ചുംബനം കാണുമ്പോള്‍ തല ചുറ്റുന്നവര്‍

18

ചുംബനസമരത്തെ ആശയപരമായി പ്രതിരോധിക്കാനോ ഖണ്ഡിക്കാനോ ആര്‍ക്കും സാധിച്ചിട്ടില്ലെന്നത് സദാചാരഭ്രമക്കാരുടെ ആശയദാരിദ്ര്യം വ്യക്തമാക്കുന്നുണ്ട്. ”ഞങ്ങള്‍ക്കിഷ്ടമല്ല അതുകൊണ്ട് വേണ്ട”-എന്നല്ലാതെ കാര്യമായ യാതൊരു ന്യായവാദവും ഉന്നയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. സമരത്തിനെതിരെ ഉന്നയിക്കപ്പെട്ട ചില ന്യായവൈകല്യങ്ങള്‍ താഴെ:

(A) ഈ സമരം ഭൂരിപക്ഷം ജനത്തിനും ഇഷ്ടമല്ല. അതുകൊണ്ട് അതിന് ജനകീയ പിന്തുണയുണ്ടാവില്ല.

(1) ”ജനത്തിന് ഇഷ്ടമുണ്ടെങ്കില്‍ മാത്രം സമരം” നടത്താന്‍ ഉത്സാഹപ്പെടുന്നവര്‍ സമരം വിജയിക്കാനായി ജ്യോതിഷിയെക്കൂടി വിളിച്ചുവരുത്തി കളംവരച്ചാല്‍ അതിശയിക്കേണ്ട. ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട, അവരുടെ പിന്തുണയുള്ള സമരങ്ങളാണോ വിദ്യാര്‍ത്ഥികളും തൊഴിലാളിയൂണിയനുകളും നടത്തുന്ന അക്രമസമരങ്ങളും ഹര്‍ത്താലുകളും രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തിപ്രകടനങ്ങളും നിര്‍ബന്ധിത പിരിവുകളും? ഇവയ്‌ക്കൊക്കെ പൊതുസമ്മതിയുണ്ടോ? മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ നടത്തുന്ന എത്ര സമരങ്ങളെയാണ് ജനങ്ങള്‍ ആരാധിക്കുന്നത്? കയ്യൂക്കും കായികശേഷിയും സാമ്പത്തികശക്തിയും ഉപയോഗിച്ച് തങ്ങള്‍ക്കിഷ്ടപ്പെട്ട സമരങ്ങള്‍ ജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് മിക്ക രാഷ്ട്രീയ കക്ഷികളും ചെയ്യുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ കൂടി ഇന്നാട്ടിലെ ചെറിയൊരു ന്യൂനപക്ഷം മാത്രമേ പിന്തുണച്ചിരുന്നുള്ളൂവെന്നോര്‍ക്കുക. സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് സ്വന്തം വീടുകളില്‍ നിന്ന് വരെ അസഹനീയമായ ഒറ്റപ്പെടല്‍ നേരിടേണ്ടിവന്നു. പലരും സ്വന്തം ജനതയാല്‍ ഒറ്റുകൊടുക്കപ്പെട്ടു. ഭൂരിപക്ഷവും ബ്രിട്ടീഷുകാരന്റെ ഭരണം നുകര്‍ന്ന് ജീവിതമാസ്വദിച്ചു. രണ്ടാം ലോകയുദ്ധത്തിന് ശേഷം സ്വന്തം നിലനില്‍പ്പ് തന്നെ വെല്ലുവിളിക്കപ്പെട്ട ബ്രിട്ടണ്‍ ഗത്യന്തരമില്ലാതെ ഇന്ത്യ വിട്ടപ്പോള്‍ ഒരു മഹത്തായ ജനത ഒറ്റക്കെട്ടായി ഐതിഹാസികമായ ഒരു പോരാട്ടം നടത്തിയാണ് സ്വാതന്ത്ര്യം നേടിയതെന്ന കള്ളക്കഥയുണ്ടാക്കി. വീരസാഹിത്യം എഴുതി പാഠപുസ്തകങ്ങള്‍ നിറയ്ക്കുകയും ചെയ്തു.

