ഫൈന്‍മാന്റെ ചോദ്യം

12802948_980464988656889_7276740513557014537_n

4

(1) കഥാനായകന്‍ മാറുമെങ്കിലും പ്രസിദ്ധി വിട്ടുപിരിയാത്ത ഒരു കഥയുണ്ട്. കുറച്ച് തത്വചിന്താപരമാണ്. പ്രസിദ്ധ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ റിച്ചാഡ് ഫൈന്‍മാന്റെ (Richard Feynman/1918-1988)പേരിലാണ് കൂടുതലും കേട്ടിട്ടുളളത്.

സൈന്യത്തില്‍ ചേരാന്‍ ചെന്ന യുവാവായ ഫൈന്‍മാനോട് ഇന്റര്‍വ്യു ബോര്‍ഡ് ഒരു അപ്രതീക്ഷിത ചോദ്യമെറിഞ്ഞു: ”മി ഫൈന്‍മാന്‍, ഒരു സൈനികന്റെ ജീവിതം ജീവന്‍മരണപ്പോരാട്ടമാണ്. നിങ്ങള്‍ സ്വന്തം ജീവനു എന്തു വിലയാണ് കല്‍പ്പിക്കുന്നത്?”

”16789 അമേരിക്കന്‍ ഡോളര്‍!”- ഫൈന്‍മാന്റെ വെടിയുണ്ടപോലുള്ള മറുപടി ബോര്‍ഡിനെ സ്തബ്ധമാക്കി. ഞെട്ടല്‍ വിട്ടുമാറിയ അവരിലൊരാള്‍ ചോദിച്ചു: എന്തുകൊണ്ട് 16789? എന്തുകൊണ്ട് 16788 ഓ 16790 ഓ അല്ല? എന്തകൊണ്ടോ ആയിരമോ പത്തുലക്ഷമോ അല്ല?

”സര്‍, ഈ ചോദ്യത്തിനു ഏത് സംഖ്യ ഉത്തരമായി പറഞ്ഞാലും താങ്കള്‍ ഇതേ ചോദ്യം തന്നെ എന്നോട് തിരിച്ചു ചോദിക്കുമായിരുന്നു….”

(2) രാഹുല്‍ ഈശ്വര്‍ ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍(ACV) ‘എന്റെ ദൈവം’ എന്നൊരു അഭിമുഖ പരിപാടി ചെയ്യുന്നുണ്ട്. പ്രമുഖ വ്യക്തികള്‍ വന്നിരുന്ന് അനുഭവസാക്ഷ്യവും കരിഷ്മാറ്റിക്ക് ബോധ്യങ്ങളും വര്‍ണ്ണിക്കുന്ന ഒരു പരിപാടിയാണത്. എന്തുകൊണ്ടോ ഞാനും പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടു. ഏഴെട്ടു മാസംമുമ്പ് പ്ലാന്‍ ചെയ്തിരുന്നതാണെങ്കിലും കഴിഞ്ഞ ബുധനാഴ്ചയാണ് ഷൂട്ടിംഗ് നടന്നത്. എന്റെ ദൈവം സംബന്ധിച്ച അനുഭവമുണ്ടോ എന്നതരത്തിലുള്ള ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. വിശ്വാസഘട്ടത്തിലെ പഴയ ഒരനുഭവം ഞാന്‍ പരാമര്‍ശിച്ചു:

