ്ങനെ വിലയിരുത്തും? കേരളത്തില്‍ ഇടക്കാലത്തുണ്ടായ തീവ്രമതപരതയും ഒളിഞ്ഞുനോട്ട മനസ്സും ചോദ്യം ചെയ്യപ്പെട്ടത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അവരാണ് ഈ വാര്‍ത്ത വന്യമായി ആഘോഷിക്കുന്നത്.

(9) രാഹുലും മറ്റും ഇതു ചെയ്യുമെന്ന് പണ്ടേ ഞങ്ങള്‍ പറഞ്ഞുവെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നത്. പക്ഷെ അങ്ങനെയായിരുന്നില്ലോ അവരന്ന് പറഞ്ഞത്. അവര്‍ എതിര്‍ത്തത് ചുംബനസമരത്തെയാണ്. ചുംബനസമരവിരുദ്ധ-തമോശക്തികള്‍ എല്ലാത്തരം ഹീനകൃത്യങ്ങളും ചെയ്യുമെന്ന് തന്നെയാണ് എതിര്‍പക്ഷം പറയുക. മിക്കപ്പോഴും അങ്ങനെ തന്നെ സംഭവിക്കാറുമുണ്ട്. ഉദാഹരണം-കന്യാസ്ത്രീകള്‍ നേരിടേണ്ടിവരുന്ന പീഡനം, മദ്രസ്സകളിലെയും ആള്‍ദൈവാശ്രമങ്ങളിലെയും ലൈംഗികപീഡനം, കള്ളക്കടത്ത്, നികുതിവെട്ടിപ്പുകള്‍, കൊലകള്‍, മയക്കുമരുന്ന് ഉപയോഗം…. ഇതെല്ലാം വ്യാപകമായി ചൂണ്ടിക്കാട്ടപ്പെടാറുണ്ട്. പലപ്പോഴും അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു. പക്ഷെ ഇതൊക്കെ നടന്നാലും ഇല്ലെങ്കിലും അത്തരം പ്രവര്‍ത്തനങ്ങള്‍ ആശയതലത്തില്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന നിലപാടാണ് സ്വതന്ത്രചിന്തകര്‍ സ്വീകരിക്കുക.

(10) ഈ രാജ്യത്തെ പൗരര്‍ എന്ന നിലയില്‍ പൗരാവാകാശ സമരങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും അവകാശവും അധികാരവുമുണ്ട്. ഭാവിയില്‍ പെണ്‍വാണിഭത്തില്‍ കുടുങ്ങും എന്നു തിരിച്ചറിഞ്ഞ് ആരെയെങ്കിലും മാറ്റി നിര്‍ത്താന്‍ ആര്‍ക്കാണ് സാധിക്കുക? ചുംബനസമരത്തില്‍ പങ്കെടുത്തവരുമായി അഭിമുഖം നടത്തിയപ്പോള്‍ മനസ്സിലായത് അവരില്‍ പലരും മതവിശ്വാസികളും ഭക്തരും ആണെന്നായിരുന്നു. കേരളത്തിലെ മുഴുവന്‍ മതവിശ്വാസികളും ഇതിനു ഉത്തരം പറയേണ്ടി വരുമോ? ചുംബന സമരക്കാരില്‍ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും മതവിശ്വാസികളും നാസ്തികരുമൊക്കെ ഉണ്ട്. മറുവശത്തും എല്ലാത്തരക്കാരുമുണ്ട്. അതില്‍ രാഹുലനും പത്‌നിയും അറസ്റ്റിലാകുന്നതു മാത്രം എങ്ങനെ സ്വതന്ത്രചിന്തകര്‍ക്കെതിരെ ഉയര്‍ത്തിക്കാട്ടാനാവും? കേസിനു ആസ്പദമായി ചൂണ്ടിക്കാണിക്കുന്ന സൈബര്‍ഗ്രൂപ്പിനെ റിപ്പോര്‍ട്ട് ചെയ്തു പൂട്ടിച്ചത് സ്വതന്ത്രചിന്തകരാണെന്നിരിക്കെ ഈ കേസില്‍ സത്യമുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അവര്‍ക്കു നല്‍കി അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?

