Category Archives: Faith

‘അനുഭവം ഉണ്ടായി എന്ന അനുഭവം’

(1) കൊപേ സമവാക്യങ്ങള്‍ ഫലിക്കുന്നുണ്ടെന്ന് പലരും സാക്ഷ്യപ്പെടുത്തും. ചിലത് പൂര്‍ണ്ണമായി, ചിലവ ഭാഗികമായി. വാസ്തുശാസ്ത്രത്തെ അന്ധവിശ്വാസമായി തള്ളുന്നവരുണ്ട്. ലോകത്ത് നല്ലൊരു പങ്കിനും അതിനെക്കുറിച്ചു യാതൊന്നുമറിയുകയുമില്ല. എങ്കിലും വിശ്വസികളെ സംബന്ധിച്ചിടത്തോളം വാസ്തുശാസ്ത്രം പൂര്‍ണ്ണമായോ ഭാഗികമായോ ശരിയാണെന്നു ബോധ്യപ്പെട്ട ‘അനുഭവ’ങ്ങളുണ്ട്. ഇവ ശരിക്കും അനുഭവങ്ങള്‍ തന്നെയാവണമെന്നില്ല, മിക്കപ്പോഴും അനുഭവം ഉണ്ടായെന്ന മിഥ്യാധാരണ ആയിരിക്കും. മറ്റുചിലപ്പോള്‍ ശരിയായ അനുഭങ്ങളുടെ തെറ്റായ വ്യാഖ്യാനം. ഇവയൊക്കെയാണ് വാസ്തു, ദൈവം, പ്രേതം, ജ്യോതിഷം…..തുടങ്ങി ആയിരക്കണക്കിന് കൊപേ വിശ്വാസങ്ങളെയും നിലനിറുത്തുന്നത്. ഇനി വരാനിരിക്കുന്ന കൊപേവിശ്വാസങ്ങളുടെ കാര്യവും ഭദ്രമാക്കുന്നത് ഈ സരളമായ വസ്തുതയാണ്-അതായതു, ”അനുഭവം ഉണ്ടായി എന്ന വിശ്വാസിയുടെ അനുഭവം!”

(2) വാസ്തുക്കാരനും ജ്യോതിഷിയും ഉള്‍പ്പെട്ട കൊപേ വിദ്വാന്‍മാര്‍ എന്തോ പ്രവചനം നടത്തുന്നു എന്നതു മറ്റൊരു അന്ധവിശ്വാസം മാത്രമാണ്. അവ്യക്തവും ദ്വയാര്‍ത്ഥപരവുമായ ചില പൊതു സാധ്യതകള്‍ അവതരിപ്പിക്കുക മാത്രമാണവര്‍ ചെയ്യുക. അതോടെ അവരുടെ ജോലി തീര്‍ന്നു. ബാക്കിയൊക്കെ ചെയ്യുന്നത് വിശ്വാസിയുടെ മസ്തിഷ്‌ക്കമാണ്. ജീവിതാനുഭവങ്ങളെ കൊപേ ശാസനങ്ങളുമായി സമീകരിക്കുന്ന പ്രവണത വിശ്വാസിമസ്തിഷ്‌ക്കത്തിനുണ്ട്. സ്വഭാവികമായും അതില്‍ പല ശാസനങ്ങളും തന്റെ ജീവിതാനുഭവങ്ങളുമായി പൊരുത്തപ്പെടുന്നതായി അയാള്‍ക്ക് ‘അനുഭവ’പ്പെടുന്നു, അല്ലെങ്കില്‍ അങ്ങനെ പൊരുത്തപ്പെടുത്തിയെടുക്കുന്നു.

(3) ഗുണദോഷ സമ്മിശ്രമായ നിരവധി അനുഭവങ്ങള്‍ ഒരാള്‍ക്കുണ്ടാകും. വിശ്വാസിക്കും അവിശ്വാസിക്കും അങ്ങനെതന്നെ. പക്ഷെ പ്രസ്തുത അനുഭവങ്ങളെ ദൈവം ഉള്‍പ്പെടെയുള്ള കൊപേ വ്യവസ്ഥകളുമായി പൊരുത്തപ്പെടുത്താന്‍ സാധിക്കുന്നുവെന്നതാണ് ഒരാളെ ആജീവനാന്തം വിശ്വാസിയാകുന്നത്. അതായതു, വിശ്വാസം ശരിയാണെന്ന അനുഭവം ഉണ്ടായിട്ടുണ്ട് എന്ന അനുഭവം അവര്‍ക്കുണ്ട്. സ്വന്തം അനുഭവത്തെ തള്ളി മറ്റൊരാള്‍ പറയുന്നത് കേള്‍ക്കാന്‍ മിക്കവരും തയ്യാറാവില്ല. തോന്നല്‍ തെളിവല്ല എന്ന ലളിതതത്ത്വം അയാള്‍ മറക്കും, പരിശോധനയും പരീക്ഷണവും വെറുക്കും. പ്രാര്‍ത്ഥന, ജ്യോതിഷം, കൈനോട്ടം, വാസ്തു…തുടങ്ങിയ എല്ലാ കൊപേ വ്യവസ്ഥകളിലും വിശ്വാസിമസ്തിഷ്‌ക്കം സമാനമായാണ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇവയെല്ലാം ഒറ്റ ചരക്കാണ്.

(4) കൊപേ സമവാക്യങ്ങള്‍ തെറ്റാണെന്നു തെളിയിക്കാനാവില്ല. അതേസമയം, വിശ്വാസികള്‍ക്ക് അവ ശരിയാണെന്നു തോന്നുകയും ചെയ്യും. ഉദാഹരണമായി, വടക്കു കിഴക്കു സ്‌പെറ്റിക്ക് ടാങ്ക് വന്നാല്‍ വീട്ടിലാര്‍ക്കെങ്കിലും കാന്‍സര്‍ വരുമെന്ന് പച്ചയായി ഭീഷണിപ്പെടുത്തുന്ന വാസ്തുവിദ്വാന്‍മാരെ ഹിന്ദി, മലയാളം ടി.വി ചാനലുകളില്‍ കാണാം. ചിലര്‍ പ്രത്യക്ഷത്തില്‍, ചിലര്‍ പരോക്ഷവുമായി. തന്റെ ഡയറിയില്‍ അത്തരം കേസുകള്‍ ധാരാളമുണ്ടെന്നാവും അവര്‍ പറയുക. ഇതു വസ്തുനിഷ്ഠമായ തെളിവല്ല. അങ്ങനെ ഒരു ഡയറിപോലും ഉണ്ടാകണമെന്നില്ല. അഥവാ ഡയറി ഉണ്ടെങ്കില്‍ തന്നെ ഇത്തരം കേസുകള്‍ ഉണ്ടാകണമെന്നില്ല. വസ്തുതകള്‍ വളച്ചൊടിച്ചായാലും ആവശ്യമുള്ള തെളിവുകള്‍ നിര്‍മ്മിക്കാന്‍ അയാള്‍ ശ്രമിച്ചിട്ടുണ്ടാവാം. വിശ്വസിച്ചു കഴിഞ്ഞാല്‍ തെളിവ് മസ്തിഷ്‌ക്കം കൊണ്ടുവരും.

(5) അര്‍ബുദം വന്നാല്‍ പരിഹാരമായി ”വടക്കുകിഴക്കുള്ള സ്‌പെറ്റിക്ക് ടാങ്ക് മാറ്റിയേക്കൂ”എന്നവര്‍ നിര്‍ദ്ദേശിക്കും. കത്തികൊണ്ട് ഏറ്റ മുറിവ് ഭേദമാക്കാന്‍ കത്തിയുടെ മുന കുത്തിയൊടിച്ചാല്‍ മതിയെന്നു സാരം! ഇനി, ഈ കൊപേ ഭീഷണിയില്‍ വാസ്തവമുണ്ടോ? തീര്‍ച്ചയായും അതിനു സാധ്യതയുണ്ട് എന്നാണ് ഉത്തരം. വടക്കുകിഴക്കു സ്‌പെറ്റിക്ക് ടാങ്കുള്ള പല വീടുകളിലും കാന്‍സര്‍ വിരുന്നു വന്നിട്ടുണ്ട്. അനിഷേധ്യമായ കാര്യമാണത്. വിശേഷിച്ചും, വാസ്തുശാസ്ത്രത്തെക്കുറിച്ച് അറിയാത്തവരുടെയും അതു പരിഗണിക്കാത്തവരുടെയും വീടുകളില്‍.

(6) ഇവിടെ സംഭവിക്കുന്നതെന്തെന്ന് കൃത്യമായി മനസ്സിലായില്ലെങ്കില്‍ എല്ലാ കൊപേ ശാസ്ത്രങ്ങളും ശരിയാണെന്നു പറയേണ്ടിവരും. കാരണം ‘അനുഭവ’ങ്ങളുണ്ട്. ഒരാള്‍ക്കു അനുഭവം ഉണ്ടായാല്‍ അതു കാട്ടുതീപോലെ പടരുമെന്നതിനാല്‍ അനുഭവങ്ങളുടെ എണ്ണം പ്രശ്‌നമല്ല. വ്യാജഅനുഭവങ്ങളും ഒപ്പം പ്രചരിപ്പിക്കാം. എല്ലാംകൂടി കേള്‍ക്കുന്ന ജനം കൊപേയ്ക്കു കീഴടങ്ങും. കൊപേക്കാര്‍ക്കുപോലും ഇതു കൃത്യമായി മനസ്സിലായിട്ടില്ല-അവര്‍ക്കത് മനസ്സിലാക്കേണ്ട കാര്യവുമില്ല. പാമ്പിന്‍ വിഷം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കേണ്ട ബാധ്യത പാമ്പിനില്ലല്ലോ.

(7) തെക്കുകിഴക്കു സ്‌പെറ്റിക്ക് ടാങ്ക്=കാന്‍സര്‍ എന്ന വാസ്തുഭീഷണി പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നു നിസ്സാരമായി തെളിയിക്കാം. തിരുവനന്തപുരം റിജീയണല്‍ കാന്‍സര്‍ സെന്ററില്‍ കഴിഞ്ഞ ഒരു വര്‍ഷം വന്ന രോഗികളുടെ എണ്ണം ലക്ഷങ്ങള്‍ വരും. ആര്‍.സി.സി യുമായി സഹകരിച്ചു രോഗികളുടെ പ്രവേശനഫോറത്തില്‍ വെറും മൂന്നേ മൂന്നു ചോദ്യങ്ങള്‍ കൂടി പുതിയതായി ഉള്‍പ്പെടുത്തുക.

