മതമാമന്മാര്‍

3

1) മതം എന്നു കേള്‍ക്കുമ്പോഴേ ഹൃദയം തരളിതമാകുകയും കണ്ണു നിറയുകയും ചെയ്യുന്ന ചിലരുണ്ട്. മതത്തെ സംരക്ഷിക്കാന്‍ ജീവന്‍ വരെ കൊടുക്കുമെന്നാണ് ഇവരുടെ അവകാശവാദം. വാസ്തവത്തില്‍ ഇതൊരു പരസ്യ നിലപാടു മാത്രമാണ്. സ്വകാര്യതലത്തില്‍ ഇവര്‍ മതത്തിനെതിരെ തീ തുപ്പുന്നതു കണ്ടാല്‍ കണ്ടുനില്‍ക്കാനാവില്ല. പക്ഷെ മൈക്കുംവേദിയും കിട്ടിയാല്‍ പിന്നെ ശമനമില്ലാത്ത ഒലിപ്പീരാണ്. 2015 നവം 8 നു തൃശൂരില്‍ വെച്ച് വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകള്‍ എന്ന എന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ ഒരു മാന്യവ്യക്തിയെ ഡി.സി ബുക്‌സ് ക്ഷണിച്ചിരുന്നു. അദ്ദേഹം ആദ്യം വാസ്തുശാസ്ത്രം കപടമാണ്, തട്ടിപ്പാണ് എന്നൊക്കെ സ്ഥാപിച്ചു സംസാരിച്ചു. എന്നാല്‍ പുസ്തകത്തിന്റെ ആമുഖം വേദിയില്‍ വെച്ച് ഒന്നോടിച്ചു വായിച്ചപ്പോള്‍ കണ്ട ഒരു ഭാഗം ടിയാനെ പ്രകോപിതനായി. അതു ഇങ്ങനെയായിരുന്നു:

(2) ”ഒരു മതജന്യ അന്ധവിശ്വാസമായ വാസ്തുശാസ്ത്രത്തിനു സംരക്ഷണമൊരുക്കുന്നതും പോഷണമെത്തിക്കുന്നതും മതംതന്നെയാണ്. വാസ്തുവിമര്‍ശനം ആത്യന്തികമായി മതവിമര്‍ശനമായി തീരുന്നത് അങ്ങനെയാണ്. സാമ്രാജ്യത്വം, മുതലാളിത്തം, ആഗോളവല്‍ക്കരണം,…..തുടങ്ങിയ വിഷയങ്ങളില്‍ പെരുമ്പറയടിച്ചു മുദ്രാവാക്യം വിളിച്ചുനീങ്ങിയാല്‍ ആരും നിങ്ങളെ കടിക്കില്ല. അവിടെയൊക്കെ എതിരാളി സാങ്കല്‍പ്പികമോ അമൂര്‍ത്തമോ ആണ്. പക്ഷെ മതത്തിനെതിരെ തിരിഞ്ഞാല്‍ മതം കടിച്ചുകുടയും. ചാപ്പക്കുത്തല്‍ വരും, അവസരങ്ങള്‍ ആവിയാകും, പിന്തുണകള്‍ നഷ്ടപ്പെടും, സാധ്യതകള്‍ മങ്ങും, അകത്തുംപുറത്തും ഒറ്റപ്പെടും, കൂട്ടങ്ങളിലുംഗോത്രങ്ങളിലും നില്‍ക്കുന്നവര്‍ നിങ്ങളെ നോക്കി ചിറികോട്ടും. കൂടെയാരുമില്ലാത്തപ്പോഴും കുറ്റപ്പെടുത്താന്‍ എല്ലാവരുമുണ്ടാകും. കാരണം നിങ്ങള്‍ സംസാരിക്കുന്നത് എല്ലാവരും ഭയക്കുന്ന കലര്‍പ്പില്ലാത്ത ഫാസിസത്തിനെതിരെയാണ്. മതവിശ്വാസികള്‍പോലും അതിന്റെ ഇരകളാണ്. വിമര്‍ശകരെപ്പോലും ആരാധകരാക്കി മാറ്റുന്ന ദൗദ്രത ഫാസിസത്തിന്റെ കൂടെപ്പിറപ്പാകുന്നു. അതുകൊണ്ടുതന്നെ മതവിമര്‍ശനം സമകാലികസമൂഹത്തിലെ ഏറ്റവും സാഹസികമായ രാഷ്ട്രീയപ്രവര്‍ത്തനമായി മാറുന്നു.”

