Tag Archives: religion

മതമാമന്മാര്‍

1) മതം എന്നു കേള്‍ക്കുമ്പോഴേ ഹൃദയം തരളിതമാകുകയും കണ്ണു നിറയുകയും ചെയ്യുന്ന ചിലരുണ്ട്. മതത്തെ സംരക്ഷിക്കാന്‍ ജീവന്‍ വരെ കൊടുക്കുമെന്നാണ് ഇവരുടെ അവകാശവാദം. വാസ്തവത്തില്‍ ഇതൊരു പരസ്യ നിലപാടു മാത്രമാണ്. സ്വകാര്യതലത്തില്‍ ഇവര്‍ മതത്തിനെതിരെ തീ തുപ്പുന്നതു കണ്ടാല്‍ കണ്ടുനില്‍ക്കാനാവില്ല. പക്ഷെ മൈക്കുംവേദിയും കിട്ടിയാല്‍ പിന്നെ ശമനമില്ലാത്ത ഒലിപ്പീരാണ്. 2015 നവം 8 നു തൃശൂരില്‍ വെച്ച് വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകള്‍ എന്ന എന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ ഒരു മാന്യവ്യക്തിയെ ഡി.സി ബുക്‌സ് ക്ഷണിച്ചിരുന്നു. അദ്ദേഹം ആദ്യം വാസ്തുശാസ്ത്രം കപടമാണ്, തട്ടിപ്പാണ് എന്നൊക്കെ സ്ഥാപിച്ചു സംസാരിച്ചു. എന്നാല്‍ പുസ്തകത്തിന്റെ ആമുഖം വേദിയില്‍ വെച്ച് ഒന്നോടിച്ചു വായിച്ചപ്പോള്‍ കണ്ട ഒരു ഭാഗം ടിയാനെ പ്രകോപിതനായി. അതു ഇങ്ങനെയായിരുന്നു:

Continue Reading

“Die Religion .. ist das Opium des Volkes”


(1) മതം മനുഷ്യനെ മയക്കുന്ന കറപ്പാണ് എന്ന മാര്‍ക്‌സിന്റെ നിര്‍വചനം മതത്തെ സംബന്ധിച്ച് ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ചേറ്റവും ശ്രദ്ധേയമായ നിര്‍വചനമാണെന്ന കാര്യത്തില്‍ സംശയമല്ല. മദ്യവും ലഹരിമരുന്നും പുകയിലയും പോലെ മനുഷ്യന്റെ ബോധവും ചിന്താശേഷിയും നശിപ്പിക്കുന്ന ഒരു കുത്തിവെപ്പ് തന്നെയാണത്. ദിവസവും കുത്തിവെപ്പ് എടുക്കുന്നവന്‍ സമ്പൂര്‍ണ്ണ അടിമയായി തീരുന്നു. ഹെഗലിന്റെ രചകള്‍ക്കൊരു ആമുഖം(A Contribution to the Critique of Hegel’s Philosophy of Right) എന്ന നിലയില്‍ രചിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഒരു പുസ്തകത്തിന് 1843 ല്‍ മാര്‍ക്‌സ് തയ്യാറാക്കിയ ആമുഖത്തിലാണ് ഈ വിശകലനമുള്ളത്. 1844 ല്‍ ഇതദ്ദേഹം സ്വന്തം ജേര്‍ണലില്‍ (Deutsch-Französische Jahrbücher) പ്രസിദ്ധീകരിക്കുയുണ്ടായി. ആമുഖമല്ലാതെ ലക്ഷ്യമിട്ടിരുന്ന പുസ്തകം ഒരിക്കലും പുറത്തുവന്നിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ ജനത്തെ തീറ്റിക്കുന്ന കറപ്പ് എന്നൊരു പ്രയോഗം സെയ്‌ഡെ (Marquis de Sade) 1797 ല്‍ L’Histoire de Juliette and Novalis’s എന്ന ഗ്രന്ഥത്തില്‍ നടത്തിയിരുന്നു. ഒരുപക്ഷെ ഈ വാചകമാവണം മാര്‍ക്‌സിന് പില്‍ക്കാലത്ത് പ്രചോദനമായത്.

