Category Archives: Science

കുറെ ഗ്രഹണങ്ങള്‍ കിട്ടിയിരുന്നെങ്കില്‍…

1) സൂര്യഗ്രഹണം കാരണം നട അടയ്ക്കുമെന്ന് ഇന്നത്തെ മനോരമയില്‍
വാര്‍ത്ത. നാളെ രാവിലെ 5.05 മുതല്‍ 6.41 വരെയാണ് അടയ്ക്കുന്നത്. ഒരു മണിക്കൂര്‍ 39 മിനിറ്റ് നീളുന്ന സൂര്യഗ്രഹണമോ?! ഏതു ക്ഷേത്രത്തിനു മുകളിലാണ് ഈ മഹാപാതകം?!

എന്താണ് സൂര്യഗ്രഹണം? ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ പ്രതലതലത്തില്‍ നേര്‍രേഖയില്‍ വരുമ്പോള്‍ ചന്ദ്രന്റെ നിഴല്‍ മൂലം ഭൂമിയില്‍ പരമാവധി 242-250 കിലോമീറ്ററോളം ചുറ്റളവുള്ള ഭാഗത്ത് സൂര്യനെ കാണാതാവുന്നു. ഈ മറയ്ക്കലിന്റെ പരമാവധി സമയദൈര്‍ഘ്യം ഏതാനും സെക്കന്‍ഡുകള്‍ മുതല്‍ ഏഴര മിനിറ്റുവരെ. സൂര്യപ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയദൈര്‍ഘ്യം പരമാവധി എട്ടര മിനിറ്റ്. മിക്ക സൂര്യഗ്രഹണങ്ങളും ഭാഗികമായിരിക്കും-അതായത് ഒന്നോ രണ്ടോ മിനിറ്റുകള്‍. അപൂര്‍വമായേ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കുറച്ച് സ്ഥലത്തെങ്കിലും ലഭ്യമാകൂ.

(2) ഗ്രഹണസമയത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം വിഗ്രഹത്തിന്റെ ചൈതന്യത്തിനു ലോപം വരുമെന്നാണ് വാര്‍ത്ത പറയുന്നത്. ഈ തള്ളല്‍ കേട്ടാല്‍ ഏഴാം ക്ലാസ്സുവരെ ശ്രദ്ധിച്ച് പഠിച്ചവര്‍ അമ്പരന്നുപോകും. അന്ധവിശ്വാസത്തിനു സയന്‍സിന്റെ നിക്കര്‍ ഇടുവിപ്പിച്ച് നിറുത്താനുള്ള അത്യാഗ്രഹം പ്രകടം. സൗരപ്രകാശ സ്‌പെക്രട്രത്തില്‍ ദൃശ്യപ്രകാശത്തിലെ ഏഴു നിറങ്ങള്‍ക്കു പുറമെ ഇന്‍ഫ്രാറെഡ്, അള്‍ട്രാവയറ്റ്, റേഡിയോ തരംഗങ്ങള്‍, ഗാമാ തരംഗങ്ങള്‍, എക്‌സ് റേ….എന്നിങ്ങനെയുള്ള കിരണങ്ങളുണ്ട്.

(3) അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നമുക്ക് ഹാനികരമാണെങ്കിലും അവയെ അന്തരീക്ഷത്തിലെ ഓസോണ്‍ പാളി തടഞ്ഞു നിറുത്തുണ്ട്. ഓസോണ്‍പാളിയിലുള്ള വിള്ളല്‍ പ്രധാനമായും ധ്രൂവപ്രദേശത്താണ്. അതാകട്ടെ കാലക്രമേണ കുറഞ്ഞുവരികയുമാണ്. അതായത് അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നമുക്ക് ഏല്‍ക്കാനുള്ള സാധ്യത കുറവാണ്. സൂര്യഗ്രഹണസമയത്താകട്ടെ, ഒട്ടുമില്ല. കാരണം, സൂര്യപ്രകാശം തന്നെയില്ലല്ലോ!

(4) സത്യത്തില്‍ ഗ്രഹണസമയത്ത് സൂര്യനെ നോക്കരുതെന്ന് സയന്‍സ് പറയുന്നത് അള്‍ട്രാവയലറ്റിനെ പേടിച്ചല്ല. ഗ്രഹണസമയത്ത് നോക്കിയാലും അല്ലാതെ നോക്കിയാലും അള്‍ട്രാവയലറ്റിന്റെ ആക്രമണം നമുക്കുണ്ടാകാനുള്ള സാധ്യത കുറവാണ്-ഓസോണ്‍പാളി ഉള്ളിടത്തോളംകാലം. സൂര്യനെ നേരിട്ടുനോക്കുമ്പോള്‍ പ്രധാന പ്രശ്‌നകാരി ഇന്‍ഫ്രാറെഡാണ്. സൂര്യപ്രകാശത്തിന്റെ താപം വരുന്നത് ഇന്‍ഫ്രാറെഡില്‍ നിന്നാണ്. ഈ രശ്മികള്‍ കണ്ണിന്റെ റെറ്റിനയിലും ചുറ്റുമുള്ള കോശങ്ങളിലും പതിച്ചാല്‍ ആ ഭാഗത്ത് മാരകമായ പൊള്ളലേല്‍ക്കാനുള്ള സാധ്യതയുണ്ട്.

(5) സാധാരണ നിലയില്‍ സൂര്യനെ നോക്കുമ്പോള്‍ നാം ബോധപൂര്‍വം കൃഷ്ണമണി വളരെയധികം ചുരുക്കിയാണ് നോക്കുന്നത്. ആയതിനാല്‍ ഇന്‍ഫ്രാറെഡ് വഴി പൊള്ളല്‍ ഏല്‍ക്കാനുള്ള സാധ്യത കുറയുന്നു. ഗ്രഹണസമയത്ത് സൂര്യപ്രകാശമില്ലാത്തതിനാല്‍ നാം അറിയാതെ കൃഷ്ണമണി വികസിപ്പിച്ച് തന്നെ സൂര്യനെ കണ്‍കുളിര്‍ക്കെ കാണുന്നു.