(3) ”വാസ്തുശാസ്ത്രം തട്ടിപ്പാണ്, കപടവിദ്യയാണ്-സമ്മതിച്ചു. പക്ഷെ മതവിശ്വാസത്തെക്കുറിച്ച് ഇങ്ങനെ എഴുതിയതിനെ ഞാന്‍ ശക്തിയുക്തം എതിര്‍ക്കുന്നു, മതവിശ്വാസത്തെ വിമര്‍ശിക്കുന്നത് തെറ്റാണ്, അതു ഫാസിസമാണ്…..രവിചന്ദ്രന്‍ നിങ്ങളൊരു ഫാസിസ്റ്റാണ്….”എന്നാണ് ടിയാന്‍ പറഞ്ഞതിന്റെ ചുരുക്കം. വാസ്തുവിനെ കുറിച്ചു പുസ്തകം പ്രകാശനം ചെയ്യാന്‍ വന്നയാള്‍ പുസ്തകം മുഴുവന്‍ വായിക്കാതെ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ വേറെയും അബദ്ധങ്ങള്‍ എഴുന്നെള്ളിച്ചിരുന്നു. എങ്കിലും പുസ്തകത്തിലെ ഈ ഭാഗം കണ്ടപ്പോള്‍ ടിയാനു പൊള്ളിയതു ശ്രദ്ധേയമായി. ഒരു ശരാശരി പൂജാരിയോ പാതിരിയോ മൊല്ലാക്കയോ, എന്തിനേറെ കടുത്ത വര്‍ഗ്ഗീയവാദികള്‍ പോലും സ്വീകരിക്കാത്ത പരസ്യനിലപാടാണിത്. മതവിമര്‍ശനത്തിനു പകരം സാമ്രാജ്യത്വം, ആഗോളീകരണം, ഉദാരവല്‍ക്കരണം…തുടങ്ങിയവയെ എതിര്‍ക്കാനും ടിയാന്‍ നിര്‍ദ്ദേശിക്കുന്നുണ്ടായിരുന്നു. തീവ്ര പുരോഗമനചിന്തകനായും ആഗോളീകരണ-ഉദാരീകരണ വിദ്വേഷിയുമായിട്ടാണ് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയത്. പഴയ ജ്ഞാനരീതികളും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്നതിലും അതിനെ മഹത്വവല്‍ക്കരിക്കുന്നതിനും വാസ്തുപണ്ഡിതരെ ഇദ്ദേഹം അതേ വേദിയില്‍വെച്ച് നിശിതമായി വിമര്‍ശിക്കുകയുംചെയ്തു!

(4) മതമാമന്‍മാരുടെ പൊതുസ്വഭാവം മനസ്സിലാക്കാന്‍ ഈ സംഭവം ധാരാളമാണ്. വാസ്തുവും ജ്യോതിഷവുമൊക്കെ ‘ആശ്വാസമരുളുന്ന’ നിരവധിപ്പേരുണ്ടെങ്കിലും വാസ്തുവികാരവും ജ്യോതിഷവികാരവും മുറിവേറ്റാല്‍ വലിയ കുഴപ്പമൊന്നും സംഭവിക്കാനില്ലെന്നു ടിയാനറിയാം. നിങ്ങള്‍ മതത്തെ വിമര്‍ശിക്കണം, എന്നാല്‍ മാത്രമേ ഞങ്ങള്‍ക്കു സംഭവിക്കുന്ന തെറ്റുകള്‍ തിരുത്തി മുന്നേറാനാവൂ-എന്നു പറയുന്ന മതനേതാക്കളെ അറിയാം. അവിടെയാണ് പുരോഗമനചിന്തയുടെ മുഖംമൂടിയിട്ട് മതത്തിനു വേണ്ടി ഉറഞ്ഞതുള്ളുന്ന മതേതര-ബുദ്ധിജീവികളുടെ(അങ്ങനെയാണ് അവകാശവാദം) മതസംരക്ഷണദൗത്യങ്ങള്‍ സഹിക്കേണ്ടി വരുന്നത്. അവരാണത്രെ മതത്തെ മൊത്തമായും ചില്ലറയായും സംരക്ഷിക്കുന്നവര്‍! ആരെ വേണെമെങ്കിലും-എന്തിനെവേണമെങ്കിലും വിമര്‍ശിച്ചോളൂ, പക്ഷെ മതത്തെ തൊടരുത്. മതവിമര്‍ശനം നടത്തിയാല്‍ കള്‍ച്ചര്‍ ആവിയായിപ്പോകുമത്രെ.