(1). നിങ്ങള്‍ പുതിയതായി നിര്‍മ്മിച്ച ഭവനത്തിലാണോ താമസിക്കുന്നത്? അതെ/അല്ല
(2). പുതിയ വീട്ടില്‍ വന്നതിനുശേഷമാണോ അര്‍ബുദത്തിന്റെ അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയത്? അതെ/അല്ല
(3). നിങ്ങളുടെ വീടിന്റെ ഏതു ദിശയിലാണ് കക്കൂസും സ്‌പെറ്റിക്ക് ടാങ്കും? വടക്ക്/വടക്കുകിഴക്ക്/കിഴക്ക്/തെക്കുകിഴക്ക്/…………..തുടങ്ങി 8 ദിക്കുകള്‍ (ഒന്നില്‍ മാത്രം ടിക് ചെയ്യുക)

(8) 1.60 ലക്ഷം പേര്‍ പ്രതികരിച്ചെന്നു സങ്കല്‍പ്പിക്കുക. അതില്‍ ഇരുപത്തിനാലായിരം പേര്‍ക്കു പുതിയതായി വെച്ച വീട്ടില്‍ വന്നശേഷമാണ് കാന്‍സര്‍ വന്നതെന്നും കരുതുക. അവരുടെ സെപ്റ്റിക്ക് ടാങ്ക് ഏതു ഭാഗത്താണെന്നു പരിശോധിക്കുക. എട്ടു ദിശകളിലും വരാനുള്ള സാധ്യത ഏതാണ്ട് തുല്യമാണെങ്കില്‍ ശരാശി 3000 വീടുകള്‍ എന്ന സ്‌ക്കോര്‍ ഓരോ വശത്തിനും ലഭിക്കും. പക്ഷെ അങ്ങനെ തുല്യതയ്ക്കു സാധ്യതയില്ലെങ്കിലും ഏറെക്കുറെ 2000-4000 റേഞ്ചില്‍ എല്ലാ വശത്തിനും ലഭിക്കും. പക്ഷെ അത്ഭുതകരമെന്നു പറയട്ടെ, ഏറ്റവും കുറവ് സ്‌ക്കോര്‍ ലഭിക്കുക വടക്കുകിഴക്കിനായിരിക്കും. എന്തുകൊണ്ട്? വാസ്തുക്കാരന്‍ ഇങ്ങനൊരു ഭീഷണി മുഴുക്കിയിട്ടുള്ളതിനാല്‍, സ്വയംപ്രേരണയോ പരപ്രേണയോ മൂലം അതെക്കുറിച്ചറിയാവുന്ന ഭൂരിഭാഗവും വടക്കുകിഴക്കു സെപ്റ്റിക്ക് ടാങ്ക് നിര്‍മ്മിക്കില്ല. മറ്റു ഏഴുവശങ്ങളില്‍ സെപ്റ്റിക്ക് ടാങ്ക് പണിതവര്‍ക്കായിരിക്കും കൂടുതലും കാന്‍സര്‍ വന്നിട്ടുണ്ടാവുക! വടക്കുകിഴക്കു സെപ്റ്റിക്ക് ടാങ്ക് പണിയാത്തവര്‍ക്കൊക്കെ കൂടുതലായി കാന്‍സര്‍ വന്നു, അവിടെ നിര്‍മ്മിച്ചാല്‍ കാന്‍സര്‍ സാധ്യത വളരെയധികം കുറയുന്നു- ഈ പഠനം മുന്നോട്ടുവെക്കുന്ന നിഗമനമിതാണ്!

(9) ഇവിടെ വാസ്തുക്കാരന്റെ ഭീഷണി തെറ്റാണെന്നു തെളിഞ്ഞോ? ഒരിക്കലുമില്ല! അവന്റെ ഭീഷണി ശരിയാകുകയാണ് ചെയ്തിരിക്കുന്നത്! എങ്ങനെ? ശരാശരിയില്‍ കുറവാണെങ്കിലും ചില രോഗികളുടെ സെപ്റ്റിക്ക് ടാങ്ക് വീടിന്റെ വടക്കുകിഴക്കായിരിക്കും! അവര്‍ എണ്ണം 300-500 ആണെന്നു സങ്കല്‍പ്പിക്കുക. വാസ്തുക്കാരന്‍ പറഞ്ഞതു ശരിയാണെന്നു തെളിയാന്‍ ഇതുമതി! കാരണം, ഭീഷണിപ്പെടുത്തിയതുപോലെ സംഭവിച്ചു!! ഇക്കൂട്ടരുടെ മേല്‍വിലാസം തപ്പിപ്പിടിച്ചു നാട്ടില്‍ച്ചെന്ന് പ്രചരണം നടത്താനൊന്നും ബുദ്ധിമുട്ടേണ്ടതില്ല. പ്രചരണച്ചുമതല അന്ധവിശ്വാസികളായ നാട്ടുകാര്‍ സന്നദ്ധപ്രവര്‍ത്തനംപോലെ ഏറ്റെടുത്തുകൊള്ളും. അതോടെ വാസ്തുവിശ്വാസം കാട്ടുതീപോലെ പടരും.

(10) മറ്റു ഏഴ് ദിശകളിലും സ്‌പെറ്റിക്ക് ടാങ്ക് വെച്ചവര്‍ക്കു കൂടിയ നിരക്കില്‍ കാന്‍സര്‍ വന്നിട്ടുണ്ടാവാം-പക്ഷെ അതിന്റെ കാരണം വാസ്തുവല്ലല്ലോ! അവിടെ കാരണം വേറെ പലതുമാണ്. ഗ്രഹനില, ജനിതകകാരണങ്ങള്‍, കീടനാശിനികള്‍, ജീവിതശൈലി…….അങ്ങനെ നൂറുകൂട്ടം വിഷയങ്ങള്‍.

എന്നാല്‍ വടക്കുകിഴക്കു സ്‌പെറ്റിക്ക് ടാങ്ക്=കാന്‍സര്‍ എന്നു വാസ്തുക്കാരന്‍ മുന്‍കൂട്ടി പറഞ്ഞതാണ്. ഇതെങ്ങനെ നിഷേധിക്കും?!! വടക്കുകിഴക്കു സ്‌പെറ്റിക്ക് ടാങ്കു നിര്‍മ്മിക്കാതിരുന്നാലും കാന്‍സര്‍ വരുമായിരിക്കും-അത് വിധിയാണ്! പക്ഷെ ‘വാസ്തുമൂലം’ കാന്‍സര്‍ വരില്ലെന്ന് ഉറപ്പാക്കിക്കൂടേ?!! ഓര്‍ക്കുക, വടക്കുകിഴക്കു സെപ്റ്റിക്ക് ടാങ്ക് നിര്‍മ്മിക്കാതിരുന്നാല്‍ ”വടക്കുകിഴക്കുടാങ്കുമൂലം കാന്‍സര്‍ വന്നേ”എന്നു പിന്നീട് പരാതിപറയേണ്ടി വരില്ല. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടെന്നു സാരം!

ചീട്ടുശാസ്ത്രി

ഗുലാന്‍ പെരിശ് (28 ) എന്ന പേരുള്ള ഒരിനം ചീട്ടു കളിയുണ്ട്. തോല്‍ക്കുന്നവര്‍ക്കു കാതില്‍ കുണുക്കും തലയില്‍ തൊപ്പിയുമാണ് ശിക്ഷ. ബിരുദത്തിന് പഠിക്കുന്ന കാലത്തു വൈകുന്നേരം നാട്ടിലെ ഒരമ്പലപ്പറമ്പില്‍ വെച്ച് ഗുലാന്‍പെരിശ് കളിക്കുന്ന ശീലമുണ്ടായിരുന്നു. ഒരിക്കല്‍ സരസനായ ഒരു ചേട്ടന്‍ പുതിയതായി കളിക്കാന്‍ വന്നു. കളി സംബന്ധിച്ചു വ്യത്യസ്തവും നവീനവുമായ നിരവധി വിശ്വാസങ്ങള്‍ പുള്ളിക്കാരനുണ്ടായിരുന്നു. അതിലൊന്നായിരുന്നു തുറുപ്പു ശീട്ട് തഴഞ്ഞു കളയുക എന്നത്. മിക്കപ്പോഴും സ്വന്തംകക്ഷിയുടെ പിടിയില്‍ തുറുപ്പിന്റെ ആറാം കൂലിയോ ഏഴാംകൂലിയോ തഴഞ്ഞാണ് ടിയാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ ‘ചീട്ടുബലി’ നടത്തുന്നത്. ഇതു ചെയ്താല്‍ നല്ല ചീട്ടിന്റെ ചാകര ലഭിക്കുമെന്നായിരുന്നു അയാളുടെ വിശ്വാസം. തുറുപ്പ് ഏതാണെന്നു അറിയുന്നതിനു മുമ്പ് തഴഞ്ഞാല്‍ പ്രതിഫലം ഇരട്ടിയാണത്രെ. താന്‍ പറയുന്നതു ചീട്ടുശാസ്ത്രമാണെന്നും ഓരോ ചീട്ടിനും ജീവനുണ്ടെന്നുമൊക്കെ സ്ഥിരം ഡയലോഗടിച്ച ടിയാനു ചീട്ടുശാസ്ത്രി എന്ന വിളിപ്പേരും കിട്ടി. വേറെ ചില ‘നമ്പരുകളും’ അയാളുടെ പക്കലുണ്ടായിരുന്നു. പലതും രസികന്‍ കോപ്രായങ്ങള്‍! ചീട്ടു പകുത്തിട്ടു കഴിഞ്ഞാല്‍ എല്ലാവരും കയ്യിലെടുത്ത ശേഷമേ അയാള്‍ എടുക്കൂ. ചീട്ടു നോക്കുന്നതിനു മുമ്പ് ”ദേവ്യേ…”എന്നൊക്കെ വിളിച്ചു വിപുലമായ ഒരു പ്രാര്‍ത്ഥനയുണ്ട്. ഗുലാനും ഒമ്പതുമൊക്കെ കിട്ടാന്‍ വ്യത്യസ്തമായ അനുഷ്ഠാനങ്ങളുണ്ടായിരുന്നു. ഉദാഹരണമായി- ഗുലാന്‍ കിട്ടാനായി ചീട്ടെടുക്കുന്നതിനുമുമ്പ് ചീട്ടിനെ തെറി പറയുക!

Continue Reading

മിന്നല്‍ കൊടിമരം

മിന്നല്‍ കൊടിമരം

”ക്ഷേത്രത്തിലെ കൊടി മരത്തെക്കാള്‍ ഉയരത്തില്‍ വീടു കെട്ടരുതെന്നു പറയുന്നതു വീടിനു മിന്നല്‍ അടിക്കാതിരിക്കാനാണ്. അതുപോലെ, പടിഞ്ഞാറു ഭാഗത്ത് ദ്വാരം ഉണ്ടാക്കിയില്ലെങ്കില്‍ ഭഗവതിയുടെ നോക്കിനു തടസം ഉണ്ടാകും എന്നു പറയുന്നതു പടിഞ്ഞാറന്‍ കാറ്റ് വീടിന്നുള്ളില്‍ കടക്കാന്‍ തന്നെയാണ് ”- ഫേസ് ബുക്കില്‍ കണ്ട കമന്റ്.

