പോളിസം

1

(1) ഇക്കുറി നിലവിളിക്കുന്നത് ബല്‍ജിയമാണ്. മതം മനുഷ്യനെ കടിച്ചുകുടയുകയാണ്. 35 പേരുടെ ജീവനെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യ സ്‌ക്വാഡിന്റെ പിതൃത്വം അവകാശപ്പെട്ട് ഐസിസ് രംഗത്തുണ്ട്. ലോകത്തെവിടെയും ഹിംസ വിതറാന്‍ കഴിയുമെന്നതാണ് ഇസ്ലാമിക മൗലികവാദത്തെ സമകാലികലോകത്തിലെ കറുത്ത ചോദ്യങ്ങളിലൊന്നാക്കി മാറ്റുന്നത്. പൊട്ടിത്തെറിക്കുന്ന മതങ്ങള്‍ അണുബോംബിനെക്കാള്‍ ആസുരമായ ഭീഷണിയാണ്. മ്യത്യുതാണ്ഡവമാടുന്ന മതത്തിനു മുമ്പില്‍ തൊഴുകൈകളുമായി മുട്ടിലിഴയുന്ന മനുഷ്യനെ കാണുമ്പോഴും മാനിഷാദ പാടാന്‍ കഴിയാത്തവരുടെ നിശബ്ദത ജനിപ്പിക്കുന്ന ഒച്ച ബോംബുസ്‌ഫോടനങ്ങളെക്കാള്‍ ഭയാനകമാണ്. വ്രണപ്പെട്ടും കരളു കലങ്ങിയും കടിച്ചമര്‍ത്തിയും ശ്വാസംമുട്ടി ജീവിക്കുന്ന വിശ്വാസികള്‍ ഭൂമിക്ക് ശവപ്പറമ്പിന്റെ വിലയിടുകയാണ്. മതം കൊല്ലുമ്പോള്‍ മനംനിറയുന്ന മൗലികവാദികള്‍ പ്രീണനസ്വാമിമാരായും അമാനവികപ്രഭുക്കളായും നിരന്തരം അവതരിക്കുന്ന കെട്ട കാലത്താണ് നാം ജീവിക്കുന്നത്.

(2) ഇടതുചിന്തകനായി അറിയപ്പെടുന്ന മുന്‍ ലോക്‌സഭാംഗം ഡോ.സെബാസ്റ്റ്യന്‍ പോളിനെ ജന്മഭൂമി പത്രത്തിലെ ഒരു ജീവനക്കാരന്‍ ഫോണ്‍ വഴി അപമാനിക്കുന്നതിന്റെ ശബ്ദരേഖ ഈയിടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി. ഇതു സംബന്ധിച്ച് ഡോ.പോള്‍ നടത്തിയ മറുപ്രതികരണവും പിന്നീട് പുറത്തുവന്നു. മതധര്‍മ്മം തന്നെയാണ് ജന്മഭൂമി ലേഖകന്‍ നിര്‍വഹിച്ചത്. എല്ലാം ക്ഷമയോടെ കേള്‍ക്കാന്‍ ഡോ.പോള്‍ കാണിച്ച സൗമനസ്യവും പക്വതയും മാതൃകാപരമായിരുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ കോഴിക്കോട് സിറ്റി എഡിഷനില്‍(നഗരം) ഇസ്ലാംനായകനായ മുഹമ്മദിനെ വിമര്‍ശിച്ചുകൊണ്ട് ഒരു കത്ത് വന്നതിനെ കുറ്റപ്പെടുത്തി ഡോ. പോള്‍ മാധ്യമം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തെ കുറിച്ച് സംസാരിക്കാനാണ് ജന്മഭൂമിക്കാരന്‍ വിളിച്ചത്. മുഹമ്മദിനെ അപമാനിച്ചത് താന്‍ അംഗീകരിക്കുന്നില്ലെന്നു ജന്മഭൂമിക്കാരന്‍ പറയുന്നു. പക്ഷെ മുഹമ്മദിനെ വിമര്‍ശിക്കുന്ന കാര്യത്തില്‍ മാത്രം ചില മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് എഴുതാന്‍ ആരാണ് ഡോ.പോളിനെ നിയമിച്ചത് എന്നതായിരുന്നു ടിയാന്റെ മുഖ്യചോദ്യം. മുസ്ലിങ്ങള്‍ക്ക് പൊതുവെ വൈകാരികതയും ആക്രമണത്വരയും ലേശം കൂടുതലായതിനാല്‍ പൊതുസമൂഹം ഇക്കാര്യത്തില്‍ കുറേക്കൂടി കരുതല്‍ കാണിക്കണം എന്നാണ് താനുദ്ദേശിച്ചതെന്ന് ഡോ.പോള്‍ പറഞ്ഞൊപ്പിച്ചപ്പോള്‍ ഹിന്ദുക്കളും സമാനപാത സ്വീകരിക്കണമെന്നാണോ സൂചിപ്പിക്കുന്നത് എന്ന മറുചോദ്യം വന്നു. ഡോ.പോളിനെ മറുപടി പറയാന്‍കൂടി അനുവദിക്കുന്നുണ്ടായിരുന്നില്ല.