(3) നാലാം ക്ലാസ്സ് വരെ പഠിച്ചത് നാട്ടിലെ ഒരു സ്‌ക്കൂളിലായിരുന്നു. 1980 ല്‍ അഞ്ചാംക്ലാസ്സില്‍ പഠിക്കാനായി 12-13 കിലോമീറ്റര്‍ അകലെയുള്ള മുഖത്തല സെന്റ്ജൂഡ് ഹൈസ്‌ക്കൂളിലേക്ക് പോയി. ഒരു കൃസ്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌ക്കൂളായിരുന്നു അത്. പ്രൈമറിസ്‌ക്കൂള്‍ അദ്ധ്യാപികയായിരുന്ന അമ്മ ആ വഴിക്കുള്ള വേറൊരു സ്‌ക്കൂളിലേക്ക് പോയിരുന്നതുകൊണ്ടാണ് ദൂരംകൂടുതലായിട്ടും പ്രസ്തുത സ്‌ക്കൂള്‍ തെരഞ്ഞടുത്തതെന്ന് തോന്നുന്നു. മിക്ക ദിവസവും അമ്മയും ഞാനും ഒരു ബസ്സിലാണ് യാത്ര ചെയ്തിരുന്നത്. അന്നൊക്കെ സ്വകാര്യബസ്സിന്റെ മുന്‍വശത്ത് എഞ്ചിനു സമീപത്തായിട്ടാണ് ചെറിയ ആണ്‍കുട്ടികളെ അക്കോമൊഡേറ്റ് ചെയിരുന്നത്. 25 പൈസ ആയിരുന്നു ബസ് ചാര്‍ജ്ജ്. ബസ്സിന്റെ മുന്നിലെന്ന് പറഞ്ഞാല്‍ മുന്‍വശത്തെ ഗ്ലാസ്സ് തൊട്ടിയുരുമ്മി നില്‍ക്കും. ചുറ്റും സ്ത്രീകളായിരിക്കും. ഞങ്ങള്‍ അവിടെ നിന്ന് വാഹനങ്ങളുടെ നമ്പര്‍ പറഞ്ഞു കളിക്കും, അലയ്ക്കും.. വഴക്കുകൂടും.. വേഗത കൂട്ടാന്‍ ഡ്രൈവറെ പ്രേരിപ്പിക്കും….ഓവര്‍ടേക്ക് ചെയ്യ് അങ്കിള്‍…. എന്നതായിരുന്നു സ്ഥിരം നിര്‍ദ്ദേശം!

12802948_980464988656889_7276740513557014537_n

(4) അഞ്ചാംക്ലാസ്സിലെ ഓണപരീക്ഷ കഴിഞ്ഞപ്പോള്‍ വലിയൊരു അപകടമുണ്ടായി. അമ്മ അന്നു ബസ്സിലില്ല. എതിരെവന്ന വണ്ടി ഞങ്ങള്‍ സഞ്ചരിച്ച വണ്ടിയുടെ മുന്‍വശത്ത് ഇടിച്ചു. നിയന്ത്രണം തെറ്റി ബസ്സ് ഓടയിലേക്ക് പോയി. മുന്‍വശത്തെ കണ്ണാടി പൊട്ടിത്തെറിച്ചു. പലര്‍ക്കും സാരമായ പരിക്കുകള്‍ പറ്റി. ഡ്രൈവറുടെ പരിക്ക് മാരകമായിരുന്നു. തല ചെന്ന് സ്റ്റീയറിംഗ് വീലില്‍ ഇടിച്ചു, ഗ്ലാസ്സ് ശരീരത്തില്‍ കുത്തികയറി….എന്റെ തൊട്ടടുത്തു നിന്ന അമ്മമാര്‍ക്കും ചേച്ചിമാര്‍ക്കും നല്ല തോതില്‍ പരിക്കേറ്റു… പലരുടെയും ശരീരത്തില്‍ ഗ്ലാസ്സ് തുളച്ചുകയറി. ആകെ ബഹളമയം…നിലവിളി….രക്തം, ഞരക്കങ്ങള്‍…ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. അയാള്‍ പിന്നീട് ഒരിക്കലും വണ്ടി ഓടിച്ചിട്ടില്ല. രണ്ടു മാസം കഴിഞ്ഞ് ആശുപത്രിയില്‍ തന്നെ കിടന്നു മരിച്ചു. മുന്‍വശത്ത് നിന്നവര്‍ക്ക് മാത്രമാണ് കാര്യമായി പരിക്കേറ്റത്. അത്ഭുതകരമെന്ന് പറയട്ടെ, ചരിഞ്ഞു, കൈകുത്തി വീണന്നല്ലാതെ ഏറ്റവും മുമ്പില്‍ ഗ്ലാസ്സിനോട് ചേര്‍ന്ന് നിന്ന എനിക്ക് ഒരു പോറല്‍ പോലും സംഭവിച്ചില്ല!!