(1) 1752 ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ എന്ന അമേരിക്കക്കാരനാണ് ഇടി മിന്നല്‍ രക്ഷാകവചം കണ്ടുപിടിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് അതിനു പ്രചാരം സിദ്ധിക്കുന്നത്. ഇന്ത്യയിലെത്തിയപ്പോള്‍ പിന്നെയും വൈകി. അതുവരെ എങ്ങനെയാണ് ക്ഷേത്രത്തിലെ കൊടിമരങ്ങള്‍ സമീപത്തുള്ള വീടുകളെ സംരക്ഷിച്ചിരുന്നത്? ദൈവത്തിനും രാജാവിനും മുകളില്‍ മനുഷ്യന്‍ വസിക്കരുതെന്ന സരളവും പ്രാകൃതവുമായ മതയുക്തി മാത്രമാണു ഈ അന്ധവിശ്വാസത്തിന്റെ പിന്നിലുള്ളത്. മറിച്ചുള്ള ഇടിമിന്നല്‍ വിശദീകരണങ്ങളൊക്കെ വെറും പുകയാണ്. കൊടിമരത്തിന്റെ ഉയരം വീടുകളെ രക്ഷിക്കുമെങ്കില്‍ സമീപസ്ഥങ്ങളായ വന്‍വൃക്ഷങ്ങളും കുന്നുകളും പര്‍വതങ്ങളും സമാന ദൗത്യം കുറെക്കൂടി സ്തുത്യര്‍ഹമായി നിര്‍വഹിക്കേണ്ടതല്ലേ? Continue Reading

തെക്കുവടക്ക് കഥകള്‍

വിനീതമായ ചോദ്യം: സര്‍, വടക്കോട്ട് തല വെച്ച് ഉറങ്ങാമോ?

(1) അത്യുഷ്മാവിലും അതിമര്‍ദ്ദത്തിലും സദാ ഉരുകി തിളച്ചുമറിയുന്ന മാഗ്മയാണ് (Magma: a mixture of molten or semi-molten rocks) ഭൗമാന്തര്‍ഭാഗത്തുള്ളത്. ഈ മാഗ്മയുടെ കവചത്തിന് മുകളിലാണ് നാം ജീവിക്കുന്നത്. ഇരുമ്പ്, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയ കാന്തികപ്രഭാവമുള്ള മൂലകങ്ങള്‍ക്ക് ഭൂമിയുടെ അകക്കാമ്പില്‍ പ്രാമുഖ്യമുണ്ട്. ഭൗമാന്തര്‍ഭാഗത്തെ മഗ്മയുടെ അവസ്ഥ പ്രസ്തുത മൂലകങ്ങളെ അയണീകരിക്കപ്പെട്ട അവസ്ഥയിലെത്തിക്കുന്നു. ചാര്‍ജ് ഉള്ള ആറ്റങ്ങളാണ് അയോണുകള്‍. ഭൂമി മണിക്കൂറില്‍ ഏതാണ്ട് 1607 കി.മീ വേഗതയില്‍ (1607 Km/hr)സ്വയം ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹമാണ്. ഭൂമി സ്വയം കറങ്ങുമ്പോള്‍ ഉള്ളിലുള്ള മഗ്മയും ഒപ്പം ചുഴറ്റപ്പെടുന്നു. പ്രസ്തുത മഥനം മൂലം ചാര്‍ജുള്ള പദാര്‍ത്ഥങ്ങള്‍ ഇരു ധ്രൂവങ്ങളിലേക്കും അടിഞ്ഞുകൂടുന്നു. ഇതുമൂലം ഭൂമിക്ക് കാന്തിക ഉത്തരധ്രൂവവും കാന്തിക ദക്ഷിണധ്രൂവവും ഉണ്ടാകുന്നു. ഭൂമിക്ക് കാന്തികധ്രൂവീയത സംജാതമാകുന്നത് അങ്ങനെയാണ്. ചുരുക്കത്തില്‍ കാന്തികപ്രഭാവമുള്ള അയണീകരിക്കപ്പെട്ട വസ്തുക്കള്‍ അതിവേഗം ചുഴറ്റപ്പെടുന്നതുകൊണ്ടാണ് ഭൂമിക്ക് കാന്തിക ധ്രൂവീയത ഉണ്ടാക്കുന്നത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളില്‍ ഇത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നില്ല. മാത്രമല്ല മനുഷ്യനിലെ രക്തം ഉള്‍പ്പെടെയുള്ള ദ്രവപദാര്‍ത്ഥങ്ങള്‍ അതിവേഗമുള്ള ചുഴറ്റലിന് വിധേയമാകുന്നില്ല. അതുകൊണ്ടു തന്നെ മനുഷ്യന് പരിഗണിത്തക്കവിധം കാന്തികധ്രൂവിയതയുമില്ല. ഉണ്ടെങ്കില്‍ തന്നെ സങ്കല്‍പ്പിക്കാവുന്നതിലും വളരെ വളരെ നിസ്സാരമായിരിക്കുമത്.

(2) മനുഷ്യശരീരത്തില്‍ 75 ശതമാനത്തിലധികം ജലമാണെങ്കിലും ആ ജലം സമുദ്രജലം, മാഗ്മ എന്നിവയെപ്പോലെ ഏകതാനതയുള്ളതോ വലുതോ സ്വതന്ത്രമോ ചലനാത്മകമോ അല്ല. അതിശക്തമായ തന്മാത്രബന്ധനങ്ങളില്‍ കുടുങ്ങിയ രീതിയിലാണ് നമ്മുടെ ശരീരത്തില്‍ ജലമുള്ളത്. കോശങ്ങള്‍ക്കുള്ളില്‍ തന്മാത്രാരൂപത്തില്‍ അവ തളയ്ക്കപ്പെട്ടിരിക്കുന്നു;ത്വക്ക് പോലുള്ള ഒരു ഖരാവരണം മുകളിലുണ്ടുതാനും. രക്തം ചലനാത്മകമാണെങ്കിലും രക്തക്കുഴലുകള്‍ക്കുള്ളിലൂടെയാണ് അതൊഴുകുന്നത്. താരതമ്യേന ഉയര്‍ന്ന മര്‍ദ്ദനിരക്കിലുള്ള(above 80 mm of mercury)ഈ രക്തപ്രവാഹത്തെ ചുഴറ്റിയടിക്കുക എളുപ്പമല്ല. മനുഷ്യശരീരത്തിലെ ജലത്തെ ചന്ദ്രന് ആകര്‍ഷിക്കാനാവില്ലെന്ന് പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

(3) ഭൂമിയുടെ കാന്തികധ്രൂവീയത( direction of magnetic polarity) സ്ഥിരമല്ലെന്നും ശരാശരി നാലര ലക്ഷം വര്‍ഷങ്ങളില്‍ അത് മാറി മറിയുന്നുണ്ടെന്നും ശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് തെക്കു-വടക്കുകള്‍ മാറിമറിയുന്നു. തെക്ക് വടക്കാകുന്നു-വടക്ക് തെക്കാകുന്നു. ശരാശരി നാലര ലക്ഷം എന്നു പറയുമ്പോള്‍ ചിലപ്പോള്‍ ഇത് ഏറിയും കുറഞ്ഞുമിരിക്കും. ഏറ്റവും ഒടുവില്‍ ഭൂമിയുടെ കാന്തികധ്രൂവീയത മാറി മറിഞ്ഞത് ഏകദേശം 7.8-8 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 8 ലക്ഷം വര്‍ഷത്തിന് മുമ്പ് ഒരു വടക്കുനോക്കി യന്ത്രം ഉപയോഗിച്ചിരുന്നെങ്കില്‍ അതിന്റെ സൂചി ഇന്ന് നാം തെക്കായി പരിഗണിക്കുന്ന ദിശയിലേക്ക് തിരിയുമായിരുന്നു. പക്ഷെ അതിന് ശേഷം 41000 വര്‍ഷത്തിന് മുമ്പ് വീണ്ടും കാന്തികധ്രൂവദിശ തിരിച്ചായി . പക്ഷെ ഈ വ്യതിയാനം കേവലം 440 വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. തുടര്‍ന്ന് ധ്രൂവീയത വീണ്ടും പഴയതുപോലെയായി. ഇന്നും പ്രസ്തു അവസ്ഥ തുടരുന്നു. The process is called ‘reverse polarity’. ഭൗമധ്രൂവീയതയും കാന്തികധ്രൂവീയതയും രണ്ടാണ്. ഭൗമധ്രൂവീയത സ്ഥിരമാണ്, കാന്തിക ധ്രൂവീയത അങ്ങനെയല്ല. ഇന്ന് ഭൂമിയുടെ ഭൗമധ്രൂവീയതയും കാന്തികധ്രൂവീയതയും ഉത്തരധ്രൂവത്തെ കേന്ദ്രീകരിച്ചാണ്. പക്ഷെ ഇതെന്നും ഇങ്ങനെയാവണമെന്നില്ല. പക്ഷെ അപ്പോഴും ഭൗമ ഉത്തരധ്രൂവം സ്ഥിരമായിരിക്കും.

(4) പറഞ്ഞുവരുന്നതിതാണ്: ഭൂമിയുടെ തെക്കുവടക്കും കാന്തികധ്രൂവങ്ങളും എക്കാലത്തും ഒരു പോലെയല്ല. കാന്തികധ്രൂവങ്ങള്‍ മാറി മറിഞ്ഞുവരും. ഇത് വിശദീകരിക്കുന്ന കമ്പ്യൂട്ടര്‍ സിമുലേഷന്‍ സോഫ്റ്റ് വെയറുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വടക്കോട്ട് തല വെച്ച് കിടന്നാല്‍ പ്രശ്‌നമാകും എന്നു പറയുന്നത് പൂച്ച കുറുക്കു ചാടിയാല്‍ മണ്ട മറിയും എന്നു പറയുന്നതുപോലെയേ ഉള്ളൂ. ഭൂമിയില്‍ സൂര്യന്‍ ഉദിക്കുന്നതായി അനുഭവപ്പെടുന്ന ദിക്കിന് കിഴക്ക് എന്ന് പറയുന്നു. അതിനനുസരിച്ച് സൗകര്യാര്‍ത്ഥം മറ്റ് ദിക്കുകള്‍ തിട്ടപ്പെടുത്തുന്നു. എന്തെന്നാല്‍ നാമെല്ലാം ജീവിക്കുന്നത് ഗോളത്തിന്റെ ഉപരിതലത്തിലാണെങ്കിലും പരന്നപ്രതലത്തില്‍ ജീവിക്കുന്ന പ്രതീതിയിലാണ് നമ്മുടെ മസ്തിഷ്‌ക്കം ചുറ്റുപാടുകള്‍ നിര്‍ധാരണം ചെയ്യുന്നത്- എക്കാലത്തും അതങ്ങനെതന്നയായിരുന്നു. പക്ഷെ ഒരു ഗോളത്തെ സംബന്ധിച്ചിടത്തോളം ദിശ/ദിക്ക് എന്ന സങ്കല്‍പ്പം അപ്രസക്തമാണ്. നേര്‍രേഖയില്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ പടിഞ്ഞാറ് എത്തിച്ചേരും, പിന്നെയും സഞ്ചരിച്ചാല്‍ ആരംഭബിന്ദുവിലും.

