Category Archives: Religion

ഫൈന്‍മാന്റെ ചോദ്യം

12802948_980464988656889_7276740513557014537_n

(1) കഥാനായകന്‍ മാറുമെങ്കിലും പ്രസിദ്ധി വിട്ടുപിരിയാത്ത ഒരു കഥയുണ്ട്. കുറച്ച് തത്വചിന്താപരമാണ്. പ്രസിദ്ധ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ റിച്ചാഡ് ഫൈന്‍മാന്റെ (Richard Feynman/1918-1988)പേരിലാണ് കൂടുതലും കേട്ടിട്ടുളളത്.

സൈന്യത്തില്‍ ചേരാന്‍ ചെന്ന യുവാവായ ഫൈന്‍മാനോട് ഇന്റര്‍വ്യു ബോര്‍ഡ് ഒരു അപ്രതീക്ഷിത ചോദ്യമെറിഞ്ഞു: ”മി ഫൈന്‍മാന്‍, ഒരു സൈനികന്റെ ജീവിതം ജീവന്‍മരണപ്പോരാട്ടമാണ്. നിങ്ങള്‍ സ്വന്തം ജീവനു എന്തു വിലയാണ് കല്‍പ്പിക്കുന്നത്?”

”16789 അമേരിക്കന്‍ ഡോളര്‍!”- ഫൈന്‍മാന്റെ വെടിയുണ്ടപോലുള്ള മറുപടി ബോര്‍ഡിനെ സ്തബ്ധമാക്കി. ഞെട്ടല്‍ വിട്ടുമാറിയ അവരിലൊരാള്‍ ചോദിച്ചു: എന്തുകൊണ്ട് 16789? എന്തുകൊണ്ട് 16788 ഓ 16790 ഓ അല്ല? എന്തകൊണ്ടോ ആയിരമോ പത്തുലക്ഷമോ അല്ല?

”സര്‍, ഈ ചോദ്യത്തിനു ഏത് സംഖ്യ ഉത്തരമായി പറഞ്ഞാലും താങ്കള്‍ ഇതേ ചോദ്യം തന്നെ എന്നോട് തിരിച്ചു ചോദിക്കുമായിരുന്നു….”

(2) രാഹുല്‍ ഈശ്വര്‍ ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍(ACV) ‘എന്റെ ദൈവം’ എന്നൊരു അഭിമുഖ പരിപാടി ചെയ്യുന്നുണ്ട്. പ്രമുഖ വ്യക്തികള്‍ വന്നിരുന്ന് അനുഭവസാക്ഷ്യവും കരിഷ്മാറ്റിക്ക് ബോധ്യങ്ങളും വര്‍ണ്ണിക്കുന്ന ഒരു പരിപാടിയാണത്. എന്തുകൊണ്ടോ ഞാനും പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടു. ഏഴെട്ടു മാസംമുമ്പ് പ്ലാന്‍ ചെയ്തിരുന്നതാണെങ്കിലും കഴിഞ്ഞ ബുധനാഴ്ചയാണ് ഷൂട്ടിംഗ് നടന്നത്. എന്റെ ദൈവം സംബന്ധിച്ച അനുഭവമുണ്ടോ എന്നതരത്തിലുള്ള ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. വിശ്വാസഘട്ടത്തിലെ പഴയ ഒരനുഭവം ഞാന്‍ പരാമര്‍ശിച്ചു:

(3) നാലാം ക്ലാസ്സ് വരെ പഠിച്ചത് നാട്ടിലെ ഒരു സ്‌ക്കൂളിലായിരുന്നു. 1980 ല്‍ അഞ്ചാംക്ലാസ്സില്‍ പഠിക്കാനായി 12-13 കിലോമീറ്റര്‍ അകലെയുള്ള മുഖത്തല സെന്റ്ജൂഡ് ഹൈസ്‌ക്കൂളിലേക്ക് പോയി. ഒരു കൃസ്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌ക്കൂളായിരുന്നു അത്. പ്രൈമറിസ്‌ക്കൂള്‍ അദ്ധ്യാപികയായിരുന്ന അമ്മ ആ വഴിക്കുള്ള വേറൊരു സ്‌ക്കൂളിലേക്ക് പോയിരുന്നതുകൊണ്ടാണ് ദൂരംകൂടുതലായിട്ടും പ്രസ്തുത സ്‌ക്കൂള്‍ തെരഞ്ഞടുത്തതെന്ന് തോന്നുന്നു. മിക്ക ദിവസവും അമ്മയും ഞാനും ഒരു ബസ്സിലാണ് യാത്ര ചെയ്തിരുന്നത്. അന്നൊക്കെ സ്വകാര്യബസ്സിന്റെ മുന്‍വശത്ത് എഞ്ചിനു സമീപത്തായിട്ടാണ് ചെറിയ ആണ്‍കുട്ടികളെ അക്കോമൊഡേറ്റ് ചെയിരുന്നത്. 25 പൈസ ആയിരുന്നു ബസ് ചാര്‍ജ്ജ്. ബസ്സിന്റെ മുന്നിലെന്ന് പറഞ്ഞാല്‍ മുന്‍വശത്തെ ഗ്ലാസ്സ് തൊട്ടിയുരുമ്മി നില്‍ക്കും. ചുറ്റും സ്ത്രീകളായിരിക്കും. ഞങ്ങള്‍ അവിടെ നിന്ന് വാഹനങ്ങളുടെ നമ്പര്‍ പറഞ്ഞു കളിക്കും, അലയ്ക്കും.. വഴക്കുകൂടും.. വേഗത കൂട്ടാന്‍ ഡ്രൈവറെ പ്രേരിപ്പിക്കും….ഓവര്‍ടേക്ക് ചെയ്യ് അങ്കിള്‍…. എന്നതായിരുന്നു സ്ഥിരം നിര്‍ദ്ദേശം!

12802948_980464988656889_7276740513557014537_n

(4) അഞ്ചാംക്ലാസ്സിലെ ഓണപരീക്ഷ കഴിഞ്ഞപ്പോള്‍ വലിയൊരു അപകടമുണ്ടായി. അമ്മ അന്നു ബസ്സിലില്ല. എതിരെവന്ന വണ്ടി ഞങ്ങള്‍ സഞ്ചരിച്ച വണ്ടിയുടെ മുന്‍വശത്ത് ഇടിച്ചു. നിയന്ത്രണം തെറ്റി ബസ്സ് ഓടയിലേക്ക് പോയി. മുന്‍വശത്തെ കണ്ണാടി പൊട്ടിത്തെറിച്ചു. പലര്‍ക്കും സാരമായ പരിക്കുകള്‍ പറ്റി. ഡ്രൈവറുടെ പരിക്ക് മാരകമായിരുന്നു. തല ചെന്ന് സ്റ്റീയറിംഗ് വീലില്‍ ഇടിച്ചു, ഗ്ലാസ്സ് ശരീരത്തില്‍ കുത്തികയറി….എന്റെ തൊട്ടടുത്തു നിന്ന അമ്മമാര്‍ക്കും ചേച്ചിമാര്‍ക്കും നല്ല തോതില്‍ പരിക്കേറ്റു… പലരുടെയും ശരീരത്തില്‍ ഗ്ലാസ്സ് തുളച്ചുകയറി. ആകെ ബഹളമയം…നിലവിളി….രക്തം, ഞരക്കങ്ങള്‍…ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. അയാള്‍ പിന്നീട് ഒരിക്കലും വണ്ടി ഓടിച്ചിട്ടില്ല. രണ്ടു മാസം കഴിഞ്ഞ് ആശുപത്രിയില്‍ തന്നെ കിടന്നു മരിച്ചു. മുന്‍വശത്ത് നിന്നവര്‍ക്ക് മാത്രമാണ് കാര്യമായി പരിക്കേറ്റത്. അത്ഭുതകരമെന്ന് പറയട്ടെ, ചരിഞ്ഞു, കൈകുത്തി വീണന്നല്ലാതെ ഏറ്റവും മുമ്പില്‍ ഗ്ലാസ്സിനോട് ചേര്‍ന്ന് നിന്ന എനിക്ക് ഒരു പോറല്‍ പോലും സംഭവിച്ചില്ല!!

(5) എങ്ങനെയോ വാര്‍ത്ത സ്‌ക്കൂളില്‍ അറിഞ്ഞിരുന്നു. ആദ്യത്തെ പീരിയഡില്‍ ക്ലാസ്സ് ടീച്ചര്‍ ഈ വിവരം സൂചിപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്… വീ ഹാഡ് മിസ് ഹാപ്പ് നിയര്‍ പെരുമ്പുഴ ടുഡെ, ഔര്‍ രവിചന്ദ്രന്‍ വോസ് ആള്‍സോ ഇന്‍ ദ ബസ്സ്, പ്രെയിസ് ദ ലോഡ്… ഹീ വോസ് സേവ്ഡ് ബൈ ദ ഓള്‍മൈറ്റി…. നോട്ട് ഈവന്‍ എ സ്‌ക്രാച്ച്….ഇങ്ങനെയാണ് ദൈവം നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്…അവന്‍ എല്ലാവര്‍ക്ക് വേണ്ടിയും പ്രത്യേകം പ്രത്യേകം പദ്ധതികള്‍ ഇട്ടിട്ടുണ്ട്…യേശു ഒരിക്കലും നമ്മെ വിട്ടുകൊടുക്കില്ല….നോക്കൂ, ഒരു പൂച്ചകുട്ടിയെ പൊക്കിയെടുക്കുന്നത് പോലെയാണ് രവിയെ ദൈവം രക്ഷിച്ചത്…ലെറ്റ് അസ് റിജോയ്‌സ് ഹിസ് ലക്ക്, ദ ബ്ലെസ്സിംഗ് ഹീ ഗോട്ട്… ഓ.. ജീസസ്… അദ്ദേഹം ഇതു പറഞ്ഞതും എനിക്ക് വല്ലാതെ സങ്കടംവന്നു. കണ്ണില്‍ വെള്ളംനിറഞ്ഞു… പലരെയും ശിക്ഷിച്ചിട്ടും എന്നെ മാത്രം രക്ഷിച്ച കരുണാമയനായ യേശുവിനോടുള്ള എന്റെ ആരാധന കഠിനമായി.

