മഞ്ഞുമലയുടെ മുനമ്പ്

3

ഇന്ത്യയില്‍ മതമില്ലാത്തവരുടെ എണ്ണം 29 ലക്ഷമാണെന്ന് 2011 ലെ സെന്‍സസ് കണക്കുകള്‍. കേരളത്തിലിത് 88155 പേരാണത്രെ(45188 സത്രീകള്‍, 42967 പുരുഷന്‍മാര്‍). സ്ത്രീകളാണ് കേരളത്തിലെ മതരഹിതരില്‍ കൂടുതലെന്നത് അതിശയകരമായി തോന്നി. മതരഹിതരുടെ എണ്ണം തീരെ കുറവാണ് എന്നു പലരും പരിഹസിക്കുന്നതു കേട്ടു. ഈ പരിഹാസം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന ഒന്നല്ല. അവിശ്വാസികളില്‍ ഭൂരിപക്ഷവും ‘കുളിമുറി നാസ്തികരാ’ണെന്നിരിക്കെ(closet atheists) ഔദ്യോഗികമായി തന്നെ അവര്‍ മതനിഷേധം രേഖപ്പെടുത്താന്‍ സാധ്യത കുറവാണ്.ഇത്രയും പേര്‍ റിപ്പോര്‍ട്ട് ചെയ്തു എന്നതു നിസ്സാരമല്ല. മഞ്ഞുമലയുടെ മുനമ്പ് മാത്രമാണ് ഈ കണക്കുകള്‍. It is just the tip of the iceberg!

മതരഹിതരില്‍ ഭൂരിഭാഗത്തിനും പട്ടികയില്‍ എത്താനായിട്ടില്ല എന്നതു ഒരു വസ്തുതയാണ്. സെന്‍സസ് എടുക്കാന്‍ വരുന്ന ടീമിനെ മതരഹിതനാണെന്നും കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഈ പട്ടികയില്‍ കയറി പറ്റാനാവൂ. മിക്കവാറും കുടുംബവും ജാതിയുമൊക്കെ നോക്കി ആളുകളെ ഏതെങ്കിലും മതത്തില്‍ ഉള്‍പ്പെടുത്തി ജോലി തീര്‍ക്കാനായിരിക്കും സെന്‍സസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുക.

വ്യക്തിഗത അനുഭവം പറയാം. ചങ്ങനാശ്ശേരിയില്‍ ആദ്യം വന്ന സെന്‍സസ് ടീം മതവും ജാതിയുമൊന്നും ചോദിച്ചിരുന്നില്ല. രണ്ടാമതു വന്നപ്പോള്‍ ഞങ്ങള്‍ നാട്ടിലായിരുന്നു. അയല്‍പക്കത്തു ചോദിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി അവര്‍ പോയി. എന്തായിരിക്കും എഴുതിവെച്ചിട്ടുണ്ടാവുക എന്നൂഹിക്കാവുന്നതേയുള്ളൂ. എനിക്കു റേഷന്‍കാര്‍ഡും വോട്ടവകാശവുമുള്ളത് പവിത്രേശ്വരത്താണ്. അവിടെ സെന്‍സസ് ടീം ആദ്യം വന്നപ്പോള്‍ ഞാനില്ല. രണ്ടാമതു വന്നപ്പോള്‍ ശരിയായ വിവരം കൊടുക്കാനായി. അതിനായി ഡേറ്റാഷീറ്റ് തിരുത്തിക്കേണ്ടി വന്നു. കാരണം ജോലി എളുപ്പമാക്കാനാവണം അവര്‍ ജാതി-മത കോളമൊക്കെ മുന്‍കൂട്ടി ടിക്ക് ചെയ്താണ് വന്നിരുന്നത്!