(2) അയിത്തത്തിനും അനാചാരങ്ങള്‍ക്കും എതിരെ നടന്ന പോരാട്ടങ്ങള്‍ക്കും ഭൂരിപക്ഷ പിന്തുണയുണ്ടായിരുന്നില്ല. ചാന്നാര്‍ യുവതികള്‍ നടത്തിയ മാറുമറയ്ക്കല്‍ സമരം ഭൂരിപക്ഷം കഠിനമായി ഭര്‍ത്സിച്ച ഒന്നായിരുന്നു. കേരളത്തിലെ യുക്തിവാദ-ഗാന്ധിയന്‍-മദ്യവിരുദ്ധ-സ്ത്രീപക്ഷ-പരിസ്ഥിതി സമരങ്ങളൊക്കെ ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലാത്ത സമരങ്ങളാണ്. താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാനുള്ള സമരത്തിനും വിദ്യാഭ്യാസ അവകാശസമരത്തിനും ഈഴവ ശിവപ്രതിഷ്ഠയ്ക്കും പന്തിഭോജനത്തിനും എന്തിനേറെ, ഉപ്പു സത്യഗ്രഹത്തിന് പോലും അതാത് കാലത്തെ പൊതുസമൂഹത്തിന്റെ അംഗീകാരമില്ലായിരുന്നു. ആ പൊതുജനത്തിന്റെ പിന്‍ഗാമികളാണ് ഇന്നത്തെ പൊതുസമൂഹം. പ്രതിലോമകരമായ പലതിനെയും ആഴത്തില്‍ പുല്‍കികൊണ്ടാണത് നിലകൊള്ളുന്നത്. എല്ലാത്തരം മാറ്റത്തെയും അത് അസഹ്യതയോടെ കാണുകയും ചെയ്യും. സതിയും അയിത്തവും ശൈശവിവാഹവും നരബലിയും ഭൂരിപക്ഷപിന്തുണയോടെ ആഘോഷിച്ചിരുന്ന ഒരു സമൂഹമാണിതെന്നും മറക്കരുത്.

(3) ”ജനത്തിന് ഇഷ്ടമുള്ള സമരമേ ഞങ്ങള്‍ ചെയ്യൂ”എന്ന് വാശി പിടിക്കുന്നവര്‍ക്ക് വിപ്‌ളവകരമായ മാറ്റങ്ങള്‍ കൂടി വരുത്താനാവുമെന്ന് പറയുന്നിടത്താണ് രാഷ്ട്രീയതമാശകള്‍ അരോചകമാകുന്നത്. ഭൂരിപക്ഷത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കിനടത്തുന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനമെന്ന് വിശ്വസിക്കുന്നവര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ അത്ഭുതമില്ല. എന്നാല്‍ പുരോഗമനവാദികളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്ക് അത് അലങ്കാരമല്ല. ഇവിടെ പ്രധാനപ്പെട്ട ഒരു മറുചോദ്യം കൂടിയുണ്ട്: ഭൂരിപക്ഷം ജനങ്ങളും പിന്തുണയ്ക്കുന്ന ഒരു കാര്യത്തില്‍ സമരത്തിന്റെ തന്നെ ആവശ്യമെന്താണ്? അതങ്ങ് നടപ്പാക്കിയാല്‍പ്പോരെ?!! ഏതൊക്കെ സമരങ്ങളാണ് ജനത്തിന് ഇഷ്ടപ്പെട്ടത്? ഓട്ടോക്കാരും ടാക്‌സിക്കാരും ബസ്സുകാരും സര്‍ക്കാര്‍ജീവനക്കാരുമൊക്കെ സമരം നടത്തുമ്പോള്‍ മാനസികമായും ആശയപരമായും ജനം അവയ്‌ക്കെതിരാണ്. സമരക്കാര്‍ക്കെതിരെ ഒളിഞ്ഞുംതെളിഞ്ഞും ആരോപണങ്ങളുതിര്‍ക്കപ്പെടുന്നു, സമരം പരാജയപ്പെടുമ്പോള്‍ ഗൂഢമായി ആഹ്‌ളാദിക്കുന്നു. സത്യത്തില്‍ മഹാഭൂരിപക്ഷവും അവനവനെ നേരിട്ട് ബാധിക്കുന്നവ ഒഴികെയുള്ള സമരങ്ങള്‍ക്ക് എതിരാണ്. എല്ലാവരും അനുകൂലിക്കുന്നുവെന്ന് പൊതുവെ പറയപ്പെടുന്ന ആദിവാസി-പരിസ്ഥിതി സമരങ്ങളൊക്കെ വാസ്തവത്തില്‍ അനാഥമാണെന്നതാണ് വസ്തുത.