(6) ഇവിടെയാണ് അപകടകാരണം പതിയിരിക്കുന്നത്. സൂര്യനെ മറച്ചിരിക്കുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ വമ്പന്‍ പര്‍വതങ്ങളും കൊടുമുടികളുമുണ്ട്. ചന്ദ്രന്‍ മെല്ലെ ഇളകിയാടുമ്പോള്‍ സൂര്യപ്രകാശം ഈ കൊടുമുടികളുടെ വിടവുകളിലൂടെ വെടിച്ചില്ലുപോലെ ഭൂമിയിലേക്ക് ചിതറിത്തെറിക്കും. കണ്‍കുളിര്‍ക്കെ സൂര്യനെ നോക്കിയിരുന്നാല്‍ പ്രകാശം നേരിട്ട് കണ്ണിനുള്ളില്‍ തന്നെ വീഴും, പൊള്ളലേക്കും. അതുകൊണ്ടാണ് ഗ്രഹണസമയത്ത് സൂര്യനെ നോക്കരുതെന്ന് ഉപദേശിക്കുന്നത്. കാരണം എപ്പോഴാണ് ചന്ദ്രന്‍ തെന്നിമാറുന്നതെന്ന് നമുക്ക് പറയാനാവില്ലല്ലോ! ഗ്രഹണം ഭാഗികമാണെങ്കില്‍ അപകടസാധ്യതയും വലുതാണ്. അതല്ലെങ്കില്‍ സൂര്യനെ നോക്കാന്‍ ഏറ്റവും പറ്റിയ സമയം സമ്പൂര്‍ണ്ണ ഗ്രഹണം തന്നെയാണ്.

(7) ശനിയ്ക്ക് 68+ഉം വ്യാഴത്തിന് 64+ഉം ഉപഗ്രഹങ്ങളുണ്ട്. ദിവസവും അവിടെ നടക്കുന്ന സൂര്യഗ്രഹണങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. അവിടെയൊക്കെ ഉപഗ്രഹങ്ങള്‍ മൂലം ഉപഗ്രഹങ്ങളില്‍ ഗ്രഹണം സംഭവിക്കാറുണ്ട്! ഗ്രഹണസമയത്ത് ഭൗമാന്തരീക്ഷത്തില്‍ പ്രത്യേകിച്ച് യാതൊരു വിജ്രംഭനവും സംഭവിക്കുന്നില്ല. ദിവസവും അനുഭവിക്കുന്ന ഏറ്റവും വലിയ ഗ്രഹണം രാത്രിയാണ്. ഭൂമിയുടെ തന്നെ നിഴലിലാണ് ഒരു വശമപ്പോള്‍-ശരിക്കും സമ്പൂര്‍ണ്ണഗ്രഹണം! സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാകട്ടെ ഏതാനും സെക്കന്‍ഡുകള്‍ മുതല്‍ ഏഴരമിനിറ്റു വരെ മാത്രം. സൂര്യഗ്രഹണസമയത്ത് ക്ഷേത്രം അടച്ചിടാനുള്ള തീരുമാനം ഉചിതം തന്നെയാണ്. അത്രയും നേരത്തേക്കെങ്കിലും ശബ്ദമലിനീകരണവും ആക്രാന്തപ്രകടനങ്ങളും വെടിശബ്ദവും ചളിപ്രഭാഷണവും സഹിക്കേണ്ടല്ലോ! സൂര്യഗ്രഹണങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഡിങ്കന്‍ കനിയുമാറാകട്ടെ.

Messiyon

(1) പ്രപഞ്ചം നിഗൂഡവും അതിസങ്കീര്‍ണ്ണമാണ്. അതിനെ ശാസ്ത്രംകൊണ്ടും യുക്തികൊണ്ടും അറിയാനാവും എന്നു കരുതുന്നത് മണ്ടത്തരമാണ്…..അതുകൊണ്ട്? അതുകൊണ്ട്, മതചപ്ലാച്ചികള്‍ അംഗീകരിക്കുക!

മനുഷ്യമസ്തിഷ്‌ക്കം സങ്കീര്‍ണ്ണവും നിഗൂഡവുമാണ്. അതിനെ ശാസ്ത്രംകൊണ്ടോ യുക്തികൊണ്ടോ അറിയാനാവും എന്നു കരുതുന്നത് മണ്ടത്തരമാണ്…. അതുകൊണ്ട്? അതുകൊണ്ട് മതനേതാക്കളുടെ മനോവിഹ്വലതകള്‍ സത്യവും സാധുവുമായി കണ്ട് ഉരുളുക, പട്ടിണി കിടക്കുക, ശരീരഭാഗങ്ങള്‍ മുറിക്കുക!

(2) വിശ്വാസിയുടെ ഇഷ്ടപദാര്‍ത്ഥം അന്ധതയും അജ്ഞതയുമാണ്. Darkness and ignorance are his favourite brands of ice creams! എന്തെങ്കിലും അറിയാന്‍ പ്രയാസമാണെന്ന് കണ്ടാല്‍ അവന്റെ നാവില്‍ വെള്ളമൂറും. Simply, god of gaps! സ്വന്തം വിവരക്കേടും മതഉടായിപ്പുകളും കുത്തിനിറയ്ക്കാന്‍ പറ്റിയ ഇടങ്ങളാണവ. മോഷ്ടിക്കാന്‍ വരുന്നവന്‍ ആദ്യം പ്രകാശം കുത്തിയണക്കും. ആര്‍ക്കും ഒന്നും കാണാനാവില്ലെന്ന് വരുമ്പോള്‍ മോഷണം എളുപ്പമാണ്. നോക്കൂ, ആര്‍ക്കും ഒന്നുമറിയില്ല, ഒന്നും കണ്ടുപിടിക്കാനാവില്ല…., എല്ലാം നമ്മുടെ ശേഷിക്ക് അപ്പുറത്താണ്……ആകെ ‘പൊക’യാണ് …..കണ്‍ഫ്യൂഷനാണ്…..അതുകൊണ്ട് മാതമാലിന്യങ്ങളെ വിശുദ്ധമായി കണ്ട് ആദരിക്കുക. അതാകുമ്പോള്‍ നിഗൂഡമാകുന്നതും സങ്കീര്‍ണ്ണമാകുന്നതും അജ്ഞേയമാകുന്നതും ഒന്നും ഒരു പ്രശ്‌നമേയല്ല. അവയൊക്കെ അവിടെ ഒരു സൗകര്യമാണ്. തമസ്സ് നേര്‍പ്പിക്കപ്പെടരുത്. എങ്കിലേ മോഷണവും ചൂഷണവും സുസാധ്യമാകൂ. മതത്തിന് ഈ നിഗൂഡതയ്ക്കും സങ്കീര്‍ണ്ണതയ്ക്കും വിശദീകരണമുണ്ടോ? ”ഏയ്, അങ്ങനെയൊന്നുമില്ല, മതം ശാസ്ത്രമല്ലല്ലോ!” നിങ്ങള്‍ക്കൊന്നുമറിയില്ല, ഞങ്ങള്‍ക്ക് എല്ലാമറിയാം എന്നതിന് വേറെ തെളിവു വേണോ?!

