നിയമവും സദാചാരവും

10
കോടതി വരെ പറഞ്ഞില്ലേ ചുംബനസമരം നാടിന് അപമാനമാണെന്ന്.?!

(1) സദാചാരപോലീസിന് ഏതൊരാളെയും തടഞ്ഞുനിറുത്താനും മര്‍ദ്ദിക്കാനും മൗനാനുവാദം നല്‍കുന്ന ഒരു സമൂഹത്തിലെ ഭരണകൂടവും നിയമപാലകരും കോടതികളും സദാചാരപോലീസിന് എതിരാണെന്ന് സമര്‍ത്ഥിക്കാന്‍ ബുദ്ധിമുട്ടിയായിരിക്കും. അവരുടെയൊക്കെ അനുവാദവും ആശീര്‍വാദവുമില്ലാതെ എങ്ങനെയാണ് സദാചാരംഗുണ്ടായിസം ഇവിടെ നിലനില്‍ക്കുക?! കൊച്ചിയിലെ സമരത്തിന് മുമ്പ് ചുംബിച്ചാല്‍ എന്താ കുഴപ്പം എന്ന് ഇതേ കോടതി ചോദിച്ചിരുന്നു! അന്ന് കോടതിയുടെ നിലപാട് ശരിയാണെന്ന് പറയാന്‍ സദാചാരപ്രഭുക്കള്‍ തയ്യാറായില്ല. കോടതിക്ക് എന്തുപറ്റി എന്നാണവര്‍ ചോദിച്ചത്. ഇപ്പോള്‍ ഭൂരിപക്ഷന്യായമനുസരിച്ച് കോടതി ഒരു നിരീക്ഷണം നടത്തിയിരിക്കുന്നു. അത് നിയമപരമല്ല മറിച്ച് വ്യക്തിനിഷ്ഠമാണ്- സ്വഭാവികമായും പ്രതീക്ഷിതവും. ചുംബനസമരം ഇത്തരം പൊതുബോധങ്ങളെ വിചാരണ ചെയ്യാന്‍ കൂടിയുള്ളതായിരുന്നു.

(2) സദാചാരം, സംസ്‌ക്കാരം, സാന്മാര്‍ഗ്ഗികത തുടങ്ങിയ വിഷയങ്ങളില്‍ വിധി പ്രസ്താവിക്കല്‍ കോടതിയുടെ പരിധിയില്‍ പെട്ട കാര്യമല്ല. നിയമത്തെ വ്യാഖ്യാനിക്കലും നിയമവാഴ്ച ഉറപ്പുവരുത്തലുമാണ് കോടതികളുടെ ഭരണഘടനാദൗത്യം. പലപ്പോഴും അസാന്മാര്‍ഗ്ഗികവും സദാചാരവിരുദ്ധമെന്നും കരുതപ്പെടുന്ന കാര്യങ്ങളില്‍ ശിക്ഷ വിധിക്കാന്‍ നിയമത്തില്‍ വകുപ്പുണ്ടായിക്കൊള്ളണമെന്നില്ല. ഉദാഹരണമായി ഒരാള്‍ക്ക് സ്വന്തം മകളില്‍ സന്താനമുണ്ടാകുന്നത് അസാന്മാര്‍ഗ്ഗികവും നിന്ദ്യവുമായി സമൂഹം വിധിയെഴുതും. പക്ഷെ കോടതിക്ക് ആ പിതാവിനെ ശിക്ഷിക്കാനാവില്ല. കാരണം അത് അസാന്മാര്‍ഗ്ഗികമാണെങ്കിലും നിയമവിരുദ്ധമല്ല. It may be immoral but not illegal!