(5) എങ്ങനെയോ വാര്‍ത്ത സ്‌ക്കൂളില്‍ അറിഞ്ഞിരുന്നു. ആദ്യത്തെ പീരിയഡില്‍ ക്ലാസ്സ് ടീച്ചര്‍ ഈ വിവരം സൂചിപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്… വീ ഹാഡ് മിസ് ഹാപ്പ് നിയര്‍ പെരുമ്പുഴ ടുഡെ, ഔര്‍ രവിചന്ദ്രന്‍ വോസ് ആള്‍സോ ഇന്‍ ദ ബസ്സ്, പ്രെയിസ് ദ ലോഡ്… ഹീ വോസ് സേവ്ഡ് ബൈ ദ ഓള്‍മൈറ്റി…. നോട്ട് ഈവന്‍ എ സ്‌ക്രാച്ച്….ഇങ്ങനെയാണ് ദൈവം നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്…അവന്‍ എല്ലാവര്‍ക്ക് വേണ്ടിയും പ്രത്യേകം പ്രത്യേകം പദ്ധതികള്‍ ഇട്ടിട്ടുണ്ട്…യേശു ഒരിക്കലും നമ്മെ വിട്ടുകൊടുക്കില്ല….നോക്കൂ, ഒരു പൂച്ചകുട്ടിയെ പൊക്കിയെടുക്കുന്നത് പോലെയാണ് രവിയെ ദൈവം രക്ഷിച്ചത്…ലെറ്റ് അസ് റിജോയ്‌സ് ഹിസ് ലക്ക്, ദ ബ്ലെസ്സിംഗ് ഹീ ഗോട്ട്… ഓ.. ജീസസ്… അദ്ദേഹം ഇതു പറഞ്ഞതും എനിക്ക് വല്ലാതെ സങ്കടംവന്നു. കണ്ണില്‍ വെള്ളംനിറഞ്ഞു… പലരെയും ശിക്ഷിച്ചിട്ടും എന്നെ മാത്രം രക്ഷിച്ച കരുണാമയനായ യേശുവിനോടുള്ള എന്റെ ആരാധന കഠിനമായി.

(6) ഞാന്‍ പരിക്കേല്‍ക്കാതെ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു! നിഴല്‍പോലെ അവന്‍ എന്റെ കൂടെയുണ്ട്! പിന്നെ കുറേക്കാലം ബൈബിളും യേശുവും ഒക്കെയായിരുന്നു. നോട്ട് ബുക്കില്‍ ഗോഡ് ഈസ് ലവ് എന്നെഴുതുക, കുരിശിന്റെ പടംവരയ്ക്കുക തുടങ്ങിയ പരിപാടികള്‍ സ്ഥിരമായി. സ്‌ക്കൂളിനടുത്തുള്ള ബോഡിംഗില്‍ ഒരു ചര്‍ച്ചുണ്ട്. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് അവിടെ പോയിരുന്നു ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കും. കാരണം ഞാനും അവനും തമ്മില്‍ മാറ്റാരും അറിയാത്ത, രഹസ്യമായി ഒരു വ്യക്തിബന്ധം തന്നെ ഉണ്ടെന്ന് ബോധ്യപ്പെട്ടതാണല്ലോ. യേശുവാണ് രക്ഷിച്ചതെന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായില്ല. അല്ലെങ്കില്‍ ഏറ്റവുമധികം അപകടം പറ്റേണ്ടത് എനിക്കാണ്….ഒരുപക്ഷെ മരണംതന്നെ! എന്തുകൊണ്ട് ഞാന്‍ മാത്രം രക്ഷപെട്ടു….? അതെങ്ങനെ വിശദീകരിക്കും? മിറക്കിള്‍ കഥകള്‍ വായിച്ച് ഞാന്‍ സംഗതി തീര്‍ച്ചപ്പെടുത്തി….! സ്ഥിരം കൃഷ്ണനും ശിവനുമൊക്കെ സഹായിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് യേശുവിനെകൂടെ കൂട്ടി. കുറെക്കാലം ഘോരപ്രാര്‍ത്ഥനയും ദൈവവുമായി സംസാരിക്കലുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ആറാം ക്ലാസ്സ് അവസാനമായതോടെ മതചപലതകളില്‍ നിന്നും ക്രമേണ പുറത്തുവന്നു…. ഏഴാം ക്ലാസ്സില്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ണ്ണമായി നിലച്ചു…