(3) മതംപറയുന്ന ദൈവം അസംബന്ധമാണെന്ന് ഞാനും സമ്മതിക്കുന്നു. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഒരു ഊര്‍ജ്ജം അല്ലെങ്കില്‍ ഒരു ശക്തി ഇല്ലെന്ന് പറയാനാവുമോ? ഒരു ഉത്താരാധുനിക അന്ധവിശ്വാസി സ്ഥിരം വന്നു ചോദിക്കുന്നു. അങ്ങനെ ഒരു ശക്തിയെ കിട്ടിയാല്‍ അടങ്ങുന്നതാണോ മതകലിപ്പ്? എന്നാല്‍ ഒരെണ്ണംതാരം. പ്രപഞ്ചത്തിനു കാരണമായ, എല്ലാ നിഗൂഡതയും രമ്യതപ്പെടുന്ന ഒരു(?) ഊര്‍ജ്ജം ഉണ്ടെന്നിരിക്കട്ടെ. ഒന്നില്‍ കൂടാന്‍ പാടില്ലെന്നാണല്ലോ മതനിര്‍ബന്ധം. അതുകൊണ്ട് ഒരു ഊര്‍ജ്ജം എന്ന വാദം അംഗീകരിക്കുക-ഒരാശ്വസത്തിന്. ഇനി, ചോദ്യമിതാണ്, അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ മനുഷ്യന്‍ എന്ന സ്പീഷിസിന് എന്ത്?

(4) ഉദാഹരണമായി, പ്രകാശത്തെയും ടാക്കിയോണിനെയും അതിലംഘിക്കുന്ന ‘മെസ്സിയോണ്‍'(Messiyon) എന്ന ഊര്‍ജ്ജരൂപമാണ് പ്രപഞ്ചത്തിന്റെ മൂലകാരണം എന്നിരിക്കട്ടെ. അതാണ് ഗാലക്‌സികളെയും ബ്ലാക്ക് ഹോളുകളെയും വേംഹോളുകളെയുമൊക്കെ നിര്‍മ്മിക്കുന്നത്. എല്ലാം അവസാനം മെസ്സിയോണ്‍ ആയിത്തീരും…എല്ലാം വരുന്നത് അതില്‍ നിന്നാണ്…എല്ലാം അങ്ങോട്ടുപോകുന്നു…അത് അചരവും അമരവുമാണ്….. ഗാലക്‌സികള്‍ മെസ്സിയോണിന്റെ അവാന്തര അവസ്ഥ മാത്രം.. ഒക്കെ നീങ്ങിപ്പോകും.. ആത്യന്തികമായി മെസ്സിയോണ്‍ മാത്രം ശേഷിക്കും….ഒക്കെ സമ്മതിച്ചു. അപ്പോഴും ആവര്‍ത്തിക്കുന്നത് അതേ ചോദ്യങ്ങള്‍: അതുകൊണ്ട് മനുഷ്യനെന്ത്? ഭൂമിക്കെന്ത്? സൂര്യനെന്ത്? മതത്തിനെന്ത്? നാസ്തികതയ്‌ക്കെന്ത്? മതത്തിനു മാത്രം ആ ഊര്‍ജ്ജം റേഷനരിയും മണ്ണെണ്ണയും കൊടുക്കുമെന്ന് പറയുന്നതിന്റെ സാംഗത്യം എന്താണ്? പായസം തിളപ്പിച്ചും പട്ടിണി കിടന്നും ശ്വാസംപിടിച്ചും ആ ‘ഊര്‍ജ്ജ’ത്തെ ചൊറിയുന്നത് എങ്ങനെയാണ്????

ഭൂമിയുടെ നക്ഷത്രം

(1) ഭൂമിക്കു നക്ഷത്രമുണ്ടോ? ഉണ്ട്. അതു സൂര്യനാണ്. എന്നാല്‍ ജ്യോതിഷത്തില്‍ നക്ഷത്രമായി പരിഗണിക്കുന്നതു പലപ്പോഴും കൂറ്റന്‍ നക്ഷത്രസമൂഹങ്ങളോ താരാപഥങ്ങളോ ആണെന്നു നമുക്കറിയാം. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അതിന്റെ ജാതകമെഴുതി ജന്മനക്ഷത്രവും കണ്ടുപിടിച്ചു സമസ്തകാര്യങ്ങളും എഴുതിവെക്കുന്നതുപോലെ പോലെ ഭവനനിര്‍മ്മാണം നടക്കുന്ന ഭൂമിക്കും ജന്മനക്ഷത്രമുള്ളതായി വാസ്തുക്കാര്‍ പറയുന്നു. ഭൂമിയെന്നു പറഞ്ഞാല്‍ വീടു നില്‍ക്കുന്ന, ചുറ്റും കെട്ടി മറച്ച(ഏതെങ്കിലും രീതിയില്‍) പ്ലോട്ട് എന്നെടുക്കണം. ഇന്ത്യയ്ക്കു ഉക്രെയിനുമൊക്കെ ജന്മനക്ഷത്രം നിശ്ചയിച്ചു കൊടുക്കുന്ന ടീമുകള്‍ വീടു നില്‍ക്കുന്ന പുരയിടത്തോട് ദയ കാട്ടുമെന്നു കരുതാനാവില്ലല്ലോ. പഴയ വാസ്തു സിംഹങ്ങളെ അപേക്ഷിച്ചു പുതുമക്കാര്‍ ഭൂനക്ഷത്രത്തിന് വലിയ പ്രാധാന്യം കൊടുക്കാറില്ലെന്ന വാദവമുണ്ട്. Continue Reading

തെക്കോട്ടെടുപ്പിന്റെ ശാസ്ത്രം.

