പൊട്ടിത്തെറിക്കുന്ന ക്ഷേത്രങ്ങള്‍

15

പൊട്ടിത്തെറിക്കുന്ന ക്ഷേത്രങ്ങള്‍

(1) കൊല്ലം പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം ഹൃദയഭേദകമാണ്. നൂറിലധികംപേര്‍ കൊല്ലപ്പെട്ടു, നാനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് മാരകം. 1980 മുതല്‍ ക്ഷേത്ര സമീപത്ത് വസിക്കുന്ന ഒരു പ്രവാസി അവിടെ നടക്കുന്ന അനധികൃത മത്സരവെടിക്കെട്ടിനെതിരെ പരാതിപ്പെടുന്നുണ്ട്. വെടിക്കെട്ട് സമീപത്തുള്ള വീടുകള്‍ക്ക് ഹാനികരമായിരുന്നു. ഇക്കുറി കളക്ടര്‍ക്ക് തന്നെ പരാതി കൊടുത്തു. അന്വേഷണം നടത്തിയ കളക്ടര്‍ വെടിക്കെട്ട് നിരോധിക്കാന്‍ തീരുമാനിച്ചതാണ്. പക്ഷെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും കൂട്ട പ്രതിരോധത്തില്‍ ആ തീരുമാനം നടപ്പിലാകാതെപോയി. ആഭ്യന്തരവകുപ്പ് അടക്കമുള്ള വകുപ്പുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ ക്ഷേത്രക്കാര്‍ക്കുണ്ടായിരുന്നുവത്രെ. ഭക്തരുടെ വഴിപാടായാണ് കമ്പം(വെടിക്കെട്ട്) നടത്തുന്നതെന്നും അത് നിരോധിക്കുന്നത് ഭക്തവികാരത്തെ മുറിപ്പെടുത്തുമെന്നുമായിരുന്നു രാഷ്ട്രീയക്കാരുടെ പൊതുനിലപാട്.

(2) മലനട ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിരോധിക്കപ്പെട്ട മത്സരവെടിക്കെട്ടാണ് പരവൂരില്‍ നടന്നത്. വേണ്ടത്രമുന്‍കരുതലുകളില്ലാതെ, സ്‌ഫോടകവസ്തുക്കള്‍ സംബന്ധിച്ച അവശ്യ നിയമങ്ങള്‍പോലും പാലിക്കാതെയാണ് ഇവിടെ ഉത്സവത്തിന് വെടിക്കെട്ട് നടക്കുന്നത്. ഇന്നലെ രാത്രി 11 ന് തുടങ്ങിയ കമ്പത്തില്‍ 75 % വെടിക്കോപ്പുകളും ഉപയോഗിച്ച് തീര്‍ന്നപ്പോഴാണ് വെടിപ്പുര പൊട്ടിത്തെറിക്കുന്നത്. പരിക്കേറ്റവരുടെ നില പരിതാപകരമാണ്. രൂക്ഷമായ പൊള്ളലേറ്റവരെ ചികിത്സിക്കാനുള്ള പ്രത്യേക സൗകര്യങ്ങള്‍ തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ ആശുപത്രികള്‍ മുഴുവനെടുത്താലും തികയില്ലെന്നാണ് റിപ്പോര്‍ട്ട്. അണുബാധയേല്‍ക്കാതെ നീണ്ട കാലം ചികിത്സ ആവശ്യമായി വരുന്നതും ചിതറിത്തെറിച്ചവരുടെ ജീവിതം നരകീയമാക്കും.