(11) ദര്‍പ്പണം മലിനമായാല്‍ പ്രതിരൂപങ്ങള്‍ മങ്ങും. അതു ദര്‍പ്പണത്തിന്റെ കുഴപ്പമാണ്. എല്ലാത്തരം ആശയങ്ങളുടെ കാര്യവും അങ്ങനെ തന്നെ. വ്യക്തിയും ആശയവും വ്യതിരിക്തമാണ്. ആശയാധിഷ്ഠിതമായി വ്യക്തി കുറ്റം ചെയ്യുമ്പോഴേ ആശയം പ്രതിക്കൂട്ടിലാകുന്നുള്ളൂ. സ്വതന്ത്രചിന്ത പെണ്‍വാണിഭത്തെ ഒരു വിധത്തിലും പിന്തുണയ്ക്കുന്നില്ലെന്നു മാത്രമല്ല ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ഞാന്‍ പരസ്യമായ നാസ്തിക നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പക്ഷെ മത-വിശ്വാസബാഹ്യമായ മേഖലകളില്‍ എന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന വീഴ്ചകളും ക്രമക്കേടുകളും നാസ്തികതയ്‌ക്കെതിരെയുള്ള വാദമായി പരിഗണിക്കാനാവില്ല. എനിക്കു തെറ്റുപറ്റി എന്നു മാത്രമാണവിടെ തെളിയുന്നത്. അത്തരം മേഖലകളില്‍ എനിക്കുണ്ടാകുന്ന നേട്ടങ്ങളിലും നാസ്തികതയ്ക്ക് പങ്കില്ല. നാസ്തികതയും ശാസ്ത്രചിന്തയും മുന്നോട്ടു വെക്കുന്ന ലോകവീക്ഷണം അനുസരിച്ചു ജീവിക്കുന്നതു മൂലമുണ്ടാകുന്ന നേട്ടങ്ങള്‍ക്കും കോട്ടങ്ങളും മാത്രമേ അവിടെ പരിഗണിക്കാനാവൂ. സ്വതന്ത്രചിന്തയും നാസ്തികതയും ശരിയാണ്. പെണ്‍വാണിഭവും മോഷണവും ചതിയും തെറ്റാണ്. ചുംബനസമരക്കാരെ അടിച്ചോടിക്കാന്‍ എത്തിയ അധമജന്മങ്ങളും അവരുടെ പക്കമേളക്കാരും അവശ്യം തിരിച്ചറിയേണ്ട വസ്തുതയാണിത്.

നിയമവും സദാചാരവും

കോടതി വരെ പറഞ്ഞില്ലേ ചുംബനസമരം നാടിന് അപമാനമാണെന്ന്.?!

(1) സദാചാരപോലീസിന് ഏതൊരാളെയും തടഞ്ഞുനിറുത്താനും മര്‍ദ്ദിക്കാനും മൗനാനുവാദം നല്‍കുന്ന ഒരു സമൂഹത്തിലെ ഭരണകൂടവും നിയമപാലകരും കോടതികളും സദാചാരപോലീസിന് എതിരാണെന്ന് സമര്‍ത്ഥിക്കാന്‍ ബുദ്ധിമുട്ടിയായിരിക്കും. അവരുടെയൊക്കെ അനുവാദവും ആശീര്‍വാദവുമില്ലാതെ എങ്ങനെയാണ് സദാചാരംഗുണ്ടായിസം ഇവിടെ നിലനില്‍ക്കുക?! കൊച്ചിയിലെ സമരത്തിന് മുമ്പ് ചുംബിച്ചാല്‍ എന്താ കുഴപ്പം എന്ന് ഇതേ കോടതി ചോദിച്ചിരുന്നു! അന്ന് കോടതിയുടെ നിലപാട് ശരിയാണെന്ന് പറയാന്‍ സദാചാരപ്രഭുക്കള്‍ തയ്യാറായില്ല. കോടതിക്ക് എന്തുപറ്റി എന്നാണവര്‍ ചോദിച്ചത്. ഇപ്പോള്‍ ഭൂരിപക്ഷന്യായമനുസരിച്ച് കോടതി ഒരു നിരീക്ഷണം നടത്തിയിരിക്കുന്നു. അത് നിയമപരമല്ല മറിച്ച് വ്യക്തിനിഷ്ഠമാണ്- സ്വഭാവികമായും പ്രതീക്ഷിതവും. ചുംബനസമരം ഇത്തരം പൊതുബോധങ്ങളെ വിചാരണ ചെയ്യാന്‍ കൂടിയുള്ളതായിരുന്നു. Continue Reading

ഇണയുടെ അവകാശങ്ങള്‍

വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ ഉഭയസമ്മതപ്രകാരം മറ്റൊരാളുമായി ശയിക്കുന്നത് കണ്ടാല്‍ എന്തായിരിക്കും പ്രതികരണം?!