(1) ഭൂമിയില്‍ ആപേക്ഷികമായി ദിക്കു പറയാന്‍ കഴിഞ്ഞാലും ദിക്കു എന്നൊരു സങ്കല്‍പ്പം ഇരുതലമൂര്‍ച്ചയുള്ള വാളാണ്. തികച്ചും വ്യക്തിഗതമാണത്. അതിനു സാര്‍വത്രികമായ അംഗീകാരമില്ല. നീളം, വീതി, ഉയരം തുടങ്ങിയ മാനദണ്ഡങ്ങള്‍ എടുത്താല്‍ ഒരു വലിയ ഭൂവിഭാഗത്തിലുള്ളവര്‍ക്കെല്ലാം അതു ഒരുപോലെ ബാധകമായിരിക്കും. ദിക്കുകള്‍ക്കു അത്രപോലും സാധുതയില്ല. ഒരു റോഡിന്റെ ഇരുവശത്തും വസിക്കുന്ന രണ്ടുപേരെ സംബന്ധിച്ചിടത്തോളം ഒരാള്‍ക്കു റോഡ് വീടിന് പടിഞ്ഞാറ്റും മറ്റേയാള്‍ക്കു കിഴക്കുമാണല്ലോ. നിങ്ങള്‍ എനിക്കു കിഴിക്കാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കു പടിഞ്ഞാറാണ്.

(2) പണ്ടുകാലത്തു, വീടെന്നതു സവര്‍ണ്ണന്റെയും സമ്പന്നന്റെയും മാത്രം ആര്‍ഭാടമാണ്. ഏക്കറു കണക്കിനു ഭൂമിയുള്ളവരാണ് വീട് നിര്‍മ്മിച്ചിരുന്നത്. ഇന്നു ഏതാനും സെന്റു ഭൂമി മാത്രമേ മിക്കവര്‍ക്കുമുള്ളൂ. പ്ലോട്ട് സങ്കല്‍പ്പം വ്യാപമാകുന്നതു അങ്ങനെയാണ്. ഒരേക്കര്‍ പുരയിടം പത്തുപേര്‍ക്കായി വിഭജിക്കുമ്പോള്‍ എല്ലാ ഖണ്ഡങ്ങള്‍ക്കും കൂടി പത്തു വാസ്തുപുരുഷന്‍മാരായി. അതനുസരിച്ചു ദിക്കുകള്‍, ഉപദിക്കുകള്‍ എന്നിവയുടെ എണ്ണവും വര്‍ദ്ധിക്കും. ഒരാളുടെ കന്നിമൂലയ്ക്കടുത്തു വേറൊരാളുടെ കിണറു വരും. ഒരു വാസ്തുപുരഷന്റെ തലയില്‍ തൊട്ടപ്പുറത്തെ പുരുഷന്റെ കാലു വരും. പക്ഷെ ‘വാസ്തുമണ്ഡലം’സൃഷ്ടിച്ചെങ്കിലേ ഇങ്ങനെ ദിക്കു തിരിച്ചു കളിക്കാനാവൂ. Continue Reading

ദിക്കും ലഗാനുമില്ലാതെ

(1) വാസ്തുവും ജ്യോതിഷവുമടക്കമുള്ള തട്ടിപ്പുകളെല്ലാം വിശ്വാസിയുടെ മനോവൃത്തിയാണ്. അന്ധവിശ്വാസം ഏതായാലും കൊതിക്കുന്നതും പേടിക്കുന്നതും ശരിയാക്കിയെടുക്കുന്നതും ‘അനുഭവിക്കുന്നതു’മൊക്കെ വിശ്വാസിയാണ്. തട്ടിപ്പിന്റെ അടിത്തറയെന്ത്, സിദ്ധാന്തമെന്ത് എന്നതൊന്നും വിശ്വാസിക്കൊരു പ്രശ്‌നമല്ല. ഏതു കഥ പറഞ്ഞാലും ഏതു സങ്കേതം അവതരിപ്പിച്ചാലും ഏതു സിദ്ധാന്തം തള്ളിവിട്ടാലും വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാം ഒരുപോലെയാണ്. മിക്കപ്പോഴും അവനത് അറിയാറില്ല, അറിയാനൊട്ടു താല്‍പ്പര്യവുമില്ല. ജ്ഞാനവും തിരിച്ചറിവും അന്ധവിശ്വാസത്തിന്റെ പരമ്പരാഗത ശത്രുവാണ്. തങ്ങളുടെ അന്ധവിശ്വാസം ശാസ്ത്രീയമാണെന്ന മറ്റൊരു അന്ധവിശ്വാസം കൂടി വെച്ചുപുലര്‍ത്തി അഭിമാനിക്കുന്ന വിദ്യാസമ്പന്നരായ അല്‍പ്പബുദ്ധികള്‍ നിരവധിയാണ്. ശ്രദ്ധിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്കു മനസ്സിലാക്കാന്‍ പലതുണ്ട്.

Continue Reading

മിന്നല്‍ കൊടിമരം

മിന്നല്‍ കൊടിമരം

”ക്ഷേത്രത്തിലെ കൊടി മരത്തെക്കാള്‍ ഉയരത്തില്‍ വീടു കെട്ടരുതെന്നു പറയുന്നതു വീടിനു മിന്നല്‍ അടിക്കാതിരിക്കാനാണ്. അതുപോലെ, പടിഞ്ഞാറു ഭാഗത്ത് ദ്വാരം ഉണ്ടാക്കിയില്ലെങ്കില്‍ ഭഗവതിയുടെ നോക്കിനു തടസം ഉണ്ടാകും എന്നു പറയുന്നതു പടിഞ്ഞാറന്‍ കാറ്റ് വീടിന്നുള്ളില്‍ കടക്കാന്‍ തന്നെയാണ് ”- ഫേസ് ബുക്കില്‍ കണ്ട കമന്റ്.

(1) 1752 ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ എന്ന അമേരിക്കക്കാരനാണ് ഇടി മിന്നല്‍ രക്ഷാകവചം കണ്ടുപിടിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് അതിനു പ്രചാരം സിദ്ധിക്കുന്നത്. ഇന്ത്യയിലെത്തിയപ്പോള്‍ പിന്നെയും വൈകി. അതുവരെ എങ്ങനെയാണ് ക്ഷേത്രത്തിലെ കൊടിമരങ്ങള്‍ സമീപത്തുള്ള വീടുകളെ സംരക്ഷിച്ചിരുന്നത്? ദൈവത്തിനും രാജാവിനും മുകളില്‍ മനുഷ്യന്‍ വസിക്കരുതെന്ന സരളവും പ്രാകൃതവുമായ മതയുക്തി മാത്രമാണു ഈ അന്ധവിശ്വാസത്തിന്റെ പിന്നിലുള്ളത്. മറിച്ചുള്ള ഇടിമിന്നല്‍ വിശദീകരണങ്ങളൊക്കെ വെറും പുകയാണ്. കൊടിമരത്തിന്റെ ഉയരം വീടുകളെ രക്ഷിക്കുമെങ്കില്‍ സമീപസ്ഥങ്ങളായ വന്‍വൃക്ഷങ്ങളും കുന്നുകളും പര്‍വതങ്ങളും സമാന ദൗത്യം കുറെക്കൂടി സ്തുത്യര്‍ഹമായി നിര്‍വഹിക്കേണ്ടതല്ലേ? Continue Reading