(3) ഭക്തി അന്ധതയാണെങ്കിലും ഒരു മിനിമം യുക്തിയില്ലെങ്കില്‍ ദുരന്തം അനിവാര്യമാണ്. ഇമ്മാതിരി നിയമലംഘനങ്ങളും പിഴവുകളും അമ്പലത്തിലായാലും നിരീശ്വരവാദ സമ്മേളനത്തിലായാലും ചന്തയിലായാലും സൃഷ്ടിക്കുന്ന ഫലം സമാനമായിരിക്കും. ഭക്തരുടെ അത്യാഗ്രഹവും എന്തുമാകാം എന്ന ധാര്‍ഷ്ട്യവുമാണ് പൊട്ടിത്തെറിക്കുന്ന ക്ഷേത്രങ്ങള്‍ സൃഷ്ടിക്കുന്നത്. ഉച്ചഭാഷിണിഭീകരത മുതല്‍ ഗതാഗതതടസ്സംവരെ എന്തും ചെയ്യാനുള്ള സവിശേഷ അധികാരം തങ്ങള്‍ക്കുണ്ടെന്ന് മതവിശ്വാസികള്‍ കരുതുന്നു. രാഷ്ട്രീയക്കാരാകട്ടെ മതത്തെ നക്കി തോര്‍ത്തി നാവു മരവിച്ച് നില്‍ക്കുന്നു. മിക്ക മതാഘോഷങ്ങളുടെയും രാസനാമം ഈതൈല്‍ ആള്‍ക്കഹോള്‍ എന്നാണ്. പലപ്പോഴും ഗതാഗതം തടസ്സപ്പെടുത്തുന്ന കെട്ടുകാഴ്ചകളും ഘോഷയാത്രകളും കാണാനുള്ള വിധി കാത്തുകിടക്കുന്ന വാഹനത്തിലെ അക്ഷമരായ യാത്രക്കാര്‍ക്കായിരിക്കും. വാഹനങ്ങളുടെ നീണ്ട ക്യൂവും ഗതാഗതതടസ്സവുമില്ലാതെ എന്താഘോഷം എന്നു ചിന്തിക്കുന്നവരാണ് കൂടുതലും. സ്വയം ആഘോഷിക്കുന്നവന്‍ അന്യനെ കുറിച്ച് ചിന്തിക്കുന്നില്ല. അത്യാസന്നനിലയിലുള്ള രോഗികള്‍ മുതല്‍ വിനോദസഞ്ചാരികള്‍ വരെ അവന്റെ ദയ കാത്ത് കിടക്കണം-മണിക്കൂറുകളോളം. അന്യന്റെ ചെലവിലും യാതനയിലുമാണ് മതവിശ്വാസിയും രാഷ്ട്രീയക്കാരനും സ്വന്തം മദംപൊട്ടിക്കുന്നത്. പരാതിപ്പെടുന്നവന്‍ ദൈവനിഷേധിയും അരാഷ്ട്രീയക്കാരനുമായി അധിക്ഷേപിക്കപ്പെടും.

(4) പൊതുപാതകള്‍ സമൂഹത്തിന്റെ രക്തധമനികളാണ്. ഓരോ ഗതാഗതതടസ്സത്തിലും അവ വല്ലാതെ വലിഞ്ഞു മുറുകുന്നുണ്ട്. താന്‍ പങ്കെടുക്കാത്ത പ്രകടനത്തെയും ഗതാഗത തടസ്സത്തെയും ഭര്‍ത്സിക്കാന്‍ മതവാദിയും രാഷ്ട്രീയക്കാരനും നൂറു നാവാണ്. ”വണ്ടി അങ്ങോട്ട് മാറ്റിയിടടാ, എവിടാ ഇത്ര അത്യാവശ്യമായിട്ട്….ഞങ്ങള്‍ അര്‍മാദിക്കുന്നത് കണ്ടില്ലേ…??? ” എന്നതാണ് പൊതു നിലപാട്. സെക്രട്ടറിയേറ്റ് നടയിലെ ഒരു ഗേറ്റ് തടഞ്ഞതില്‍ പരസ്യമായി തീ തുപ്പി 5 ലക്ഷത്തിന്റെ സമ്മാനം വാങ്ങിയ മാന്യ വനിത ഏതാനും മാസങ്ങള്‍ക്ക് ശേഷം ഒരു നഗരം മുഴുവന്‍ രണ്ടു ദിവസം സ്തംഭിപ്പിക്കുന്ന പൊങ്കാലയിട്ട് മാതൃകയായതോര്‍ക്കുക. മതം വഴി തടയുന്നതിനെ കുറിച്ച് ചോദിച്ചാല്‍ രാഷ്ട്രീയക്കാര്‍ അങ്ങനെ ചെയ്യുന്നില്ലേ എന്ന ചോദ്യംവരും;രാഷ്ട്രീയക്കാര്‍ തിരിച്ച് ഇതുതന്നെ ചോദിക്കും. ഒരാളുടെ പീഡനം മറ്റൊരാളുടെ പീഡനത്തിന് ന്യായീകരണമാകുന്നു! 12 തെക്കുവടക്ക് യാത്രകളാണ് ഒരു മാസത്തിനുമുമ്പ് കേരളത്തിലെ ഇടുങ്ങിയ പാതകളിലൂടെ ഉഷ്ണച്ചൂടില്‍ ശക്തി തെളിയിച്ച് പതഞ്ഞൊഴുകിയത്. തെക്കുവടക്ക് യാത്രയെന്ന് കേള്‍ക്കുമ്പോഴേ യാത്ര ചെയ്യുന്നവന് ഇടിത്തീ വീണ പ്രതീതിയാണ്.