ഇവിടെ പ്രസക്തമാകുന്നത് വിശ്വസ്തതയുടെ പ്രശ്‌നമാണ്. പരസ്യചുംബനത്തെ കുറിച്ച് വേവലാതിപ്പെടാത്ത സമൂഹങ്ങളിലും വ്യക്തിബന്ധങ്ങളുടെ ഘടന അടിസ്ഥാനപരമായി ഒന്നു തന്നെയാണ്. പരസ്പരം സ്‌നേഹിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ വേറൊരു വ്യക്തിയെ ഇണയായി സ്വീകരിക്കാതിരിക്കുന്നുവെങ്കില്‍ അതവരുടെ സ്‌നേഹബന്ധത്തിന്റെ ഗാഢതയുമായി ബന്ധപ്പെട്ട് കാണേണ്ട കാര്യമാണ്. സ്‌നേഹബന്ധത്തിന്റെ പേരില്‍ ഇരുവരും പരസ്പരം ത്യജിക്കുന്നുവെന്നും പറയാം. സ്‌നേഹവും പ്രണയവും വൈകാരികവും ഏറെക്കുറെ യുക്തിരഹിതവുമാണ്. ഇണ തനിക്ക് മാത്രമായിരിക്കണമെന്ന് കമിതാക്കളും ഭാര്യാഭര്‍ത്താക്കന്‍മാരും ആഗ്രഹിക്കാറുണ്ട്. ഇതൊരു സഹജഗുണമായി ഏറ്റവുമധികം കാണുന്നത് ചിമ്പാന്‍സികളിലാണ്. എന്നാല്‍ ഹോമോ സാപിയന്‍സ് സാപിയന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് സസ്തനങ്ങളില്‍ ഒന്നിലധികം പങ്കാളികളോട് താല്‍പര്യമുണ്ടാവുകയെന്നത് സഹജഗുണമാണ്. സ്വാര്‍ത്ഥബോധം, വിശ്വസ്തത(possessiveness, fidelity) തുടങ്ങിയ വൈകാരികമൂല്യങ്ങള്‍ക്ക് സ്‌നേഹബന്ധത്തില്‍ പ്രസക്തിയുണ്ട്. Continue Reading

ചുംബനം കാണുമ്പോള്‍ തല ചുറ്റുന്നവര്‍

ചുംബനസമരത്തെ ആശയപരമായി പ്രതിരോധിക്കാനോ ഖണ്ഡിക്കാനോ ആര്‍ക്കും സാധിച്ചിട്ടില്ലെന്നത് സദാചാരഭ്രമക്കാരുടെ ആശയദാരിദ്ര്യം വ്യക്തമാക്കുന്നുണ്ട്. ”ഞങ്ങള്‍ക്കിഷ്ടമല്ല അതുകൊണ്ട് വേണ്ട”-എന്നല്ലാതെ കാര്യമായ യാതൊരു ന്യായവാദവും ഉന്നയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. സമരത്തിനെതിരെ ഉന്നയിക്കപ്പെട്ട ചില ന്യായവൈകല്യങ്ങള്‍ താഴെ:

(A) ഈ സമരം ഭൂരിപക്ഷം ജനത്തിനും ഇഷ്ടമല്ല. അതുകൊണ്ട് അതിന് ജനകീയ പിന്തുണയുണ്ടാവില്ല.

(1) ”ജനത്തിന് ഇഷ്ടമുണ്ടെങ്കില്‍ മാത്രം സമരം” നടത്താന്‍ ഉത്സാഹപ്പെടുന്നവര്‍ സമരം വിജയിക്കാനായി ജ്യോതിഷിയെക്കൂടി വിളിച്ചുവരുത്തി കളംവരച്ചാല്‍ അതിശയിക്കേണ്ട. ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട, അവരുടെ പിന്തുണയുള്ള സമരങ്ങളാണോ വിദ്യാര്‍ത്ഥികളും തൊഴിലാളിയൂണിയനുകളും നടത്തുന്ന അക്രമസമരങ്ങളും ഹര്‍ത്താലുകളും രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തിപ്രകടനങ്ങളും നിര്‍ബന്ധിത പിരിവുകളും? ഇവയ്‌ക്കൊക്കെ പൊതുസമ്മതിയുണ്ടോ? മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ നടത്തുന്ന എത്ര സമരങ്ങളെയാണ് ജനങ്ങള്‍ ആരാധിക്കുന്നത്? കയ്യൂക്കും കായികശേഷിയും സാമ്പത്തികശക്തിയും ഉപയോഗിച്ച് തങ്ങള്‍ക്കിഷ്ടപ്പെട്ട സമരങ്ങള്‍ ജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് മിക്ക രാഷ്ട്രീയ കക്ഷികളും ചെയ്യുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ കൂടി ഇന്നാട്ടിലെ ചെറിയൊരു ന്യൂനപക്ഷം മാത്രമേ പിന്തുണച്ചിരുന്നുള്ളൂവെന്നോര്‍ക്കുക. സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് സ്വന്തം വീടുകളില്‍ നിന്ന് വരെ അസഹനീയമായ ഒറ്റപ്പെടല്‍ നേരിടേണ്ടിവന്നു. പലരും സ്വന്തം ജനതയാല്‍ ഒറ്റുകൊടുക്കപ്പെട്ടു. ഭൂരിപക്ഷവും ബ്രിട്ടീഷുകാരന്റെ ഭരണം നുകര്‍ന്ന് ജീവിതമാസ്വദിച്ചു. രണ്ടാം ലോകയുദ്ധത്തിന് ശേഷം സ്വന്തം നിലനില്‍പ്പ് തന്നെ വെല്ലുവിളിക്കപ്പെട്ട ബ്രിട്ടണ്‍ ഗത്യന്തരമില്ലാതെ ഇന്ത്യ വിട്ടപ്പോള്‍ ഒരു മഹത്തായ ജനത ഒറ്റക്കെട്ടായി ഐതിഹാസികമായ ഒരു പോരാട്ടം നടത്തിയാണ് സ്വാതന്ത്ര്യം നേടിയതെന്ന കള്ളക്കഥയുണ്ടാക്കി. വീരസാഹിത്യം എഴുതി പാഠപുസ്തകങ്ങള്‍ നിറയ്ക്കുകയും ചെയ്തു.