(3) തന്നെ അധിക്ഷേപിക്കുകയും ആയത് അനുമതിയില്ലാതെ പരസ്യമാക്കുകയും ചെയ്ത രീതിയെക്കുറിച്ച് ഡോ.പോള്‍ പിന്നീട് ലേഖനമെഴുതി. അപമാനിച്ചു എന്ന പരാതിയിലൂടെ പുകമറ സൃഷ്ടിക്കുകയും സംഘി എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്യുന്നതല്ലാതെ താന്‍ ഉന്നയിച്ച യഥാര്‍ത്ഥ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് ഡോ. പോള്‍ ചെയ്യുന്നതെന്നായിരുന്നു ജന്മഭൂമിക്കാരന്റെ എതിര്‍പ്രതികരണം. അടിക്കുന്നവനെ തൊഴുകയും തൊഴുന്നവനെ അടിക്കുയും ചെയ്യുന്ന ബൗദ്ധിക കാപട്യമാണ് ഇടതു മതേതരവാദികള്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളത്. മതഭീകരതകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ജാതിയുംമതവും നോക്കി, വ്യക്തിഗത-രാഷ്ട്രീയ സാധ്യതകള്‍ വിലയിരുത്തി പ്രതികരണ ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്ന ഇടതു മതേതരവാദികള്‍ ആ പേരിനു അര്‍ഹരല്ല. ഏകപക്ഷീയമായ ഇസ്ലാംപ്രീണനവും ഹിന്ദുക്കള്‍ക്ക് നേരെയുള്ള കുതിരകയറ്റവും ഇടതു ബുദ്ധിജീവികള്‍ തുടരുന്നതിന്റെ കാരണം വിശദീകരിക്കാന്‍ ഡോ.പോളിനെ വീണ്ടും വെല്ലുവിളിച്ചു.

(4) അത്ഭുതകരമെന്ന് പറയട്ടെ, ടെലിഫോണ്‍ സംഭാഷണത്തിലും തുടര്‍ വിശദീകരണത്തിലും
ഇക്കാര്യങ്ങള്‍ യുക്തിസഹമായി വിശദീകരിക്കാന്‍ ഡോ.പോളിന് സാധിച്ചില്ല. കുറെയൊക്കെ വ്യാഖ്യാനിച്ച് ഒപ്പിക്കാമെങ്കിലും കൃത്യമായ ഒരു മറുപടി പറയാന്‍ തനിക്ക് സാധിക്കില്ല എന്നൊരു ആശങ്ക അദ്ദേഹത്തിനുള്ളതായി അനുഭവപ്പെട്ടു. കേരളത്തിന്റെ മതപ്രീണനചരിത്രത്തിലെ അവഗണിക്കാനാവാത്ത ഒരു ഓരേടായി ഈ വിവാദം വിലയിരുത്തപ്പെടും. പ്രീണനസ്വാമിമാര്‍ ഇത്ര പച്ചയ്ക്ക് വെളിവാക്കപ്പെടുന്ന സാഹചര്യങ്ങള്‍ അപൂര്‍വമാണ്. പണ്ഡിതനും സമര്‍ത്ഥനുമായ ഡോ.പോളിനെ പോലെയുള്ള ഒരാള്‍ക്ക് ഇത്തരമൊരു ദുര്യോഗമുണ്ടായത് ദു:ഖകരമാണ്. കേരളത്തിലെങ്കിലും വര്‍ഗ്ഗീയധ്രൂവീകരണത്തിന്റെ മുഖ്യചാലകശക്തികളായി ഇത്തരക്കാര്‍ മാറിക്കൊണ്ടിരിക്കുന്നു എന്നത് ഒരു ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഹിന്ദുത്വവാദികള്‍ ഇവരുടെ വാക്കുംപ്രവര്‍ത്തികളും സംഘബലം വര്‍ദ്ധിപ്പിക്കാന്‍ ഉദാരമായി ഉപയോഗിക്കുകയുംചെയ്യുന്നു. മതതാല്‍പര്യങ്ങളെ താലോലിക്കുന്നു എന്നതുമാത്രമല്ല അവിടെപ്പോലും കപടനയം സ്വീകരിക്കുന്നു എന്നതാണ് ഇവരെ നീലക്കുറുക്കന്‍മാരാക്കുന്നത്.

