Tag Archives: Messiyon

Messiyon

(1) പ്രപഞ്ചം നിഗൂഡവും അതിസങ്കീര്‍ണ്ണമാണ്. അതിനെ ശാസ്ത്രംകൊണ്ടും യുക്തികൊണ്ടും അറിയാനാവും എന്നു കരുതുന്നത് മണ്ടത്തരമാണ്…..അതുകൊണ്ട്? അതുകൊണ്ട്, മതചപ്ലാച്ചികള്‍ അംഗീകരിക്കുക!

മനുഷ്യമസ്തിഷ്‌ക്കം സങ്കീര്‍ണ്ണവും നിഗൂഡവുമാണ്. അതിനെ ശാസ്ത്രംകൊണ്ടോ യുക്തികൊണ്ടോ അറിയാനാവും എന്നു കരുതുന്നത് മണ്ടത്തരമാണ്…. അതുകൊണ്ട്? അതുകൊണ്ട് മതനേതാക്കളുടെ മനോവിഹ്വലതകള്‍ സത്യവും സാധുവുമായി കണ്ട് ഉരുളുക, പട്ടിണി കിടക്കുക, ശരീരഭാഗങ്ങള്‍ മുറിക്കുക!

(2) വിശ്വാസിയുടെ ഇഷ്ടപദാര്‍ത്ഥം അന്ധതയും അജ്ഞതയുമാണ്. Darkness and ignorance are his favourite brands of ice creams! എന്തെങ്കിലും അറിയാന്‍ പ്രയാസമാണെന്ന് കണ്ടാല്‍ അവന്റെ നാവില്‍ വെള്ളമൂറും. Simply, god of gaps! സ്വന്തം വിവരക്കേടും മതഉടായിപ്പുകളും കുത്തിനിറയ്ക്കാന്‍ പറ്റിയ ഇടങ്ങളാണവ. മോഷ്ടിക്കാന്‍ വരുന്നവന്‍ ആദ്യം പ്രകാശം കുത്തിയണക്കും. ആര്‍ക്കും ഒന്നും കാണാനാവില്ലെന്ന് വരുമ്പോള്‍ മോഷണം എളുപ്പമാണ്. നോക്കൂ, ആര്‍ക്കും ഒന്നുമറിയില്ല, ഒന്നും കണ്ടുപിടിക്കാനാവില്ല…., എല്ലാം നമ്മുടെ ശേഷിക്ക് അപ്പുറത്താണ്……ആകെ ‘പൊക’യാണ് …..കണ്‍ഫ്യൂഷനാണ്…..അതുകൊണ്ട് മാതമാലിന്യങ്ങളെ വിശുദ്ധമായി കണ്ട് ആദരിക്കുക. അതാകുമ്പോള്‍ നിഗൂഡമാകുന്നതും സങ്കീര്‍ണ്ണമാകുന്നതും അജ്ഞേയമാകുന്നതും ഒന്നും ഒരു പ്രശ്‌നമേയല്ല. അവയൊക്കെ അവിടെ ഒരു സൗകര്യമാണ്. തമസ്സ് നേര്‍പ്പിക്കപ്പെടരുത്. എങ്കിലേ മോഷണവും ചൂഷണവും സുസാധ്യമാകൂ. മതത്തിന് ഈ നിഗൂഡതയ്ക്കും സങ്കീര്‍ണ്ണതയ്ക്കും വിശദീകരണമുണ്ടോ? ”ഏയ്, അങ്ങനെയൊന്നുമില്ല, മതം ശാസ്ത്രമല്ലല്ലോ!” നിങ്ങള്‍ക്കൊന്നുമറിയില്ല, ഞങ്ങള്‍ക്ക് എല്ലാമറിയാം എന്നതിന് വേറെ തെളിവു വേണോ?!

(3) മതംപറയുന്ന ദൈവം അസംബന്ധമാണെന്ന് ഞാനും സമ്മതിക്കുന്നു. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഒരു ഊര്‍ജ്ജം അല്ലെങ്കില്‍ ഒരു ശക്തി ഇല്ലെന്ന് പറയാനാവുമോ? ഒരു ഉത്താരാധുനിക അന്ധവിശ്വാസി സ്ഥിരം വന്നു ചോദിക്കുന്നു. അങ്ങനെ ഒരു ശക്തിയെ കിട്ടിയാല്‍ അടങ്ങുന്നതാണോ മതകലിപ്പ്? എന്നാല്‍ ഒരെണ്ണംതാരം. പ്രപഞ്ചത്തിനു കാരണമായ, എല്ലാ നിഗൂഡതയും രമ്യതപ്പെടുന്ന ഒരു(?) ഊര്‍ജ്ജം ഉണ്ടെന്നിരിക്കട്ടെ. ഒന്നില്‍ കൂടാന്‍ പാടില്ലെന്നാണല്ലോ മതനിര്‍ബന്ധം. അതുകൊണ്ട് ഒരു ഊര്‍ജ്ജം എന്ന വാദം അംഗീകരിക്കുക-ഒരാശ്വസത്തിന്. ഇനി, ചോദ്യമിതാണ്, അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ മനുഷ്യന്‍ എന്ന സ്പീഷിസിന് എന്ത്?

(4) ഉദാഹരണമായി, പ്രകാശത്തെയും ടാക്കിയോണിനെയും അതിലംഘിക്കുന്ന ‘മെസ്സിയോണ്‍'(Messiyon) എന്ന ഊര്‍ജ്ജരൂപമാണ് പ്രപഞ്ചത്തിന്റെ മൂലകാരണം എന്നിരിക്കട്ടെ. അതാണ് ഗാലക്‌സികളെയും ബ്ലാക്ക് ഹോളുകളെയും വേംഹോളുകളെയുമൊക്കെ നിര്‍മ്മിക്കുന്നത്. എല്ലാം അവസാനം മെസ്സിയോണ്‍ ആയിത്തീരും…എല്ലാം വരുന്നത് അതില്‍ നിന്നാണ്…എല്ലാം അങ്ങോട്ടുപോകുന്നു…അത് അചരവും അമരവുമാണ്….. ഗാലക്‌സികള്‍ മെസ്സിയോണിന്റെ അവാന്തര അവസ്ഥ മാത്രം.. ഒക്കെ നീങ്ങിപ്പോകും.. ആത്യന്തികമായി മെസ്സിയോണ്‍ മാത്രം ശേഷിക്കും….ഒക്കെ സമ്മതിച്ചു. അപ്പോഴും ആവര്‍ത്തിക്കുന്നത് അതേ ചോദ്യങ്ങള്‍: അതുകൊണ്ട് മനുഷ്യനെന്ത്? ഭൂമിക്കെന്ത്? സൂര്യനെന്ത്? മതത്തിനെന്ത്? നാസ്തികതയ്‌ക്കെന്ത്? മതത്തിനു മാത്രം ആ ഊര്‍ജ്ജം റേഷനരിയും മണ്ണെണ്ണയും കൊടുക്കുമെന്ന് പറയുന്നതിന്റെ സാംഗത്യം എന്താണ്? പായസം തിളപ്പിച്ചും പട്ടിണി കിടന്നും ശ്വാസംപിടിച്ചും ആ ‘ഊര്‍ജ്ജ’ത്തെ ചൊറിയുന്നത് എങ്ങനെയാണ്????

Copyright © 2016. Powered by WordPress & Romangie Theme.