ദര്‍പ്പണത്തിലെ മാലിന്യം

4

ദര്‍പ്പണത്തിലെ മാലിന്യം

(1) ഇന്നു രാവിലെ മുതല്‍ രാഹുല്‍ പശുപാലനെ( Kiss of Love activist) കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരണം ആരാഞ്ഞ് മെസേജുകളും ഫോണ്‍വിളികളുമുണ്ടായതു വിചിത്രമായി തോന്നി. Don’t know why people ask me to EXPLAIN! രാഹുല്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെങ്കില്‍ അതു നിയമപ്രകാരം കൈകാര്യം ചെയ്യേണ്ട വിഷയമാണ്. അതിനെ ചുംബനസമരം എന്ന പ്രതീകാത്മക സമരവുമായി ബന്ധിപ്പിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കഥയില്ല. അതൊരുതരം തരംതാണ ചൊരുക്കുതീര്‍ക്കലാണ്. ചുംബനസമരത്തില്‍ പങ്കെടുത്തവര്‍ ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ ചുംബനസമരത്തെ സാധൂകരിക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ കോട്ടങ്ങളും അത്തരത്തില്‍ തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്.

(2) സ്വാതന്ത്ര്യസമരത്തിലും മാറുമറയ്ക്കല്‍ സമരത്തിലും ഭൂപരിഷ്‌ക്കരണ സമരത്തിലും പങ്കെടുത്ത പലരുടെയും പിന്നീടുള്ള വ്യക്തിഗതജീവിതം പരിശോധിച്ചാല്‍ അതില്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ കണ്ടെത്താനാവും. പലരും പില്‍ക്കാലത്ത് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടാവാം, കേസുകളില്‍ പ്രതികളായിട്ടുണ്ടാവും, ആത്മഹത്യ ചെയ്തിട്ടുണ്ടാവാം….നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടാവാം, സമ്പന്നരായിട്ടുണ്ടാവാം, പ്രസിദ്ധി നേടിയിട്ടുണ്ടാവാം….നല്ലതും മോശവുമായ വാര്‍ത്തകള്‍ അവിടെ കാണാനാവും. പക്ഷെ അവയൊന്നു പ്രസ്തുത ഈ സമരങ്ങളുടെ അന്തസത്തയെ ബാധിക്കുന്നില്ല. ഒരു സമരത്തില്‍ പങ്കെടുത്ത ഒരാള്‍ക്കു പില്‍ക്കാലത്തു ഭ്രാന്തു പിടിച്ചാല്‍ സമരത്തെ ഭ്രാന്തരുടെ സമരം എന്നു വിളിക്കുമ്പോള്‍ നിങ്ങള്‍ ആകെ വിളിച്ചു പറയുന്നത് ആ സമരം നിങ്ങളെ എത്രമാത്രം അലോരസപ്പെടുത്തി എന്നു മാത്രമാണ്.