(6) ഞാന്‍ പരിക്കേല്‍ക്കാതെ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു! നിഴല്‍പോലെ അവന്‍ എന്റെ കൂടെയുണ്ട്! പിന്നെ കുറേക്കാലം ബൈബിളും യേശുവും ഒക്കെയായിരുന്നു. നോട്ട് ബുക്കില്‍ ഗോഡ് ഈസ് ലവ് എന്നെഴുതുക, കുരിശിന്റെ പടംവരയ്ക്കുക തുടങ്ങിയ പരിപാടികള്‍ സ്ഥിരമായി. സ്‌ക്കൂളിനടുത്തുള്ള ബോഡിംഗില്‍ ഒരു ചര്‍ച്ചുണ്ട്. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് അവിടെ പോയിരുന്നു ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കും. കാരണം ഞാനും അവനും തമ്മില്‍ മാറ്റാരും അറിയാത്ത, രഹസ്യമായി ഒരു വ്യക്തിബന്ധം തന്നെ ഉണ്ടെന്ന് ബോധ്യപ്പെട്ടതാണല്ലോ. യേശുവാണ് രക്ഷിച്ചതെന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായില്ല. അല്ലെങ്കില്‍ ഏറ്റവുമധികം അപകടം പറ്റേണ്ടത് എനിക്കാണ്….ഒരുപക്ഷെ മരണംതന്നെ! എന്തുകൊണ്ട് ഞാന്‍ മാത്രം രക്ഷപെട്ടു….? അതെങ്ങനെ വിശദീകരിക്കും? മിറക്കിള്‍ കഥകള്‍ വായിച്ച് ഞാന്‍ സംഗതി തീര്‍ച്ചപ്പെടുത്തി….! സ്ഥിരം കൃഷ്ണനും ശിവനുമൊക്കെ സഹായിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് യേശുവിനെകൂടെ കൂട്ടി. കുറെക്കാലം ഘോരപ്രാര്‍ത്ഥനയും ദൈവവുമായി സംസാരിക്കലുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ആറാം ക്ലാസ്സ് അവസാനമായതോടെ മതചപലതകളില്‍ നിന്നും ക്രമേണ പുറത്തുവന്നു…. ഏഴാം ക്ലാസ്സില്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ണ്ണമായി നിലച്ചു…

(7) മതവിശ്വാസം അപസ്മാര സമാനമായ ഒരു മാനസികചപലതയാണ്. ബഹുഭൂരിപക്ഷവും കൊണ്ടുനടക്കുന്നതിനാല്‍ അതിനെ രോഗം എന്നാരും വിളിക്കുന്നില്ലെന്ന് മാത്രം. പക്ഷെ തന്റെ ബോധ്യങ്ങള്‍ യുക്തസഹവും സാധുവുമാണെന്ന് കാണിക്കാന്‍ വിശ്വാസി ഏതുതരം വാദങ്ങളും ഉപയോഗിക്കും. ഗംഗ മാതൃകയില്‍ തുള്ളിവിറയ്ക്കും! അനുഭവസാക്ഷ്യം വിവരിക്കുന്ന വിശ്വാസിയുടെ മുഖവും ശരീരഭാഷയും കണ്ടുനില്‍ക്കുന്നവരില്‍ അത്ഭുതവും ഭയവും നിറയ്ക്കും. അവിടെ യുക്തിഹീനതയും വൈകാരികചപലതയും അയാള്‍ക്കൊരു പ്രശ്‌നമല്ല. വല്ലാത്തൊരു ലഹരിയിലാണവര്‍.. സര്‍വ ജീവിതനേട്ടങ്ങളും ദൈവാനുഗ്രഹമാണെന്നും കോട്ടങ്ങള്‍ ഭക്തി നേര്‍പ്പിക്കപ്പെടുന്നതുകൊണ്ടാണെന്നും സ്വയം ബോധ്യപ്പെടുത്തിയാണവര്‍ മുന്നേറുന്നത്. തന്റെ മാനസികാവസ്ഥയ്ക്ക് മതപുസ്തകങ്ങളില്‍ ന്യായീകരണം കണ്ടെത്താനും നിസ്സാരമായി അവര്‍ക്കു സാധിക്കുന്നു.

(8) അന്നെനിക്ക് ബസ്സ് കിട്ടിയില്ലായിരുന്നുവെങ്കില്‍, പനി പിടിച്ച് വീട്ടില്‍ കിടന്നിരുന്നെങ്കില്‍, ചെറിയ ഒരപകടം മാത്രം പറ്റിയിരുന്നെങ്കില്‍…..കൈ മാത്രം മുറിഞ്ഞിരുന്നെങ്കില്‍, അതിലും വലിയ പരിക്കേറ്റിട്ടും ജീവന്‍ രക്ഷപെട്ടിരുന്നെങ്കില്‍…..എന്തു സംഭവിച്ചിരുന്നെങ്കിലും എന്റെ മതമനസ്സ് അതു ദൈവികഇടപെടലായി തന്നെ വ്യാഖ്യാനിക്കുമായിരുന്നു. മരിച്ചിരുന്നെങ്കില്‍ ”ദൈവം രവിയെ ഏറെ ഇഷ്ടപ്പെട്ടതിനാല്‍ അവനെ നേരത്തെ വിളിച്ചു….നമുക്ക് അവനു വേണ്ടി പ്രാര്‍ത്ഥിക്കാം” എന്ന് അതേ ക്ലാസ്സ് ടീച്ചര്‍ പറഞ്ഞേനെ! സാധാരണ വാഹനാപകടമുണ്ടാകുമ്പോള്‍ ഒ! ദൈവമേ, ഞാന്‍ ആ തീവണ്ടിയില്‍ ബുക്ക് ചെയ്തിരുന്നതാണ്, ഞാന്‍ ബുക്ക് ചെയ്ത കമ്പാര്‍ട്ടമെന്റാണ് അപകടത്തില്‍ പെട്ടത്!…..ഞാന്‍ ആ വിമാനത്തില്‍ പോകാനിരുന്നതാണ്….യാത്രാ പേപ്പറുകള്‍ ശരിയാക്കി തരാതെ ദൈവംകാത്തു… എന്നൊക്കെ പറഞ്ഞ് വെറുപ്പിക്കുന്ന മതവിശ്വാസികള്‍ ധാരാളമുണ്ടല്ലോ….!!

(9) ഫൈന്‍മാന്റെ കഥയില്‍ കണ്ടതുപോലെ….വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഭവം എന്തായാലും അവ തന്റെ ചക്കരദൈവത്തില്‍ കൊണ്ടുചെന്ന് കെട്ടുക നിര്‍ബന്ധമാണ്. കാരണം അതാണ് അയാളുടെ മനനരീതി. ലോകമെമ്പാടും ഭിന്ന ജാതിമതസ്ഥര്‍ തങ്ങളുടെ ഇഷ്ടമൂര്‍ത്തികളില്‍ ഇത്തരം ഉത്തരങ്ങള്‍ വിജയകരമായി കണ്ടെത്തുന്നു….എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു…. ? എനിക്ക് വിശദീകരണമില്ല….രക്ഷിക്കാന്‍ കരുണാമയനായ ഒരാളുണ്ടെന്ന് കേട്ടിട്ടുണ്ട്, അങ്ങനെ കഥകളുണ്ട്. അനുഭവസാക്ഷ്യങ്ങളുണ്ട്…മിറക്കിളുകളുണ്ട്….അപ്പോള്‍ പുള്ളിതന്നെയാവും എന്നയും തുണച്ചത്… അല്ലെങ്കില്‍പ്പിന്നെ എന്നേ തുലയണ്ടതാണ്…? സിമ്പിള്‍ ലോജിക്ക്…

(10) മിക്ക ഐ.എ.എസ്-ഐ.പി.എസ്-യു.ജി.സി-ഹൈവോള്‍ട്ടേജ് വേദാന്ത ടീമുകളുടെയും ”ആത്മീയത”, ”ആദ്ധ്യാത്മികത”… എന്നൊക്കെ പറയുന്ന ചരക്കുകള്‍ സത്യത്തില്‍ ഇവയൊക്കെയാണ്. വേദാന്തിയായ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു മുന്‍ മാര്‍ക്‌സിസ്റ്റ് ശ്രീ.പി.കേശവന്‍നായര്‍ പച്ചക്കുതിര അഭിമുഖ സമയത്ത് തന്റെ രോഗാവസ്ഥയെക്കുറിച്ച് എന്നോട് പറഞ്ഞതിങ്ങനെ: “വേണമെങ്കില്‍ ഞാനതില്‍ തട്ടിപോകാമായിരുന്നു, പക്ഷെ ഉണ്ടായില്ല….എന്തുകൊണ്ട്? ”’ ‘കട്ട വേദാന്തി’കളുടെ അവസ്ഥ ഇതാണെന്നിരിക്കെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്തു സംഭവിച്ചാലും ഒന്നും തന്നെ സംഭവിച്ചില്ലെങ്കിലും പ്രതികൂലമായി സംഭവിച്ചാലും അനുകൂലമായി സംഭവിച്ചാലും അവര്‍ ഒരേതരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും: ദൈവം അല്ലെങ്കില്‍ പിന്നെ ആരാണ് കൊല്ലത്തേക്ക് പോയ എന്നെ കൊല്ലത്ത് തന്നെ എത്തിച്ചത്? വേറെ എവിടെയെല്ലാം പോകാമായിരുന്നു? മറ്റെന്തൊക്കെ സംഭവിക്കാമായിരുന്നു?!

മതമാമന്മാര്‍

1) മതം എന്നു കേള്‍ക്കുമ്പോഴേ ഹൃദയം തരളിതമാകുകയും കണ്ണു നിറയുകയും ചെയ്യുന്ന ചിലരുണ്ട്. മതത്തെ സംരക്ഷിക്കാന്‍ ജീവന്‍ വരെ കൊടുക്കുമെന്നാണ് ഇവരുടെ അവകാശവാദം. വാസ്തവത്തില്‍ ഇതൊരു പരസ്യ നിലപാടു മാത്രമാണ്. സ്വകാര്യതലത്തില്‍ ഇവര്‍ മതത്തിനെതിരെ തീ തുപ്പുന്നതു കണ്ടാല്‍ കണ്ടുനില്‍ക്കാനാവില്ല. പക്ഷെ മൈക്കുംവേദിയും കിട്ടിയാല്‍ പിന്നെ ശമനമില്ലാത്ത ഒലിപ്പീരാണ്. 2015 നവം 8 നു തൃശൂരില്‍ വെച്ച് വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകള്‍ എന്ന എന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ ഒരു മാന്യവ്യക്തിയെ ഡി.സി ബുക്‌സ് ക്ഷണിച്ചിരുന്നു. അദ്ദേഹം ആദ്യം വാസ്തുശാസ്ത്രം കപടമാണ്, തട്ടിപ്പാണ് എന്നൊക്കെ സ്ഥാപിച്ചു സംസാരിച്ചു. എന്നാല്‍ പുസ്തകത്തിന്റെ ആമുഖം വേദിയില്‍ വെച്ച് ഒന്നോടിച്ചു വായിച്ചപ്പോള്‍ കണ്ട ഒരു ഭാഗം ടിയാനെ പ്രകോപിതനായി. അതു ഇങ്ങനെയായിരുന്നു:

Continue Reading

ദാദ്രിയുടെ അച്ഛന്‍

(1) ബ്രാഹ്മണര്‍ പശുമാംസം ഭക്ഷിക്കുന്നത് പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നത് ഗുപ്തകാലത്തോടു കൂടിയാണ്. മാംസം കഴിക്കുന്നവര്‍ അധമരായി മുദ്ര കുത്തപ്പെടുന്നതും അതിനുശേഷമാണ്. ഗോഹത്യ കടുത്ത പാപമായി ചിത്രീകരിച്ചു ധര്‍മ്മശാസനങ്ങളും പിന്നാലെയെത്തി. എന്നാല്‍ മധ്യകാലഘട്ടത്തില്‍ മുസ്ലീങ്ങളുടെ വരവോടു കൂടിയാണ് പശു ഹിന്ദുമതത്തിന്റെ വൈകാരികബിംബമായി മാറിയത്. ബ്രാഹ്മണരുടെയും ജൈനരുടെയും വികാരം മാനിച്ച് മുഗള്‍ ഭരണാധികാരികളായ ബാബര്‍, അക്ബര്‍, ജഹാംഗീര്‍ തുടങ്ങിയവരൊക്കെ പരിമിതമായ തോതില്‍ ഗോനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറാത്ത വീരനായ ശിവജി ബ്രാഹ്മണരുടെയും പശുക്കളുടെയും സംരക്ഷകനായാണ് അറിയപ്പെട്ടിരുന്നത്. 17, 18 നൂറ്റാണ്ടുകളിലാണ് പശുവുമായി ബന്ധപ്പെട്ടു മതസംഘര്‍ഷങ്ങളുണ്ടാകുന്നത്. പശു ഹിന്ദുക്കളുടെ മതവികാരമായി മാറുന്നതും ഇക്കാലത്താണ്.
Continue Reading

മഞ്ഞുമലയുടെ മുനമ്പ്

ഇന്ത്യയില്‍ മതമില്ലാത്തവരുടെ എണ്ണം 29 ലക്ഷമാണെന്ന് 2011 ലെ സെന്‍സസ് കണക്കുകള്‍. കേരളത്തിലിത് 88155 പേരാണത്രെ(45188 സത്രീകള്‍, 42967 പുരുഷന്‍മാര്‍). സ്ത്രീകളാണ് കേരളത്തിലെ മതരഹിതരില്‍ കൂടുതലെന്നത് അതിശയകരമായി തോന്നി. മതരഹിതരുടെ എണ്ണം തീരെ കുറവാണ് എന്നു പലരും പരിഹസിക്കുന്നതു കേട്ടു. ഈ പരിഹാസം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന ഒന്നല്ല. അവിശ്വാസികളില്‍ ഭൂരിപക്ഷവും ‘കുളിമുറി നാസ്തികരാ’ണെന്നിരിക്കെ(closet atheists) ഔദ്യോഗികമായി തന്നെ അവര്‍ മതനിഷേധം രേഖപ്പെടുത്താന്‍ സാധ്യത കുറവാണ്.ഇത്രയും പേര്‍ റിപ്പോര്‍ട്ട് ചെയ്തു എന്നതു നിസ്സാരമല്ല. മഞ്ഞുമലയുടെ മുനമ്പ് മാത്രമാണ് ഈ കണക്കുകള്‍. It is just the tip of the iceberg! Continue Reading

ചിന്തിക്കുന്നവരുടെ ചിതയൊരുക്കുന്നവര്‍

ചിന്തിക്കുന്നവരുടെ ചിതയൊരുക്കുന്നവര്‍

(1) മതത്തിന്റെ ഭക്ഷണം പലപ്പോഴും മനുഷ്യന്റെ ചോരയാണ്. കൊതിപ്പിച്ചും പേടിപ്പിച്ചും മനുഷ്യകുലത്തെ കീഴടക്കാമെന്ന ഗോത്രതന്ത്രം ബംഗ്ലാദേശിനെ നിരന്തരം ചുവപ്പിക്കുകയാണ്. തെരുവില്‍ മനുഷ്യരക്തം ചീറ്റിച്ചാടുമ്പോള്‍ മതം അപസ്മാര സമാനമായി കയ്യടിക്കുന്നു. വെട്ടുകാരും വെട്ടാരാധകരും മൂടുതാങ്ങികളും സന്തോഷമടക്കാനാവാതെ പരസ്യമായും രഹസ്യമായും ഉന്മാദംകൊള്ളുന്നു. 2013 നു ശേഷം അഞ്ചു മതേതര-നാസ്തിക ബ്ലോഗര്‍മാര്‍ ഇസ്ലാമിക മതഭീകരതയുടെ കൊലക്കത്തിക്കിരകളായ രാജ്യമാണ് ബംഗ്ലാദേശ്. 2015 ഫെബ്രുവരിക്കുശേഷം ഇതിനകം മൂന്നു പേര്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടു. ഇപ്പോഴിതാ നാലാമതൊരാളുടെ വധഭീഷണി സജീവ ചര്‍ച്ചയാകുന്നു. ഇരുപത്തിയഞ്ചുകാരനായ അനന്യ ആസാദ് (Ananya Azad/ചിത്രത്തില്‍) അത്തരത്തില്‍ മരണം മുന്നില്‍ കാണുന്ന ഒരാളാണ്. Continue Reading

മടക്കടിക്കറ്റില്ലാത്ത യാത്ര

നാസ്തികര്‍ കലാവിരുദ്ധരാണോ? കലയും സാഹിത്യവും മതേതരമാണ്. Literature and art are secular. അവയൊക്കെ ആര്‍ക്കും സ്വന്തം ആവശ്യത്തിനും ആശയപ്രകാശനത്തിനുമായി ഉപയോഗിക്കാം. മതവും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ വിജയകരമായി അത് ്‌നിര്‍വഹിച്ചിട്ടുണ്ട്. ”കണ്ണു തുറക്കാത്ത ദൈവങ്ങളെ…” എന്ന വരിക്ക് പകരം ”കണ്ണാ നീയെന്റെ വഴി കാട്ടിയല്ലേ…”എന്ന നീട്ടി പാടിയാലും സംഗതി ശരിയാണ്, താളം തെറ്റുന്നുമില്ല. നാസ്തികര്‍ പൊതുവെ കലാസ്വാദകരും സാഹിത്യകുതുകികളുമാണ്. നാസ്തികര്‍ കലാ-സാഹിത്യ മേഖലകളിലേക്ക് തിരിഞ്ഞാല്‍, അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനം കൂടുതല്‍ കലാപരമാക്കിയാല്‍ മെച്ചപ്പെട്ട സ്വീകര്യതയുണ്ടായേക്കാം എന്നാണല്ലോ വാദം. അങ്ങനെചെയ്താല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേക്കാം എന്നത് ശരിതന്നെ. പക്ഷെ അതനുസരിച്ച് വമ്പന്‍ മാറ്റം പ്രതീക്ഷിക്കരുത്. ‘പ്രഭുവിന്റെ മക്കള്‍’ എന്ന നാസ്തികചിത്രം പ്രദര്‍ശിപ്പിക്കാനോ അതിന്റെ കാസറ്റ് വിപണനം ചെയ്യാനോ ചാനലില്‍ കാണിക്കാനോ സാധിച്ചില്ല. അത് മുന്നോട്ടുവെച്ചത് കലയില്‍ പൊതിഞ്ഞ നാസ്തികതയായിരുന്നു. ‘PK’ എന്ന പണംവാരി ഹിന്ദി ചിത്രം പരോക്ഷമായും കലാപരമായും സമാനമായ കാര്യങ്ങള്‍ പറഞ്ഞു. വിശ്വാസികള്‍ തിയേറ്ററില്‍ പോയി പൊട്ടിച്ചിരിച്ചു-കയ്യടിച്ചു. പക്ഷെ ജീവിതത്തില്‍ ചിത്രം പരിഹസിച്ച വിശ്വാസങ്ങള്‍ വിട്ടെറിഞ്ഞില്ല. ചിത്രത്തിലെ നായിക അനുഷ്‌ക്ക ശര്‍മ്മ കാമുകനായ വിരാട് കോലിയുടെ ലോകക്കപ്പ് നേട്ടത്തിനായി സ്‌പെഷ്യല്‍ പൂജ നടത്തിയതും മതവിശ്വാസികളെ ഏതെങ്കിലും തരത്തില്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കണമെന്ന് അമീര്‍ഖാന്‍ മാപ്പപേക്ഷ നടത്തിയതുമൊക്കെയാണ് പിന്നീട് വാര്‍ത്തയായത്. Continue Reading

പഴങ്കഥ തീര്‍ക്കുന്ന പീഡനങ്ങള്‍

മതം ആസുരമായി പത്തി വിടര്‍ത്തിയാടിയ പാകിസ്ഥാനില്‍ കണ്ട രക്തം കട്ടയാക്കുന്ന രംഗങ്ങള്‍ ശമനമില്ലാതെ തുടരുമ്പോള്‍ മനുഷ്യനെന്ന ജീവിക്ക് പ്രതികരിക്കാന്‍ പോലുമാകാതെ നിര്‍വികാരതയില്‍ ആണ്ടുപോകുന്നു. മതം തിന്ന് മൃഗങ്ങളാകുന്ന മനുഷ്യരുടെ ദുര്‍ഗതിയില്‍ പരിതപിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്ന് പൊതുസമൂഹം വിലയിരുത്തുമ്പോഴും നിരന്തരമായ പ്രതിരോധവും വിമര്‍ശനവും തുടരുകയെന്നല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് തിരിച്ചറിയുന്നവരാണ് സ്വതന്ത്രചിന്തകര്‍

സ്ത്രീവിരുദ്ധമായ മതവിശ്വാസങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസമത്വങ്ങളെ എത്ര നിര്‍വികാരതയോടെയാണ് നമ്മുടെ സമൂഹം സഹിക്കുന്നത്! ഇന്നലെ(17.12.14) രാത്രി തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് സഞ്ചരിച്ച നസീറ (Nazeera)എന്ന മാധ്യമപ്രര്‍ത്തകയുടെ അനുഭവം രാവിലെ സൈമണ്‍ ബ്രിട്ടോ Ex MLA വിളിച്ച് പറഞ്ഞിരുന്നു. നമ്മുടെ സമൂഹം എന്തുകൊണ്ട് ചുംബനസമരത്തെ ആഴത്തില്‍ എതിര്‍ക്കുന്നുവെന്നതിന്റെ കാരണമെന്തെന്ന് നസീറയുടെ അനുഭവം വ്യക്തമാക്കുന്നു. Continue Reading

കൊല്ലരുത് ! പക്ഷെ ആരെ?

മതകര്‍മ്മങ്ങളും വര്‍ണ്ണപരമായ കര്‍ത്തവ്യങ്ങളുമാണ് ഗീതയിലെ കര്‍മ്മങ്ങള്‍. ഗീതയിലെ ജ്ഞാനം നാം ഇന്നുദ്ദേശിക്കുന്ന ലോകവിവരമോ സാമൂഹികധാരണകളോ സയന്‍സോ ഒന്നുമല്ല. മറിച്ച് മതമാമൂലുകളുടെ ഗ്രഹണവും നിര്‍വ്വഹണവുമാണവിടെ സൂചിപ്പിക്കപ്പെടുന്നത്. ബ്രഹ്മസത്യമറിയാത്തവന്‍ എത്ര പഠിച്ചിട്ടും കാര്യമില്ല. ഏതറിഞ്ഞാല്‍ വേറെയൊന്നും അറിയേണ്ടതായിട്ടില്ലയോ അതാണ് ബ്രഹ്മസത്യം. അതറിയുന്നതോടെ ജ്ഞാനത്തിന്റെ പരമപദം പൂകുകയാണ്-ഇതാണ് ഗീതയും മുന്നോട്ടുവെക്കുന്ന യമണ്ടന്‍ ജ്ഞാനം.