(2) അയിത്തത്തിനും അനാചാരങ്ങള്‍ക്കും എതിരെ നടന്ന പോരാട്ടങ്ങള്‍ക്കും ഭൂരിപക്ഷ പിന്തുണയുണ്ടായിരുന്നില്ല. ചാന്നാര്‍ യുവതികള്‍ നടത്തിയ മാറുമറയ്ക്കല്‍ സമരം ഭൂരിപക്ഷം കഠിനമായി ഭര്‍ത്സിച്ച ഒന്നായിരുന്നു. കേരളത്തിലെ യുക്തിവാദ-ഗാന്ധിയന്‍-മദ്യവിരുദ്ധ-സ്ത്രീപക്ഷ-പരിസ്ഥിതി സമരങ്ങളൊക്കെ ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലാത്ത സമരങ്ങളാണ്. താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാനുള്ള സമരത്തിനും വിദ്യാഭ്യാസ അവകാശസമരത്തിനും ഈഴവ ശിവപ്രതിഷ്ഠയ്ക്കും പന്തിഭോജനത്തിനും എന്തിനേറെ, ഉപ്പു സത്യഗ്രഹത്തിന് പോലും അതാത് കാലത്തെ പൊതുസമൂഹത്തിന്റെ അംഗീകാരമില്ലായിരുന്നു. ആ പൊതുജനത്തിന്റെ പിന്‍ഗാമികളാണ് ഇന്നത്തെ പൊതുസമൂഹം. പ്രതിലോമകരമായ പലതിനെയും ആഴത്തില്‍ പുല്‍കികൊണ്ടാണത് നിലകൊള്ളുന്നത്. എല്ലാത്തരം മാറ്റത്തെയും അത് അസഹ്യതയോടെ കാണുകയും ചെയ്യും. സതിയും അയിത്തവും ശൈശവിവാഹവും നരബലിയും ഭൂരിപക്ഷപിന്തുണയോടെ ആഘോഷിച്ചിരുന്ന ഒരു സമൂഹമാണിതെന്നും മറക്കരുത്.

(3) ”ജനത്തിന് ഇഷ്ടമുള്ള സമരമേ ഞങ്ങള്‍ ചെയ്യൂ”എന്ന് വാശി പിടിക്കുന്നവര്‍ക്ക് വിപ്‌ളവകരമായ മാറ്റങ്ങള്‍ കൂടി വരുത്താനാവുമെന്ന് പറയുന്നിടത്താണ് രാഷ്ട്രീയതമാശകള്‍ അരോചകമാകുന്നത്. ഭൂരിപക്ഷത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കിനടത്തുന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനമെന്ന് വിശ്വസിക്കുന്നവര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ അത്ഭുതമില്ല. എന്നാല്‍ പുരോഗമനവാദികളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്ക് അത് അലങ്കാരമല്ല. ഇവിടെ പ്രധാനപ്പെട്ട ഒരു മറുചോദ്യം കൂടിയുണ്ട്: ഭൂരിപക്ഷം ജനങ്ങളും പിന്തുണയ്ക്കുന്ന ഒരു കാര്യത്തില്‍ സമരത്തിന്റെ തന്നെ ആവശ്യമെന്താണ്? അതങ്ങ് നടപ്പാക്കിയാല്‍പ്പോരെ?!! ഏതൊക്കെ സമരങ്ങളാണ് ജനത്തിന് ഇഷ്ടപ്പെട്ടത്? ഓട്ടോക്കാരും ടാക്‌സിക്കാരും ബസ്സുകാരും സര്‍ക്കാര്‍ജീവനക്കാരുമൊക്കെ സമരം നടത്തുമ്പോള്‍ മാനസികമായും ആശയപരമായും ജനം അവയ്‌ക്കെതിരാണ്. സമരക്കാര്‍ക്കെതിരെ ഒളിഞ്ഞുംതെളിഞ്ഞും ആരോപണങ്ങളുതിര്‍ക്കപ്പെടുന്നു, സമരം പരാജയപ്പെടുമ്പോള്‍ ഗൂഢമായി ആഹ്‌ളാദിക്കുന്നു. സത്യത്തില്‍ മഹാഭൂരിപക്ഷവും അവനവനെ നേരിട്ട് ബാധിക്കുന്നവ ഒഴികെയുള്ള സമരങ്ങള്‍ക്ക് എതിരാണ്. എല്ലാവരും അനുകൂലിക്കുന്നുവെന്ന് പൊതുവെ പറയപ്പെടുന്ന ആദിവാസി-പരിസ്ഥിതി സമരങ്ങളൊക്കെ വാസ്തവത്തില്‍ അനാഥമാണെന്നതാണ് വസ്തുത.