‘പോരു പാര്‍ത്തനോടു വേണ്ട’

‘പോരു പാര്‍ത്തനോടു വേണ്ട’

(1) യേശു ‘കന്യകാ പുത്രനാണെന്ന വാദം തീര്‍ത്തും അസംഭവ്യമാണോ? പാര്‍ത്തനോജനസിസ് (Parthenogenesis)എന്നൊരു അലൈംഗിക പ്രത്യുത്പ്പാദ മാര്‍ഗ്ഗമുണ്ട്. മറിയത്തില്‍ സംഭവിച്ചത് അതായിക്കൂടെ? ദൈവത്തിന് എന്താ ആയിക്കൂടാത്തത്? ഇങ്ങനെയൊരു ചളിപ്പന്‍വാദം നിങ്ങളില്‍ പലരും കേട്ടിട്ടുണ്ടാവണം. ജീവശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങി ശ്വാസംകിട്ടാതെ കഷ്ടപ്പെടുന്ന മതജന്മങ്ങളാണ് ഇത്തരം തള്ളിവിടലുകള്‍ നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ കാര്യമുണ്ടെന്ന് തോന്നിയേക്കാവുന്ന ഈ മതവാദവും സത്യത്തില്‍ ഉണ്ടായില്ലാ വെടിയാണ്. Continue Reading

നീ എന്നെ കലാകാരനാക്കി

(1) മനുഷ്യന് അനന്യമായ(unique) നിരവധി ശേഷികളുണ്ടെന്ന് നാം പറയാറുണ്ട്. പക്ഷെ മനുഷ്യന് മാത്രമല്ല അവയുള്ളത്. എക്കോലൊക്കേഷനിലൂടെ കാണുന്ന വാവലുകളും ചില തിമിംഗലങ്ങളും വളരെ ഉന്നതവും ആധുനികവുമായ സാങ്കേതികവിദ്യയാണ് സ്വായത്തമാക്കിയിരിക്കുന്നത്. ഗന്ധം തിരിച്ചറിയാനുള്ള നായയുടെ ശേഷിയും ചില ജീവികളുടെ രാത്രിക്കാഴ്ചയും ആനയുടെ കരുത്തും പുള്ളിപ്പുലിയുടെ വേഗതയും പരുന്തിന്റെ ദൂരക്കാഴ്ചയുമൊക്കെ അനന്യമായി കാണേണ്ടതല്ലേ? നാം ആഘോഷപൂര്‍വം കെട്ടിഘോഷിക്കുന്ന സ്‌നേഹം, കരുണ, ദയ, സഹവര്‍തിത്വം, സംഘബോധം, കുടുംബബന്ധം…. തുടങ്ങിയവയുടെയൊക്കെ പ്രാഥമികരൂപങ്ങള്‍(elementary forms) ജീവിലോകത്തിന്റെ വ്യത്യസ്തതലങ്ങളില്‍ ഏറിയുംകുറഞ്ഞും കണ്ടെത്താനാവുമെന്നതിലും തര്‍ക്കമില്ല. സമൂഹമായി ജീവിക്കുന്ന ജീവികളിലാണ് സാമൂഹികമൂല്യങ്ങള്‍ ഉരുവംകൊള്ളുന്നത്. കൂടുതല്‍ വികസിതമായ മസ്തിഷ്‌ക്കമുള്ള മനുഷ്യന്‍ കുറെക്കൂടി ഉയര്‍ന്ന നിലയിലുള്ള സംസ്‌ക്കാരവും നാഗരികതയും കെട്ടിപ്പടുത്തുവെന്ന് ജൈവപരിണാമം സ്ഥിരീകരിക്കുന്നു. Continue Reading

പാട്രിക്കിന്റെ ഇരട്ട

(1) ”മുമ്പു കണ്ടതുപോലെ, മസ്തിഷ്‌ക്കത്തിന്റെ വലത്തെ അര്‍ദ്ധഗോളത്തിന്റെ ജോലികളിലൊന്ന് നിസ്സംഗനായി മാറിനിന്ന് നിങ്ങളുടെയും നിങ്ങളുടെ അവസ്ഥയുടെയും ഒരു ‘വിശാലചിത്രം’ ഉണ്ടാക്കുക എന്നതാണ്. പുറത്തുള്ള ഒരാളുടെ വീക്ഷണകോണില്‍ നിങ്ങളെ ‘കാണാനുള്ള’കഴിവും ഈ ദൗത്യത്തിന്റെ ഭാഗമാണ്. ഉദാഹരണമായി, ഒരു പ്രസംഗത്തിന് തയ്യാറെടുക്കുമ്പോള്‍ പ്രസംഗപീഠത്തില്‍ നിങ്ങള്‍ ഉലാത്തുന്നത് സദസ്സിലിരുന്നു കാണുന്നതായി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവും. Continue Reading

തെക്കുവടക്ക് കഥകള്‍

വിനീതമായ ചോദ്യം: സര്‍, വടക്കോട്ട് തല വെച്ച് ഉറങ്ങാമോ?