(3) ചുംബനസമരക്കാരുമായി അഭിമുഖം നടത്തിയത് എന്തിനായിരുന്നു എന്നതാണ് മറ്റൊരു ചോദ്യം. smile emoticon ആശയപരമായി യോജിക്കുന്നവരുമായും അല്ലാത്തവരുമായും അഭിമുഖം നടത്തിയിട്ടുണ്ട്. I met the Kiss of Love team once. രാഹുല്‍ സിനിമാ പ്രവര്‍ത്തകനാണ്;രശ്മി മോഡലും. ഇരുവരും സ്വതന്ത്രചിന്തകരോ നാസ്തികരോ ആണെന്നു ഞാന്‍ കരുതുന്നില്ല-അല്ലെങ്കില്‍ എനിക്കറിയില്ല. രാഹുല്‍ പിടിയിലാകുമ്പോള്‍ കേരളത്തിലെ മോഡലുകളും സിനിമാപ്രവര്‍ത്തകരും മോശക്കാരാണെന്ന വിധി വരുമോ? കേരളത്തില്‍ പെണ്‍വാണിഭരംഗത്തു പ്രവര്‍ത്തിക്കുന്ന ഇടപാടുകാര്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരുടെ കണക്കെടുത്താല്‍ അവരില്‍ മഹാഭൂരിപക്ഷവും ചുംബനസമരവിരുദ്ധ-മതപക്ഷക്കാരായിരിക്കും! അങ്ങനെയാവാന്‍ ഒരു കാരണം അക്കൂട്ടരാണ് കേരളത്തില്‍ കൂടുതല്‍ എന്നതാണ്. സ്ത്രീപീഡനവും അക്രമവും അഴിമതിയും നടത്തുന്നവരുടെ പട്ടിക എടുത്താലും അക്കൂട്ടര്‍ക്കു മൃഗീയ ഭൂരിപക്ഷമുണ്ടാവും. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികപീഡനവും വിവാഹതട്ടിപ്പുമൊക്കെ ഇതേ വിഭാഗങ്ങളുടെ കുത്തകയാണ്. ജയിലിനകത്തും പുറത്തുമുള്ള കുറ്റവാളികളുടെ എണ്ണത്തിലും സ്ഥിതി ഭിന്നമല്ല.

(4) ആശയങ്ങളെ വ്യക്തിതലത്തിലേക്ക് ചുരുക്കുന്നത് മതാത്മകമായ നിലപാടാണ്. ചുംബനസമരം ഏതെങ്കിലും ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുണ്ടായതല്ല. അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സദാചാരപോലീസ് എന്ന സാമൂഹിക വിപത്തിനെതിരെ എതിരെ നടന്ന പ്രതീകാത്മകമായ പൗരസമരമാണത്. ഇന്നും എന്നും പ്രസക്തമായ കാര്യം! സമരം നടത്തിയ നൂറു കണക്കിനു വ്യക്തികള്‍ വേറെയുമുണ്ട്. ഭാവിയില്‍ വ്യക്തിജീവിതത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ചുംബനസമരത്തിന്റെ ബാധ്യതയല്ല. ചുംബനസമരം ആസൂത്രിതമായിരുന്നില്ല. കെട്ടുറപ്പുള്ള ഒരു സംഘടനയോ നീണ്ടകാലത്തെ തയ്യാറെടുപ്പോ അതിന്റെ പിന്നിലുണ്ടായിരുന്നില്ല. എങ്കിലും അതു ലോകശ്രദ്ധ ആകര്‍ഷിച്ചു, ജനം സന്ദേശം ശ്രദ്ധിച്ചു. സമരത്തിനു ശേഷം ‘സദാചാര പോലീസിംഗ്’ വര്‍ദ്ധിച്ചു എന്നു പറയുന്നതില്‍ കഥയില്ല. സമരം ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നതിനെ കുറിച്ച് മുന്‍കൂര്‍ വെളിപാടുള്ളവര്‍ക്ക് മാത്രം പറയേണ്ട ചപല ന്യായമാണത്. ചുംബനസമരം മൂലമാണ് ഇന്നു ഇത്രയെങ്കിലും ഭേദപ്പെട്ട സ്ഥിതി കേരളത്തില്‍ ഉള്ളതെന്ന മറുവാദത്തിനു അക്കൂട്ടര്‍ ഉത്തരം നല്‍കേണ്ടതുമുണ്ട്.