(4) ചുംബനസമരത്തിന് എതിരാണെന്ന് പറയുന്ന ജനം അത് കാണാനും വായിക്കാനും ചര്‍ച്ച ചെയ്യാനും വല്ലാത്ത ആവേശം കാട്ടുന്നതെന്തുകൊണ്ടാവും?! ജനപിന്തുണ നോക്കി സമരം ചെയ്യാനാണെങ്കില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ സമരരഹിതമായി തീരും. കേരളത്തില്‍ അടുത്തിടെയൊന്നും ജയിച്ച സമരങ്ങളെക്കുറിച്ചും നാം കേള്‍ക്കുന്നില്ല. എല്ലാ സമരങ്ങളും വഴിപാടുകള്‍ മാത്രമാണെന്ന് സമരംചെയ്യുന്നവര്‍ വരെ കുമ്പസരിക്കുന്ന സമൂഹത്തില്‍ ഏതാനുംപേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു സമരത്തെ അക്രമിക്കാന്‍ സാമൂഹികവിരുദ്ധര്‍ക്ക് ലൈസന്‍സ് കൊടുത്തിട്ട് സമരം പരാജയപ്പെടുമെന്ന് പറയുന്നത് അല്‍പ്പത്തരമാണ്. അക്രമിക്കപ്പെടുമെന്ന് ഉറപ്പുള്ള, അക്രമം തടയാന്‍ പോലീസും ഭരണകൂടവും തയ്യാറാവില്ലെന്ന് വാശിപിടിക്കുന്ന ഒരു സമരത്തില്‍ പങ്കെടുക്കാന്‍ എത്രപേര്‍ തയ്യാറാവും എന്ന ചോദ്യം പ്രസക്തമാണ്. അക്രമിയോടൊപ്പം നിന്ന്, പോലീസ് പോലും സമരക്കാരെ പേടിച്ച് നിലകൊള്ളുന്ന സമരത്തില്‍ പങ്കെടുത്ത് കൊടിയ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ആര്‍ക്കും സാധിക്കും. നിയമവിധേയവും അഹിംസാപരവുമായ ഒരു സമരത്തെ തല്ലിത്തകര്‍ക്കണമെന്ന വാശി പൊതുസമൂഹത്തിനുണ്ടാകുന്നത് ഭൂരിപക്ഷ ഫാസിസം തന്നെ.

(5) ചുംബനസമരക്കാര്‍ നിയമവിരുദ്ധമായി യാതൊന്നും ചെയ്യുന്നില്ല. ആദ്യം സമരം ചെയ്യാന്‍ അവര്‍ക്കവസരമുണ്ടാകട്ടെ. അപ്പോഴറിയാമല്ലോ വിജയിക്കുമോ ഇല്ലയോ എന്ന്. ആരുടെയും സഹായമോ സംരക്ഷണമോ സമരക്കാര്‍ ആവശ്യപ്പെട്ടതായി കണ്ടില്ല. അക്രമികളെ വിട്ട് തല്ലിയോടിച്ചാല്‍ ഏത് സമരമാണ് സാധ്യമാവുക?! ചുംബനസമരം വിജയിച്ച സമരമാണ്. കൊച്ചിയില്‍ പങ്കെടുത്തവരെക്കാള്‍ കൂടുതല്‍ പേര്‍ കോഴിക്കോട്ട് സമരത്തിനെത്തി. സമരക്കാര്‍ അക്രമത്തിന് ഇരകളായെന്നത് നിയമവ്യവസ്ഥയുടെയും പൊതുസമൂഹത്തിന്റെയും പരാജയമാണ്. അക്രമിക്കപ്പെടുന്ന സമരങ്ങളൊക്കെ പരാജയമാണെങ്കില്‍ അടി കിട്ടാത്ത സാധാരണ സമരങ്ങളെക്കുറിച്ച് എന്തു പറയേണ്ടിവരും?!! ”ജനാധിപത്യപരമായി നടന്ന ഒരു സമരത്തെ ചില സാമൂഹ്യവിരുദ്ധര്‍ അക്രമിച്ചു-അതുകൊണ്ട് സമരം പരാജയപ്പെട്ടതായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു, ഞങ്ങള്‍ക്കതിനെ സംരക്ഷിക്കാന്‍ ബാധ്യതയില്ല”-എന്നൊക്കെ വീമ്പിളക്കുന്നവര്‍ ഗുരുവായൂരില്‍ സഖാവ് കൃഷ്ണപിള്ള വാങ്ങിക്കൂട്ടിയ മര്‍ദ്ദനത്തെക്കുറിച്ച് കൂടി വായിച്ചറിയണം. അക്രമം ഉണ്ടായാല്‍ കൈകഴുകും മറിച്ചായാല്‍ കൂടെനില്‍ക്കും എന്ന വാദത്തിന് മലായാളത്തില്‍ ചില നല്ല പേരുകളുണ്ട്.

