Tag Archives: കുറ്റിപ്പുഴ കൃഷ്ണപിള്ള

കൃഷ്ണപിള്ളയുടെ കുമ്പസാരം

(1) അന്തരിച്ച പ്രൊഫസര്‍.കുറ്റിപ്പുഴ കൃഷ്ണപിള്ള അവസാനകാലത്ത് രഹസ്യമായി ഭഗവദ്ഗീത വായിച്ചെന്നും തന്നെ കണ്ടപ്പോള്‍ പുസ്തകം കട്ടിലിന്നടിയില്‍ ഒളിപ്പിച്ച് വെച്ച് കരഞ്ഞുവെന്നും ശിഷ്യന്‍ കൂടിയായ ശ്രീ.എം.പി.മന്മഥന്‍ പറഞ്ഞതായി ഒരാള്‍ അവകാശപ്പെട്ടുവത്രെ. പ്രൊഫ.കൃഷ്ണപിള്ള കുട്ടിക്കാലംമുതലേ ഗീതാപാരായണം നടത്തുമായിരുന്നുവെന്നും ഗീത സംബന്ധിച്ച് മൂന്നുനാല് കൃതികള്‍ രചിച്ചയാളാണെന്നുമാണ് മനസ്സിലാക്കുന്നത്. ജീവിതകാലം മുഴുവന്‍ പരസ്യമായി വായിച്ച ഒരു പുസ്തകം അദ്ദേഹം അവസാനകാലത്ത് ഒളിപ്പിച്ച് വായിക്കേണ്ട കാര്യമെന്തെന്നറിയില്ല.

(2) എന്താണ് അവസാനകാലം? How do you know that? ഏത് സമയവും അവസാനകാലമാകാം-അത് നമുക്കറിയില്ല. എന്റെ ബാഗില്‍ ഒരു കുട്ടി ഗീതയും ബൈബിളുമുണ്ട്. ”ബുദ്ധനെ എറിഞ്ഞ കല്ല് ”എഴുതുന്നതിനൊക്കെ മുമ്പ് തുടങ്ങിയ ശീലമാണ്. രണ്ടുംകൂടി ഒരു ഗാലക്‌സി നോട്ട്-2 ന്റെ വലുപ്പമേ കാണൂ. ഇവയല്ലാതെ വേറെയും ചെറുപുസ്തകങ്ങള്‍ ബാഗിലുണ്ട്. മൊബൈലിലും ലാപ്പിലും പുസ്തകമുണ്ട്. ആവശ്യമുള്ളത് കൊണ്ട് കൊണ്ട് നടക്കുന്നതാണ്. പണ്ട് Necessity of Atheism) എഴുതിയ ഷെല്ലി മുങ്ങി മരിച്ചപ്പോള്‍ പോക്കറ്റില്‍ ബൈബിളുണ്ടായിരുന്നുവെന്ന് പറഞ്ഞതുപോലെയുള്ള പ്രചരണങ്ങള്‍ക്ക് ഇതൊക്കെ അധികമല്ലേ?!എന്റെ കുട്ടി ഗീത കണ്ട് നിരവധി വിശ്വാസികള്‍ ഇമ്മാതിരി ചളിപ്പ് അടിച്ചിട്ടുണ്ട്. അതാണ് വിശ്വാസിയുടെ ഒരു റേഞ്ച് എന്ന് മനസ്സിലാക്കി ചിരിച്ചു സഹകരിക്കും. അവര്‍ക്കിതൊക്കെ പറയുമ്പോള്‍ വല്ലാത്തൊരു ഒരാശ്വസമാണ്!