ഭൂരിഭാഗം മതരഹിതര്‍ക്കും ഇതൊക്കെ തന്നെയാണ് അനുഭവം. വീട്ടില്‍ ആളുണ്ടെങ്കില്‍ തന്നെ മതരഹിതനായ വ്യക്തി നേരിട്ടു ഹാജരല്ലെങ്കില്‍ മറ്റു കുടുംബാംഗങ്ങളുടെ മതത്തില്‍ തന്നെയാവും അവരെയും പെടുത്തുക. പ്രവാസികളുടെ(other states) പേരുകള്‍ മിക്കപ്പോഴും മതകോളത്തിലാവും വീഴുക. വീട്ടിലുണ്ടെങ്കിലും മാതാപിതാക്കളെയോ മുതിര്‍ന്നവരെയോ ഭയന്നു തുറന്നു പറയാത്തവരും നിരവധിയുണ്ടാവും. അവിശ്വാസത്തില്‍ നിന്നും മതാരഹിത്യം പരസ്യമായി പ്രഖ്യാപിക്കുന്നതിലേക്കു പോകാന്‍ ഭൗതികവും വൈകാരികവുമായ പല തടസ്സങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ജനിച്ച മതത്തിന്റെ പേരു കൊടുക്കാന്‍ നിര്‍ബന്ധിതരായവരുമുണ്ടാകാം. മതങ്ങള്‍ക്കോ ജാതികള്‍ക്കോ ഇത്തരത്തില്‍ ഒരംഗത്തെ കൂടി നഷ്ടപ്പെടാനിടയില്ലെന്നു മാത്രമല്ല. വിശ്വാസികളല്ലാത്ത, മതനിഷേധികളായ നിരവധി പേര്‍ ബഹുവിധ കാരണങ്ങളാല്‍ മതപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുമെന്നും ഉറപ്പാണ്.

ടാബുലേഷന്‍ ടീം ഡേറ്റാ ഷീറ്റുകള്‍ കൃത്യമായി പരിശോധിക്കാതിരുന്നാലും അതു മതരഹിതരെ ബാധിക്കും. കുടുംബനാഥന്റെ മാത്രം മതം/ജാതി നോക്കി ബാക്കിയെല്ലാവര്‍ക്കും അതേ കോളങ്ങള്‍ ടിക്ക് ചെയ്യുകയാണ് പലരുമവിടെ ചെയ്യുന്നത്. പേര് മതപട്ടികയില്‍ ഉള്‍പ്പെടുത്തി പോയ സെന്‍സസ് ടീമിനെ തേടിപ്പിടിച്ച് ഡേറ്റാ ഷീറ്റ് തിരുത്തിയ സുഹൃത്തുക്കളെ അറിയാം. പക്ഷെ ഭൂരിഭാഗത്തിനും അതിനൊന്നും കഴിഞ്ഞിട്ടില്ല. എന്നിട്ടും രാജ്യത്ത് 29 ലക്ഷം പേര്‍ ആ പട്ടികയില്‍ വന്നു എന്നതു ശ്രദ്ധേയമാണ്. ഒന്നും ലഭിക്കില്ലെന്നും പലതും നഷ്ടപ്പെടുമെന്നും അറിഞ്ഞുകൊണ്ടും മാനവികമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച അവര്‍ പട്ടികയിലെത്താന്‍ കഴിയാതെ പോയ ദശലക്ഷങ്ങള്‍ വരുന്ന സമാനമനസ്‌ക്കരുടെ പ്രതിനിധികളാണ്.

കേരളത്തില്‍ 88115 പേര്‍ പട്ടികയില്‍ കയറിക്കൂടിയെങ്കില്‍ ഇവിടെ മതരഹിതര്‍ സ്ഥിരം അധിക്ഷേപിക്കപ്പെടുന്നതുപോലെ വെറും ”നാലുംമൂന്നും ഏഴു” പേരല്ലെന്ന് വ്യക്തം. വര്‍ദ്ധിച്ചുവരുന്ന മതതിമിരത്തിനിടയിലും വിട്ടുവീഴ്ചയില്ലാതെ മതരാഹിത്യം ഉയര്‍ത്തിപ്പിടിക്കുന്ന പതിനായിരങ്ങള്‍ ഇവിടെയുണ്ടെന്നത് ആശ്വാസകരമാണ്. മതേതരും നാസ്തികരുമാണെങ്കിലും പട്ടികയില്‍ കയറാനാവാതെ പോയ ലക്ഷങ്ങളെയാണവര്‍ പ്രതിനിധീകരിക്കുന്നത്. നിലവിലുള്ള സൂചനകള്‍ പരിഗണിച്ചാല്‍ ആ സംഖ്യയില്‍ വരുംകാലത്തു നല്ല വര്‍ദ്ധനയുണ്ടായേക്കും. മനുഷ്യനാണെന്നു സ്വയം അടയാളപ്പെടുത്താന്‍ കൊതിക്കുന്നവര്‍ക്കു ആശാവഹമായ ഒരു സ്ഥിതിവിശേഷമാണിത്.

Copyright © 2016. Powered by WordPress & Romangie Theme.