(5) ഭൂമി പരന്നതായി അനുഭവപ്പെടുകയും അതങ്ങനെതന്നെയെന്ന് വിശ്വസിക്കുകയും ചെയ്ത ജനമാണ് ദിക്കുകള്‍ നിര്‍വചിച്ചത്. പ്രാദേശികമായ ആവശ്യങ്ങള്‍ക്ക് ഇന്നും ദിക്കുകള്‍ സഹായകരമാണ്. എങ്കിലും ഭൂമിയെ മുഴുവനായി പരിഗണിക്കുമ്പോള്‍ ദിക്കുകളില്ല. ലോകമെമ്പാടുമുള്ള മുസ്‌ളീങ്ങള്‍ മെക്കയിലെ കഅബ ദിശ(കിബ്‌ല)യായി കണ്ട് അങ്ങോട്ട് തിരിഞ്ഞുനിന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. മതവിശ്വാസങ്ങളെല്ലാം പൊതുവെ പരന്നഭൂമിയുടെ ഉത്പ്പന്നങ്ങളായതിനാലാണ് ഈ തമാശ അരങ്ങേറുന്നത്. ഇന്ത്യന്‍ മുസ്‌ളീമിന് കൃത്യമായും മെക്കയ്ക്ക നേരെ നിന്ന് നിസ്‌ക്കരിക്കാനാവില്ല. അങ്ങനെ ചെയ്യുന്നുവെന്ന ധാരണയില്‍ അയാള്‍ ശരിക്കും തുറന്ന സ്‌പേസിലേക്കോ മണ്ണിലേക്കോ തന്റെ ദിശ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. മെക്കയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന ധാരണയില്‍ അയാള്‍ ശരിക്കും അഭിമുഖീകരിക്കുന്നത് തറയേയോ വിദൂരത്ത് എവിടെയോ നില്‍ക്കുന്ന ഗ്രഹങ്ങളെയോ ഗാലക്‌സികളെയോ ആണ്! മെക്കയ്ക്ക് അടുത്ത് നില്‍ക്കുന്നവര്‍ക്ക് ദിക്കും ദിശയും പ്രസക്തമാകും. പക്ഷെ ദൂരം കൂടുമ്പോള്‍ ഭൂമിയുടെ ഗോളീയവക്രത(spherical curvature) കാരണം ദിക്കും ദിശയും ക്രമേണ അപ്രസക്തമാകും.

ഇന്ത്യന്‍ അന്ധവിശ്വാസം വടക്കോട്ട് തല വെക്കരുതെന്നാണെങ്കില്‍ അയല്‍ക്കാരായ ചൈനക്കാര്‍ പറയുക തെക്കോട്ട് തലവെക്കരുതെന്നാണ്. തെക്ക് ദിശയില്‍ വാതിലുകള്‍ പാടില്ലെന്നും അവര്‍ പറയും. എന്തെന്നാല്‍ ചൈനക്കാരുടെ മരണദേവന്‍ കടന്നുവരുന്നത് തെക്കുനിന്നാണ്. വാതില്‍ വെച്ചുകൊടുത്താല്‍ ടിയാന്‍ അനായാസം വീട്ടിനുള്ളില്‍ കടന്നുവരും!

(6) ഭൂമിയുടെ ഉത്തരകാന്തികധ്രൂവവും(magnetic north) മനുഷ്യശരീരത്തിന്റെ ഉത്തരകാന്തികധ്രൂവവും(?) വടക്കായതിനാല്‍ വടക്കോട്ട് തലവെച്ച് ഉറങ്ങിയാല്‍ സമാനചാര്‍ജ്ജുകളുടെ വികര്‍ഷണം മൂലം ശരീരത്തിന്റെ ഉത്തരകാന്തികധ്രൂവവും ഭൂമിയുടെ ഉത്തരകാന്തികധ്രൂവവും തമ്മില്‍ പോരാട്ടത്തില്‍ ഏര്‍പ്പെടുകയും ആത്യന്തികമായി ഭൂമിയുടെ ഉത്തരധ്രൂവം വിജയിക്കുകയും ചെയ്യും. ഇതുമൂലം രാവിലെ എഴുന്നേല്‍ക്കുമ്പോല്‍ വല്ലാത്ത ക്ഷീണവും വിളര്‍ച്ചയും അനുഭവപ്പെടും- ഇതാണ് ഇന്ത്യന്‍ അന്ധവിശ്വാസത്തിന്റെ കാതല്‍. പണ്ട് ഏതോ മിടുമിടുക്കന്‍ ഋഷിക്ക് രാവിലെ എഴുന്നേറ്റപ്പോള്‍ അസ്വസ്ഥതയോ ഛര്‍ദ്ദിലോ തോന്നിയിട്ടുണ്ടാവാം. തലേ ദിവസം രാത്രിയില്‍ സേവിച്ച സോമത്തിന്റേതല്ല സ്വാധീനമല്ല അതെന്ന് പ്രസ്തുത ഋഷി തിരിച്ചറിയുന്നു. തടുര്‍ന്ന് ഉറക്കത്തില്‍ താന്‍ തല വെച്ച ദിശയാവാം ക്ഷീണത്തിന് കാരണമെന്ന് മഹാമുനിക്ക് വെളിപാടുണ്ടാകുന്നു. ഇക്കാര്യം അദ്ദേഹം പലരോടും പറയുകയും അതേ തുടര്‍ന്ന് അടുത്ത ദിവസംമുതല്‍ വടക്കോട്ട് തല വെച്ച പലര്‍ക്കും രാവിലെ അസ്വസ്ഥത ഉണ്ടായതായി ”പൊലിപ്രാഭാവ”ത്തിന്റെ (placebo effect) സ്വാധീനത്തില്‍ തോന്നുകയും അത് പിന്നീട് കിടിലന്‍ ഛാത്രമായി മാറുന്നു- ഇതാവാം സംഭവം!

(7) തെക്കോട്ട് തലവെക്കുന്നതാണ് നല്ലതെന്ന് കേട്ട് അങ്ങനെ ചെയ്ത പലര്‍ക്കും പൊലിപ്രഭാവ സ്വാധീനത്താല്‍ രാവിലെ വലിയ ഉന്മേഷം തോന്നിയിട്ടുണ്ടാവാം! കാന്തികപ്രഭാവം എന്നൊന്ന് ഉണ്ടെന്നും ഭൂമിക്ക് കാന്തികധ്രൂവീയത ഉണ്ടെന്നുമൊക്കെ സയന്‍സ് മനസ്സിലാക്കിയതിന് എത്രയോ മുമ്പാണ് ഇത്തരം ഛാത്രങ്ങള്‍ ഉണ്ടായതെന്നോര്‍ക്കുക! സംഗതി ഇത്രയേ ഉള്ളൂ: ദിശ ഏതോ ആയിക്കോട്ടെ അന്ധവിശ്വാസിയോട് ഏതെങ്കിലും ഒരു ദിശയുടെ കാര്യം പറഞ്ഞ് പേടിപ്പിച്ചാല്‍ അത് അനുഭവിച്ചെടുക്കുന്ന കാര്യം അയാളുടെ മസ്തിഷ്‌ക്കം ഏറ്റെടുത്തുകൊള്ളും. വടക്കോട്ട് തല വെച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസികള്‍ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ബാക്കിയുള്ളവര്‍ ഏത് ദിശയില്‍ തല വെച്ച് ഉറങ്ങിയാലും സമം ഗുണം.

(8) ലോകത്തെമ്പാടും ദിശയെ അടിസ്ഥാനപ്പെടുത്തി മനോഹരമായ അന്ധവിശ്വാസങ്ങള്‍ നെയ്തുകൂട്ടിയിട്ടുണ്ട്. പലര്‍ക്കും ഭിന്ന ദിശകളാണ് പ്രശ്‌നം. ചിലര്‍ക്ക് വടക്ക് പ്രശ്‌നമാണെങ്കില്‍ മറ്റു ചിലര്‍ക്ക് തെക്കും കിഴക്കുമാണ് വില്ലന്‍! ദിശയേ മാറുന്നുള്ളു, അന്ധിവിശ്വാസങ്ങളുടെ സ്വഭാവവും പിന്നാമ്പുറക്കഥകളും ഏതാണ്ട് സമാനമായിരിക്കും. വടക്കോട്ട് തല വെച്ചാല്‍ യഥാര്‍ത്ഥത്തില്‍ പ്രശ്‌നമാണെങ്കില്‍ തെക്കുവടക്ക് അറിയാതെ ജീവിച്ച നമ്മുടെ പൂര്‍വികരില്‍ പലരുടെയും തലമണ്ടയുടെ ഐ.സിയും മദര്‍ബോര്‍ഡുമൊക്കെ അടിച്ചുപോയേനെ. ഗൂഹാമനുഷ്യരും കാട്ടാളന്‍മാരുമൊക്കെ മൈഗ്രെയിന്‍ കാരണം ഭ്രാന്തരായിപ്പോകുമായിരുന്നു. ഇന്നും ഈ വടക്കുഛാത്രം അറിയാതെ ജീവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ലോകജനതയുടെ കാര്യമൊന്നോര്‍ത്തു നോക്കൂ! മാത്രമല്ല ആന, കാള, പശു, സിംഹം… തുടങ്ങി ബാക്റ്റീരിയ വരെയുള്ള ജീവജാലങ്ങളുടെ കാര്യവും തഥൈവ. അവയൊന്നും തെക്കുവടക്ക് നോക്കിയല്ലല്ലോ ശയനം നടത്തുന്നത്!അവര്‍ക്കിടയില്‍ ഛാത്രം നേരത്തെ കണ്ടുപിടിക്കുന്ന സ്വഭാവമുള്ള മ്യാരകഋഷിമാരുമില്ല. വടക്കോട്ടെ തല വെക്കരുത്, തെക്കോട്ട് കാലു വെക്കരുത്, പടിഞ്ഞാറോട്ട് മൂക്ക് വെക്കരുത് എന്നൊക്കെയുള്ള ലാവണ്യനിബിഡമായ അന്ധവിശ്വാസങ്ങള്‍ ചുമക്കാത്തവരെ സംബന്ധിച്ചിടത്തോളം അത്യാവശ്യം കഷ്ടപ്പാടില്ലാതെ ജീവിച്ചുപോകാം. അതില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വടക്കോട്ട് തലവെച്ച് ഉറങ്ങിയാല്‍ രാവിലെ തെക്കോട്ട് എടുക്കേണ്ടി വരുമെന്ന് കഠോരന്റെ ഘോരശാസ്ത്രത്തില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