(6) ആര്‍ക്കുവേണമെങ്കിലും ചുംബനസമരക്കാരെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാം. പക്ഷെ സമരം നടത്തിയാല്‍ അവരെ അക്രമിക്കും എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നതും അതിനോട് ഐക്യപ്പെടുന്നതും ഫാസിസമാണ്. നിയമവിധേയമായ ഒരു സമരം നടത്താനുള്ള അവകാശവും സമരരീതി തെരഞ്ഞെടുക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടാതെ ജനാധിപത്യം പുലരില്ല. അതിന് അനുകൂലമല്ലാത്തതെല്ലാം ജനാധിപത്യവിരുദ്ധ-ഫാസിസ്റ്റ് നിലപാടുകളാണ്. ഉള്ളിന്റെയുള്ളില്‍ തങ്ങള്‍ കടുത്ത സദാചാരവാദികളാണെന്ന സത്യം ലോകത്തെ അറിയിക്കുന്നുവെന്നതിലുപരി വിശേഷിച്ച് ഗുണമൊന്നും അത്തരം നിലപാടുകളിലില്ല. കേരളത്തിലെ മതങ്ങളും മതാത്മകപ്രസ്ഥാനങ്ങളും ചെയ്യുന്നത് അതുമാത്രമാണ്.

(B) ചുംബനസമരത്തില്‍ ഇപ്പോള്‍ ചുംബിക്കല്‍ മാത്രം മുഖ്യവിഷയമായി. സദാചാരഗുണ്ടായിസം എല്ലാവരും മറന്നു.

(1) സമരക്കാര്‍ എങ്ങനെ ചുംബിച്ചു, എത്ര ചുംബിച്ചു…തുടങ്ങിയ ചുംബനവിശദാംശങ്ങളൊന്നും പൊതുവെ ആരും ചര്‍ച്ച ചെയ്യാറില്ല-സദാചാരഭ്രമക്കാര്‍ ഒഴികെ. വിഷയം ചുംബനം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് അതില്‍ രസക്കേട് തോന്നുന്നവര്‍ മാത്രമാണ്. കോഴിക്കോട്ടെ സമരത്തിന് ശേഷം മലയാളി മുഴുവന്‍ ചര്‍ച്ച ചെയ്തത് അവിടെ അരങ്ങേറിയ സദാചാരഗുണ്ടകളുടെ അതിക്രമങ്ങളെ പറ്റിയാണ്. അല്ലാതെ എത്രപേര്‍-എങ്ങനെ ചുംബിച്ചു എന്നതായിരുന്നില്ല. ഗാന്ധി ഉപ്പ് സത്യാഗ്രഹം തുടങ്ങിയതോടെ എല്ലാവരും ഉപ്പ് കുറുക്കുന്നതിനെക്കുറിച്ച് മാത്രമായി ചര്‍ച്ച, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള നിയമലംഘനസമരത്തെ കുറിച്ച് എല്ലാവരും മറന്നുപോയി എന്നും പറയാവുന്നതാണ്. സരിതാ നായരെ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ സമരം നടത്തിയപ്പോള്‍ വിഷയമിപ്പോള്‍ സരിതയായി-അഴിമതി എന്ന വിഷയം പിന്നാക്കം പോയി എന്ന ആരോപണം വന്നപ്പോഴും സമരക്കാര്‍ക്ക് ഇതേ കാര്യം ചൂണ്ടിക്കാട്ടേണ്ടി വന്നിരുന്നു. ചുരുക്കത്തില്‍, കേരളത്തില്‍ നടക്കുന്ന ഏത് സമരത്തിനെതിരെ വേണമെങ്കിലും ഇത്തരമൊരു ഉണ്ടയില്ലാവെടി വെക്കാം. നിരാശാബോധത്തില്‍ നിന്നും ഭാവനശൂന്യതയില്‍ നിന്നും ഉയരുന്ന ഒരു ന്യായവൈകല്യം മാത്രമാണിത്. ചുംബനത്തെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യണമെന്നും സദാചാരഗുണ്ടായിസത്തെ തമസ്‌ക്കരിക്കണമെന്നും നിര്‍ബന്ധമുള്ളവരാണ് പൊതുവെ ഈ വാദം ഉന്നയിക്കുന്നത്. ദം ഉന്നയിക്കുന്നത്. (To be continued…)

മതമില്ലാതെ എങ്ങനെ ധാര്‍മ്മികത കൈവരിക്കാനാവൂം?