(4) ചുംബനസമരത്തിന് എതിരാണെന്ന് പറയുന്ന ജനം അത് കാണാനും വായിക്കാനും ചര്‍ച്ച ചെയ്യാനും വല്ലാത്ത ആവേശം കാട്ടുന്നതെന്തുകൊണ്ടാവും?! ജനപിന്തുണ നോക്കി സമരം ചെയ്യാനാണെങ്കില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ സമരരഹിതമായി തീരും. കേരളത്തില്‍ അടുത്തിടെയൊന്നും ജയിച്ച സമരങ്ങളെക്കുറിച്ചും നാം കേള്‍ക്കുന്നില്ല. എല്ലാ സമരങ്ങളും വഴിപാടുകള്‍ മാത്രമാണെന്ന് സമരംചെയ്യുന്നവര്‍ വരെ കുമ്പസരിക്കുന്ന സമൂഹത്തില്‍ ഏതാനുംപേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു സമരത്തെ അക്രമിക്കാന്‍ സാമൂഹികവിരുദ്ധര്‍ക്ക് ലൈസന്‍സ് കൊടുത്തിട്ട് സമരം പരാജയപ്പെടുമെന്ന് പറയുന്നത് അല്‍പ്പത്തരമാണ്. അക്രമിക്കപ്പെടുമെന്ന് ഉറപ്പുള്ള, അക്രമം തടയാന്‍ പോലീസും ഭരണകൂടവും തയ്യാറാവില്ലെന്ന് വാശിപിടിക്കുന്ന ഒരു സമരത്തില്‍ പങ്കെടുക്കാന്‍ എത്രപേര്‍ തയ്യാറാവും എന്ന ചോദ്യം പ്രസക്തമാണ്. അക്രമിയോടൊപ്പം നിന്ന്, പോലീസ് പോലും സമരക്കാരെ പേടിച്ച് നിലകൊള്ളുന്ന സമരത്തില്‍ പങ്കെടുത്ത് കൊടിയ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ആര്‍ക്കും സാധിക്കും. നിയമവിധേയവും അഹിംസാപരവുമായ ഒരു സമരത്തെ തല്ലിത്തകര്‍ക്കണമെന്ന വാശി പൊതുസമൂഹത്തിനുണ്ടാകുന്നത് ഭൂരിപക്ഷ ഫാസിസം തന്നെ.

(5) ചുംബനസമരക്കാര്‍ നിയമവിരുദ്ധമായി യാതൊന്നും ചെയ്യുന്നില്ല. ആദ്യം സമരം ചെയ്യാന്‍ അവര്‍ക്കവസരമുണ്ടാകട്ടെ. അപ്പോഴറിയാമല്ലോ വിജയിക്കുമോ ഇല്ലയോ എന്ന്. ആരുടെയും സഹായമോ സംരക്ഷണമോ സമരക്കാര്‍ ആവശ്യപ്പെട്ടതായി കണ്ടില്ല. അക്രമികളെ വിട്ട് തല്ലിയോടിച്ചാല്‍ ഏത് സമരമാണ് സാധ്യമാവുക?! ചുംബനസമരം വിജയിച്ച സമരമാണ്. കൊച്ചിയില്‍ പങ്കെടുത്തവരെക്കാള്‍ കൂടുതല്‍ പേര്‍ കോഴിക്കോട്ട് സമരത്തിനെത്തി. സമരക്കാര്‍ അക്രമത്തിന് ഇരകളായെന്നത് നിയമവ്യവസ്ഥയുടെയും പൊതുസമൂഹത്തിന്റെയും പരാജയമാണ്. അക്രമിക്കപ്പെടുന്ന സമരങ്ങളൊക്കെ പരാജയമാണെങ്കില്‍ അടി കിട്ടാത്ത സാധാരണ സമരങ്ങളെക്കുറിച്ച് എന്തു പറയേണ്ടിവരും?!! ”ജനാധിപത്യപരമായി നടന്ന ഒരു സമരത്തെ ചില സാമൂഹ്യവിരുദ്ധര്‍ അക്രമിച്ചു-അതുകൊണ്ട് സമരം പരാജയപ്പെട്ടതായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു, ഞങ്ങള്‍ക്കതിനെ സംരക്ഷിക്കാന്‍ ബാധ്യതയില്ല”-എന്നൊക്കെ വീമ്പിളക്കുന്നവര്‍ ഗുരുവായൂരില്‍ സഖാവ് കൃഷ്ണപിള്ള വാങ്ങിക്കൂട്ടിയ മര്‍ദ്ദനത്തെക്കുറിച്ച് കൂടി വായിച്ചറിയണം. അക്രമം ഉണ്ടായാല്‍ കൈകഴുകും മറിച്ചായാല്‍ കൂടെനില്‍ക്കും എന്ന വാദത്തിന് മലായാളത്തില്‍ ചില നല്ല പേരുകളുണ്ട്.