(2) മാര്‍ക്‌സിന്റെ അന്തിമനിഗമനത്തില്‍ തെറ്റില്ലെങ്കിലും അതിന് അനുബന്ധമായി പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളില്‍ അത്തരമൊരു കൃത്യത കാണാനില്ല. മതവിശ്വാസത്തിന്റെ ഉത്പത്തിയും പരിണാമവും വിശകലനം ചെയ്യുന്നതില്‍ മാര്‍ക്‌സിയന്‍ നിരീക്ഷണങ്ങള്‍ യുക്തിസഹമാണെന്ന് പറയാനാവില്ല. ”മതപരമായ യാതന/അനുഭവം ഒരേസമയം യഥാര്‍ത്ഥ യാതന/അനുഭവത്തിന്റെ പ്രകാശനവും അതിനെതിരെയുള്ള പ്രതിഷേധവുമാണ്. മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ നെടുവീര്‍പ്പാകുന്നു. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത സാഹചര്യങ്ങളുടെ ആത്മാവുമാണത്. അത് ജനത്തെ മയക്കുന്ന കറപ്പാകുന്നു(”Religious suffering is, at one and the same time, the expression of real suffering and a protest against real suffering. Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people”.)എന്നാണ് മാര്‍ക്‌സ് എഴുതിയത്. 

(3) യഥാര്‍ത്ഥ ആനന്ദം ലഭിക്കാനായി ഈ ഭ്രമാത്മകമായ ആനന്ദം നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുണ്ട്. തങ്ങളുടെ സാഹചര്യങ്ങള്‍ സംബന്ധിച്ച മിഥ്യാധാരണകള്‍ കയ്യൊഴിയാന്‍ അവരോട് ആവശ്യപ്പെടുക എന്നത് അത്തരം മിഥ്യാധാരണകളുടെ ഉത്പത്തികാരണങ്ങള്‍ വിട്ടെറിയാനുള്ള ആഹ്വാനം ചെയ്യലാകുന്നു. ചുരുക്കത്തില്‍ മതവിമര്‍ശനം എന്നത് മതം പ്രഭാവലയം തീര്‍ക്കുന്ന കണ്ണീര്‍താഴ്‌വരയ്‌ക്കെതിരെയുള്ള വിമര്‍ശനമാണ്. 
(The abolition of religion as the illusory happiness of the people is the demand for their real happiness. To call on them to give up their illusions about their condition is to call on them to give up a condition that requires illusions. The criticism of religion is, therefore, in embryo, the criticism of that vale of tears of which religion is the halo)

(4) ഈ വിശകലനം കാവ്യത്മകവും ഉത്താരാധുനികച്ചുവയുള്ളതുമാണ്. പക്ഷെ ഇവിടെ യാഥാര്‍ത്ഥ്യവുമായുള്ള ഹസ്തദാനം സംഭവിക്കുന്നില്ല. Religious suffering എന്നതിനെ മതാനുഭവം എന്ന് തര്‍ജമ ചെയ്യുന്നതാവും ഉചിതമെന്ന് തോന്നുന്നു. മതാനുഭവം ഒരേസമയം യഥാര്‍ത്ഥ അനുഭവത്തിന്റെ പ്രകാശനവും അതിനെതിരെയുള്ള പ്രതിഷേധവുമാകുന്നു എന്ന വിലയിരുത്തല്‍ കേവലമായ വാചകക്കസര്‍ത്ത് മാത്രമാണ്. ഒരു വസ്തു ഒരേസമയം അതാകുകയും അല്ലാതിരിക്കുകയും ചെയ്യുന്നുവെന്ന മാര്‍ക്‌സിസ്റ്റ് കാവ്യഭാവനയുടെ ചുവടു പിടിച്ചാണ് ഈ വാക്യങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു വസ്തു ഒരേ സമയം അതിന്റെ പ്രകാശനവും അതിനോടുള്ള പ്രതിഷേധവുമാകുന്നത് എങ്ങനെയാണ്?! വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ഭാവനാവ്യായാമത്തിന്റെ സഹായമുണ്ടെങ്കിലേ ഇത്തരം താത്വികാഭ്യാസങ്ങള്‍ സഹനീയമായി തോന്നുകയുള്ളൂ.