(7) മതവിശ്വാസം അപസ്മാര സമാനമായ ഒരു മാനസികചപലതയാണ്. ബഹുഭൂരിപക്ഷവും കൊണ്ടുനടക്കുന്നതിനാല്‍ അതിനെ രോഗം എന്നാരും വിളിക്കുന്നില്ലെന്ന് മാത്രം. പക്ഷെ തന്റെ ബോധ്യങ്ങള്‍ യുക്തസഹവും സാധുവുമാണെന്ന് കാണിക്കാന്‍ വിശ്വാസി ഏതുതരം വാദങ്ങളും ഉപയോഗിക്കും. ഗംഗ മാതൃകയില്‍ തുള്ളിവിറയ്ക്കും! അനുഭവസാക്ഷ്യം വിവരിക്കുന്ന വിശ്വാസിയുടെ മുഖവും ശരീരഭാഷയും കണ്ടുനില്‍ക്കുന്നവരില്‍ അത്ഭുതവും ഭയവും നിറയ്ക്കും. അവിടെ യുക്തിഹീനതയും വൈകാരികചപലതയും അയാള്‍ക്കൊരു പ്രശ്‌നമല്ല. വല്ലാത്തൊരു ലഹരിയിലാണവര്‍.. സര്‍വ ജീവിതനേട്ടങ്ങളും ദൈവാനുഗ്രഹമാണെന്നും കോട്ടങ്ങള്‍ ഭക്തി നേര്‍പ്പിക്കപ്പെടുന്നതുകൊണ്ടാണെന്നും സ്വയം ബോധ്യപ്പെടുത്തിയാണവര്‍ മുന്നേറുന്നത്. തന്റെ മാനസികാവസ്ഥയ്ക്ക് മതപുസ്തകങ്ങളില്‍ ന്യായീകരണം കണ്ടെത്താനും നിസ്സാരമായി അവര്‍ക്കു സാധിക്കുന്നു.

(8) അന്നെനിക്ക് ബസ്സ് കിട്ടിയില്ലായിരുന്നുവെങ്കില്‍, പനി പിടിച്ച് വീട്ടില്‍ കിടന്നിരുന്നെങ്കില്‍, ചെറിയ ഒരപകടം മാത്രം പറ്റിയിരുന്നെങ്കില്‍…..കൈ മാത്രം മുറിഞ്ഞിരുന്നെങ്കില്‍, അതിലും വലിയ പരിക്കേറ്റിട്ടും ജീവന്‍ രക്ഷപെട്ടിരുന്നെങ്കില്‍…..എന്തു സംഭവിച്ചിരുന്നെങ്കിലും എന്റെ മതമനസ്സ് അതു ദൈവികഇടപെടലായി തന്നെ വ്യാഖ്യാനിക്കുമായിരുന്നു. മരിച്ചിരുന്നെങ്കില്‍ ”ദൈവം രവിയെ ഏറെ ഇഷ്ടപ്പെട്ടതിനാല്‍ അവനെ നേരത്തെ വിളിച്ചു….നമുക്ക് അവനു വേണ്ടി പ്രാര്‍ത്ഥിക്കാം” എന്ന് അതേ ക്ലാസ്സ് ടീച്ചര്‍ പറഞ്ഞേനെ! സാധാരണ വാഹനാപകടമുണ്ടാകുമ്പോള്‍ ഒ! ദൈവമേ, ഞാന്‍ ആ തീവണ്ടിയില്‍ ബുക്ക് ചെയ്തിരുന്നതാണ്, ഞാന്‍ ബുക്ക് ചെയ്ത കമ്പാര്‍ട്ടമെന്റാണ് അപകടത്തില്‍ പെട്ടത്!…..ഞാന്‍ ആ വിമാനത്തില്‍ പോകാനിരുന്നതാണ്….യാത്രാ പേപ്പറുകള്‍ ശരിയാക്കി തരാതെ ദൈവംകാത്തു… എന്നൊക്കെ പറഞ്ഞ് വെറുപ്പിക്കുന്ന മതവിശ്വാസികള്‍ ധാരാളമുണ്ടല്ലോ….!!