നാണിയേച്ചി

നാട്ടില്‍ പ്രായംചെന്ന ഒരു അലക്കുകാരിയുണ്ടായിരുന്നു. തല്‍ക്കാലം നാണിയേച്ചി എന്നുവിളിക്കാം. വാര്‍ദ്ധക്യസഹജമായി യാതനകള്‍ മൂര്‍ച്ഛിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞു. ഞാനുമായി വലിയ കൂട്ടായിരുന്നു. നാണിയേച്ചിയുടെ പ്രത്യേകത അവരുടെ അതിഘോര ഭക്തിയായിരുന്നു. ഭക്തി മൂത്ത് ഭ്രാന്തായെന്ന് പറയാവുന്ന അവസ്ഥ. അലക്കുപണിക്ക് ശേഷം പ്രാദേശികക്ഷേത്രത്തില്‍ ചെന്ന് സകല പണിയും ചെയ്യും. മഴയും കാറ്റുമൊന്നുമില്ലെങ്കില്‍ വൈകിട്ട് സന്ധ്യാനാമം ചൊല്ലിയിട്ടേ വീട്ടില്‍ പോകൂ. അന്നൊന്നും ക്ഷേത്രങ്ങളില്‍ ഇന്നത്തെ ബഹളവും ചവിട്ടിപ്പൊളിയുമില്ല. വൈകുന്നേരമാകുമ്പോള്‍ അമ്പലത്തിന്റെ തിണ്ണയില്‍ നായ്ക്കള്‍ കയറിക്കിടക്കും. മിക്കപ്പോഴും സന്ധ്യാനാമം ചൊല്ലാന്‍ ഞാനും നാണിയേച്ചിയും മാത്രം ബാക്കിയാവും. കറണ്ടില്ലെങ്കില്‍ മൈക്കുമില്ല.

ആസ്തമയുടെ ശല്യമുണ്ടായിരുന്നതിനാല്‍ പല വരികളും പാടി പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് പ്രയാസമായിരുന്നു. ഞാനാകട്ടെ, നാമംചൊല്ലിയാല്‍ ആനമുട്ട കിട്ടുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന കാലം. നാണിയേച്ചിയുടെ ഒപ്പമിരുന്ന് കഴിവതും ഉച്ചത്തില്‍ ”ഒളിച്ച് നിന്ന് ബാലിയെ തിളച്ചയമ്പിനാല്‍ കൊല കഴിച്ച രാഘവാ മുകുന്ദരാമ പാഹിമാം…..” എന്നൊക്കെ വെച്ചു കീറും. ഭക്തകുചേലനായിരുന്ന എന്നോട് അവര്‍ക്ക് വലിയ സ്‌നേഹമായിരുന്നു. അതങ്ങനെ തുടര്‍ന്നു. പിന്നീട് ഏഴാം ക്‌ളാസ്സിലൊക്കെ ആയതിന് ശേഷം എന്തുകൊണ്ടോ എനിക്ക് നാമംചൊല്ലലില്‍ ക്രമേണ താല്‍പര്യം കുറഞ്ഞു വന്നു. പിന്നങ്ങോട്ട് ആ വഴിക്ക് പോകാതെയുമായി. അമ്മ അമ്പലത്തില്‍ ചെന്നപ്പോള്‍ നാണിയേച്ചി ഇക്കാര്യം പലവുരു പരാതിയായി പറഞ്ഞിട്ടുണ്ട്.

പിന്നീട് പലയിടത്ത് വെച്ച് കാണുമ്പോഴും നാമംചൊല്ലാന്‍ വരാത്തതെന്തേ എന്നൊക്കെ തടഞ്ഞുനിറുത്തി അധികാരഭാവത്തോടെ ചോദിക്കും. ദൈവകോപം കിട്ടുമെന്നും ഭാവി കോഞ്ഞാട്ടയാകുമെന്നുമൊക്കെ ഭീഷണിപ്പെടുത്തും. വരാമെന്ന് ഏറ്റ് ഞാന്‍ സൂത്രത്തില്‍ മുങ്ങും. പിന്നെ കുറെനാള്‍ തമ്മില്‍ കാണാതായി. ട്യൂഷന്‍ സെന്ററിലൊക്കെ ക്‌ളാസ്സ് എടുക്കുന്ന ഒരു ഘട്ടത്തിലാണ് പിന്നീട് കണ്ടുമുട്ടുന്നത്. എന്റെ വേഷവിധാനമൊക്കെ കണ്ട് ജോലി കിട്ടിയെന്ന് തെറ്റിദ്ധരിച്ച് അവരെന്റെ കയ്യില്‍പിടിച്ച് എന്തൊക്കെയോ പറഞ്ഞ് കുറെ കരഞ്ഞു. ചെറിയ പ്രായത്തില്‍ ജോലി കിട്ടിയത് പണ്ട് സന്ധ്യാനാമം ചൊല്ലി നാട്ടുകാരെ പീഡിപ്പിച്ച വകുപ്പിലാണെന്നും അവര്‍ തലേദിവസവും എന്നെക്കുറിച്ച് പ്രത്യേകപ്രാര്‍ത്ഥന നടത്തിയെന്നുമൊക്കെയാണ് കരച്ചിലിനിടെ പറഞ്ഞതിന്റെ സാരം. സന്തോഷപൂര്‍വം എല്ലാം അംഗീകരിച്ച് തലയാട്ടി കേട്ടു, പത്തു രൂപയും കൊടുത്തു.

പിന്നീടങ്ങോട്ട് കാണുമ്പോഴൊക്കെ കയ്യിലുള്ളതെന്തെങ്കിലും സ്‌നേഹത്തോടെ കൊടുക്കുന്നത് ശീലമായി. സത്യത്തില്‍ അവരത് പ്രതീക്ഷിച്ചിരുന്നു. അവസാനഘട്ടമായപ്പോള്‍ അവശത കാരണം നാണിയേച്ചി വില്ലുപോലെ വളഞ്ഞുപോയി. എണ്ണയും കുഴമ്പും നടുവേദനയും ഒക്കെയായി….. പണിയെടുക്കാനൊന്നും വയ്യാതായതോടെ സ്വന്തം വീട്ടിലും അധികപ്പറ്റായി… പിന്നീടും പലയിടത്തും വെച്ചും കണ്ടിട്ടുണ്ട്. കാണുമ്പോഴൊക്കെ കുശലം പറയും, അവശതയെക്കുറിച്ച് പറയും. ജോലിയും ഐശ്വര്യവുമൊക്കെ ഉണ്ടായത് കൃഷ്ണന്‍, ശിവന്‍, ദേവി തുടങ്ങിയ ദേശീയദൈവങ്ങളുടെ കൃപ കൊണ്ടാണെന്ന് ആവര്‍ത്തിക്കും. മിണ്ടാതെ കേള്‍ക്കും, സന്തോഷത്തോടെ പിരിയും.

പക്ഷെ പെട്ടെന്നൊരു ദിവസം ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. എന്നെ ദൂരെ നിന്ന് കണ്ടതും ഒരു കടയില്‍ നിന്ന നാണിയേച്ചി കൈ കൊട്ടി വിളിച്ചു. അടുത്ത് ചെന്നപ്പോള്‍ ഒറ്റ ചോദ്യം:
”എടാ നീ ഇപ്പോള്‍ വല്യ നിരീശ്വരവാദിയാണൊന്നൊക്കെ കേട്ടു. ടി.വി ചെന്നിരുന്ന് ദൈവകോപം പറഞ്ഞെന്നോ ഒക്കെ ആളുകള് പറയുന്ന കേട്ടു.”
അത്രയുംപേര്‍ അവിടെ കൂടി നില്‍ക്കവെ അവരത് പറഞ്ഞപ്പോള്‍ വല്ലായ്മ തോന്നി. ഞാന്‍ മിണ്ടാതെ നിന്നെങ്കിലും വെടികൊണ്ട പുലിയെപ്പോലെ നാണിയേച്ചി കത്തിക്കയറി:
”എടാ, നിനക്ക് ശിവനെ അറിയില്ല. ഒറ്റനോട്ടത്തില്‍ ഭസ്മമാക്കി കളയുന്നവനാണ്. നീ മാത്രല്ല നിന്റെ കുട്യോളേം പെണ്ണുംമ്പിള്ളേം വരെ അനുഭവിക്കും. പരീക്ഷിത്തിനെ കൊന്നതെങ്ങനാന്ന് അറിയാമോ നിനക്ക്?…കളിക്കല്ലേ മോനെ ശിവനോട്…”

ആകെ ചമ്മിപ്പോയി. എന്താ പറയ്ക?! നാണിയേച്ചി അങ്ങനെ നിറുത്താതെ ഓരോന്ന് പറയുകയാണ്. കടയില്‍ നില്‍ക്കുന്നവരൊക്കെ നോക്കി ചിരിക്കുന്നു. അവസാനം സഹികെട്ട് ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു:
”നിങ്ങളോട് ഇതൊക്കെ ആരാ പറയുന്നേ? നിരീശ്വരവാദിയാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞോ?”
”ഇങ്ങോട്ടൊന്നും പറയണ്ട…നാണി പറയുന്നത് അങ്ങ് കേട്ടാച്ചാ മതി”
”നാണിയേച്ചി നമുക്കിങ്ങനെ സംസാരിക്കേണ്ട, കാശു വല്ലതും വേണമെങ്കില്‍ അത് പറഞ്ഞാല്‍ മതി”
”പോടാ അവിടുന്ന് !! നിന്റെ കാശ് നാണിയുടെ പട്ടിക്ക് വേണം! നീ ദൈവനിഷേധം പറഞ്ഞ് നടക്കരുതെന്ന് പറഞ്ഞതായോ ഇപ്പോ എന്റെ കുറ്റം?”
ആകെപ്പാടെ വല്ലാതെ തോന്നിയെങ്കിലും സൈക്കിളില്‍ നിന്ന് വീണ ഒരു ചിരിയോടെ ഞാനന്ന് സ്ഥലം കാലിയാക്കി. അതില്‍പ്പിന്നെ നാണിയേച്ചിയെ ദൂരെ നിന്ന് കാണുമ്പോഴേ ഞാന്‍ ഒഴിഞ്ഞുമാറും. സമയവും സന്ദര്‍ഭവും നോക്കാതെ അവര്‍ വിടുവായത്തം എന്തെങ്കിലും പറഞ്ഞാലോ! പക്ഷെ ആറുമാസം കഴിഞ്ഞില്ല. പിന്നെയും പിടി വീണു. അതേ കടയില്‍ വെച്ച്! അറിയാതെ മുമ്പില്‍ ചെന്ന് പെട്ടുപോയി:
”ഡാ….!!!” -അവരുടെ വിളി കേട്ടപ്പോഴേ ഉള്ളൊന്നു കാളി.