(3) പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍വെച്ച് മാരകമായ രോഗങ്ങള്‍ മാറിയെന്ന് ആയിരക്കണക്കിന് രോഗികള്‍ സാക്ഷ്യം പറയാറുണ്ട്. ഈ സാക്ഷ്യംപറയല്‍ നല്ലൊരു ശതമാനം വിശ്വാസികളെ സ്വാധീനിക്കുകയും ചെയ്യും. ഇതൊക്കെ മതപ്രചരണത്തിലെ പരമ്പരാഗത അടവുകളാണ്. അതിലും പരിതാപകരമാണ് അവിശ്വാസികളുടെ കുമ്പസാരകഥകളുമായി പരന്നൊഴുകുന്ന അന്ധവിശ്വാസികളുടെ കാര്യം. ജീവിച്ചിരുന്നപ്പോള്‍ പണി കൊടുക്കാന്‍ പറ്റിയില്ല, ഇനി മരിച്ചതിന് ശേഷം അധിക്ഷേപിച്ച് നടക്കാം-എന്ന ലളിതമായ അജണ്ടയാണിതിന്റെ പിന്നില്‍. പ്രതീക്ഷിച്ചതുപോലെ കൃഷ്ണപിള്ളയുടെ കഥ പ്രചരിപ്പിക്കുന്ന വിദ്വാന്‍ പറയുന്നത് താനൊരു ‘മതാതീത ആത്മീയവാദി’ ആണെന്നാണ്! അതിലും ഭേദം മതവിശ്വാസം തന്നെ! സത്യസന്ധതയെങ്കിലും അവകാശപ്പെടാനാവും. താന്‍ ഭക്തിവാദിയുമല്ല യുക്തിവാദിയുമല്ലെന്ന ഹിജഡവാദവുമായി നടക്കുന്നവരില്‍ 99% നല്ല ലക്ഷണമൊത്ത അന്ധവിശ്വാസികളായിരിക്കും. രണ്ടു വിഭാഗങ്ങളില്‍ നിന്നും സ്വീകാര്യത കിട്ടണമെന്ന അത്യഗ്രഹം ഇവരെ വേറിട്ടുനിര്‍ത്തുന്നു.

(4) ”പണ്ട് യുക്തിവാദവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു-തലയില്‍ തേങ്ങ വീണപ്പോള്‍ പിന്നെ വിട്ടു”/ ”കടുത്ത നാസ്തികനായിരുന്നു, രണ്ടുതവണ ഹൃദയാഘാതം വന്നപ്പോഴേക്കും മനസ്സിടിഞ്ഞു, ഭഗവാനില്‍ അഭയംപ്രാപിച്ചു”-എന്നൊക്കെ തട്ടിവിടുന്ന വിശ്വാസികളുണ്ട്. താന്‍ രണ്ടും കണ്ട് തയക്കവുംപയക്കവും ആര്‍ജ്ജിച്ച കടുപ്പക്കാരനാണെന്നും എല്ലാവരും കരുതുന്നത് പോലെ വെറും ‘ചരടുകുറിചാമ്പല്‍ഗീതാസീത’ ടീമല്ലെന്നും നാട്ടുകാരെ ബോധ്യപ്പെടുത്താനാണ് ഈ നാസ്തികഭൂതകാലം അവകാശപ്പെടുന്നത്. അതായത് തനിക്ക് പണ്ടേ എല്ലാ പേപ്പറും കിട്ടിയതാണ്, എന്നിട്ടും താന്‍ ഗീതയുംസീതയും കാളിയുംമായയും മഹത്തരമാണെന്ന് മനസ്സിലാക്കി! മിക്കപ്പോഴും പരാജയപ്പെട്ട മതവിശ്വാസിയാണ് മതാതീത ഉടായിപ്പുകളുമായി ജനത്തിന്റെ ക്ഷമ പരിശോധിക്കുന്നത്. Every spiritualist is a defeated believer. പറയുന്നത് മതാതീതവും മണ്ണാങ്കട്ടയുമൊക്കെ ആണെങ്കിലും കീശ തപ്പി നോക്കിയാല്‍ അറിയപ്പെടുന്ന ആള്‍ദൈവങ്ങളുടെ(കൃഷ്ണന്‍, ശിവന്‍, വിഷ്ണു, യേശു, മെക്ക) പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കണ്ടെത്താം.