”പണി പെട്ടെന്ന് തീര്‍ക്കണം” എന്ന് ഒരു മാഫിയാത്തലവന്‍ സംഘാംഗത്തോട് പറയുന്ന അര്‍ത്ഥമല്ലല്ലോ അടുക്കളപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മകളോട് മാതാവ് ഇതേ വാചകം പറയുമ്പോള്‍. സമാനമായ തോതില്‍ പരിമിതമായ അര്‍ത്ഥവിസ്തൃതിയാണ് ഗീതയിലെ കര്‍മ്മത്തിനും ജ്ഞാനത്തിനുമുളളത്. അതിനെ പരത്തി വലുതാക്കി പൊതുകാര്യങ്ങളില്‍ ആരോപിച്ച് ഗീത എന്തോ വലിയ സാര്‍വ്വജനീനമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു എന്ന് വരുത്തി തീര്‍ക്കാനാവും മതവാദികള്‍ ശ്രമിക്കുക. മതപ്രചരണത്തിലെ സവിശേഷ തന്ത്രങ്ങളായ അടിച്ചുപരത്തലും ദിവ്യവത്ക്കരണവുമാണ് നാമിവിടെ കാണുന്നത്.

മതം നല്ലതാണ്-അങ്ങനെയല്ലെങ്കില്‍ ആക്കിത്തീര്‍ക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ട് എന്ന് മതചിന്തകര്‍ ആത്മാര്‍ത്ഥണായി വിശ്വസിക്കുന്നു. അമേരിക്കയിലെ പ്രശസ്ത ഫിസിഷ്യനും നരവംശശാസ്ത്രജ്ഞനുമായ ജോണ്‍ഹാര്‍ട്ടങ്(John Hartung) ഈ വസ്തുത സൂക്ഷ്മപഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. ബൈബിളാണ് അദ്ദേഹത്തിന്റെ അവലോകനത്തിന് പാത്രീഭവിച്ചത്. ഗോത്രധാര്‍മികതയും ജൂതസമൂഹത്തിന്റെ പരിണാമഘടനയുമാണ് അദ്ദേഹം സൂക്ഷ്മമായി പരിശോധിച്ചു. ആഭ്യന്തരഅച്ചടക്കവും സ്‌നേഹവും(in-group loyalty) ഊട്ടിയുറപ്പിക്കുമ്പോഴും അന്യരോടുള്ള വിട്ടുവീഴ്ചയില്ലാത്ത ശത്രുത (out group hostility) ഒരു ജൂതയാഥാര്‍ത്ഥ്യം ആയിരുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.

”അയല്‍ക്കാരനെ സ്‌നേഹിക്കണം”(Love thy neighbour) എന്ന പുതിയനിയമത്തിലെ ശാസനം മതപ്രചരണത്തിന് ഉപയോഗിക്കുന്നത് സമാനമായ രീതിയിലാണ്. യേശു പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ട ഈ വാചകത്തില്‍ നിഴലിക്കുന്നത് അദ്ദേഹത്തിന്റെ ജൂതപാരമ്പര്യവും പഴയനിയമത്തോടുള്ള വിധേയത്വവുമാണ്. യേശുവിനെ മനുഷ്യസ്‌നേഹിയും വിപ്‌ളവകാരിയുമായി സങ്കല്‍പ്പിക്കാന്‍ മതനിഷേധികള്‍പോലും ഉദ്യമിക്കുമ്പോള്‍ മറിച്ച് ചിന്തിക്കാനായിരിക്കും പലര്‍ക്കും താല്പര്യം. സര്‍വ്വര്‍ക്കും ബാധകമായ, മൂല്യസമൃദ്ധമായ ഒരു ഉപദേശമായി‘(Love thy neighbour’നെ കാണുന്നവര്‍ യേശുവിന്റെ കാലത്ത് നിലനിന്ന ഗോത്രവ്യവസ്ഥകളും വംശീയസത്യങ്ങളും നിസ്സാരവല്‍ക്കരിക്കുന്നവരാണ്. അന്യഗോത്രങ്ങളോട് സമഭാവന കാട്ടാന്‍ കറതീര്‍ന്ന ജൂതനായ യേശുവിന് സാധിക്കുമായിരുന്നില്ല. യേശുവിന്റെ അയല്‍ക്കാരന്‍ കൃത്യമായും ജൂതനാണ്. മതപരിഗണനകളും പരിമിതികളും അതിജീവിച്ച് ഭിന്ന ജനവിഭാഗങ്ങളോട് സമഭാവനയും സ്‌നേഹവും പുലര്‍ത്താന്‍ യേശു ആഗ്രഹിച്ചുവെന്ന് വിശ്വസിക്കാന്‍ കൊതിക്കുന്നവരെ പുതിയനിയമം നിരാശരാക്കും. യേശുവിന്റെ സ്‌നേഹവൃത്തത്തില്‍ എല്ലാ വിഭാഗങ്ങളുമുണ്ടായിരുന്നുവെന്ന് ചിന്തിക്കാന്‍ പുതിയനിയമം അനുവദിക്കില്ല. അന്യജാതികളോട്(Gentiles) സ്‌നേഹവും കരുണയും കാണിക്കാന്‍ ആവശ്യപ്പെടുന്ന ഒരാള്‍ക്ക് അന്നത്തെക്കാലത്ത് സ്വഗോത്രത്തെ സ്വാധീനിക്കാനാവുമായിരുന്നില്ല. യേശു അന്യജനത്തോട് സ്‌നേഹം കാട്ടാന്‍ ശ്രമിച്ചതിന്റെ ഉദാഹരണങ്ങളൊന്നും അധികമില്ല-മറിച്ചുള്ളവയ്ക്ക് പഞ്ഞവും.

സൗമ്യദൈവമായ പുതിയനിയമത്തിലെ യേശു വംശവിശുദ്ധിയില്‍ വിശ്വസിച്ചിരുന്നു. തന്നെ നിയോഗിച്ചിരിക്കുന്നത് ഇസ്രായേല്‍ വംശജരെ മാത്രം സേവിക്കാനാണെന്നും കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട അപ്പം നായ്ക്കള്‍ക്ക് കൊടുക്കുന്നത് ശരിയല്ലെന്നും യേശു പറഞ്ഞതായി മത്തായിയുടെ സുവിശേഷത്തിലുണ്ട്. പിശാച്ബാധയേറ്റ മകളെ സൗഖ്യപ്പെടുത്തണമെന്ന് അപേക്ഷിച്ചു കൊണ്ട് യേശുവിന്റെ പിന്നാലെ നടന്ന കാനന്‍കാരിയായ സ്ത്രീയെക്കുറിച്ചാണ് യേശുവിത് പറയുന്നത്(He replied, “It is not right to take the children’s bread and toss it to the dogs.”/Matthew 15:26). ക്രിസ്തു നല്ലതോതില്‍ മതബോധമുള്ള ഒരു ജൂതനായിരുന്നു. അദ്ദേഹം ജൂതസംഹിതകള്‍ക്കെതിരെ നിലകൊണ്ടിട്ടുമില്ല. സ്വന്തം വംശജര്‍ക്ക് മാത്രം ബാധകമായ കാര്യങ്ങളാണ് അദ്ദേഹത്തിന്റേതായി പ്രചരിപ്പിക്കപ്പെടുന്നത്. വിശ്വസാഹോദര്യ മനോഭാവവും പ്രാപഞ്ചികവീക്ഷണവുമൊക്കെ എല്ലാ ദൈവങ്ങളിലെന്ന പോലെ യേശുവിലും അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ട്.

ക്രിസ്തുവും കൃഷ്ണനും അള്ളാഹുവും ഉള്‍പ്പെടെ മനുഷ്യചരിത്രത്തില്‍ കണ്ടെത്താനാവുന്ന എല്ലാ ദൈവങ്ങളും പ്രാദേശികമൂര്‍ത്തികളായിരുന്നു. ഇന്നത്തെ ആഗോളദൈവങ്ങളെല്ലാം ഒരിക്കല്‍ പരിമിതവും പ്രാദേശികവുമായ സാഹചര്യങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. Every god is produced locally and sold globally! പ്രാദേശികമൂര്‍ത്തികള്‍ ആഗോളീകരിക്കപ്പെടുമ്പോഴാണ് ഗോത്രവെളിപാടുകള്‍ക്ക് പ്രാപഞ്ചികമാനവും അതിവിശാലതയും സനാതനത്വവും കല്‍പ്പിക്കപ്പെടുന്നത്. ക്രിസ്തുമതത്തില്‍ മാത്രമല്ല ഇസ്‌ളാം ഉള്‍പ്പെടെയുള്ള മറ്റു മതങ്ങളിലും സ്വന്തം ആള്‍ക്കാരെ സ്‌നേഹിക്കണമെന്ന നിര്‍ദ്ദേശങ്ങളുണ്ട്. അന്യവിശ്വാസികളെ മിത്രങ്ങളാക്കാന്‍ പോലും പാടില്ലെന്നാണ് കുര്‍-ആന്റെ നിലപാട് (‘O ye who believe! take not the Jews and the Christians for your friends: They are but friends to each other. And he amongst you that turns to them is of them. Verily Allah guideth not a people unjust’’/Quran 5:51). മറ്റ് ആഗോളമതങ്ങളെക്കുറിച്ച് കുര്‍-ആന്‍ ദൈവത്തിന് വലിയ പിടിപാടില്ലാതിരുന്നത് കൊണ്ട് അക്കൂട്ടരെല്ലാം രക്ഷപെട്ടു. ബൈബിളില്‍ ഉദ്ദേശിക്കപ്പെട്ട അര്‍ത്ഥം പാര്‍ശവല്‍ക്കരിച്ച് വിശ്വമാനിവികതയുടെയും സഹോദരസ്‌നേഹത്തിന്റെയും മഹനീയമാതൃകയാണ് യേശുവിന്റെ വചനങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നതില്‍ ക്രിസ്തുമതപ്രചാരകര്‍ ശ്രദ്ധിക്കുന്നു.

ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് സമാധാനമല്ല വാളാണെന്ന് യേശു പറഞ്ഞതായി യോഹന്നാന്‍ അറിയിക്കുന്നു. പിതാവിനെ മക്കള്‍ക്കെതിരായും മക്കളെ മാതാപിതാക്കള്‍ക്കെതിരായും അമ്മായിയമ്മമാരെ മരുമക്കള്‍ക്കെതിരായും ആക്കി ഭിന്നിപ്പിക്കാനാണ് താനെത്തിയതെന്ന് യേശു പറഞ്ഞതായും യോഹന്നാന്‍ എഴുതുന്നു(10:34-35). Jesus in the New testament is an anti family man. കുടുംബം എന്ന ആശയത്തോട് പ്രകടമായ അനിഷ്ടം കാട്ടിയിരുന്ന, സ്വന്തം മാതാവിനെ സ്ത്രീയേ എന്നു മാത്രം വിളിക്കാന്‍ താല്‍പര്യപ്പെട്ട, സ്വന്തം സഹോദരങ്ങളെയും പിതാവിനെയും അവരുടെ സ്ഥാനത്തിന് അനുസരിച്ച് പരിഗണിക്കാനുംസ്‌നേഹിക്കാനും ദയനീയമായി പരാജയപ്പെട്ട യേശു എന്ന മിത്തിക്കല്‍ നായകന്റെ ചിത്രം വെച്ച് ”യേശു ഈ കുടുംബത്തിന്റെ രക്ഷകന്‍” എന്ന് വിശേഷിപ്പിക്കാന്‍ മതവിശ്വാസികള്‍ക്ക് തെല്ലും കൂസലില്ല! പുതിയനിയമത്തില്‍ യേശുവിനെ ഉപദൈവത്തില്‍ (subsidiary god)നിന്നുയര്‍ത്തി ദൈവതുല്യമാക്കാനുള്ള ശ്രമമുണ്ട്. എന്നാല്‍ സൗമ്യദൈവമായ യേശു നല്‍കാനിടയുള്ള ആശ്വാസം പ്രധാനദൈവം ഇല്ലാതാക്കുന്നുണ്ട്. പഴയനിയമത്തിലെ ദൈവത്തെ തന്നെയാണ് യേശുവും അവതരിപ്പിക്കുന്നത്. പുറംജാതിക്കാരെ വെട്ടിക്കൊല്ലാന്‍ മൂര്‍ച്ചയേറിയ ഒരു ഇരുമ്പ് വാളും വായില്‍ തിരുകി ദൈവം സ്വര്‍ഗ്ഗത്തിലിരിക്കുന്നുവെന്നാണ് യോഹന്നാന്‍ പറയുന്നത്(19:15). യേശുവിനെ ദൈവമായിട്ട് അംഗീകരിക്കാത്തവരെ വീട്ടില്‍ കയറ്റുക പോലും ചെയ്യരുതെന്നും യോഹന്നാന്റെ രണ്ടാം ലേഖനത്തില്‍ നിര്‍ദ്ദേശവുമുണ്ട്(9:10). ദൈവമാണെന്ന് അധരം കൊണ്ട് ഏറ്റുപറയാത്തവരും ഹൃദയംകൊണ്ട് വിശ്വസിക്കാത്തവരും പിശാചിന്റെ സന്തതികളാണെന്നും ഇതേ യോഹന്നാന്‍ പറയുന്നു(1/41:45)

‘കൊല്ലരുത്'(Thou shall not kill) എന്ന ബൈബിള്‍ വാചകവും ഇന്ന് നാമുദ്ദേശിക്കുന്ന അര്‍ത്ഥത്തിലുള്ളതല്ലെന്ന് ഹാര്‍ട്ടങ് വ്യക്തമാക്കുന്നു. കൊല്ലരുത് എന്നാല്‍ ജൂതരെ കൊല്ലരുത് എന്ന കൃത്യമായ അര്‍ത്ഥം തന്നെയാണുള്ളത്. 12-നൂറ്റാണ്ടിലെ പ്രശസ്ത ജൂതപണ്ഡിതനായിരുന്ന മോസസ് മയിമോനൈഡസ് (Moses Maimonides/ 1135-1204* in pix) ‘കൊല്ലരുത്’എന്ന ബൈബിള്‍ശാസനം വിശദീകരിക്കുന്നത് ഇങ്ങനെയാണ്:”ഒരുവന്‍ ഒരു ജൂതനെ കൊല്ലുകയാണെങ്കില്‍ അവന്‍ ബൈബിള്‍ കല്‍പ്പന ലംഘിക്കുകയാണ്. കാരണം കൊല്ലരുത് എന്ന് ബൈബിള്‍ അനുശാസിക്കുന്നു. മന:പൂര്‍വ്വം ഒരു ദൃക്‌സാക്ഷിയുടെയെങ്കിലും മുന്നില്‍വെച്ച് കൊല്ലുന്നതായാല്‍ അവനെ വാളിന് ഇരയാക്കേണ്ടതാണ്. പക്ഷെ കൊല്ലുന്നത് ഒരന്യമതവിശ്വാസിയെ ആണെങ്കില്‍ യാതൊരു പ്രശ്‌നവുമില്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ”. ‘പ്രത്യേകം പറയേണ്ടതില്ലല്ലോ’ എന്ന് മയിമോനൈഡസ് പറയുന്നതില്‍ കാര്യം വ്യക്തമാണ്(‘If one slays a single Isralite, he trangresses a negative commandment, for scripture says thou shall not murder. If one murders wilfully in the presence of witness, he is put to death by sword. Needless to say, one is put to death if he kills a heathen”/ Page.254, The God delusion, Richard Dawkins)

ഇസ്രായേലിലെ ഉന്നതമതപണ്ഡിതര്‍ അടങ്ങിയ ജൂത സുപ്രിംകോടതിയായ സാന്‍ഹെര്‍ഡ്രിന്‍(ടമിവലൃറൃശി)ഏതാണ്ടിതേ വിശദീകരണം മുന്നോട്ടുവെക്കുന്നുണ്ട്. അന്യമതവിശ്വാസിയോ മൃഗമോ ആണെന്ന് തെറ്റിദ്ധരിച്ച് ഒരാള്‍ അറിയാതെ ഒരു ഇസ്രേലിയെ കൊല്ലുകയാണെങ്കില്‍ അയാള്‍ക്ക് വധശിക്ഷ നല്‍കരുതെന്നാണ് ജൂതകോടതിയുടെ വിധി. അപ്പോഴും കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ല. ബൈബിളില്‍ കൊല്ലരുത് എന്നെഴുതിയിരിക്കുന്നതിന് ഒരേയൊരര്‍ത്ഥമേയുള്ളു-ജൂതനെ കൊല്ലരുത്. അയല്‍ക്കാരനെ സ്‌നേഹിക്കണമെന്ന് പറഞ്ഞാലും അര്‍ത്ഥവ്യാപ്തി ജൂതനില്‍ ഒതുങ്ങിനില്‍ക്കും. ജൂതസുപ്രിംകോടതി വിധി വായിച്ച് കുസൃതി തോന്നുന്ന ഒരാള്‍ ഇങ്ങനെ ചോദിക്കുന്നുവെന്നിരിക്കട്ടെ:ഒമ്പത് അന്യമതക്കാരും ഒരു ജൂതനുമടക്കം പത്തുപേരുള്ള ഒരു ആള്‍ക്കൂട്ടത്തിലേക്ക് വലിയൊരു കല്ല് വലിച്ചെറിയുകയും നിര്‍ഭാഗ്യവശാല്‍ ജൂതന്‍ മാത്രം കൊല്ലപ്പെടുകയും ചെയ്താല്‍ എന്തുചെയ്യും? കോടതിയുടെ ഉത്തരം അപ്പോഴും റെഡി. ആള്‍ക്കൂട്ടത്തില്‍ ഭൂരിപക്ഷവും അന്യമതക്കാരായതിനാല്‍ യാതൊരു പ്രശ്‌നവുമില്ല! നിര്‍മ്മിതമായ കാലഘട്ടത്തില്‍ നിന്നും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി പ്രത്യേക സന്ദര്‍ഭത്തില്‍ ഉപയോഗിക്കുന്ന പ്രസ്താവങ്ങള്‍ പൊതുപ്രസ്താവങ്ങളായി മാറ്റി അതിന് സാര്‍വജനീനഭാവം കല്‍പ്പിക്കുക എന്നത് മതപ്രചരണത്തില്‍ പരക്കെ ഉപയോഗിക്കപ്പെടുന്ന ഒരു സാങ്കേതികവിദ്യയാണ്. ഗീതാഭക്തരും ഇതേ അടവാണ് പയറ്റുന്നത്. കൃഷ്ണന്‍ അര്‍ജ്ജുനനോട് ബന്ധുജനങ്ങളെയും ഗുരുക്കന്‍മാരെയും കൊന്നുതള്ളാന്‍ പറയുന്നതില്‍ അഗാധവും ദീപ്തവുമായ കര്‍മ്മശാസ്ത്രവും അലസതാവിരുദ്ധതയും അവരാരോപിക്കും! അത് വായിച്ച് പഠിച്ചാല്‍ കോര്‍പ്പറേറ്റ് പ്രതിസന്ധികളെ അകറ്റിനിര്‍ത്താമെന്നും ജീവിതസമ്മര്‍ദ്ദം ലഘൂകരിക്കാമെന്നും പ്രചരിപ്പിച്ച് അവര്‍ മതസംരക്ഷണം ഉറപ്പുവരുത്തും!

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതില്‍ വരുത്തുന്ന വീഴ്ചയും തൊഴില്‍രംഗത്ത് നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമൊക്കെ അര്‍ജ്ജുനന്റെ അവസ്ഥയുമായി ബന്ധപ്പെടുത്തി ഗീത അപാരമായ ഉന്മേഷസാഹിത്യമാണെന്ന് വീമ്പിളക്കുന്നത് അന്യായമാണ്. ഒന്നാമതായി, ഗീതയിലെ അര്‍ജ്ജുനന്‍ അകര്‍മണ്യതയ്ക്ക് അടിമയല്ല;അലസനുമല്ല. അണിഞ്ഞൊരുങ്ങി വേണ്ടത്ര തയ്യാറെടുപ്പോടെയാണ് അയാള്‍ യുദ്ധക്കളത്തിലെത്തുന്നത്. അലസതയോ അകര്‍മണ്യതയോ സംബന്ധിച്ച പ്രശ്‌നമല്ല നേരെമറിച്ച് നൈതികവും ധാര്‍മ്മികവുമായ ചില പ്രശ്‌നങ്ങളാണ് അര്‍ജ്ജുനനെ കുഴക്കുന്നത്. അയാളുടെ മാനവികബോധമാണ് വെല്ലുവിളിക്കപ്പെടുന്നത്. വാടകകൊലയാളിയോ അധോലോകകൊലയാളിയോ ആയാല്‍പ്പോലും സ്വന്തം മാതാപിതാക്കളെ കൊല്ലാനാവശ്യപ്പെട്ടാല്‍ കടുത്ത സംഘര്‍ഷത്തിലാകും. അത് മനുഷ്യസഹജമായ ബന്ധുബോധമാണ്. ”നീ അധോലോകസംഘത്തില്‍ അംഗമാണ്. അതുകൊണ്ട് മുന്‍പിന്‍ നോക്കാതെ കൊല്ലുക എന്നത് നിന്റെ കര്‍ത്തവ്യമാണ്. ഇവിടെ നിന്റെ മാതാപിതാക്കളെ തന്നെയാണ് നിനക്ക് അവസാനിപ്പിക്കേണ്ടത്. സംഘതാല്‍പ്പര്യത്തിന് അത് അത്യാപേക്ഷിതമാണ്. കൈ വിറച്ചാല്‍ നിന്നെ ഭീരുവെന്ന് വിളിക്കേണ്ടവരും…” എന്നൊക്കെ കാര്യം നേടാനായി ഒരു അധോലോക തലവന്‍ സംഘത്തിലെ അംഗത്തോട് പറഞ്ഞേക്കും. ഗീതയ്ക്ക് എന്തിനോടെങ്കിലും സാദൃശ്യം കല്‍പ്പിക്കാമെങ്കില്‍ ഇത്തരമൊരു സാഹചര്യത്തോടാണ്.