How can one be moral without being religious?

മതവും ധാര്‍മ്മികതയുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല ശരിയായ ധാര്‍മ്മികത മിക്കപ്പോഴും മതവിരുദ്ധമാകൈവരിക്കണം. ധാര്‍മ്മികത ഉപാധികളില്ലാത്ത അപരസ്‌നേഹത്തില്‍ അധിഷ്ഠിതമാണ്. ധാര്‍മ്മികത ഉണരാന്‍ മതബോധമല്ല മറിച്ച് മാനവികബോധമാണ് കൈവരിക്കേണ്ടത്. മതം മുന്നോട്ടുവെക്കുന്ന ധാര്‍മ്മികത വികലമായ ഒരു തരം കച്ചവടയുക്തിയാണ്. അതായത് ഇന്നത് ചെയ്താല്‍ ഇന്നത് കിട്ടുമെന്ന മോഹപദ്ധതിയാണത്. മതമനുസരിച്ച് നന്മ ചെയ്യുന്നത് സമ്മാനം കൊതിച്ചും തിന്മ ചെയ്യാതിരിക്കേണ്ടത് ശിക്ഷ ഭയന്നുമാണ്. ശിക്ഷയും സമ്മാനവും വ്യാജമാണെങ്കിലും കൊതിപ്പിക്കലും ഭയപ്പെടുത്തലും യാഥാര്‍ത്ഥ്യമാണ്. Continue Reading

ഭ്രൂണഹത്യ നൈതികമോ?

Is foeticide moral?

കഴിയുമെങ്കില്‍ ഭ്രൂണങ്ങള്‍ നശിപ്പിക്കരുതെന്നാണ് മതേതര കാഴ്ചപ്പാട്. ജീവിക്കുന്നവരെപ്പോലെ തന്നെ ഈ ലോകത്തിന് അവകാശികളാണ് ജനിക്കാനിരിക്കുന്നവരും. പക്ഷെ അമ്മയുടെ ആരോഗ്യം/ജീവന്‍ അപകടത്തിലാവുന്ന സഹചര്യത്തില്‍ ഭ്രൂണഹത്യ അനിവാര്യമായി വന്നേക്കാം. ചിലപ്പോള്‍ സാമ്പത്തികവും സാമൂഹികവുമായ വിപരീത സാഹചര്യങ്ങളും അത്തരം സാഹചര്യം സംജാതമാക്കിയേക്കും. Continue Reading

ആരാണ് രാധ?

ഭാരതീയരെ സംബന്ധിച്ചിടത്തോളം രാധാ-കൃഷ്ണന്‍മാര്‍ അനശ്വരപ്രണയത്തിന്റെ സമുജ്ജ്വല പ്രതീകമാണ്. പക്ഷെ എന്തുകൊണ്ട് കൃഷ്ണന്‍ ഒരിക്കലും രാധയെ വിവാഹം ചെയ്തില്ല?-പലപ്പോഴും കേള്‍ക്കുന്ന ചോദ്യം. അതായത് അത്തരം വിവാഹകഥകള്‍ ആരും പടച്ചുവിടാത്തതിനു കാരണമെന്ത്? രാധയെ സംബന്ധിച്ച മുഖ്യകഥകളില്‍ രാധ നിത്യകാമുകിയാണ്. കൃഷ്ണന്‍ പല യുവതികളെയും വിവാഹം ചെയ്യുന്നുണ്ടെങ്കിലും ആ പട്ടികയിലെങ്ങും രാധയില്ല. രാധ ശരിക്കും ‘ശക്തി’ തന്നെയാണന്നും ‘ശക്തി’ എന്നും വിശ്വപുരുഷനുമായ കൃഷ്ണനോടൊപ്പമുണ്ടെന്നുമാണ് ഒരു വാദം. എപ്പോഴും കൂടെയുള്ള ഒന്നിനെ വിവാഹം ചെയ്യേണ്ട കാര്യമില്ലല്ലോ. രാധ കേവലം ഒരു ഗോപികയല്ല എല്ലാ ഗോപികകളുടേയും പ്രതീകമാണെന്ന വ്യാഖ്യാനവുമുണ്ട്. എന്നാല്‍ ഹിന്ദുക്കളുടെ പ്രമുഖ 18 പുരാണങ്ങളില്‍ ഒന്നായ ബ്രഹ്മവൈവര്‍ത്ത പുരാണവും(Brahmavaivarta Purana) ഗാര്‍ഗസംഹിതയും(Garga samhita) തറപ്പിച്ച് പറയുന്നത് ഭൂമിയിലെ ‘ലീല’ അവസാനിപ്പിച്ച് ഗോലോകം പുല്‍കുന്നതിന് മുമ്പ് കൃഷ്ണന്‍ രാധയെ വിവാഹം ചെയ്തുവെന്ന് തന്നെയാണ്.