(5) കേരള സമൂഹത്തെ മതതിമിരത്തിന്റെ കാണാക്കയങ്ങളിലേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്ന പ്രീണനസ്വാമിമാര്‍ രാഷ്ട്രീയത്തിലെ ഇടതു-വലതു ചേരി വ്യത്യാസമില്ലാതെ അപലപിക്കപ്പെടേണ്ടതുണ്ട്. പാരീസും ബെല്‍ജിയവും മാതൃഭൂമിയും ‘മതേതരമായി കൈകാര്യംചെയ്ത്’ മിടുക്കുകാണിക്കുന്നവര്‍ പശുഭ്രാന്തിന്റെ ഇരകളെ കണ്ട് നിലവിളിക്കാന്‍ തുടങ്ങിയാല്‍ കാഴ്ചക്കാര്‍ മൂക്കത്ത് വിരല്‍വെക്കും. എല്ലാത്തരം മതവെറിയന്‍മാരും എതിര്‍ക്കപ്പെടണം, തളയ്ക്കപ്പെടണം. മറിച്ചായാല്‍ നമ്മുടെ ജനാധിപത്യം മതാധിപത്യമാകാന്‍ ഏറെക്കാലം വേണ്ടിവരില്ല. എല്ലാ മതങ്ങളും ഭൗതികപരമായ അനന്ത സാധ്യതകള്‍ മുന്നോട്ടുവെക്കുന്നതില്‍ മതപ്രീണനത്തിലൂടെ ജീവിതസാക്ഷാത്ക്കാരം സാധ്യമാകുമെന്ന് കണക്കുകൂട്ടുന്നതില്‍ ബുദ്ധിപരമായ തീരുമാനംതന്നെയാവാം. ”എപ്പോഴും മതത്തിനൊപ്പം” എന്നു കാണിക്കാനുള്ള അമിതവ്യഗ്രത മതവെറിയെക്കാള്‍ മാരകമായ രോഗമായി മാറാതെ നോക്കേണ്ടതുണ്ട്. വേട്ടക്കാര്‍ക്കിടയില്‍ സന്ധികള്‍ സ്വഭാവികമായിരിക്കാം. കാരണം അക്രമി ഭയക്കുന്നതും മാനിക്കുന്നതും അക്രമികളെ മാത്രമാണല്ലോ. പക്ഷെ മനുഷ്യനെ മറന്ന് പരസ്പരം പോരടിച്ച് സമൂഹത്തില്‍ ഇരുട്ടു നിറയ്ക്കുന്നവരില്‍ ഒരു കൂട്ടരുടെ പക്ഷം പിടിച്ച് മറ്റുള്ളവര്‍ക്കെതിരെ നീട്ടിത്തുപ്പുന്നത് അപഹാസ്യമാണ്. ആര്‍.എസ്സ്.എസ്സ് കാരന്റെ ചോര കയ്യില്‍ പുരട്ടി എന്‍.ഡി.എഫു കാരന്റെ വോട്ടിരക്കുന്നതിനെ മതേതരത്വമെന്ന് വിളിക്കരുത്. കമ്മ്യൂണിറ്റികള്‍ക്ക് അതീതമായി ചിന്തിക്കാനുള്ള ബൗദ്ധികമായ ആര്‍ജ്ജവം മതേതര-മാനവികവാദികള്‍ക്കുണ്ടാവണം. മറിച്ചായാല്‍ അത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസമാണ്.