”എന്തുണ്ട് നാണയേച്ചി…?” -കുശലം ചോദിച്ചു.
”വേണ്ട, വേണ്ട..നാണിയേച്ചിക്ക് കൊഴപ്പമൊന്നുമില്ല. നിന്റെ നിരീശ്വരവാദ ചോദ്യമൊന്നും എന്നോട് വേണ്ട മോനെ….”
ഞാനാകെ കുഴങ്ങി. വീണ്ടും പഴയ രീതിയില്‍ അപമാനിക്കാനുള്ള പുറപ്പാടിലാണ്.
”എടാ നീ എല്ലാവരേയും പറഞ്ഞു വഴിതെറ്റിച്ച് നിരീശ്വരവാദിയാക്കുന്നുവെന്ന് കേട്ടല്ലോ… ”
” ഇതൊക്കെ നിങ്ങളോടാരാ പറഞ്ഞേ. ഞാന്‍ നിങ്ങളോടായി എന്തെങ്കിലും പറഞ്ഞോ…”
”എന്നോട് പറയാനോ…. അതാപ്പം നന്നായേ! എന്നാ നീയൊന്ന് പറഞ്ഞുനോക്ക്! അപ്പോഴറിയാമല്ലോ നാണിയുടെ കൊണം…”
”എന്തോ പറയണമെന്നാ…?”
”നിന്റെ പുനാങ്കിലെ നിരീശ്വരവാദം..!”
”ഇത് വല്യ തലവലിയായല്ലോ…ഞാനെന്തിനാ നിങ്ങളോട് നിരീശ്വരവാദം പറയുന്നേ?”
”അല്ല പറഞ്ഞാലും ഗുണമൊന്നുമില്ല….അല്ലേല്‍ നീയൊന്ന് പറഞ്ഞുനോക്ക്, അപ്പോഴറിയാമല്ലോ….”
”ശ്ശെടാ, ഇതൊരു കുരിശ് തന്നെ..”
”കുരിശുമില്ല മാരണവുമില്ല… നീ നാട്ടുകാരെ മുഴുവന്‍ നിരീശ്വരവാദിയാക്കിക്കോ. പക്ഷെ നിന്റെ കളി നാണിയോട് നടക്കില്ല…നിന്നെപ്പോലുള്ള മാരീചന്‍മാരെ നേരിടാന്‍ നാണിക്കറിയാം”
”എന്റെ പൊന്നു നാണിയേച്ചി, നിങ്ങളെന്താ ഈ പറയുന്നേ? ഞാനെന്നെങ്കിലും നിങ്ങളോട് എന്തെങ്കിലും പറയാന്‍ വന്നിട്ടുണ്ടോ?..പ്‌ളീസ് എന്നെ വിട്”
”എടാ വന്നാലും നടക്കില്ലെന്നാ പറഞ്ഞേ.. നീ പലരേയും മാറ്റുമായിരിക്കും…പക്ഷെ നിന്റെ മാരീചന്‍ പണി മുഴുവന്‍ കാണിച്ചാലും നാണിയെ മാറ്റാന്‍ പറ്റില്ല”
ശ്ശൊ, ഇതൊരു വല്യ ശല്യമായല്ലോ, തള്ളേ നിങ്ങങ്ങള്‍ക്ക് ശരിക്കും വട്ടാണോ? ഞാനെന്തെങ്കിലും നിങ്ങളോട് പറയാന്‍ വന്നോ?”-എനിക്ക് ശരിക്കും ദേഷ്യം വന്നു.
”നീയൊന്നും പറഞ്ഞില്ല. പക്ഷെ പറഞ്ഞാലും നാണിയെ മാറ്റാന്‍ നിനക്ക് പറ്റില്ല. ചൊണയൊണ്ടേല്‍ നീയൊന്ന് പറഞ്ഞ് നോക്ക്”.
ആകെ ഏതാണ്ട് പോലെ. നാണിയേച്ചി ഇതുംപറഞ്ഞ് പോരുകോഴിയെപ്പോലെ ഇരമ്പുകയാണ്……… അവസാനം ഒരുവിധം അവിടെ നിന്ന് ഊരിപ്പോന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ!

പാവം നാണിയേച്ചി! അവരുടെ മതാന്ധതയാണ് വാര്‍ദ്ധക്യത്തിലും അവരെക്കൊണ്ട് അങ്ങനെയൊക്കെ പറയിപ്പിച്ചത്. എന്റെ വിശ്വാസരാഹിത്യം അവര്‍ അപമാനകരമായി കണ്ടു. കൂടെയുള്ള ഒരാള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമ്പോള്‍ സമാനമായ ചിന്തകള്‍ ഏതൊരു മതഭക്തനിലും അങ്കുരിക്കും. വിശ്വാസത്തിന് ഇളക്കം തട്ടുന്നത് ബുദ്ധിയും വിവരവും ഇല്ലാത്തതിന്റെ ലക്ഷണമാണെന്നും അക്കളി തന്നോട് നടക്കില്ലെന്നുമാണ് ആ സാധു സ്ത്രീ ഒരു കാരണവുമില്ലാതെ ആക്രോശിച്ചുകൊണ്ടിരുന്നത്. ഇത് നാണിയേച്ചിയുടെ മാത്രം പ്രശ്‌നമല്ല. മിക്ക മതവിശ്വാസികളും അടിസ്ഥാനപരമായി ‘നാണിയേച്ചി’കളാണ്. നാണയേച്ചിയെപ്പോലെ അത് തുറന്നടിക്കാനൊന്നും എല്ലാവരും തയ്യാറാവില്ലെന്ന് മാത്രം. പക്ഷെ ”ഇതൊക്കെ എത്ര കണ്ടിരിക്കുന്നു, എന്റെടുത്ത് നിന്റെ കളിയൊന്നും നടക്കില്ല, ഞാന്‍ ചരക്ക് വേറെ”എന്ന് വ്യക്തമാക്കുന്ന പല സൂചനകളും അവര്‍ ഒളിഞ്ഞുംതെളിഞ്ഞും വാരിവിതറും. സ്വന്തം ആത്മവിശ്വാസമില്ലായ്മയും ബോധ്യക്കുറവുമാണ് ഇത്തരം സാഹസങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത്. മാറാത്തതെന്തോ അതാണ് മതം. മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം മാറാതിരിക്കുക എന്നത് പരമമായ മഹത്വമാകുന്നു. അവന്റെ കടലില്‍ അലകളില്ല. അതിലവന്‍ അഗാധമായി അഭിമാനിക്കുകയും ചെയ്യുന്നു.

ജയനും നമ്പ്യാരും

അന്തരിച്ച മലയാള സിനിമാനടന്‍ ജയനെ കുറിച്ച് തൊണ്ണൂറുകളില്‍ പ്രചരിപ്പിക്കപ്പെട്ട ഒരു തമാശക്കഥയിങ്ങനെ:
ജയന്‍ എം.എന്‍ നമ്പ്യാരുമായി ഒരു ചിത്രത്തിന്റെ (‘Paravesham’) ക്ലൈമാക്‌സില്‍ ഏറ്റമുട്ടുന്നു. പണ്ടാരമടങ്ങിയ ഘോരസംഗീതം. എല്ലാം തനിക്ക് പുല്ലാണ് എന്ന ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവും പാല്‍ പുഞ്ചിരിയുമായി ആടിയാടി ജയന്‍ സ്‌ക്രീനില്‍. അപ്പോഴതാ എം.എന്‍ നമ്പ്യാര്‍ സംവിധായകന് പിന്നില്‍ നിന്നും ചാടി വീഴുന്നു! എങ്ങനെയോ നമ്പ്യാര്‍ ജയന്റെ വലതു കൈ പിടിച്ച് ഒരു ജനലിന്റെ അഴികള്‍ക്കുള്ളിലേക്ക് തിരുകി കയറ്റുന്നു. മിന്നല്‍ വേഗത്തിലുള്ള നമ്പ്യാരുടെ നീക്കത്തിന് മുന്നില്‍ ജയന്‍ പകച്ചുപോയി. പക്ഷെ പറഞ്ഞിട്ടെന്താ, ജനലഴിക്കുള്ളിലേക്ക് തിരുകി കയറ്റിയ ജയന്റെ ബലിഷ്ഠമായ കൈ നമ്പ്യാര്‍ സര്‍വശക്തിയുമെടുത്ത് പിടിച്ച് തിരിക്കാന്‍ തുടങ്ങി. അഴിയില്‍ കുരുങ്ങിയതിനാല്‍ ജയന് പെട്ടെന്ന് കൈ വലിച്ചെടുക്കാനും കഴിയുന്നില്ല.

എങ്കിലും തെല്ലു പുച്ഛത്തോടെ ആത്മവിശ്വാസത്തോടെ ചെമ്പിലടിക്കുന്ന ശബ്ദത്തോടെ പറഞ്ഞു:
”എടാ, റാസ്‌ക്കല്‍! എന്റെ കൈ വിടുന്നതാണ് നിനക്ക് നല്ലത്…”-
നമ്പ്യാര്‍ക്ക് ഇത് കേട്ട് അരിശം കയറി. പുള്ളി കൈ വീണ്ടും പിടിച്ചു തിരിച്ചുകൊണ്ടിരുന്നു. ജയനാകട്ടെ തുളച്ചു കയറുന്നവേദന. മുഖം വല്ലാതെ ഇരുണ്ടു.
”അമ്മേ, എനിക്ക് വേദനിക്കുന്നു! എടാ, കൈ വിടാന്‍… ”എന്ന് നല്ല ശബ്ദഗാംഭീര്യത്തോടെ പറഞ്ഞു.
നമ്പ്യാരുണ്ടോ വിടുന്നു. പരമാവധി ശക്തിയുപയോഗിച്ച് തിരിക്കല്‍ തുടര്‍ന്നു.
”ഒ ! അമ്മേ വല്ലാത്ത വേദന. എടാ തെണ്ടീ കൈ വിടാന്‍….” ഇപ്പോഴും ജയന്റെ ശബ്ദത്തിന് നല്ല കനമുണ്ട്. കൂടെ പതഞ്ഞുപൊന്തുന്ന രോഷവും. പക്ഷെ നമ്പ്യാര്‍ നിര്‍ദ്ദയനായി പണി തുടര്‍ന്നു. ജയന്‍ വേദനകൊണ്ട് പുളഞ്ഞു. കണ്ണില്‍ നിന്നും ചോര ചാടുമെന്ന അവസ്ഥ. വിയര്‍ത്തു കുളിച്ച ജയന്‍ അവസാനം പൂച്ച കരയുന്ന ശബ്ദത്തില്‍ വിതുമ്പി:
”അയ്യോ അമ്മച്ചി എന്റെ കൈ ഒടിയുന്നേ, പൊന്നു നമ്പ്യാരെ ഇപ്പോഴത്തേക്ക് വിടടാ…..” ജയന്റെ ദയനീയമായ പൂച്ചസ്വരവും രോദനവും കേട്ട മ്പ്യാര്‍ കൈ വിട്ടു പറഞ്ഞു:
”ആഹാ അങ്ങനെ വഴിക്ക് വാടാ…ഇങ്ങനെ മര്യാദയ്ക്ക് ആദ്യമേ കേണിരുന്നെങ്കില്‍ ഞാന്‍ നിന്റെ കൈ വിട്ടേനെ..ങും!”!