(5) ജ്യോതിഷവും വാസ്തുവും ചാത്തനുമൊക്കെ കപടചൂഷണങ്ങളാണെന്നും എന്നാല്‍ ദൈവം, പ്രേതം, ആത്മാവ് ഇത്യാദി സംഭവങ്ങളിലുള്ള വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതാണെന്നും പറയുന്നവരെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. വിശ്വാസികള്‍ക്കു വിശ്വസിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അവര്‍ക്കു വേണമെങ്കില്‍ അവിശ്വാസികളെ വിമര്‍ശിക്കാം, കുറ്റപ്പെടുത്താം. പക്ഷെ തിരിച്ചൊന്നും പാടില്ല-ഇതാണ് മതമാമന്‍മാരുടെ പൊതുനിലപാട്. തപസ്സു മുടക്കുന്ന അസുരരെ കൊന്നൊടുക്കാനെത്തുന്ന ശ്രീരാമനായി ഇവര്‍ സ്വയം സങ്കല്‍പ്പിക്കുന്നു. ശേഷം പണിക്കൂലി ചോദിക്കുന്നു. അതു വോട്ടായോ അംഗീകാരമായോ അവാര്‍ഡായോ നല്‍കിയാല്‍ മതിയാകും. ഇതേ പരിപാടിയുടെ ചോദ്യോത്തരവേളയില്‍ മറ്റൊരു വ്യക്തിയും സമാന നിലപാടുമായി രംഗത്തുവന്നു. വാസ്തുശാസ്ത്രം ഘോരചൂഷണമാണ്, പക്ഷെ മതത്തെ തൊടരുത്! ‘നയ’ത്തില്‍ മതവിമര്‍ശനം നടത്താാത്തതുകൊണ്ടാണ് നാസ്തകര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്നത്. പകരം ബുദ്ധിപരമായ ചോദ്യങ്ങള്‍ തന്ത്രപൂര്‍വം ചോദിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ഇങ്ങനെയാണ്:

(6) ചോദ്യം-ആഹാരം കഴിക്കുന്നത് എന്തിന്? ഉത്തരം-വിശക്കുന്നതുകൊണ്ട്.
ചോദ്യം-വെള്ളം കുടിക്കുന്നത് എന്തുകൊണ്ട്? ഉത്തരം-ദാഹിക്കുന്നതുകൊണ്ട്
ഇനി അടുത്തപടിയായി വളരെ സൗമ്യഭാവത്തില്‍ ചോദിക്കണം:”കയ്യില്‍ ഈ ചരട് കെട്ടിയിരിക്കുന്നത് എന്തിനാണ്?” ഈ ചോദ്യംകോള്‍ക്കുമ്പോള്‍ വിശ്വാസി ആകെ ചമ്മും. മയത്തില്‍ ചോദിച്ചതുകൊണ്ട് അവനതിനെ കുറിച്ച് ചിന്തിക്കും. അങ്ങനെ അവന്‍ വിവേകിയാവും, അന്ധവിശ്വാസം വലിച്ചെറിയും-ഇതാണ് സിദ്ധാന്തം. എത്ര ലളിതം! ‘ഈ ബുദ്ധി നമുക്കു ഇതുവരെ തോന്നാതിരുന്നതെന്താ ദാസാ…’ ആരും ചോദിച്ചുപോകുന്ന അവസ്ഥ.ഇപ്പറഞ്ഞത് ശരിയാണെങ്കില്‍ മതവിമര്‍ശനം മയപ്പെടുത്തി ശാസ്ത്രപ്രചരണവും യുക്തിബോധനവുമൊക്കെ നടത്തുന്നു എന്നവകാശപ്പെടുന്ന സംഘടനകളും കൂട്ടായ്മകളും ഈ മേഖലയില്‍ വമ്പന്‍ വിജയംനേടണം. അങ്ങനെ സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല വിപരീതഫലങ്ങള്‍ പ്രകടവുമാണ്. കൈ നനയാതെ പൊത്തയെ പിടിക്കാനുള്ള ഇത്തരം പ്രീണനതന്ത്രങ്ങളാണ് കഴിഞ്ഞ മുപ്പതു വര്‍ഷമായി കേരളത്തെ ഏറെ പിന്നോട്ടടിച്ചതും പ്രസ്തുത സംഘടനകളുടെ പ്രഹരശേഷി ഗണ്യമായി ഇടിച്ചിറക്കിയതും.