“Die Religion .. ist das Opium des Volkes”


(1) മതം മനുഷ്യനെ മയക്കുന്ന കറപ്പാണ് എന്ന മാര്‍ക്‌സിന്റെ നിര്‍വചനം മതത്തെ സംബന്ധിച്ച് ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ചേറ്റവും ശ്രദ്ധേയമായ നിര്‍വചനമാണെന്ന കാര്യത്തില്‍ സംശയമല്ല. മദ്യവും ലഹരിമരുന്നും പുകയിലയും പോലെ മനുഷ്യന്റെ ബോധവും ചിന്താശേഷിയും നശിപ്പിക്കുന്ന ഒരു കുത്തിവെപ്പ് തന്നെയാണത്. ദിവസവും കുത്തിവെപ്പ് എടുക്കുന്നവന്‍ സമ്പൂര്‍ണ്ണ അടിമയായി തീരുന്നു. ഹെഗലിന്റെ രചകള്‍ക്കൊരു ആമുഖം(A Contribution to the Critique of Hegel’s Philosophy of Right) എന്ന നിലയില്‍ രചിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഒരു പുസ്തകത്തിന് 1843 ല്‍ മാര്‍ക്‌സ് തയ്യാറാക്കിയ ആമുഖത്തിലാണ് ഈ വിശകലനമുള്ളത്. 1844 ല്‍ ഇതദ്ദേഹം സ്വന്തം ജേര്‍ണലില്‍ (Deutsch-Französische Jahrbücher) പ്രസിദ്ധീകരിക്കുയുണ്ടായി. ആമുഖമല്ലാതെ ലക്ഷ്യമിട്ടിരുന്ന പുസ്തകം ഒരിക്കലും പുറത്തുവന്നിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ ജനത്തെ തീറ്റിക്കുന്ന കറപ്പ് എന്നൊരു പ്രയോഗം സെയ്‌ഡെ (Marquis de Sade) 1797 ല്‍ L’Histoire de Juliette and Novalis’s എന്ന ഗ്രന്ഥത്തില്‍ നടത്തിയിരുന്നു. ഒരുപക്ഷെ ഈ വാചകമാവണം മാര്‍ക്‌സിന് പില്‍ക്കാലത്ത് പ്രചോദനമായത്.

(2) മാര്‍ക്‌സിന്റെ അന്തിമനിഗമനത്തില്‍ തെറ്റില്ലെങ്കിലും അതിന് അനുബന്ധമായി പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളില്‍ അത്തരമൊരു കൃത്യത കാണാനില്ല. മതവിശ്വാസത്തിന്റെ ഉത്പത്തിയും പരിണാമവും വിശകലനം ചെയ്യുന്നതില്‍ മാര്‍ക്‌സിയന്‍ നിരീക്ഷണങ്ങള്‍ യുക്തിസഹമാണെന്ന് പറയാനാവില്ല. ”മതപരമായ യാതന/അനുഭവം ഒരേസമയം യഥാര്‍ത്ഥ യാതന/അനുഭവത്തിന്റെ പ്രകാശനവും അതിനെതിരെയുള്ള പ്രതിഷേധവുമാണ്. മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ നെടുവീര്‍പ്പാകുന്നു. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത സാഹചര്യങ്ങളുടെ ആത്മാവുമാണത്. അത് ജനത്തെ മയക്കുന്ന കറപ്പാകുന്നു(”Religious suffering is, at one and the same time, the expression of real suffering and a protest against real suffering. Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people”.)എന്നാണ് മാര്‍ക്‌സ് എഴുതിയത്. 

(3) യഥാര്‍ത്ഥ ആനന്ദം ലഭിക്കാനായി ഈ ഭ്രമാത്മകമായ ആനന്ദം നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുണ്ട്. തങ്ങളുടെ സാഹചര്യങ്ങള്‍ സംബന്ധിച്ച മിഥ്യാധാരണകള്‍ കയ്യൊഴിയാന്‍ അവരോട് ആവശ്യപ്പെടുക എന്നത് അത്തരം മിഥ്യാധാരണകളുടെ ഉത്പത്തികാരണങ്ങള്‍ വിട്ടെറിയാനുള്ള ആഹ്വാനം ചെയ്യലാകുന്നു. ചുരുക്കത്തില്‍ മതവിമര്‍ശനം എന്നത് മതം പ്രഭാവലയം തീര്‍ക്കുന്ന കണ്ണീര്‍താഴ്‌വരയ്‌ക്കെതിരെയുള്ള വിമര്‍ശനമാണ്. 
(The abolition of religion as the illusory happiness of the people is the demand for their real happiness. To call on them to give up their illusions about their condition is to call on them to give up a condition that requires illusions. The criticism of religion is, therefore, in embryo, the criticism of that vale of tears of which religion is the halo)

(4) ഈ വിശകലനം കാവ്യത്മകവും ഉത്താരാധുനികച്ചുവയുള്ളതുമാണ്. പക്ഷെ ഇവിടെ യാഥാര്‍ത്ഥ്യവുമായുള്ള ഹസ്തദാനം സംഭവിക്കുന്നില്ല. Religious suffering എന്നതിനെ മതാനുഭവം എന്ന് തര്‍ജമ ചെയ്യുന്നതാവും ഉചിതമെന്ന് തോന്നുന്നു. മതാനുഭവം ഒരേസമയം യഥാര്‍ത്ഥ അനുഭവത്തിന്റെ പ്രകാശനവും അതിനെതിരെയുള്ള പ്രതിഷേധവുമാകുന്നു എന്ന വിലയിരുത്തല്‍ കേവലമായ വാചകക്കസര്‍ത്ത് മാത്രമാണ്. ഒരു വസ്തു ഒരേസമയം അതാകുകയും അല്ലാതിരിക്കുകയും ചെയ്യുന്നുവെന്ന മാര്‍ക്‌സിസ്റ്റ് കാവ്യഭാവനയുടെ ചുവടു പിടിച്ചാണ് ഈ വാക്യങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു വസ്തു ഒരേ സമയം അതിന്റെ പ്രകാശനവും അതിനോടുള്ള പ്രതിഷേധവുമാകുന്നത് എങ്ങനെയാണ്?! വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ഭാവനാവ്യായാമത്തിന്റെ സഹായമുണ്ടെങ്കിലേ ഇത്തരം താത്വികാഭ്യാസങ്ങള്‍ സഹനീയമായി തോന്നുകയുള്ളൂ.

(5) ഒരു വസ്തുവിന്റെ പ്രകാശനം അതിനെതിരെയുള്ള പ്രതിഷേധമാണെന്ന കല്‍പ്പന ശരിയാണെന്ന് വെറുതെ സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ അത് മതത്തിന്റെ കാര്യത്തില്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മതാനുഭവം സത്യത്തില്‍ യഥാര്‍ത്ഥ അനുഭവത്തിന്റെ പ്രകാശനമാണോ? പ്രകാശിപ്പിക്കുക ഏതാണ്ട് സമാനരൂപത്തില്‍ വെളിവാക്കുക എന്ന അര്‍ത്ഥത്തിലാണ് നാം മനസ്സിലാകകുന്നത്. അതായത്, ഉള്ളിലുള്ള ഒരു വികാരം അപ്പടി പുറത്തുകാട്ടുക. അങ്ങനെയെങ്കില്‍ മതാനുഭവങ്ങള്‍ യാഥാര്‍ത്ഥ അനുഭവത്തിന്റെ പ്രകാശനമാണെന്ന വാദം തെറ്റാണ്. മതാനുഭവം മിക്കപ്പോഴും മിഥ്യയാണ്. യഥാര്‍ത്ഥ അനുഭവങ്ങള്‍ അങ്ങനെയല്ല. കന്യാമറിയത്തെ സ്വപ്നം കാണുന്നതും ജ്യോതിഷപ്രവചനം ശരിയാണെന്ന് തോന്നുന്നതും ബാധ ഒഴിഞ്ഞുപോയതായി സങ്കല്‍പ്പിക്കുന്നതും കൃഷ്ണനെ പേര് ചൊല്ലി വിളിക്കുന്നതുമൊക്കെ മതാനുഭവങ്ങളായിരിക്കാം. പക്ഷെ ഇവ യഥാര്‍ത്ഥ അനുഭവങ്ങള്‍ക്ക് വിപരീതമാണ്. ഇവ യഥാര്‍ത്ഥമാണെന്ന വിഭ്രാന്തിയെയാണ് മതവിശ്വാസമെന്ന് വിളിക്കുന്നത്. വിഭ്രാന്തി യഥാര്‍ത്ഥമല്ലാത്തതിനാല്‍ മതാനുഭവം യഥാര്‍ത്ഥ അനുഭവങ്ങളുടെ പ്രകാശനമല്ല മറിച്ച് അവയില്‍ നിന്നുള്ള വിടുതലാണ്. ഒരുതരം രക്ഷാമാര്‍ഗ്ഗമാണത്. It is an escapement rather than expression.

(6) മതാനുഭവം യഥാര്‍ത്ഥ അനുഭവങ്ങളോടുള്ള പ്രതിഷേധമാണെന്നതാണ് രണ്ടാമത്തെ സങ്കല്‍പ്പവും വിചിത്രമാണ്. ഒളിച്ചോട്ടം പ്രതിഷേധമാകുന്നതെങ്ങനെ? മദ്യപിക്കാതിരിക്കലും ഒരു തരം ലഹരിഉപയോഗമാണെന്ന് വാദിക്കുന്നതുപോലെ ഇനി ഒളിച്ചോട്ടവും ഒരിനം പ്രതിഷേധമാണെന്ന് വരുമോ?!! യഥാര്‍ത്ഥ അനുഭവങ്ങളോട് പ്രതിഷേധിക്കാനായി യഥാര്‍ത്ഥ കലാപങ്ങള്‍ തന്നെ വേണ്ടിവരും. സ്വപ്നജലം അസ്സല്‍ ദാഹമകറ്റില്ല. സ്വപ്നം കണ്ടോ മായികമായ വിഭ്രാന്തികള്‍ ജനിപ്പിച്ചോ യഥാര്‍ത്ഥ അനുഭവങ്ങളോട്/യാതനകളോട് പ്രതിഷേധിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അത് അയഥാര്‍ത്ഥമായ, മിഥ്യയായ പ്രതിഷേധമാണ്. മിഥ്യയായ പ്രതിഷേധം(false protest) പ്രതിഷേധമല്ല. മതാനുഭവം അടിച്ചമര്‍ത്തപ്പെട്ടവന്റെ നെടുവീര്‍പ്പാണ് എന്ന വാദവും ശരിയാണെന്ന് തോന്നുന്നില്ല. അടിച്ചമര്‍ത്തപ്പെട്ടവന് മാത്രമേ മതാനുഭവം ഉണ്ടാവൂ എന്ന ധ്വനി അവിടെ കടന്നുവരുന്നുണ്ട്. അല്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെ നിശ്വാസം മതവിശ്വാസമായി മാറുന്നു എന്ന വ്യഖ്യാനവും പരിഗണിക്കാം. പക്ഷെ രണ്ട് നിഗമനങ്ങളും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടില്ല. അടിച്ചമര്‍ത്തപ്പെടാത്തവനും അടിച്ചമര്‍ത്തുന്നവനും മതാനുഭവം ഇല്ലേ?!