(5) ഉച്ചഭാഷിണിയുടെ നിയമവിരുദ്ധമായ ഉപയോഗത്തിനെതിരെ കോടതിവിധികള്‍ നിലവിലുണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ പോലീസും ഭരണകൂടവും ശ്രമിക്കാറില്ല. ഉച്ചഭാഷിണിയിലൂടെ തള്ളിവിടുന്നതൊക്കെ ജനം വല്ലാതെ ആസ്വദിക്കുന്നുവെന്ന മട്ടിലാണ് ഈ ശബ്ദഭീകരത സൃഷ്ടിക്കപ്പെടുന്നത്. പ്രാഭാതംമുതല്‍ പ്രദോഷംവരെ മതാരവങ്ങള്‍! ജീവിതത്തിന്റെ മറ്റൊരു മേഖലയിലും ഒരു മതവിശ്വാസി ഇത്തരം നിയമവിരുദ്ധത വകവെച്ചു കൊടുക്കില്ല. നിയമലംഘനത്തിനെതിരെ പരാതിപ്പെട്ടാല്‍ പരാതിക്കാരനെ ചിത്രവധം ചെയ്യുന്നതില്‍ എല്ലാ മതവിശ്വാസികളും ഒറ്റക്കെട്ടാണ്. പരാതി കൊടുത്തവന് എതിരെ അവിഹിതം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ വരും, മിക്കപ്പോഴും കള്ളക്കേസും ഉണ്ടാവും. ഇതുമൂലം നിയമബോധവുമുള്ള ഭക്തര്‍പോലും ഭയന്ന് പിന്‍മാറും. അവസാനം, പ്രതിരോധിക്കേണ്ട ബാധ്യത ഏതാനും ചിലരിലേക്ക് പരിമിതിപ്പെടും. മതം പ്രത്യക്ഷമായും പരോക്ഷമായും ഇവരെ കൈകാര്യംചെയ്യും. ഉപരോധിക്കും, ഒറ്റപ്പെടുത്തും, അധിക്ഷേപിക്കും.

(6) പൂറ്റിങ്കല്‍ ദുരന്തത്തിന് ഇരയായവരില്‍ മിക്കവരും സാധാരണക്കാരും ദരിദ്രരുമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അവരാണ് ഉത്സവപറമ്പുകളില്‍ ഉറക്കമിളച്ചിരിക്കുന്നത്. ആ മുറിവുകള്‍ ഉണങ്ങാന്‍ കാലമേറെയെടുക്കും. മതശക്തികള്‍ക്ക് ഓരോ ദുരന്തവും പുതിയ സാധ്യതകളാണ്. ദേവപ്രശ്‌നം നടത്തി, ദേവീകോപത്തിന് കാരണം കണ്ടെത്താം, പരാതിക്കാരനെ അധിക്ഷേപിക്കാം, പിന്നെ പുനരുദ്ധാരണത്തിനായി കാര്യമായി ഒരു ചവിട്ടിപിഴിയല്‍! ഭിക്ഷക്കാരനാകുന്നതില്‍ അഭിരമിക്കുന്നവന് ലോട്ടറിയടിച്ചാല്‍ അവന്‍ സ്വര്‍ണ്ണപാത്രം കയ്യിലേന്തി തെണ്ടാനിറങ്ങുമെന്ന് പറയുന്നതുപോലെയാണ് ഭക്തന്റെ കാര്യങ്ങള്‍. അവന്‍ ഇതില്‍ നിന്നൊന്നും പഠിക്കാന്‍ പോകുന്നില്ല. ആരാധനാലയങ്ങള്‍ തഴയ്ക്കുകയും വായനശാലകള്‍ മരിക്കുകയും ചെയ്യുന്ന ഒരു സമൂഹം അതിന്റെ പരമമായ ജീര്‍ണ്ണതയാണ് വിളിച്ചോതുന്നത്.

Copyright © 2017. Powered by WordPress & Romangie Theme.