(5) പൊതുജന പ്രതിഷേധത്തിന്റെ സ്വാഭാവികപരിണതി ആയ ഒരു സമരത്തില്‍ ആസൂത്രണവും അവലോകനവും ഇല്ലാതിരുന്നത് പോരായ്മയായി തോന്നാം. പക്ഷെ ഇവയൊക്കെയുള്ള സമരങ്ങള്‍ ദയനീയമായി പരാജയപ്പെടുന്ന ചരിത്രവും നമ്മുടെ മുന്നിലുണ്ട്. പെട്ടെന്നുള്ള പ്രതിഷേധവും ആസൂത്രിതമായ പ്രതിഷേധവും വ്യത്യസ്ത രീതിശാസ്ത്രങ്ങള്‍ അവലംബിക്കുന്നുവെങ്കിലും ഫലത്തിന്റെ കാര്യത്തില്‍ ഉറപ്പൊന്നുമില്ല. മാറുമറയ്ക്കല്‍ സമരവും തല്ലി തകര്‍ക്കപ്പെട്ട സമരമാണ്. പക്ഷെ അതിനിന്നും ചരിത്രത്തില്‍ സ്ഥാനമുണ്ട്. പൗരാവകാശസമരങ്ങളും സംഘടനാസമരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. പൗരാവകാശ സമരങ്ങളില്‍ എവിടെ നിന്നു ആരെല്ലാം പങ്കെടുത്തുവെന്ന് തിട്ടപ്പെടുത്താനാവില്ല. നല്ലവരും മോശക്കാരും കുറ്റവാളികളും വിശുദ്ധരും കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും തൊഴിലാളിയും മുതലാളിയും അവര്‍ക്കിടയിലുണ്ടാവും. ചിലര്‍ ഘോഷയാത്രയുടെ മുന്നില്‍ സ്ഥാനംപിടിക്കും. അത്തരക്കാര്‍ക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചെന്നുവരാം. ചുംബനസമരത്തെ അനുകൂലിച്ചവരില്‍ 99% അതില്‍ പങ്കെടുത്തിട്ടില്ല. അതിനോടു അനുഭാവമുള്ളവരില്‍ മഹാഭൂരിപക്ഷവും രംഗത്തു വന്നിട്ടുമില്ല.

(6) കേഡര്‍പാര്‍ട്ടികള്‍ നടത്തുന്ന ആസൂത്രിത സമരങ്ങളില്‍വരെ ക്രിമിനലുകളും പെണ്‍വാണിഭക്കാരുമൊക്കെ പങ്കെടുത്തെന്നുവരാം. ചുംബനസമരത്തില്‍ മവോയിസ്റ്റുകള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടു വന്നിരുന്നു. അത്തരക്കാര്‍ വരരുതെന്നോ പങ്കെടുക്കരുതെന്നോ പറയാനുള്ള സംഘടനാ ചട്ടക്കൂട് ആ സമരത്തിനു ഉണ്ടായിരുന്നില്ല. ഒരര്‍ത്ഥത്തില്‍ അതു എല്ലാവരുടെയും സമരമായിരുന്നു. സമരത്തെ താറടിക്കാന്‍ ശ്രമിച്ചവര്‍ ആദ്യം മാവോയിസ്റ്റുകളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പെണ്‍വാണിഭ ആരോപണം. പൗരാവകാശസമരങ്ങളുടെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കാത്തതുകൊണ്ടല്ല മറിച്ചു ആ സമരം തങ്ങളെ വല്ലാതെ പൊള്ളിച്ചുവെന്ന കുറ്റസമ്മതമാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ നടത്തുന്നത്.

(7) ചുംബനസമരത്തെ എതിര്‍ത്തു നിലപാട് സ്വീകരിച്ചവരില്‍ എത്ര പെണ്‍വാണിഭക്കാരും ക്രിമിനലുകളുമുണ്ടാകും? ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാല്‍ മതിയാകും. പരമ്പരാഗതമായി ലൈംഗികവിഷയങ്ങളും ഇക്കിളി റിപ്പോര്‍ട്ടുകളും തള്ളിവിട്ട് ഉപജീവനം നടത്തുന്ന പത്രക്കാരുടെ സ്വകാര്യവിശേഷങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമലോകം മാപ്പിരക്കണമെന്നു ആവശ്യപ്പെടാനാവുമോ? ലൈംഗികപീഡനവും പെണ്‍വാണിഭവും ക്രിമിനല്‍ കുറ്റങ്ങളുമാണ് മാനദണ്ഡമെങ്കില്‍ എങ്ങനെയാണ് കേരളത്തില്‍ മതവിദ്യാലയങ്ങളും ആത്മീയ ശുശ്രൂഷാകേന്ദ്രങ്ങളും ആള്‍ദൈവങ്ങളും പ്രവര്‍ത്തിക്കുക?