(9) ഫൈന്‍മാന്റെ കഥയില്‍ കണ്ടതുപോലെ….വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഭവം എന്തായാലും അവ തന്റെ ചക്കരദൈവത്തില്‍ കൊണ്ടുചെന്ന് കെട്ടുക നിര്‍ബന്ധമാണ്. കാരണം അതാണ് അയാളുടെ മനനരീതി. ലോകമെമ്പാടും ഭിന്ന ജാതിമതസ്ഥര്‍ തങ്ങളുടെ ഇഷ്ടമൂര്‍ത്തികളില്‍ ഇത്തരം ഉത്തരങ്ങള്‍ വിജയകരമായി കണ്ടെത്തുന്നു….എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു…. ? എനിക്ക് വിശദീകരണമില്ല….രക്ഷിക്കാന്‍ കരുണാമയനായ ഒരാളുണ്ടെന്ന് കേട്ടിട്ടുണ്ട്, അങ്ങനെ കഥകളുണ്ട്. അനുഭവസാക്ഷ്യങ്ങളുണ്ട്…മിറക്കിളുകളുണ്ട്….അപ്പോള്‍ പുള്ളിതന്നെയാവും എന്നയും തുണച്ചത്… അല്ലെങ്കില്‍പ്പിന്നെ എന്നേ തുലയണ്ടതാണ്…? സിമ്പിള്‍ ലോജിക്ക്…

(10) മിക്ക ഐ.എ.എസ്-ഐ.പി.എസ്-യു.ജി.സി-ഹൈവോള്‍ട്ടേജ് വേദാന്ത ടീമുകളുടെയും ”ആത്മീയത”, ”ആദ്ധ്യാത്മികത”… എന്നൊക്കെ പറയുന്ന ചരക്കുകള്‍ സത്യത്തില്‍ ഇവയൊക്കെയാണ്. വേദാന്തിയായ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു മുന്‍ മാര്‍ക്‌സിസ്റ്റ് ശ്രീ.പി.കേശവന്‍നായര്‍ പച്ചക്കുതിര അഭിമുഖ സമയത്ത് തന്റെ രോഗാവസ്ഥയെക്കുറിച്ച് എന്നോട് പറഞ്ഞതിങ്ങനെ: “വേണമെങ്കില്‍ ഞാനതില്‍ തട്ടിപോകാമായിരുന്നു, പക്ഷെ ഉണ്ടായില്ല….എന്തുകൊണ്ട്? ”’ ‘കട്ട വേദാന്തി’കളുടെ അവസ്ഥ ഇതാണെന്നിരിക്കെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്തു സംഭവിച്ചാലും ഒന്നും തന്നെ സംഭവിച്ചില്ലെങ്കിലും പ്രതികൂലമായി സംഭവിച്ചാലും അനുകൂലമായി സംഭവിച്ചാലും അവര്‍ ഒരേതരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും: ദൈവം അല്ലെങ്കില്‍ പിന്നെ ആരാണ് കൊല്ലത്തേക്ക് പോയ എന്നെ കൊല്ലത്ത് തന്നെ എത്തിച്ചത്? വേറെ എവിടെയെല്ലാം പോകാമായിരുന്നു? മറ്റെന്തൊക്കെ സംഭവിക്കാമായിരുന്നു?!

Copyright © 2017. Powered by WordPress & Romangie Theme.