(1) അത്യുഷ്മാവിലും അതിമര്‍ദ്ദത്തിലും സദാ ഉരുകി തിളച്ചുമറിയുന്ന മാഗ്മയാണ് (Magma: a mixture of molten or semi-molten rocks) ഭൗമാന്തര്‍ഭാഗത്തുള്ളത്. ഈ മാഗ്മയുടെ കവചത്തിന് മുകളിലാണ് നാം ജീവിക്കുന്നത്. ഇരുമ്പ്, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയ കാന്തികപ്രഭാവമുള്ള മൂലകങ്ങള്‍ക്ക് ഭൂമിയുടെ അകക്കാമ്പില്‍ പ്രാമുഖ്യമുണ്ട്. ഭൗമാന്തര്‍ഭാഗത്തെ മഗ്മയുടെ അവസ്ഥ പ്രസ്തുത മൂലകങ്ങളെ അയണീകരിക്കപ്പെട്ട അവസ്ഥയിലെത്തിക്കുന്നു. ചാര്‍ജ് ഉള്ള ആറ്റങ്ങളാണ് അയോണുകള്‍. ഭൂമി മണിക്കൂറില്‍ ഏതാണ്ട് 1607 കി.മീ വേഗതയില്‍ (1607 Km/hr)സ്വയം ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹമാണ്. ഭൂമി സ്വയം കറങ്ങുമ്പോള്‍ ഉള്ളിലുള്ള മഗ്മയും ഒപ്പം ചുഴറ്റപ്പെടുന്നു. പ്രസ്തുത മഥനം മൂലം ചാര്‍ജുള്ള പദാര്‍ത്ഥങ്ങള്‍ ഇരു ധ്രൂവങ്ങളിലേക്കും അടിഞ്ഞുകൂടുന്നു. ഇതുമൂലം ഭൂമിക്ക് കാന്തിക ഉത്തരധ്രൂവവും കാന്തിക ദക്ഷിണധ്രൂവവും ഉണ്ടാകുന്നു. ഭൂമിക്ക് കാന്തികധ്രൂവീയത സംജാതമാകുന്നത് അങ്ങനെയാണ്. ചുരുക്കത്തില്‍ കാന്തികപ്രഭാവമുള്ള അയണീകരിക്കപ്പെട്ട വസ്തുക്കള്‍ അതിവേഗം ചുഴറ്റപ്പെടുന്നതുകൊണ്ടാണ് ഭൂമിക്ക് കാന്തിക ധ്രൂവീയത ഉണ്ടാക്കുന്നത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളില്‍ ഇത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നില്ല. മാത്രമല്ല മനുഷ്യനിലെ രക്തം ഉള്‍പ്പെടെയുള്ള ദ്രവപദാര്‍ത്ഥങ്ങള്‍ അതിവേഗമുള്ള ചുഴറ്റലിന് വിധേയമാകുന്നില്ല. അതുകൊണ്ടു തന്നെ മനുഷ്യന് പരിഗണിത്തക്കവിധം കാന്തികധ്രൂവിയതയുമില്ല. ഉണ്ടെങ്കില്‍ തന്നെ സങ്കല്‍പ്പിക്കാവുന്നതിലും വളരെ വളരെ നിസ്സാരമായിരിക്കുമത്.

(2) മനുഷ്യശരീരത്തില്‍ 75 ശതമാനത്തിലധികം ജലമാണെങ്കിലും ആ ജലം സമുദ്രജലം, മാഗ്മ എന്നിവയെപ്പോലെ ഏകതാനതയുള്ളതോ വലുതോ സ്വതന്ത്രമോ ചലനാത്മകമോ അല്ല. അതിശക്തമായ തന്മാത്രബന്ധനങ്ങളില്‍ കുടുങ്ങിയ രീതിയിലാണ് നമ്മുടെ ശരീരത്തില്‍ ജലമുള്ളത്. കോശങ്ങള്‍ക്കുള്ളില്‍ തന്മാത്രാരൂപത്തില്‍ അവ തളയ്ക്കപ്പെട്ടിരിക്കുന്നു;ത്വക്ക് പോലുള്ള ഒരു ഖരാവരണം മുകളിലുണ്ടുതാനും. രക്തം ചലനാത്മകമാണെങ്കിലും രക്തക്കുഴലുകള്‍ക്കുള്ളിലൂടെയാണ് അതൊഴുകുന്നത്. താരതമ്യേന ഉയര്‍ന്ന മര്‍ദ്ദനിരക്കിലുള്ള(above 80 mm of mercury)ഈ രക്തപ്രവാഹത്തെ ചുഴറ്റിയടിക്കുക എളുപ്പമല്ല. മനുഷ്യശരീരത്തിലെ ജലത്തെ ചന്ദ്രന് ആകര്‍ഷിക്കാനാവില്ലെന്ന് പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

(3) ഭൂമിയുടെ കാന്തികധ്രൂവീയത( direction of magnetic polarity) സ്ഥിരമല്ലെന്നും ശരാശരി നാലര ലക്ഷം വര്‍ഷങ്ങളില്‍ അത് മാറി മറിയുന്നുണ്ടെന്നും ശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് തെക്കു-വടക്കുകള്‍ മാറിമറിയുന്നു. തെക്ക് വടക്കാകുന്നു-വടക്ക് തെക്കാകുന്നു. ശരാശരി നാലര ലക്ഷം എന്നു പറയുമ്പോള്‍ ചിലപ്പോള്‍ ഇത് ഏറിയും കുറഞ്ഞുമിരിക്കും. ഏറ്റവും ഒടുവില്‍ ഭൂമിയുടെ കാന്തികധ്രൂവീയത മാറി മറിഞ്ഞത് ഏകദേശം 7.8-8 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 8 ലക്ഷം വര്‍ഷത്തിന് മുമ്പ് ഒരു വടക്കുനോക്കി യന്ത്രം ഉപയോഗിച്ചിരുന്നെങ്കില്‍ അതിന്റെ സൂചി ഇന്ന് നാം തെക്കായി പരിഗണിക്കുന്ന ദിശയിലേക്ക് തിരിയുമായിരുന്നു. പക്ഷെ അതിന് ശേഷം 41000 വര്‍ഷത്തിന് മുമ്പ് വീണ്ടും കാന്തികധ്രൂവദിശ തിരിച്ചായി . പക്ഷെ ഈ വ്യതിയാനം കേവലം 440 വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. തുടര്‍ന്ന് ധ്രൂവീയത വീണ്ടും പഴയതുപോലെയായി. ഇന്നും പ്രസ്തു അവസ്ഥ തുടരുന്നു. The process is called ‘reverse polarity’. ഭൗമധ്രൂവീയതയും കാന്തികധ്രൂവീയതയും രണ്ടാണ്. ഭൗമധ്രൂവീയത സ്ഥിരമാണ്, കാന്തിക ധ്രൂവീയത അങ്ങനെയല്ല. ഇന്ന് ഭൂമിയുടെ ഭൗമധ്രൂവീയതയും കാന്തികധ്രൂവീയതയും ഉത്തരധ്രൂവത്തെ കേന്ദ്രീകരിച്ചാണ്. പക്ഷെ ഇതെന്നും ഇങ്ങനെയാവണമെന്നില്ല. പക്ഷെ അപ്പോഴും ഭൗമ ഉത്തരധ്രൂവം സ്ഥിരമായിരിക്കും.