(8) ചുംബനസമരം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞു നടത്തിയ കുറ്റകൃത്യത്തിനാണ് ഇപ്പോള്‍ രാഹുല്‍ പിടിയിലായിരിക്കുന്നത്(If the report is true). പിടിയിലായവരുടെ കൂട്ടത്തില്‍ മത-സദാചാരവാദികളുണ്ട്. ഇനി വെളിച്ചത്തു വരാന്‍പോകുന്ന മഹാഭൂരിപക്ഷ പെണ്‍വാണിഭ കേസുകളിലും സദാചാരമതവാദികള്‍ക്കു തന്നെയാവും ഭൂരിപക്ഷം. അപ്പോള്‍ നാമതങ്ങനെ വിലയിരുത്തും? കേരളത്തില്‍ ഇടക്കാലത്തുണ്ടായ തീവ്രമതപരതയും ഒളിഞ്ഞുനോട്ട മനസ്സും ചോദ്യം ചെയ്യപ്പെട്ടത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അവരാണ് ഈ വാര്‍ത്ത വന്യമായി ആഘോഷിക്കുന്നത്.

(9) രാഹുലും മറ്റും ഇതു ചെയ്യുമെന്ന് പണ്ടേ ഞങ്ങള്‍ പറഞ്ഞുവെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നത്. പക്ഷെ അങ്ങനെയായിരുന്നില്ലോ അവരന്ന് പറഞ്ഞത്. അവര്‍ എതിര്‍ത്തത് ചുംബനസമരത്തെയാണ്. ചുംബനസമരവിരുദ്ധ-തമോശക്തികള്‍ എല്ലാത്തരം ഹീനകൃത്യങ്ങളും ചെയ്യുമെന്ന് തന്നെയാണ് എതിര്‍പക്ഷം പറയുക. മിക്കപ്പോഴും അങ്ങനെ തന്നെ സംഭവിക്കാറുമുണ്ട്. ഉദാഹരണം-കന്യാസ്ത്രീകള്‍ നേരിടേണ്ടിവരുന്ന പീഡനം, മദ്രസ്സകളിലെയും ആള്‍ദൈവാശ്രമങ്ങളിലെയും ലൈംഗികപീഡനം, കള്ളക്കടത്ത്, നികുതിവെട്ടിപ്പുകള്‍, കൊലകള്‍, മയക്കുമരുന്ന് ഉപയോഗം…. ഇതെല്ലാം വ്യാപകമായി ചൂണ്ടിക്കാട്ടപ്പെടാറുണ്ട്. പലപ്പോഴും അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു. പക്ഷെ ഇതൊക്കെ നടന്നാലും ഇല്ലെങ്കിലും അത്തരം പ്രവര്‍ത്തനങ്ങള്‍ ആശയതലത്തില്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന നിലപാടാണ് സ്വതന്ത്രചിന്തകര്‍ സ്വീകരിക്കുക.