(7) സാമ്പത്തികമായും സാമൂഹികപരമായും ഉന്നതി പ്രാപിച്ച കോടിക്കണക്കിന് ജനങ്ങള്‍ ലോകമെമ്പാടുമുണ്ട്. അവരുടെ നിശ്വാസത്തിലും മതമുണ്ടെന്നറിയണം. ആദ്യം വിളക്ക് കത്തിക്കാന്‍ എണ്ണ വാങ്ങിക്കൊടുത്തിരുന്നവന്‍ പിന്നെ വിളക്ക് തന്നെ വഴിപാടായി കൊടുക്കുന്നു. കൂടുതല്‍ ഉന്നതി നേടുമ്പോള്‍ ക്ഷേത്രം നിര്‍മ്മിച്ച് കൊടുക്കുന്നു. നടന്ന് ക്ഷേത്രത്തിയിരുന്നവന്‍ ഓട്ടോയിലേക്കും കാറിലേക്കും യാത്ര മാറ്റുന്നു. സാമ്പത്തിക-സാമൂഹിക അഭിവൃത്തി വരുന്നതനുസരിച്ച് ഭക്തിയുടെ ആഴവും വിസ്തൃതിയും വര്‍ദ്ധിക്കുകയാണവിടെ. അന്ധവിശ്വാസങ്ങള്‍ നിര്‍ലജ്ജം പിന്തുടര്‍ന്നവര്‍ വിദ്യാഭ്യാസം സിദ്ധിക്കുന്നതോടെ ക്വാണ്ടം സിദ്ധാന്തവും സ്ട്രിംഗ് തിയറിയും വെച്ച് ഇതേ അന്ധവിശ്വാസങ്ങളെ ന്യായീകരിച്ച് ജനത്തെ ചിരിപ്പിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്‍ അധികാരിയാകുമ്പോള്‍ മലകയറ്റം ഒഴിവാക്കി വി.ഐ.പി ക്യൂവില്‍ നിന്ന് ദര്‍ശനം നേടുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്ന-ക്ഷേമരാജ്യങ്ങളില്‍ മതവിശ്വാസം വളരെ ശക്തമാണ്. 
അതേസമയം, ദരിദ്രരും അടിച്ചമര്‍ത്തവരുമായ നിസ്വരുടെ നിശ്വാസം മതമായിരിക്കുമെന്ന വാദവും വസ്തുതാവിരുദ്ധമാണ്. ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ വിയറ്റ്‌നാമില്‍ ഭൂരിപക്ഷവും അവിശ്വാസികളാണെന്ന് മിക്ക സര്‍വെ ഫലങ്ങളും ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നു. 

(8) ‘ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയം’, ‘ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവ്’ തുടങ്ങിയ പ്രയോഗങ്ങള്‍ കേള്‍ക്കാനിമ്പമുള്ളതും കാവ്യത്മകവുമാണ്. രൂപകാര്‍ത്ഥത്തില്‍ നമുക്കതിനെ വ്യാഖ്യാനിക്കാം-അത്രയേയുള്ളൂ. അമ്മയില്ലാത്തവര്‍ക്ക് അവള്‍ അമ്മയായി ജീവിച്ചു എന്നൊക്കെ നാം പറയാറില്ലേ. അമ്മയില്ലാത്ത കുട്ടിക്ക് ഒരു പോറ്റമ്മ നല്‍കാമെന്നല്ലാതെ വേറെ വഴിയില്ലെന്നതാണ് വാസ്തവം. മതം ലഹരിയായി തീരുന്നത് മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ മൂലമല്ല. ദാരിദ്രവും നിരക്ഷരതയും വികസനമില്ലായ്മയും മറ്റും അതിന്റെ യഥാര്‍ത്ഥ കാരണങ്ങളല്ല. അവയൊക്കെ വന്നാല്‍ മതാനുഭവം റദ്ദാക്കപ്പെടുകയുമില്ല. അതുകൊണ്ട് തന്നെ മതവിഭ്രാന്തിയെ വിശകലനം ചെയ്യാന്‍ മാര്‍ക്‌സിയന്‍ നിര്‍വചനം സഹായകരമല്ലാതെയായി തീരുന്നു. 

(9) മതവിഭ്രാന്തിയില്‍ ആശ്രയം കണ്ടെത്താന്‍ സഹായിക്കുന്ന സാഹചര്യങ്ങള്‍ നീക്കം ചെയ്യണമെന്ന നിരീക്ഷണം തത്വത്തില്‍ ശരിയാണ്. പക്ഷെ അത് സാമ്പത്തിക-സാമൂഹിക അട്ടിമറികളിലൂടെ നര്‍വഹിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബാല്യത്തിലേയുള്ള നിര്‍ബന്ധിത മതബോധനം ഒഴിവാക്കുക, ശാസ്ത്രീയവും യുക്തിസഹവുമായ ജീവിതവീക്ഷണം കൈവരിക്കാന്‍ സഹായമെത്തിക്കുക, യാഥാര്‍ത്ഥ്യബോധവും ആത്മവിശ്വാസവും ആര്‍ജ്ജിക്കാന്‍ ഉതകുന്ന വിദ്യാഭ്യാസ-ഉത്‌ബോധന പ്രക്രിയകള്‍ അനുസ്യൂതമായി നടപ്പിലാക്കുക… തുടങ്ങിയവയാണ് ഈ വിഭ്രാന്തിക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനപ്പെട്ട അടവുകള്‍. അത്തരം നിലപാടുകളിലൂടെ മാത്രമേ ക്രമേണ മാറ്റം കൊണ്ടുവരാനാവൂ. മതാനുഭവത്തെ നേര്‍പ്പിക്കാന്‍ ശാസ്ത്രജ്ഞാനത്തിനും യുക്തിചിന്തയ്ക്കും സാധിച്ചത് പോലെ മറ്റൊന്നിനുമായിട്ടില്ല. ഗറില്ലായുദ്ധവും വിപ്‌ളവങ്ങളും മതവിഭ്രാന്തിക്കോ അനുബന്ധ ചൂഷണങ്ങള്‍ക്കോ മറുമരുന്നാവില്ലെന്നറിയണം.

China & Islamophobia

China and Islamophobia

ചൈനയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതചെയ്യുന്ന, മൊത്തം ഭൂവിസ്തൃതിയുടെ ഏതാണ്ട് മൂന്നിലൊന്ന് വരുന്ന അര്‍ദ്ധ-സ്വയംഭരണാവകാശമുള്ള പ്രവിശ്യയാണ് സിന്‍ജിയാംഗ്(Xinjiang). ഇവിടുത്തെ 80 ലക്ഷം വരുന്ന തുര്‍ക്കി ഭാഷ സംസാരിക്കുന്ന ഉയ്ഗര്‍ (Uighurs) വംശജരെ( മിക്കവരും മുസ്‌ളീങ്ങള്‍) സംബന്ധിച്ചിടത്തോളം ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന ഇസ്‌ളോമോഫോബിയ അസ്തിത്വ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ചെനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വിഘടനവാദം ആരോപിച്ച് സിയാന്‍ജിയാംഗിലെ ഉയ്ഗര്‍ മുസ്‌ളീങ്ങളെ രൂക്ഷമായി പീഡിപ്പിക്കുന്നതായാണ് ആക്ഷേപം. സ്‌ക്കൂളുകളില്‍ റമദാന്‍ നൊയമ്പ് എടുക്കുന്നതില്‍ നിന്നും അദ്ധ്യാപകര്‍ കുട്ടികളെ പിന്തിരിപ്പിക്കുന്നതായും താടി, ബുര്‍ഖ തുടങ്ങിയ വേഷങ്ങളുമായി പൊതു ബസ്സുകളില്‍ കയറാന്‍ പാടില്ലെന്ന ഉത്തരവിറങ്ങിയതായും വാര്‍ത്തയുണ്ട്.

China and Islamophobia

കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ 1.20 കോടി മുഖ്യധാരാ ഹാന്‍ വംശജരെയാണ് ഈ മേഖലയിലേക്ക് ചൈനീസ് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചത്. ഈ ആഭ്യന്തര അധിനിവേശം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഉയ്ഗര്‍ മുസ്‌ളീങ്ങള്‍ക്ക് രാജ്യത്തോട് കൂറില്ലെന്ന രഹസ്യപ്രചരണവുമുണ്ട്. അടുത്ത രണ്ട് ദശകത്തിനുള്ളില്‍ ഈ മേഖലയിലെ മുസ്‌ളീങ്ങളെ അവഗണിക്കാവുന്ന ന്യൂനപക്ഷമാക്കി അപ്രസക്തമാക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതത്രെ. ഇസ്രായേല്‍ സര്‍ക്കാര്‍ കഴിഞ്ഞ ഒന്നര ദശകത്തിനുള്ളില്‍ 5 ലക്ഷം ജൂതരെ വെസ്റ്റ് ബാങ്കില്‍ കൊണ്ട് ചെന്ന് പാര്‍പ്പിച്ചതില്‍ സ്വീകരിച്ച അതേ തന്ത്രമാണ് കമ്മ്യൂണിസ്റ്റ് ചൈനയും പയറ്റുന്നത്. 2009 മുതല്‍ ഹാന്‍-ഉയ്ഗര്‍ വംശജര്‍ക്കിടയില്‍ ഉണ്ടായ വര്‍ഗ്ഗീയ-വംശീയ ലഹളകളില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മതത്തോടുള്ള സമീപനം ഒന്നുകില്‍ അടിച്ചമര്‍ത്തുക അല്ലെങ്കില്‍ പ്രീണിപ്പിക്കുക (either repress or appease) എന്നിങ്ങനെയുള്ള രണ്ടു ദ്വന്ദങ്ങളില്‍ മാത്രം ചുറ്റിത്തിരിയുന്നതിനാല്‍ മിക്കപ്പോഴും അത് വിലക്ഷണമായ പരിണതികള്‍ ഉളവാക്കാറുണ്ട്. സര്‍വാധിപത്യമുള്ളിടത്ത് ചവിട്ടിമെതിക്കുക അല്ലാത്തിടങ്ങളിലും ജനാധിപത്യ വ്യവസ്ഥകളിലും തഴുകി തലോടുക-എന്നതാണ് ഭാവനാശൂന്യമായ ഈ തന്ത്രത്തിന്റെ അടിസ്ഥാനം. സിന്‍ജിയാംഗില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. പാര്‍ട്ടിയുടെ ആധിപത്യബോധം മുസ്‌ളീങ്ങളുടെ അസ്തിത്വബോധത്തെ അനാദരിക്കുന്നതിലും മതസ്വാതന്ത്രത്തെ നിയന്ത്രിക്കുന്നതിലും കലാശിക്കുന്നു. മറ്റിടങ്ങളില്‍ കാണിക്കുന്ന ‘വിളച്ചില്‍’ ചൈനയില്‍ നടക്കില്ലെന്ന ശക്തമായ സന്ദേശമാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉയ്ഗര്‍ മുസ്‌ളീങ്ങള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നത്.