(6) ആരാധിക്കപ്പെടേണ്ട ഒരു മതവും ഇവിടെയില്ല. പ്രീണിപ്പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് വ്യക്തിതാല്‍പര്യവും മതതാല്‍പര്യവും മാത്രമാണ്. ജീര്‍ണ്ണിച്ച ഭൂതകാലത്തെ കൈകൊട്ടി വിളിക്കുന്ന ബലികര്‍മ്മമാണ് ഇന്നു മത്സരവീര്യത്തോടെ ആചരിക്കപ്പെടുന്നത്. കൃത്യമായ ഇടവേളകളില്‍ പഴുത്തൊലിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നവരെ ഒരൊറ്റ ഗണമായി കാണാന്‍ പഠിക്കണം. ന്യൂനപക്ഷക്കാരന്‍ കഴുത്ത് വെട്ടിയാലും ഭൂരിപക്ഷക്കാരന്‍ വെടിവെച്ചിട്ടാലും പൊലിയുന്നത് മനുഷ്യ ജീവനാണെന്ന തിരിച്ചറിവ് സമ്പാദിക്കണം. അളക്കുമ്പോഴും ഗുണിക്കുമ്പോഴും കൈവിറയ്ക്കരുത്.

(7) നമ്മുടെ സമൂഹത്തില്‍ തഴച്ചുവളരുന്ന ‘പോളിസം’ ബൗദ്ധികകാപട്യത്തിന്റെ മറുപേരായി മാറിയിരിക്കുന്നു. തെരുവുയുദ്ധത്തില്‍ പക്ഷംപിടിച്ച് പോരാടുന്ന നിയമപാലകരെപ്പോലെ അവര്‍ കളിയും കളവും മറക്കുന്നു. കൂടുതല്‍ അവസരങ്ങളും സാധ്യതകളും എത്തിക്കുന്നവര്‍ക്ക് നേരെ പുഞ്ചിരിച്ച് പൂത്തുലയുന്നു. ഹിംസയുടെ ദൗദ്രത അനുസരിച്ച് ധര്‍മ്മാധര്‍മ്മങ്ങള്‍ നിര്‍ധരിക്കുന്നു. എന്തിലും, എനിക്കെന്തു കിട്ടും എന്ന പ്രാഥമികപരിശോധന ആത്യന്തികമായിത്തീരുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ അന്ധത പരിശീലിക്കുന്ന പോളിസ്റ്റുകളുടെ പൊതുവ്യവഹാരങ്ങളില്‍ ചക്കര-അഴുക്കമതങ്ങള്‍ ദ്വന്ദങ്ങളായി പ്രത്യക്ഷപ്പെടുന്നു. മതം മാത്രം കാണുന്നവര്‍ക്ക് മനുഷ്യന്‍ അഗോചരമായാല്‍ അതിലെന്താശ്ചര്യം!

(8) മെച്ചപ്പെട്ട തോതില്‍ അക്രമം നടത്തൂ, കൂടുതല്‍ അസഹിഷ്ണുത പ്രകടിപ്പിക്കൂ…എന്നാല്‍ ഞങ്ങള്‍ കൂടെപ്പാടാം എന്നൊക്കെയുള്ള പരോക്ഷ സൂചനപോലും ഭീതിജനകമാണ്. പാരീസുകള്‍ക്കും ബ്രസ്സല്‍സുകള്‍ക്കും നേര്‍ക്ക് മുഖംതിരിക്കുന്ന, തെരഞ്ഞെടുത്ത ഫാസിസങ്ങള്‍ക്ക് എതിരെ മാത്രം ഉദ്ധരിക്കപ്പെടുന്ന ‘പോളിസം’ പൊതുവ്യവഹാരത്തെയും മതേതരബോധത്തെയും തളര്‍ത്തുന്ന വികല ചിന്താധാരയാണ്. കൂടുതല്‍ രൗദ്രമാകാനും അതുവഴി ഭയംജനിപ്പിച്ചും അക്രമം വാരിവിതറിയും സമൂഹത്തെ വിറപ്പിക്കാനും അതു മതശക്തികള്‍ക്ക് പ്രേരണയായേക്കും. കൊലക്കത്തിക്ക് കൈപ്പിടി പണിഞ്ഞാല്‍ സമാധാനം പെയ്തിറങ്ങുമോ? പാമ്പിനു പാലുകൊടുക്കുന്നതില്‍ മാത്രമല്ല കടിയേറ്റവര്‍ക്ക് പ്രതിവിഷം നിഷേധിക്കുന്നതിലും ഇവര്‍ ഹരംകണ്ടെത്തുന്നു. പാമ്പുകള്‍ പൊതുവെ പാല്‍ കുടിക്കാറില്ലെന്ന ആത്യന്തിക സത്യം വിസ്മരിച്ച് നശിപ്പിക്കുന്നു.

Copyright © 2016. Powered by WordPress & Romangie Theme.