(10) ഈ രാജ്യത്തെ പൗരര്‍ എന്ന നിലയില്‍ പൗരാവാകാശ സമരങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും അവകാശവും അധികാരവുമുണ്ട്. ഭാവിയില്‍ പെണ്‍വാണിഭത്തില്‍ കുടുങ്ങും എന്നു തിരിച്ചറിഞ്ഞ് ആരെയെങ്കിലും മാറ്റി നിര്‍ത്താന്‍ ആര്‍ക്കാണ് സാധിക്കുക? ചുംബനസമരത്തില്‍ പങ്കെടുത്തവരുമായി അഭിമുഖം നടത്തിയപ്പോള്‍ മനസ്സിലായത് അവരില്‍ പലരും മതവിശ്വാസികളും ഭക്തരും ആണെന്നായിരുന്നു. കേരളത്തിലെ മുഴുവന്‍ മതവിശ്വാസികളും ഇതിനു ഉത്തരം പറയേണ്ടി വരുമോ? ചുംബന സമരക്കാരില്‍ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും മതവിശ്വാസികളും നാസ്തികരുമൊക്കെ ഉണ്ട്. മറുവശത്തും എല്ലാത്തരക്കാരുമുണ്ട്. അതില്‍ രാഹുലനും പത്‌നിയും അറസ്റ്റിലാകുന്നതു മാത്രം എങ്ങനെ സ്വതന്ത്രചിന്തകര്‍ക്കെതിരെ ഉയര്‍ത്തിക്കാട്ടാനാവും? കേസിനു ആസ്പദമായി ചൂണ്ടിക്കാണിക്കുന്ന സൈബര്‍ഗ്രൂപ്പിനെ റിപ്പോര്‍ട്ട് ചെയ്തു പൂട്ടിച്ചത് സ്വതന്ത്രചിന്തകരാണെന്നിരിക്കെ ഈ കേസില്‍ സത്യമുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അവര്‍ക്കു നല്‍കി അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?

(11) ദര്‍പ്പണം മലിനമായാല്‍ പ്രതിരൂപങ്ങള്‍ മങ്ങും. അതു ദര്‍പ്പണത്തിന്റെ കുഴപ്പമാണ്. എല്ലാത്തരം ആശയങ്ങളുടെ കാര്യവും അങ്ങനെ തന്നെ. വ്യക്തിയും ആശയവും വ്യതിരിക്തമാണ്. ആശയാധിഷ്ഠിതമായി വ്യക്തി കുറ്റം ചെയ്യുമ്പോഴേ ആശയം പ്രതിക്കൂട്ടിലാകുന്നുള്ളൂ. സ്വതന്ത്രചിന്ത പെണ്‍വാണിഭത്തെ ഒരു വിധത്തിലും പിന്തുണയ്ക്കുന്നില്ലെന്നു മാത്രമല്ല ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ഞാന്‍ പരസ്യമായ നാസ്തിക നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പക്ഷെ മത-വിശ്വാസബാഹ്യമായ മേഖലകളില്‍ എന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന വീഴ്ചകളും ക്രമക്കേടുകളും നാസ്തികതയ്‌ക്കെതിരെയുള്ള വാദമായി പരിഗണിക്കാനാവില്ല. എനിക്കു തെറ്റുപറ്റി എന്നു മാത്രമാണവിടെ തെളിയുന്നത്. അത്തരം മേഖലകളില്‍ എനിക്കുണ്ടാകുന്ന നേട്ടങ്ങളിലും നാസ്തികതയ്ക്ക് പങ്കില്ല. നാസ്തികതയും ശാസ്ത്രചിന്തയും മുന്നോട്ടു വെക്കുന്ന ലോകവീക്ഷണം അനുസരിച്ചു ജീവിക്കുന്നതു മൂലമുണ്ടാകുന്ന നേട്ടങ്ങള്‍ക്കും കോട്ടങ്ങളും മാത്രമേ അവിടെ പരിഗണിക്കാനാവൂ. സ്വതന്ത്രചിന്തയും നാസ്തികതയും ശരിയാണ്. പെണ്‍വാണിഭവും മോഷണവും ചതിയും തെറ്റാണ്. ചുംബനസമരക്കാരെ അടിച്ചോടിക്കാന്‍ എത്തിയ അധമജന്മങ്ങളും അവരുടെ പക്കമേളക്കാരും അവശ്യം തിരിച്ചറിയേണ്ട വസ്തുതയാണിത്.

Copyright © 2016. Powered by WordPress & Romangie Theme.