മതത്തെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വ്യക്തമായ പദ്ധതിയുണ്ട്. സര്‍വാധിപത്യം കിട്ടിയിടത്തൊക്കെ അവരത് തെളിയിച്ചിട്ടുണ്ട്. അതേസമയം, മുസ്‌ളീങ്ങള്‍ക്ക് ആധിപത്യം കിട്ടുന്ന സ്ഥലങ്ങളിലെല്ലാം ആദ്യം വധിക്കപ്പെടുന്നവരില്‍ കമ്മ്യൂണിസ്റ്റ്കാരും ഉള്‍പ്പെടുന്നുണ്ടെന്നതും വസ്തുതയാണ്. ഇന്ത്യോനേഷ്യയില്‍ ജന.സുഹാര്‍ത്തോ 12 ലക്ഷത്തിലധികം കമ്മ്യൂണിസ്റ്റുകളെ കൊന്നുതള്ളിയതായി കരുതപ്പെടുന്നു. 1978 ലെ ഇറാനിയന്‍ വിപ്‌ളവത്തില്‍ 75000 വരുന്ന ഇറാനിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ബാഷ്പീകരിക്കപ്പെട്ടു. ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാരെ നിഷ്ഠൂരമായി കൊന്നൊടുക്കിയ സദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍ അവശേഷിച്ചിരുന്ന ഇറാഖി കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും കുര്‍ദ്ദിസ്ഥാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മതിമറന്നാന്ദിച്ചത് സ്വാഭാവികം മാത്രം. ആ വേളയില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഹര്‍ത്താലാചരിച്ച് ഇറാഖി കമ്മ്യൂണിസ്റ്റുകളെ പരിഹസിച്ചു!

ഉയ്ഗര്‍ മുസ്‌ളീങ്ങളെ വംശീയമായി തുടച്ച് നീക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഹാന്‍ വംശജരെ സിന്‍ജിയാംഗില്‍ കൊണ്ടുവന്ന് എല്ലാ പിന്തുണയും നല്‍കി താമസിപ്പിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യമതാണ്. ഹാന്‍ വംശജരും ഉയ്ഗര്‍ മുസ്‌ളീങ്ങളും തമ്മില്‍ നടക്കുന്ന വര്‍ഗ്ഗീയ സംഘട്ടനങ്ങളിലൊക്കെ പോലീസ് ഇടപെടുന്നത് പക്ഷപാതമാരണെന്ന ആക്ഷേപമുണ്ട്. പിടി കൂടുന്ന മുസ്‌ളീങ്ങളെ വന്‍തോതില്‍ വധശിക്ഷയ്ക്ക് വിധേയമാക്കുന്നുവെന്ന പരാതിയും നിലനില്‍ക്കുന്നു. സിന്‍ജിയാംഗിലെ മുസ്‌ളീങ്ങളില്‍ ചിലര്‍ക്കെങ്കിലും വേണ്ടത് ചൈനയെ മതാടിസ്ഥാനത്തില്‍ വിഭജിക്കുകയാണ്. ഒരു വിഭാഗം ആവശ്യപ്പെടുന്നത് കൂടുതല്‍ സ്വയംഭരണാവകാശമാണെങ്കില്‍ സ്വതന്ത്ര ഇസ്‌ളാമിക് റിപ്പപബ്‌ളിക്കാവണമെന്നതാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.

സാഹചര്യം മുതലാക്കി പല മുസ്‌ളീം രാജ്യങ്ങളും ചൈനയിലേക്ക് ഇസ്‌ളാമിക ഭീകരവാദം കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുന്നുമുണ്ട്. കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ തുടങ്ങിയ നാല് മുസ്‌ളീം ഭൂരിപക്ഷ രാജ്യങ്ങളാണ് സിയാന്‍ജിംഗിന് ചുറ്റുമുള്ളത്. ഇവയില്‍ അവസാനത്തെ രണ്ടെണ്ണം ഇസ്‌ളാമിക ഭീകരതയുടെ നഴ്‌സറികളാണെന്നതും ശ്രദ്ധേയമാണ്. 2014 മേയില്‍ സിന്‍ജിയാംഗിന്റെ തലസ്ഥാനമായ ഉറുംഖിയില്‍ മനുഷ്യബോംബ് സ്‌ഫോടനവും 31 പേര്‍ മരിച്ച കാര്‍ ബോംബ് സ്‌ഫോടനവും നടന്നുവെന്നതും ചൈനയില്‍ മറ്റൊരു യുദ്ധമുഖം തുറക്കപ്പെടുന്നതിന്റെ പ്രാരംഭസൂചനകളായി വിലയിരുത്തപ്പെടുന്നു.

158 കോടിയിലധികം ജനങ്ങളുള്ള ചൈനയില്‍ ഏതാണ്ട് 2.21 കോടി മുസ്‌ളീങ്ങളുണ്ട്. ഇവരില്‍ ഭൂരിപക്ഷവും മതേതരജീവിതം നയിക്കുന്നവരാണെങ്കിലും പല മുഖ്യധാര മുസ്‌ളീം രാജ്യങ്ങളെക്കാളും വലിയ ജനസംഖ്യയാണിത്. പാര്‍ട്ടി കൂടുതല്‍ നവീകരിക്കപ്പെട്ട് കാര്‍ക്കശ്യം കുറയുമ്പോള്‍ നിരന്തര അക്രമങ്ങളും മനുഷ്യബോംബുകളുമായി ആഞ്ഞടിക്കാമെന്നാണ് മുസ്‌ളീം വിഘടനവാദികള്‍ കണക്ക് കൂട്ടുന്നത്. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയിലെ ചെച്‌നിയയില്‍ സംഭവിച്ചത് തന്നെയാണ് സിന്‍ജിയാംഗില്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം. ചൈനീസ് സര്‍ക്കാരാകട്ടെ ഒരു മുഴം നീട്ടിയെറിഞ്ഞ് അത്തരമൊരു സാധ്യത മുളയിലേ നശിപ്പിക്കണമെന്ന വാശിയാലാണ്.

സിന്‍ജിയാംഗില്‍ മറ്റ് മതസ്ഥര്‍ക്കുള്ള മതസ്വാതന്ത്ര്യം പോലും മുസ്‌ളീങ്ങള്‍ക്കില്ലെന്ന് ലോക മനുഷ്യാവകാശ സംഘടനയുടെയും ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ചൈനയുടേയും റിപ്പോര്‍ട്ടിലുണ്ട് (‘Devastating Blows: Religious Repression of Uighurs in Xinjiang’ by Human Rights Watch and Human Rights in China, page-114). സ്‌ക്കൂളിലും വീട്ടിലും കുട്ടികളെ മതപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ മാതാപിതാക്കളും മുതിര്‍ന്നവരും അനുവദിക്കരുതെന്ന ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക നിയമം(‘parents and legal guardians may not allow minors to participate in religious activities’)ഉയ്ഗര്‍ മുസ്‌ളീങ്ങള്‍ക്കെതിരെ ശക്തമായി നടപ്പിലാക്കപ്പെടുന്നു.

പള്ളികളില്‍ ചാരന്‍മാരെ നിയോഗിക്കുകയും പുരോഹിതരുടെ മുഴുവന്‍ നീക്കങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയും ചെയ്യുന്നു. രാത്രിയില്‍ മുസ്‌ളീങ്ങളുടെ വീടുകളില്‍ രഹസ്യപ്പോലീസ് പരിശോധന നടത്തി മതസാഹിത്യം ഉണ്ടെങ്കില്‍ പിടിച്ചെടുത്ത് നശിപ്പിക്കുമത്രെ. കുര്‍-ആന്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഒരു നിയമവിരുദ്ധ പുസ്തകമാണ്. സ്‌ക്കൂളുകളില്‍ നിന്ന് മതബോധമുള്ള അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സമ്പൂര്‍ണ്ണമായി നീക്കം ചെയ്യപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതായും മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട് പറയുന്നു.

സിന്‍ജിയാംഗില്‍ മതപരമായ എല്ലാം അസ്വസ്ഥതകള്‍ക്കും പിന്നില്‍ വിഘടനവാദം (separatism) ആരോപിച്ച് വധശിക്ഷ നല്‍കുന്നതും പതിവായിട്ടുണ്ട്. മതപരമായ വിശേഷദിവസങ്ങള്‍ ആഘോഷിക്കുന്നതും മതപഠനവും മതചിഹ്നങ്ങളുടെ പ്രദര്‍ശിപ്പിക്കുന്നതും സ്‌ക്കൂളുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ചൈനയുടെ വംശീയവും രാഷ്ട്രീയവുമായ നിലനില്‍പ്പിന് നേരെയുള്ള ഒരു ഭീഷണയായിട്ടാണ് ഉയ്ഗര്‍ മുസ്‌ളീങ്ങളെ ചൈന കാണുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ചൈനയുടെ എക്‌സിക്ക്യൂട്ടീവ് ഡയറക്ടറായ ഷാരോണ്‍ ഹോം (Sharon Hom) പറയുന്നു. ഉയ്ഗര്‍ വംശീയതയേയും ഇസ്‌ളാമിനെയും വേറിട്ട് കാണാന്‍ ചൈന തയ്യാറല്ല.

ഉയ്ഗര്‍ വംശജര്‍ക്കെതിരെയുള്ള ചൈനീസ് നീക്കത്തിന് നീണ്ട ചരിത്രമുണ്ടെങ്കിലും 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അത്തരം നടപടികള്‍ക്ക് ശക്തമായ ന്യായീകരണമായി ചൈനീസ് സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്. സമാധാനപരമായ മതപ്രകടനങ്ങള്‍ പോലും വിഘടനവാദമായി ചിത്രീകരിച്ച് വധശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ടത്രെ. ഭീകരവാദികള്‍ സമാധാനവാദികളായി അഭിനയിക്കുന്നു എന്നതാണ് ഇതിന് കാരണമായി ചൈനീസ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. മംഗോളിയയിലും തിബറ്റിലുമൊക്കെ ഉയര്‍ന്ന വംശീയ-മത അസ്വസ്ഥതകള്‍ വിജയകരമായി അടിച്ചമര്‍ത്തിയ ചരിത്രം ചൈനയ്ക്കുണ്ട്. ഉയ്ഗര്‍ മുസ്ലീംങ്ങളുടെ കനലാട്ടത്തെയും അപ്രകാരം അപ്രസക്തമാക്കാമെന്ന് അവര്‍ കരുതുന്നു; സാധിച്ചില്ലെങ്കില്‍ ആഭ്യന്തര അധിനിവേശത്തിലൂടെ ലക്ഷ്യംകാണാമെന്നും.

Copyright © 2016. Powered by WordPress & Romangie Theme.