(4) പറഞ്ഞുവരുന്നതിതാണ്: ഭൂമിയുടെ തെക്കുവടക്കും കാന്തികധ്രൂവങ്ങളും എക്കാലത്തും ഒരു പോലെയല്ല. കാന്തികധ്രൂവങ്ങള്‍ മാറി മറിഞ്ഞുവരും. ഇത് വിശദീകരിക്കുന്ന കമ്പ്യൂട്ടര്‍ സിമുലേഷന്‍ സോഫ്റ്റ് വെയറുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വടക്കോട്ട് തല വെച്ച് കിടന്നാല്‍ പ്രശ്‌നമാകും എന്നു പറയുന്നത് പൂച്ച കുറുക്കു ചാടിയാല്‍ മണ്ട മറിയും എന്നു പറയുന്നതുപോലെയേ ഉള്ളൂ. ഭൂമിയില്‍ സൂര്യന്‍ ഉദിക്കുന്നതായി അനുഭവപ്പെടുന്ന ദിക്കിന് കിഴക്ക് എന്ന് പറയുന്നു. അതിനനുസരിച്ച് സൗകര്യാര്‍ത്ഥം മറ്റ് ദിക്കുകള്‍ തിട്ടപ്പെടുത്തുന്നു. എന്തെന്നാല്‍ നാമെല്ലാം ജീവിക്കുന്നത് ഗോളത്തിന്റെ ഉപരിതലത്തിലാണെങ്കിലും പരന്നപ്രതലത്തില്‍ ജീവിക്കുന്ന പ്രതീതിയിലാണ് നമ്മുടെ മസ്തിഷ്‌ക്കം ചുറ്റുപാടുകള്‍ നിര്‍ധാരണം ചെയ്യുന്നത്- എക്കാലത്തും അതങ്ങനെതന്നയായിരുന്നു. പക്ഷെ ഒരു ഗോളത്തെ സംബന്ധിച്ചിടത്തോളം ദിശ/ദിക്ക് എന്ന സങ്കല്‍പ്പം അപ്രസക്തമാണ്. നേര്‍രേഖയില്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ പടിഞ്ഞാറ് എത്തിച്ചേരും, പിന്നെയും സഞ്ചരിച്ചാല്‍ ആരംഭബിന്ദുവിലും.

(5) ഭൂമി പരന്നതായി അനുഭവപ്പെടുകയും അതങ്ങനെതന്നെയെന്ന് വിശ്വസിക്കുകയും ചെയ്ത ജനമാണ് ദിക്കുകള്‍ നിര്‍വചിച്ചത്. പ്രാദേശികമായ ആവശ്യങ്ങള്‍ക്ക് ഇന്നും ദിക്കുകള്‍ സഹായകരമാണ്. എങ്കിലും ഭൂമിയെ മുഴുവനായി പരിഗണിക്കുമ്പോള്‍ ദിക്കുകളില്ല. ലോകമെമ്പാടുമുള്ള മുസ്‌ളീങ്ങള്‍ മെക്കയിലെ കഅബ ദിശ(കിബ്‌ല)യായി കണ്ട് അങ്ങോട്ട് തിരിഞ്ഞുനിന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. മതവിശ്വാസങ്ങളെല്ലാം പൊതുവെ പരന്നഭൂമിയുടെ ഉത്പ്പന്നങ്ങളായതിനാലാണ് ഈ തമാശ അരങ്ങേറുന്നത്. ഇന്ത്യന്‍ മുസ്‌ളീമിന് കൃത്യമായും മെക്കയ്ക്ക നേരെ നിന്ന് നിസ്‌ക്കരിക്കാനാവില്ല. അങ്ങനെ ചെയ്യുന്നുവെന്ന ധാരണയില്‍ അയാള്‍ ശരിക്കും തുറന്ന സ്‌പേസിലേക്കോ മണ്ണിലേക്കോ തന്റെ ദിശ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. മെക്കയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന ധാരണയില്‍ അയാള്‍ ശരിക്കും അഭിമുഖീകരിക്കുന്നത് തറയേയോ വിദൂരത്ത് എവിടെയോ നില്‍ക്കുന്ന ഗ്രഹങ്ങളെയോ ഗാലക്‌സികളെയോ ആണ്! മെക്കയ്ക്ക് അടുത്ത് നില്‍ക്കുന്നവര്‍ക്ക് ദിക്കും ദിശയും പ്രസക്തമാകും. പക്ഷെ ദൂരം കൂടുമ്പോള്‍ ഭൂമിയുടെ ഗോളീയവക്രത(spherical curvature) കാരണം ദിക്കും ദിശയും ക്രമേണ അപ്രസക്തമാകും.

ഇന്ത്യന്‍ അന്ധവിശ്വാസം വടക്കോട്ട് തല വെക്കരുതെന്നാണെങ്കില്‍ അയല്‍ക്കാരായ ചൈനക്കാര്‍ പറയുക തെക്കോട്ട് തലവെക്കരുതെന്നാണ്. തെക്ക് ദിശയില്‍ വാതിലുകള്‍ പാടില്ലെന്നും അവര്‍ പറയും. എന്തെന്നാല്‍ ചൈനക്കാരുടെ മരണദേവന്‍ കടന്നുവരുന്നത് തെക്കുനിന്നാണ്. വാതില്‍ വെച്ചുകൊടുത്താല്‍ ടിയാന്‍ അനായാസം വീട്ടിനുള്ളില്‍ കടന്നുവരും!