(5) സംഗതി മതപ്രചരണമാണെങ്കിലും പ്രൊഫ.കുറ്റിപ്പുഴയെക്കുറിച്ച് മ്‌ളേച്ഛമായ ഒരാരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇനിയത് 100% ശരിയാണെന്നിരിക്കട്ടെ. അപ്പോഴും പ്രസ്തുത പ്രചരണം തരംതാണതാണ്. പ്രൊഫ.കുറ്റിപ്പുഴയ്ക്ക് ഇതിനെതിരെയോ അനുകൂലമായോ തെളിവ് നിരത്താന്‍ അവസരമില്ല. ഇങ്ങനെയാണെങ്കില്‍ നാളെക്കാലത്ത് ആര്‍ക്കും ഏതൊരാളെക്കുറിച്ചും യാതൊരു തെളിവുമില്ലാതെ വായില്‍ത്തോന്നിയത് വിളിച്ചുപറയാം. മരണസമയത്ത് കുമ്പസരിക്കുന്ന അവിശ്വാസികളുടെ കഥ മെനയാന്‍ വിശ്വാസിക്കൂട്ടം ആക്രാന്തം കാണിക്കുന്നതെന്തിനായിരിക്കും?! എന്തേ മരണസമയത്ത് മാത്രം അവര്‍ കുമ്പസരിക്കുന്നത്?!! വിശ്വാസവും മരുന്നുമൊക്കെ മരിക്കാന്‍ നേരത്ത് മാത്രമേ വേണ്ടതുള്ളോ? ജീവിക്കാന്‍ യുക്തിവാദമായാലും കുഴപ്പമില്ലേ? അതാണ് ഈ കഥയുടെ സാരാംശമെങ്കില്‍ പിന്നെന്തിന് വിശ്വാസഭാരവുമായി ജീവിതകാലം മുഴുവന്‍ സ്വയംപീഡിപ്പിക്കണം? പല്ലുപോയിട്ട് പല്ല് സെറ്റ് വെച്ചാല്‍ പോരെ? എണ്‍പതാം വയസ്സില്‍ അര്‍ബുദം വരുമെന്ന് പേടിച്ച് എട്ടാം വയസ്സില്‍ കീമോതെറാപ്പി തുടങ്ങിവെക്കേണ്ട കാര്യമുണ്ടോ?!!

(6) ആജീവനാന്തം അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തിയ ഒരാള്‍ വാര്‍ദ്ധക്യത്തില്‍ എല്ലാവരാലും ഒറ്റപ്പെടുത്തപ്പെടുത്തപ്പെടുകയും അവസാനം ജീവിക്കാനായി ചെറിയൊരു അഴിമതി നടത്തി പിടിക്കപ്പെടുകയും ചെയ്‌തെന്നിരിക്കട്ടെ. അതോടെ അഴിമതി നല്ലതാണ്, എല്ലാവര്‍ക്കും അവസാനം അഴിമതിയിലേക്ക് തന്നെ വരേണ്ടിവരും-അല്ലാതെ ജീവിക്കാനാവില്ല എന്ന് അഴിമതിക്കാര്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാവും? നോക്കൂ, ജീവിതകാലം മുഴുവന്‍ ഞങ്ങളെ വിമര്‍ശിച്ച് നടന്നതാ….എന്നിട്ടിപ്പോള്‍ കണ്ടില്ലേ..?! പെണ്‍വാണിഭത്തിനും സ്ത്രീപീഡനത്തിനും എതിരെ ആയകാലത്ത് അതിശക്തമായ പോരാടിയ ഒരാള്‍ വാര്‍ദ്ധക്യത്തില്‍ വെളിവ് കെട്ട് ഒരു പെണ്ണിനെ കയറി പിടിച്ചെന്നിരിക്കട്ടെ. അതോടെ ‘പെണ്ണുപിടി’ ഉദാത്തമാകുമോ?!!