(3) അന്ധവിശ്വാസത്തിനെതിരെ വിധി പ്രസ്താവിക്കാനും അന്ധവിശ്വാസബില്‍ പാസ്സാക്കണമെന്ന് വിളിച്ചുപറയുകയും ചെയ്യുന്ന ഭരണകൂടവും കോടതികളും സ്വന്തം നിലയില്‍ അന്ധവിശ്വാസങ്ങളില്‍ നിന്ന് മുക്തരായിക്കൊള്ളണമെന്നില്ല. പതിമൂന്നാംനമ്പര്‍ മുറി ഒഴിവാക്കി പണിത ഹൈക്കോടതി കെട്ടിടത്തിലിരുന്നാണ് കേരളത്തിലെ ന്യായാധിപര്‍ അന്ധവിശ്വാസങ്ങള്‍ക്കും സദാചാരഗുണ്ടായിസത്തിനും എതിരെ വിധി പറയുന്നത്! മതേതരത്വത്തിന്റെ സംരക്ഷകരായി വിധി പറയുന്ന ന്യായാധിപന്‍ ഭഗവദ്ഗീതയാണ് ഭാരതത്തിന്റെ രക്ഷാമാര്‍ഗ്ഗമെന്നൊക്കെ പ്രസ്താവിക്കുന്നതും നാം കാണുന്നു. അയോദ്ധ്യാവിഷയത്തില്‍ ഇതിഹാസ കഥാപാത്രമായ സീതയുടെ അടുക്കള സ്ഥിതി ചെയ്ത സ്ഥലംവരെ കൃത്യമായി തിട്ടപ്പെടുത്താന്‍ കോടതിക്ക് കഴിഞ്ഞിരുന്നു! ചുരുക്കത്തില്‍ കോടതി പറയേണ്ടത് നിയമമാണ്. ഒരു കൂട്ടം വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും വിശ്വാസങ്ങളും അനുസരിച്ചല്ല മറിച്ച് നിയമത്തിന്റെ ഭാഷയിലാണ് ആ സ്ഥാപാനം സംസാരിക്കേണ്ടത്.

(4) മതത്തെ പരമോന്നത അധികാരകേന്ദ്രമായി അംഗീകരിച്ച് നിലനില്‍ക്കുന്ന ഒരു ഭരണഘടനാസ്ഥാപനമാണ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ. ബന്ദ് നിരോധിച്ചപ്പോള്‍ ബന്ധപ്പെട്ടവര്‍ ബന്ദിന്റെ പേര് ഹര്‍ത്താല്‍ എന്നാക്കിയതോടെ കോടതി നിസ്സഹായമായത് നാം കണ്ടു. മതശാഠ്യങ്ങളുടെ കാര്യത്തിലാകട്ടെ, ഭയഭക്തിബഹുമാനത്തോടെ തൊട്ടുവണങ്ങി മാറി നില്‍ക്കുകയാണ് പൊതുവെ കോടതികള്‍ ചെയ്യാറുള്ളത്. ജൂഡീഷ്യല്‍ ആക്റ്റിവിസം ശ്രദ്ധിക്കപ്പെടണമെങ്കില്‍ അത് പുരോഗമനപരവും മാനവികവുമായിരിക്കണം. പുരോഗമനപക്ഷത്താണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നുവോ ചുംബനസമര വിഷയത്തില്‍ കോടതി നടത്തിയ ചില പ്രാരംഭ നിരീക്ഷണങ്ങളെന്ന സംശയം സ്വഭാവികമാണ്. മറ്റുപലര്‍ക്കും വൈകി ബോധോദയം ഉണ്ടായ ചരിത്രവും നമ്മുടെ മുമ്പിലുണ്ടല്ലോ. പരസ്യമായി ചുംബിച്ചാലെന്താ കുഴപ്പമെന്ന് ചോദിച്ചവര്‍ ഇപ്പോഴതില്‍ നിയമപരമായ കുഴപ്പമെന്തെങ്കിലും ഉണ്ടെങ്കില്‍ പറയേണ്ടതാണ്. അതല്ലാതെയുള്ള നിരീക്ഷണങ്ങള്‍ പൊതുഹിതപ്രസ്താവങ്ങള്‍ മാത്രമായി പരിമിതപ്പെടും.

Copyright © 2017. Powered by WordPress & Romangie Theme.