(7) മതവിശ്വാസം നിര്‍മ്മിക്കുന്ന മസ്തിഷ്‌ക്ക രാസപ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള പരാജയമാണ് ഇത്തരം അബദ്ധദ്ധാരണകള്‍ക്ക് പിന്നില്‍. ആഹാരംകഴിക്കുന്നതിന്റെയും വെള്ളംകുടിക്കുന്നതിന്റെയും ഉത്തരം തരുന്നവന്‍ കയ്യിലെ ചരടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അസ്വാരസ്യം കാണിക്കും. ”അതൊന്നും നിങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ല, അതെന്റെ വിശ്വാസമാണ്…” എന്നായിരിക്കും മിക്കവാറും മറുപടി. ചോദ്യോത്തരപരിപാടിയൊക്കെ അവിടെ അവസാനിക്കും. വിശ്വാസം പൊതുവെ യാതൊരു വിമര്‍ശനവും സ്വീകരിക്കില്ല. തനിക്ക് കിട്ടാനുള്ള ഏതോ ആനമുട്ട നഷ്ടപ്പെടുത്താനാണ് വിമര്‍ശകന്‍ ശ്രമിക്കുന്നതെന്ന ചിന്തയായിരിക്കും വിശ്വാസിയെ ഭരിക്കുന്നത്. സ്വഭാവികമായും, കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെപ്പോലെ അവന്‍ പ്രതിഷേധിക്കും.

(8) വിശ്വാസിയുടെ അസഹിഷ്ണുതയില്‍ അവന്റെ മസ്തിഷ്‌ക്കത്തിന്റെ അബോധചോദനകളുടെ സാന്നിധ്യമുണ്ട്. വിശ്വാസി ആയിരിക്കുന്നിടത്തോളംകാലം ഏതൊരാളിലും അത്തരം അസഹിഷ്ണുതകള്‍ ഏറിയുംകുറഞ്ഞും ഉണ്ടാകും. വിശ്വാസവൈറസുകളെ (faith virus) അതിജീവിക്കാന്‍ പുനര്‍വിചന്തനത്തിനു പ്രേരിപ്പിക്കുന്ന എന്തെങ്കിലും ശക്തമായ അനുഭവം, സംഭവം, ആശയം അയാള്‍ക്കുണ്ടാകേണ്ടതുണ്ട്. ഒരു തിരിച്ചറിയല്‍ സന്ദര്‍ഭമാണത്. നൊബേല്‍ സമ്മാനജേതാവായ ഐറിഷ് നോവലിസ്റ്റ് ജയിംസ് ജോയിസ് (James Joyce)*(in pix) വിവരിക്കുന്ന എപിഫണിയുടെ(epiphany) ബൗദ്ധിക പതിപ്പുപോലെ ഒന്ന്. ഇന്ദ്രിയപരവും ബൗദ്ധികവുമായ ചില നൈമിഷിക അനുഭവങ്ങളോ തിരിച്ചറിവുകളോ മനനപ്രക്രിയയില്‍ ചില നിര്‍ണ്ണായക വ്യതിയാനങ്ങള്‍ തീര്‍ക്കുന്നു. ബൗദ്ധികമായ ഒരുതരം ഉല്‍പ്പരിവര്‍ത്തനമാണിത്.

(9) ആ ബിന്ദുവില്‍നിന്നു ക്രമേണ സംഭവിക്കുന്ന ചിന്താവ്യതിയാന പരമ്പരകളിലൂടെയാണ് ഒരാള്‍ മതവൈറസില്‍ നിന്നും ആത്യന്തികമായി മോചനംനേടുന്നത്. അതൊരു ദീര്‍ഘമായ പ്രക്രിയയാണ്. അതു സാധ്യമാക്കുന്ന ആശയ-ചിന്താപരിസരങ്ങള്‍ അനുസ്യൂതമായി സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ബാഹ്യസാഹചര്യങ്ങള്‍ പിന്തുണച്ചില്ലെങ്കില്‍ ഈ ചിന്താവ്യതിയാനം പുഷ്പിക്കില്ല. പ്രതികൂല സാഹചര്യങ്ങള്‍ ഒരു നാസ്തികനെയോ മതാനുരാഗിയേയോ സൃഷ്ടിക്ക്കാനുള്ള സാധ്യത ഏറെയാണ്. ചുറ്റുംകാണുന്ന ‘മതമാമന്‍’മാരില്‍ ചിലരുടെയെങ്കിലും കഥ അതാണ്. മറ്റൊരു കൂട്ടരാകട്ടെ, പുറംമാത്രം വാടിയ പച്ചവിറകും. ഇരുകൂട്ടരോടും ആവര്‍ത്തിക്കാനുള്ളതു ഒന്നുമാത്രം: പിച്ച തന്നില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കരുത്.

Copyright © 2016. Powered by WordPress & Romangie Theme.