(6) ആര്‍ക്കുവേണമെങ്കിലും ചുംബനസമരക്കാരെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാം. പക്ഷെ സമരം നടത്തിയാല്‍ അവരെ അക്രമിക്കും എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നതും അതിനോട് ഐക്യപ്പെടുന്നതും ഫാസിസമാണ്. നിയമവിധേയമായ ഒരു സമരം നടത്താനുള്ള അവകാശവും സമരരീതി തെരഞ്ഞെടുക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടാതെ ജനാധിപത്യം പുലരില്ല. അതിന് അനുകൂലമല്ലാത്തതെല്ലാം ജനാധിപത്യവിരുദ്ധ-ഫാസിസ്റ്റ് നിലപാടുകളാണ്. ഉള്ളിന്റെയുള്ളില്‍ തങ്ങള്‍ കടുത്ത സദാചാരവാദികളാണെന്ന സത്യം ലോകത്തെ അറിയിക്കുന്നുവെന്നതിലുപരി വിശേഷിച്ച് ഗുണമൊന്നും അത്തരം നിലപാടുകളിലില്ല. കേരളത്തിലെ മതങ്ങളും മതാത്മകപ്രസ്ഥാനങ്ങളും ചെയ്യുന്നത് അതുമാത്രമാണ്.

(B) ചുംബനസമരത്തില്‍ ഇപ്പോള്‍ ചുംബിക്കല്‍ മാത്രം മുഖ്യവിഷയമായി. സദാചാരഗുണ്ടായിസം എല്ലാവരും മറന്നു.

(1) സമരക്കാര്‍ എങ്ങനെ ചുംബിച്ചു, എത്ര ചുംബിച്ചു…തുടങ്ങിയ ചുംബനവിശദാംശങ്ങളൊന്നും പൊതുവെ ആരും ചര്‍ച്ച ചെയ്യാറില്ല-സദാചാരഭ്രമക്കാര്‍ ഒഴികെ. വിഷയം ചുംബനം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് അതില്‍ രസക്കേട് തോന്നുന്നവര്‍ മാത്രമാണ്. കോഴിക്കോട്ടെ സമരത്തിന് ശേഷം മലയാളി മുഴുവന്‍ ചര്‍ച്ച ചെയ്തത് അവിടെ അരങ്ങേറിയ സദാചാരഗുണ്ടകളുടെ അതിക്രമങ്ങളെ പറ്റിയാണ്. അല്ലാതെ എത്രപേര്‍-എങ്ങനെ ചുംബിച്ചു എന്നതായിരുന്നില്ല. ഗാന്ധി ഉപ്പ് സത്യാഗ്രഹം തുടങ്ങിയതോടെ എല്ലാവരും ഉപ്പ് കുറുക്കുന്നതിനെക്കുറിച്ച് മാത്രമായി ചര്‍ച്ച, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള നിയമലംഘനസമരത്തെ കുറിച്ച് എല്ലാവരും മറന്നുപോയി എന്നും പറയാവുന്നതാണ്. സരിതാ നായരെ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ സമരം നടത്തിയപ്പോള്‍ വിഷയമിപ്പോള്‍ സരിതയായി-അഴിമതി എന്ന വിഷയം പിന്നാക്കം പോയി എന്ന ആരോപണം വന്നപ്പോഴും സമരക്കാര്‍ക്ക് ഇതേ കാര്യം ചൂണ്ടിക്കാട്ടേണ്ടി വന്നിരുന്നു. ചുരുക്കത്തില്‍, കേരളത്തില്‍ നടക്കുന്ന ഏത് സമരത്തിനെതിരെ വേണമെങ്കിലും ഇത്തരമൊരു ഉണ്ടയില്ലാവെടി വെക്കാം. നിരാശാബോധത്തില്‍ നിന്നും ഭാവനശൂന്യതയില്‍ നിന്നും ഉയരുന്ന ഒരു ന്യായവൈകല്യം മാത്രമാണിത്. ചുംബനത്തെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യണമെന്നും സദാചാരഗുണ്ടായിസത്തെ തമസ്‌ക്കരിക്കണമെന്നും നിര്‍ബന്ധമുള്ളവരാണ് പൊതുവെ ഈ വാദം ഉന്നയിക്കുന്നത്. ദം ഉന്നയിക്കുന്നത്. (To be continued…)

Copyright © 2017. Powered by WordPress & Romangie Theme.