(7) ആരെങ്കിലും വിശ്വാസിയോ അവിശ്വാസിയോ ആകുന്നതിന് യുക്തിവാദവുമായി എന്തു ബന്ധം? യാത്രക്കാര്‍ അവരവരുടെ സ്ഥലമാകുമ്പോള്‍ ഇറങ്ങിപ്പോകും. പക്ഷെ തീവണ്ടി യാത്രക്കാര്‍ക്കൊപ്പം ഇറങ്ങിപ്പോകാറില്ല. പാവം കെ.ആര്‍.ഗൗരിയും ഫിലിപ്പ് എം പ്രസാദും വിശ്വാസികളായി എന്നുപറയുന്നവരോട് അവരെന്നെങ്കിലും അവിശ്വാസികളായിരുന്നുവോ എന്ന ചോദ്യംകൂടി ചോദിക്കേണ്ടതുണ്ട്. വൈകാരികഭദ്രതയും യാഥാര്‍ത്ഥ്യബോധവും ഇല്ലാത്തവര്‍ക്ക് എന്തെങ്കിലും ലഹരികളുടെയും ഊന്നുവടികളുടെയും സഹായമില്ലാതെ മുന്നോട്ടുപോകാനാവില്ല. ഗൗരിയമ്മയും പ്രസാദുമൊക്കെ ശരിവെക്കുന്നതതാണ്. മതവിശ്വാസികള്‍ പിന്നീട് അവിശ്വാസികളായി തീരാറുമുണ്ട്. ഒരര്‍ത്ഥത്തില്‍ ലോകത്തെ മഹാഭൂരിപക്ഷം നാസ്തികരും മതം പ്രസവിച്ചവരാണ്. അതിനത്ര വാര്‍ത്താപ്രാധാന്യം കിട്ടാറില്ലെന്ന് മാത്രം-മദര്‍ തെരസയെപ്പോലെ ചില അപവാദങ്ങളില്ലെന്നല്ല.

(8) നാസ്തികത വ്യക്തിയനുഭവംകൊണ്ട് തെളിയിക്കപ്പെടേണ്ട ഒന്നല്ല. ദൈവം നുണയാണെന്ന് റിച്ചാഡ് ഡോക്കിന്‍സ് പറഞ്ഞതുകൊണ്ടായില്ല. അദ്ദേഹം മറിച്ച് പറഞ്ഞാലും കഥയില്ല. ഡോക്കിന്‍സ് പറഞ്ഞത് ശരിയാവണമെങ്കില്‍ അത് ഡോക്കിന്‍സിന് അതീതമായി വസ്തുനിഷ്ഠമായി തെളിയിക്കപ്പെടണം. ആപ്പിള്‍ താഴേക്ക് വീഴുന്നത് ഗുരുത്വബലംകൊണ്ടാണെന്ന് പറഞ്ഞ ഐസക് ന്യൂട്ടണ്‍ അന്ത്യകാലത്ത് വീഴുന്ന ആപ്പിളൊക്കെ മുകളിലോട്ട് പോകുമെന്നും ഗുരുത്വബലം എന്നൊന്ന് ഇല്ലെന്നും അവകാശപ്പെട്ടതായി കഥ വരുന്നുവെന്നിരിക്കട്ടെ. എന്താണവിടെ തെളിയുന്നത്? ഒന്നുകില്‍ ന്യൂട്ടണ് സാരമായ എന്തോ കുഴപ്പം, അല്ലെങ്കില്‍ കഥ പ്രചരിപ്പിച്ച ആള്‍ക്ക് മറ്റെന്തോ ലക്ഷ്യം! അതല്ലാതെ ഈ കഥ ഗുരുത്വബലം ഇല്ലെന്നതിന്റെ തെളിവാകില്ലല്ലോ.സുഹൃത്തും വേദാന്തിയും ഗ്രന്ഥകാരനുമായ ഒരു മാന്യദേഹത്തോട് ചോദിച്ചത് ആവര്‍ത്തിക്കേണ്ടി വരുന്നു: ”സാര്‍, അങ്ങ് പേടിച്ചെന്ന് കരുതി യാഥാര്‍ത്ഥ്യം നീങ്ങിപ്പോകുമോ?! ”

Copyright © 2016. Powered by WordPress & Romangie Theme.