സംസ്‌ക്കാരവും പരിഷ്‌കൃതഭാവവുമൊക്കെ മനുഷ്യന്റെ ഉടയാടകളാണ്. ഉടയാടകള്‍ നീക്കം ചെയ്യപ്പെടുമ്പോള്‍ തനിമനുഷ്യന്‍ പുറത്തുവരുന്നു. അവന്‍ ആദിമചോദനകളിലേക്ക് തിരികെപ്പോകുന്നു. മനുഷ്യനുള്‍പ്പെടെയുള്ള ജീവികളുടെ ആദിമ ചോദനകളില്‍ ഒന്നാണ് ഭയം. അതൊരു സഹജമായ പ്രോഗ്രാമിംഗാണ്. ഭീഷണികളില്‍ നിന്നും വെല്ലുവിളികള്‍ക്കുമെതിരെ മുന്നറിയിപ്പുയര്‍ത്തി ജീവിയുടെ അതിജീവനം സാധ്യമാക്കാന്‍ സഹായിക്കുന്ന വികാരമാണത്. ആശങ്ക, പരിഭ്രാന്തി, സമ്മര്‍ദ്ദം,വെപ്രാളം…തുടങ്ങിയവയൊക്കെ ഭയജന്യവികാരങ്ങളാണ്. പരിണാമചരിത്രത്തില്‍ ഇവയൊക്കെ ഹോമോ സാപ്പിയന്‍സിനെയും ഏറെ സഹായിച്ചിട്ടുണ്ട്. ഭയം ജനിക്കുമ്പോള്‍ സവിശേഷമായ രാസപ്രവര്‍ത്തനങ്ങളും പേശീപ്രവര്‍ത്തനങ്ങളും അരങ്ങേറും. നമ്മുടെ മുന്‍ഗാമികളുടെ ഭയമാണ് നമ്മെ തലമുറകള്‍ കടത്തി ഇവിടെയെത്തിച്ചതെന്ന് പറയാം. മുന്‍ഗാമികള്‍ക്ക് ഭയമില്ലായിരുന്നുവെങ്കില്‍ അവര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുമായിരുന്നു. അപകടസാധ്യത കൂടുന്നതനുസരിച്ച് തുടര്‍തലമുറകളെ ഉത്പാദിപ്പിക്കാനുള്ള സാധ്യത കുറയും. ഭയമുണ്ടായിരുന്ന മുന്‍ഗാമികള്‍ കൂടുതലായി അതിജീവിക്കുകയും തുടര്‍ തലമുറകളെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടാവാം.

ഏറ്റക്കുറച്ചിലുണ്ടെങ്കിലും നമുക്കേവര്‍ക്കും ഭയമുണ്ട്. ഭയപ്പെടുത്തിയാല്‍ ഭയപ്പെടാത്തവര്‍ കുറയും. ചിലരെ അത്ര എളുപ്പം ഭയപ്പെടുത്താനാവില്ല. അവിടെ വിശ്വാസിയും അവിശ്വാസിയുമൊക്ക സമാനരാണ്. പ്രത്യക്ഷത്തില്‍ ഭയപ്പാടില്ലാതെ തള്ളുന്ന കാര്യങ്ങള്‍ പോലും പരോക്ഷമായി നമ്മെ ആശങ്കപ്പെടുത്തും, വേട്ടയാടും. കാരണമില്ലായ്മയും അജ്ഞതയും നിഗൂഡതയും ഭയം ജനിപ്പിക്കും. ദൈവവിശ്വാസം ഉള്‍പ്പെടെ വിജയകരമായി മുന്നോട്ടുപോകുന്ന നമ്മുടെ ഒട്ടുമിക്ക അന്ധവിശ്വാസങ്ങളുടെയും അടിസ്ഥാന ഇന്ധനം ഭയം തന്നെയാണ്. അജ്ഞാതമായതിനോടുള്ള ഭയം അനന്തമായിരിക്കും. അതായത് നായഭയത്തിന്റെ പത്തിരട്ടിയായിരിക്കും പ്രേതഭയം.

മതവിശ്വാസിയുടെ പല ഭയങ്ങളും അവിശ്വാസികളെ തീണ്ടില്ല. അവരവയുടെ പൊള്ളത്തരം തിരിച്ചറിയുന്നത് കൊണ്ടാണങ്ങനെ. പക്ഷെ വിശ്വാസിയുടെ ബാക്കി ഭയങ്ങളൊക്കെ അവിശ്വാസിക്കും ഒപ്പമുണ്ടാകും. എന്തിനേറെ, അവിശ്വാസികളെപ്പോലും അന്ധവിശ്വാസങ്ങള്‍ ചൂണ്ടിക്കാട്ടി ചെറിയ തോതിലെങ്കിലും ഭയപ്പെടുത്താനാവും.

ഉദാഹരണമായി, ഒരു കൂടോത്രക്കാരന്‍ ഒരു കടുത്ത യുക്തിവാദിയെ വെല്ലുവിളിക്കുന്നു:
”ഞാന്‍ ഒരു വള ജപിച്ചു തരും. അത് നിന്റെ വീടിന്റെ മുന്നില്‍ കുഴിച്ചിട്ട് ഒരു മാസം അതിനെ മറി കടന്ന് പോകണം”
അവിശ്വാസി ”പോയാല്‍ എന്താ?…” എന്നു പരിഹാസത്തോടെ പ്രതികരിക്കുന്നുവെന്നിരിക്കട്ടെ.

”പോയിക്കാണിക്കൂ…”എന്ന് കൂടോത്രക്കാരന്‍. ”ഒരു ചുക്കും സംഭവിക്കില്ല…” എന്ന് യുക്തിവാദി.
തര്‍ക്കം മുറുകുന്നു. പന്തയം ഉറപ്പിക്കുന്നു. ഇവിടെ ആരാണ് കുഴപ്പത്തിലായത്? തീര്‍ച്ചയായും യുക്തിവാദി തന്നെ. കൂടോത്രക്കാരന്റെ വള തന്നെ ഒന്നും ചെയ്യില്ലെന്ന് യുക്തിവാദിക്കറിയാം. പക്ഷെ അതുകൊണ്ട് മാത്രമായില്ല. യുക്തിവാദി കേവലനായ ഒരു മനുഷ്യനാണ്. അയാളുടെ മസ്തിഷ്‌ക്കം ഈ വെല്ലുവിളിയെ അതിജീവനത്തിനെതിരെയുള്ളരെയുള്ള ഒരു മൃദുഭീഷണിയായി വിലയിരുത്തും. അയാളുടെ മസ്തിഷ്‌ക്കത്തിലെ ഫ്രണ്ടല്‍ കോര്‍ട്ടെക്‌സും മസ്തിഷ്‌ക്ക കാണ്ഡവും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉരുത്തിരിഞ്ഞു കഴിഞ്ഞു. ആദിമചോദനകളുമായി തെല്ലൊരു മല്‍പ്പിടുത്തം നടത്തിയെങ്കില്‍ മാത്രമേ അയാള്‍ ആ വെല്ലുവിളി ഉയര്‍ത്തുന്ന ആശങ്കയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തുവരാനാവൂ. വെല്ലുവിളി യുക്തിസഹമായി നിര്‍ധാരണം ചെയ്യാനായാല്‍ അയാള്‍ക്ക് ഭയവിമുക്തനാവാം. അപ്പോഴുമറിയുക, അതായാളിലുണ്ടാക്കിയ ഭയവും ആശങ്കയും നിസ്സാരമെങ്കിലും പൂജ്യമാവില്ല.

കൂടോത്രക്കാരന് എന്തുകൊണ്ടും നേട്ടമാണ്. അറിഞ്ഞോ അറിയാതെ കാറ്റിന് അനുസരിച്ചാണ് അയാള്‍ തൂറ്റിയത്. മനുഷ്യമസ്തിഷ്‌ക്കത്തിന്റെ സഹജമായ പ്രോഗ്രാമിംഗ് അയാളെ വല്ലാതെ സഹായിക്കുന്നുണ്ട്. ഇനി യുക്തിവാദി വെല്ലുവിളി ഏറ്റെടുത്ത് ദിവസവും ആ വളയ്ക്ക് മീതെ നടക്കുന്നുവെന്നിരിക്കട്ടെ. ഒരു മാസത്തിനുള്ളില്‍ എടുത്തു പറയത്തക്ക എന്തെങ്കിലും പ്രശ്‌നമോ കഷ്ടനഷ്ടമോ ഉണ്ടായാല്‍ കൂടോത്രക്കാരന്‍ വിജയിക്കും! ആര്‍ക്കായാലും സമ്മിശ്രമായ ജീവിതാനുഭവങ്ങള്‍ ഉറപ്പാണ്. ഒരു മാസം സാമാന്യം നീണ്ട കാലയളവാണ്. അക്കാലത്ത് ലഘുവായ തിരിച്ചടികള്‍ മുതല്‍ വമ്പന്‍ നഷ്ടങ്ങള്‍ വരെയുണ്ടാകാം. വളയുടെ മീതെ നടന്നാലും ഇല്ലെങ്കിലും അക്കാര്യമുറപ്പാണ്. പക്ഷെ പന്തയമില്ലെങ്കില്‍ അവയൊന്നും ശ്രദ്ധിക്കപ്പെടില്ല. പന്തയമുള്ളതിനാല്‍ ഏത് കഷ്ടനഷ്ടവും അതുകൊണ്ടാണോ എന്ന സംശയം ഉരുത്തിരിയും. തെറ്റായ ഉത്തരം ഉത്തരമില്ലായ്മയെക്കാള്‍ മെച്ചമാണ്. എന്തുണ്ടായാലും അതിന് കാരണം തന്റെ വളയാണെന്ന് ബാധക്കാരന് വാദിക്കാം. ഒന്നുമുണ്ടായില്ലെങ്കില്‍ എല്ലാ ദിവസവും ശരിക്കും വളയുടെ മീതെ നടന്നില്ലെന്ന് വാദിക്കാം. ആണെന്നോ അല്ലെന്നോ തെളിവ് സഹിതം പറയാനാവാത്തത് കൊണ്ട് കൂടോത്രക്കാരന് ഒച്ചവെച്ച് പിടിച്ചുനില്‍ക്കാം. വളയ്ക്ക് പകരം തീപ്പെട്ടിപ്പടം കുഴിച്ചിട്ടാലും ഇതു തന്നെയാവും സംഭവിക്കും.