(6) ഭൂമിയുടെ ഉത്തരകാന്തികധ്രൂവവും(magnetic north) മനുഷ്യശരീരത്തിന്റെ ഉത്തരകാന്തികധ്രൂവവും(?) വടക്കായതിനാല്‍ വടക്കോട്ട് തലവെച്ച് ഉറങ്ങിയാല്‍ സമാനചാര്‍ജ്ജുകളുടെ വികര്‍ഷണം മൂലം ശരീരത്തിന്റെ ഉത്തരകാന്തികധ്രൂവവും ഭൂമിയുടെ ഉത്തരകാന്തികധ്രൂവവും തമ്മില്‍ പോരാട്ടത്തില്‍ ഏര്‍പ്പെടുകയും ആത്യന്തികമായി ഭൂമിയുടെ ഉത്തരധ്രൂവം വിജയിക്കുകയും ചെയ്യും. ഇതുമൂലം രാവിലെ എഴുന്നേല്‍ക്കുമ്പോല്‍ വല്ലാത്ത ക്ഷീണവും വിളര്‍ച്ചയും അനുഭവപ്പെടും- ഇതാണ് ഇന്ത്യന്‍ അന്ധവിശ്വാസത്തിന്റെ കാതല്‍. പണ്ട് ഏതോ മിടുമിടുക്കന്‍ ഋഷിക്ക് രാവിലെ എഴുന്നേറ്റപ്പോള്‍ അസ്വസ്ഥതയോ ഛര്‍ദ്ദിലോ തോന്നിയിട്ടുണ്ടാവാം. തലേ ദിവസം രാത്രിയില്‍ സേവിച്ച സോമത്തിന്റേതല്ല സ്വാധീനമല്ല അതെന്ന് പ്രസ്തുത ഋഷി തിരിച്ചറിയുന്നു. തടുര്‍ന്ന് ഉറക്കത്തില്‍ താന്‍ തല വെച്ച ദിശയാവാം ക്ഷീണത്തിന് കാരണമെന്ന് മഹാമുനിക്ക് വെളിപാടുണ്ടാകുന്നു. ഇക്കാര്യം അദ്ദേഹം പലരോടും പറയുകയും അതേ തുടര്‍ന്ന് അടുത്ത ദിവസംമുതല്‍ വടക്കോട്ട് തല വെച്ച പലര്‍ക്കും രാവിലെ അസ്വസ്ഥത ഉണ്ടായതായി ”പൊലിപ്രാഭാവ”ത്തിന്റെ (placebo effect) സ്വാധീനത്തില്‍ തോന്നുകയും അത് പിന്നീട് കിടിലന്‍ ഛാത്രമായി മാറുന്നു- ഇതാവാം സംഭവം!

(7) തെക്കോട്ട് തലവെക്കുന്നതാണ് നല്ലതെന്ന് കേട്ട് അങ്ങനെ ചെയ്ത പലര്‍ക്കും പൊലിപ്രഭാവ സ്വാധീനത്താല്‍ രാവിലെ വലിയ ഉന്മേഷം തോന്നിയിട്ടുണ്ടാവാം! കാന്തികപ്രഭാവം എന്നൊന്ന് ഉണ്ടെന്നും ഭൂമിക്ക് കാന്തികധ്രൂവീയത ഉണ്ടെന്നുമൊക്കെ സയന്‍സ് മനസ്സിലാക്കിയതിന് എത്രയോ മുമ്പാണ് ഇത്തരം ഛാത്രങ്ങള്‍ ഉണ്ടായതെന്നോര്‍ക്കുക! സംഗതി ഇത്രയേ ഉള്ളൂ: ദിശ ഏതോ ആയിക്കോട്ടെ അന്ധവിശ്വാസിയോട് ഏതെങ്കിലും ഒരു ദിശയുടെ കാര്യം പറഞ്ഞ് പേടിപ്പിച്ചാല്‍ അത് അനുഭവിച്ചെടുക്കുന്ന കാര്യം അയാളുടെ മസ്തിഷ്‌ക്കം ഏറ്റെടുത്തുകൊള്ളും. വടക്കോട്ട് തല വെച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസികള്‍ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ബാക്കിയുള്ളവര്‍ ഏത് ദിശയില്‍ തല വെച്ച് ഉറങ്ങിയാലും സമം ഗുണം.

(8) ലോകത്തെമ്പാടും ദിശയെ അടിസ്ഥാനപ്പെടുത്തി മനോഹരമായ അന്ധവിശ്വാസങ്ങള്‍ നെയ്തുകൂട്ടിയിട്ടുണ്ട്. പലര്‍ക്കും ഭിന്ന ദിശകളാണ് പ്രശ്‌നം. ചിലര്‍ക്ക് വടക്ക് പ്രശ്‌നമാണെങ്കില്‍ മറ്റു ചിലര്‍ക്ക് തെക്കും കിഴക്കുമാണ് വില്ലന്‍! ദിശയേ മാറുന്നുള്ളു, അന്ധിവിശ്വാസങ്ങളുടെ സ്വഭാവവും പിന്നാമ്പുറക്കഥകളും ഏതാണ്ട് സമാനമായിരിക്കും. വടക്കോട്ട് തല വെച്ചാല്‍ യഥാര്‍ത്ഥത്തില്‍ പ്രശ്‌നമാണെങ്കില്‍ തെക്കുവടക്ക് അറിയാതെ ജീവിച്ച നമ്മുടെ പൂര്‍വികരില്‍ പലരുടെയും തലമണ്ടയുടെ ഐ.സിയും മദര്‍ബോര്‍ഡുമൊക്കെ അടിച്ചുപോയേനെ. ഗൂഹാമനുഷ്യരും കാട്ടാളന്‍മാരുമൊക്കെ മൈഗ്രെയിന്‍ കാരണം ഭ്രാന്തരായിപ്പോകുമായിരുന്നു. ഇന്നും ഈ വടക്കുഛാത്രം അറിയാതെ ജീവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ലോകജനതയുടെ കാര്യമൊന്നോര്‍ത്തു നോക്കൂ! മാത്രമല്ല ആന, കാള, പശു, സിംഹം… തുടങ്ങി ബാക്റ്റീരിയ വരെയുള്ള ജീവജാലങ്ങളുടെ കാര്യവും തഥൈവ. അവയൊന്നും തെക്കുവടക്ക് നോക്കിയല്ലല്ലോ ശയനം നടത്തുന്നത്!അവര്‍ക്കിടയില്‍ ഛാത്രം നേരത്തെ കണ്ടുപിടിക്കുന്ന സ്വഭാവമുള്ള മ്യാരകഋഷിമാരുമില്ല. വടക്കോട്ടെ തല വെക്കരുത്, തെക്കോട്ട് കാലു വെക്കരുത്, പടിഞ്ഞാറോട്ട് മൂക്ക് വെക്കരുത് എന്നൊക്കെയുള്ള ലാവണ്യനിബിഡമായ അന്ധവിശ്വാസങ്ങള്‍ ചുമക്കാത്തവരെ സംബന്ധിച്ചിടത്തോളം അത്യാവശ്യം കഷ്ടപ്പാടില്ലാതെ ജീവിച്ചുപോകാം. അതില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വടക്കോട്ട് തലവെച്ച് ഉറങ്ങിയാല്‍ രാവിലെ തെക്കോട്ട് എടുക്കേണ്ടി വരുമെന്ന് കഠോരന്റെ ഘോരശാസ്ത്രത്തില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

Copyright © 2016. Powered by WordPress & Romangie Theme.