രാധ ഗോപാലനായ ആയനനെ(Ayana) വിവാഹം കഴിച്ചിരുന്നുവെന്നാണ് കഥ. രാധയുടെ ചെറിയ പ്രായത്തിലായിരുന്നുവത്രെ ഇത്. ഒരുപക്ഷെ ബാലവിവാഹമായിരിക്കാം. ആയനന്‍ കൃഷ്ണന്റെ വളര്‍ത്തമ്മയായ യോശോദയുടെ സഹോദരനാണ്. ഈ വിവാഹം പരിഗണിക്കാതെയാണ് രാധ കൃഷ്ണനോടൊപ്പം ജീവിതം ആഘോഷിക്കച്ചത്. അതായത് രാധ കൃഷ്ണന്റെ അമ്മാവന്റെ ഭാര്യ അഥവാ മാമി(aunt) ആണ്. അതല്ല യുവതിയായതിന് ശേഷമാണ് രാധ ആയനനെ വിവാഹം ചെയ്തതെന്നും കഥയുണ്ട്. രണ്ടായാലും ഇതനുസരിച്ച് രാധാ-കൃഷ്ണബന്ധം അരുതാത്ത തലത്തിലേക്ക് (incestuous) നീങ്ങുന്നുണ്ട്. തഞ്ചാവൂരിലെ നായക രാജാക്കന്‍മാരുടെ(Nayaka kings of Thanjavur)രാജസദ്ദസ്സിലെ കവിയായിരുന്ന മുദ്ദുപാലനിയുടെ(Muddupalani /1730-90) രചനകളില്‍ ഇതുസംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. 584 കവിതകള്‍ അടങ്ങിയ ‘രാധിക സന്തല്‍വനം'(Radhika Santlvanam) എന്ന തെലുങ്ക് കാവ്യവും രാധയെ കൃഷ്ണന്റെ മാമിയായാണ് പരിചയപ്പെടുത്തുന്നത്. കൃഷ്ണന്‍ ഇളദേവി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാനിരിക്കുകയായിരുന്നുവത്രെ. ഇളദേവിയാകട്ടെ രാധ പോറ്റി വളര്‍ത്തിയ കുട്ടിയും.(Source:mantraonnet)

ശ്രില വിശ്വനാഥ ചക്രവര്‍ത്തി തക്കുറയുടെ (Srila Visvanatha Cakravarti Thakura)ശ്രീ ശ്രീ കാമത്കാരചന്ദ്രികയനുസരിച്ച് (Sri Sri Camatkara Candrika) രാധ ജട്ടിലയുടെ (Jatila)പുത്രനായ അഭിമന്യുവിനെ(Abhimanyu) വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതതയാകുന്നു. രാധയുടെ ഭര്‍ത്താവിന്റെ പേര് ചന്ദ്രസേനന്‍ ആണെന്നും കഥയുണ്ട്. പല കഥകളും വ്യാഖ്യാനങ്ങളും രാധാ-കൃഷ്ണബന്ധത്തെ കുറിച്ചുള്ളതിനാല്‍ വേണ്ടവര്‍ക്ക് വേണ്ടത് എടുക്കാമെന്ന് സൗകര്യമുണ്ട്. ഗോപികമാരെല്ലാം പൊതുവില്‍ കൃഷ്‌നെക്കാള്‍ മുതിര്‍ന്ന സ്ത്രീകളായിരുന്നുവെന്നും ഭര്‍ത്തൃമതികളായ ഇവരില്‍ കൃഷ്ണന്‍ കൈക്കുഞ്ഞായിരുന്നപ്പോള്‍ മുല കൊടുത്തവര്‍ വരെ ഉണ്ടായിരുന്നുവെന്നും കഥകള്‍ സ്ഥാപിക്കുന്നുണ്ട്. അറബ്യന്‍ ഗോത്രങ്ങളില്‍ കാണപ്പെടുന്ന ‘ബദവി സ്ത്രീകളുടെ’ ഇന്ത്യ പതിപ്പാണോ ഗോപികമാര്‍ ?

Copyright © 2016. Powered by WordPress & Romangie Theme.