ഇവിടെ കൂടോത്രക്കാരന്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല, ചെയ്യേണ്ട കാര്യവുമില്ല. അയാള്‍ തട്ടിപ്പുകാരനാണോ അല്ലയോ എന്നതൊന്നും പ്രസക്തമേയല്ല-വിജയമുറപ്പാണ്. വാസ്തുവിദ്യ മുതല്‍ മന്ത്രവാദം വരെ വിജയിക്കുന്നതായി അനുഭവപ്പെടുന്നത് മനുഷ്യമസ്തിഷ്‌ക്കത്തിന്റെ ഈ സഹജ സവിശേഷത മൂലമാണ്. മസ്തിഷ്‌ക്കത്തിന് ഈ സവിശേഷത ഉണ്ടെന്ന് ശാസ്ത്രീയമായി പഠിച്ചറിഞ്ഞതുകൊണ്ടല്ല തട്ടിപ്പുകാര്‍ ഇതൊക്കെ പയറ്റുന്നത്. അവര്‍ അറിഞ്ഞോ അറിയാതെയോ ഒഴുക്കുവെള്ളത്തില്‍ തടി വെട്ടിയിടുകയാണ്. അനുകൂലഫലം പലപ്പോഴും ലഭിക്കുന്നതിനാല്‍ ആവര്‍ത്തിക്കുന്നുവെന്ന് മാത്രം. ദൈവവിശ്വാസവും കൂടോത്രവും തമ്മിലുള്ള വ്യത്യാസം പൂജ്യമാണ്. രണ്ടും സമാനമായ മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങളും രാസക്രിയകളുമാണ് സൃഷ്ടിക്കുന്നത്. ആട്ടിന്‍ക്കാട്ടം എടുത്തുവെച്ച് പ്രാര്‍ത്ഥിച്ചാലും ആഗ്രഹങ്ങളില്‍ കുറെയൊക്കെ ഉറപ്പായും നടക്കും. അതായത് ഒരു ദൈവവും അടിമുടി പരാജയപ്പെടില്ല; ഒരു കൂടോത്രവും സമ്പൂര്‍ണ്ണമായും പാഴാവുകയുമില്ല.

ചിരിപ്പിച്ച് കൊല്ലുന്നവര്‍

”അര്‍ഹതയോ യോഗ്യതയോ ഇല്ലാത്ത ഒരു പരാതിക്കാരനുവേണ്ടി പ്രപപഞ്ചനിയമങ്ങള്‍ റദ്ദാക്കാനുള്ള ആവശ്യമാണ് ഓരോ പ്രാര്‍ത്ഥനയിലും ഉന്നയിക്കപ്പെടുന്നത്”.
-ആബ്രോസ് ബീഴ്‌സി (24.6.1842-1914?)

(1) ചാവറ കുര്യാക്കോസ് ഏലിയാച്ചനെയും എവുപ്രാസമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കാന്‍ കത്തോലിക്കസഭ തീരുമാനിച്ചുവെന്നും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ ഒപ്പുവെച്ചുമെന്നുമാണ് ഇന്നത്തെ മലയാള മനോരമയിലെ മുഖ്യവാര്‍ത്ത! സത്യത്തില്‍ ഇതെന്തു വാര്‍ത്തയാണ്!? മതം നിയോഗിച്ച രണ്ട് സുവിശേഷകരെ ആ ദൗത്യത്തിന് നിയോഗിച്ചവര്‍ പില്‍ക്കാലത്ത് മറ്റൊരു കള്ളക്കഥയിറക്കി ആദരിക്കുന്നു എന്നതില്‍ കവിഞ്ഞ് എന്തു വാര്‍ത്താപ്രാധാന്യമാണ് ഇതിനുള്ളത്?! പള്ളിവാര്‍ത്തയാണ് മനോരമയക്ക് പ്രധാനവാര്‍ത്ത! മലയാള മനോരമ കേരളത്തിലെ മുഖ്യധാരാ ഇവാഞ്ചലിക്കല്‍ ദിനപത്രമാണ്. സുവിശേഷപ്രചരണത്തിന്റെ കാര്യത്തില്‍ അവര്‍ പോട്ട പ്രസിദ്ധീകരണങ്ങളെ നിഷ്പ്രഭമാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മുഖ്യധാര സഭകള്‍ കരിഷ്മാറ്റിക്ക് കേന്ദ്രങ്ങളെയും സാത്താന്‍ ആരാധനയേയും തള്ളിപ്പറയുന്നവരാണ്. പക്ഷെ ഇവര്‍ക്കിടയിലുള്ള ആത്യന്തിക വ്യത്യാസം പൂജ്യമാണ്! Continue Reading

പരാദരതിയും പാവനഭക്തിയും

(1) മഹാദേവനായി ആചരിക്കപ്പെടുന്ന കൃഷ്ണന്‍ ധര്‍മ്മത്തെ സംരക്ഷിക്കുന്നവനാണെന്ന് ഗീതാഭക്തര്‍ അവകാശപ്പെടാറുണ്ട്. സത്യത്തില്‍ ഇന്ന് കൃഷ്ണന്‍ വീണ്ടും അവതരിക്കുന്നുവെന്നിരിക്കട്ടെ. അതിഘോര കൃഷ്ണഭക്തരായ ഭര്‍ത്താക്കന്‍മാര്‍ക്കും സഹോദരന്‍മാര്‍ക്കും അതൊരു നല്ല വാര്‍ത്തയായി തോന്നണമെന്നില്ല. മഹാഭാരതം-ഹരിവംശം, വിഷ്ണുപുരാണം, ഭാഗവതം തുടങ്ങിയ കൃതികളില്‍ വിവരിച്ചിരിക്കുന്ന കഥകളനുസരിച്ച് ജീവിതം കൃഷ്ണന് ഒരു മഹോത്സവമായിരുന്നു. തിന്നുക, കുടിക്കുക, ആനന്ദിക്കുക…(Eat, drink..and make merry)എന്നതായിരുന്നു ചാര്‍വാകന്‍മാരുടെ ലക്ഷ്യമെന്ന് ഭക്തിവാദികള്‍ ആരോപിക്കാറുണ്ട്. എന്നാല്‍ ഈ വിശേഷണം ശരിക്കും യോജിക്കുന്ന ഒരു കഥാപാത്രമാണ് കൃഷ്ണന്‍. മഹാഭാരതകഥയില്‍ പാണ്ഡവപക്ഷത്തു നിന്നും നടത്തുന്ന ഒട്ടുമിക്ക അധാര്‍മ്മിക-ചതിപ്രയോഗങ്ങള്‍ക്കും പിന്നില്‍ ചരടു വലിക്കുന്ന ഈ കഥാപാത്രം തുടക്കം മുതല്‍ നൈതികതയും ധാര്‍മ്മികതയും പുറംകാലിന് തട്ടിയെറിഞ്ഞു ജീവിച്ച ആളാണെന്നാണ് മേല്‍പ്പറഞ്ഞ കഥകള്‍ സമര്‍ത്ഥിക്കുന്നത്. Continue Reading

ദൈവോഫോബിയ

”പല പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും സത്യത്തില്‍ ദൈവം ഒന്നേയുളളൂ”എന്ന വ്യാജപ്രസ്താവം മതവാദികള്‍ ഉദാരമായി വാരിവിതറുമെങ്കിലും അതംഗീകരിക്കാന്‍ ഇന്നുവരെ ഒരു മതദൈവവും തയ്യാറായിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം ദൈവം ഒന്നല്ല. താനല്ലാതെ മറ്റു പല ദൈവങ്ങളും ഫീല്‍ഡിലുണ്ട് എന്നവര്‍ നിസ്സാരമായി തിരിച്ചറിയുന്നു. വിശ്വാസികള്‍ക്കും ഇതറിയാമെങ്കിലും ദൈവങ്ങളെപ്പോലെ സത്യസന്ധരാവാന്‍ അവര്‍ക്ക് സാധിക്കില്ലല്ലോ!! ഞാനാണ് നിന്റെ കര്‍ത്താവായ ദൈവം, ഞാനല്ലാതെ മറ്റ് ദൈവങ്ങള്‍ നിനക്ക് പാടില്ല എന്നതാണ് ബൈബിള്‍ ദൈവത്തിന്റെ ശതകല്‍പ്പനയില്‍ ആദ്യത്തേത്(I am the LORD thy God. Thou shalt have no other gods). അന്യദൈവങ്ങള്‍, അവിശ്വാസികള്‍ എന്നിവരെ കുറിച്ച് അസൂയയും അസഹിഷ്ണുതയും വെറുപ്പും വഹിക്കുന്ന ഏറ്റവും കുറഞ്ഞത് 530 വാക്യങ്ങളെങ്കിലും കുര്‍-ആന്‍ എന്ന ഒരൊറ്റ പുസ്തകത്തിലുണ്ട്( For Eg- ‘’Those who ascribe a partner to Allah (like Christians do with Jesus and the Holy Spirit) will not be forgiven. They have “invented a tremendous sin.” 4:48, 4:116 (2)Allah curses those that invent lies about him, believe in idols and false deities, claim to be more rightly guided, or whatnot (like the Christians and Jews). 4:50-52). Continue Reading

വൃദ്ധഭക്തിയുടെ ഉള്‍പ്പിരിവുകള്‍

പുനരപി ജനനം പുനരപി മരണം
പുനരപി ജനനി ജാതരേ ശയനം
ഇഹ സംസാരേ ബഹു ദുഷ്ടാരെ
ക്രിപയാ അപാരേ പാഹി മുരാരേ…(ഭജഗോവിന്ദം-22)
(punarapi jananam punarapi maranam
punarapi jananii jathare shayanam
iha samsaare bahudustaare
kripayaa apaare paahi muraare)
(വീണ്ടും ജനിക്കുന്നു, വീണ്ടും മരിക്കുന്നു, വീണ്ടും മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വസിക്കാനായി ജനിക്കുന്നു. സംസാരസാഗരം മറികടക്കുക ദുഷ്‌ക്കരം തന്നെ; അല്ലയോ മുരാരീ, എന്നെ മറുകര കടത്തിയാലും) Continue Reading

Copyright © 2016. Powered by WordPress & Romangie Theme.