(5) ഒരു വസ്തുവിന്റെ പ്രകാശനം അതിനെതിരെയുള്ള പ്രതിഷേധമാണെന്ന കല്‍പ്പന ശരിയാണെന്ന് വെറുതെ സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ അത് മതത്തിന്റെ കാര്യത്തില്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മതാനുഭവം സത്യത്തില്‍ യഥാര്‍ത്ഥ അനുഭവത്തിന്റെ പ്രകാശനമാണോ? പ്രകാശിപ്പിക്കുക ഏതാണ്ട് സമാനരൂപത്തില്‍ വെളിവാക്കുക എന്ന അര്‍ത്ഥത്തിലാണ് നാം മനസ്സിലാകകുന്നത്. അതായത്, ഉള്ളിലുള്ള ഒരു വികാരം അപ്പടി പുറത്തുകാട്ടുക. അങ്ങനെയെങ്കില്‍ മതാനുഭവങ്ങള്‍ യാഥാര്‍ത്ഥ അനുഭവത്തിന്റെ പ്രകാശനമാണെന്ന വാദം തെറ്റാണ്. മതാനുഭവം മിക്കപ്പോഴും മിഥ്യയാണ്. യഥാര്‍ത്ഥ അനുഭവങ്ങള്‍ അങ്ങനെയല്ല. കന്യാമറിയത്തെ സ്വപ്നം കാണുന്നതും ജ്യോതിഷപ്രവചനം ശരിയാണെന്ന് തോന്നുന്നതും ബാധ ഒഴിഞ്ഞുപോയതായി സങ്കല്‍പ്പിക്കുന്നതും കൃഷ്ണനെ പേര് ചൊല്ലി വിളിക്കുന്നതുമൊക്കെ മതാനുഭവങ്ങളായിരിക്കാം. പക്ഷെ ഇവ യഥാര്‍ത്ഥ അനുഭവങ്ങള്‍ക്ക് വിപരീതമാണ്. ഇവ യഥാര്‍ത്ഥമാണെന്ന വിഭ്രാന്തിയെയാണ് മതവിശ്വാസമെന്ന് വിളിക്കുന്നത്. വിഭ്രാന്തി യഥാര്‍ത്ഥമല്ലാത്തതിനാല്‍ മതാനുഭവം യഥാര്‍ത്ഥ അനുഭവങ്ങളുടെ പ്രകാശനമല്ല മറിച്ച് അവയില്‍ നിന്നുള്ള വിടുതലാണ്. ഒരുതരം രക്ഷാമാര്‍ഗ്ഗമാണത്. It is an escapement rather than expression.

(6) മതാനുഭവം യഥാര്‍ത്ഥ അനുഭവങ്ങളോടുള്ള പ്രതിഷേധമാണെന്നതാണ് രണ്ടാമത്തെ സങ്കല്‍പ്പവും വിചിത്രമാണ്. ഒളിച്ചോട്ടം പ്രതിഷേധമാകുന്നതെങ്ങനെ? മദ്യപിക്കാതിരിക്കലും ഒരു തരം ലഹരിഉപയോഗമാണെന്ന് വാദിക്കുന്നതുപോലെ ഇനി ഒളിച്ചോട്ടവും ഒരിനം പ്രതിഷേധമാണെന്ന് വരുമോ?!! യഥാര്‍ത്ഥ അനുഭവങ്ങളോട് പ്രതിഷേധിക്കാനായി യഥാര്‍ത്ഥ കലാപങ്ങള്‍ തന്നെ വേണ്ടിവരും. സ്വപ്നജലം അസ്സല്‍ ദാഹമകറ്റില്ല. സ്വപ്നം കണ്ടോ മായികമായ വിഭ്രാന്തികള്‍ ജനിപ്പിച്ചോ യഥാര്‍ത്ഥ അനുഭവങ്ങളോട്/യാതനകളോട് പ്രതിഷേധിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അത് അയഥാര്‍ത്ഥമായ, മിഥ്യയായ പ്രതിഷേധമാണ്. മിഥ്യയായ പ്രതിഷേധം(false protest) പ്രതിഷേധമല്ല. മതാനുഭവം അടിച്ചമര്‍ത്തപ്പെട്ടവന്റെ നെടുവീര്‍പ്പാണ് എന്ന വാദവും ശരിയാണെന്ന് തോന്നുന്നില്ല. അടിച്ചമര്‍ത്തപ്പെട്ടവന് മാത്രമേ മതാനുഭവം ഉണ്ടാവൂ എന്ന ധ്വനി അവിടെ കടന്നുവരുന്നുണ്ട്. അല്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെ നിശ്വാസം മതവിശ്വാസമായി മാറുന്നു എന്ന വ്യഖ്യാനവും പരിഗണിക്കാം. പക്ഷെ രണ്ട് നിഗമനങ്ങളും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടില്ല. അടിച്ചമര്‍ത്തപ്പെടാത്തവനും അടിച്ചമര്‍ത്തുന്നവനും മതാനുഭവം ഇല്ലേ?!

(7) സാമ്പത്തികമായും സാമൂഹികപരമായും ഉന്നതി പ്രാപിച്ച കോടിക്കണക്കിന് ജനങ്ങള്‍ ലോകമെമ്പാടുമുണ്ട്. അവരുടെ നിശ്വാസത്തിലും മതമുണ്ടെന്നറിയണം. ആദ്യം വിളക്ക് കത്തിക്കാന്‍ എണ്ണ വാങ്ങിക്കൊടുത്തിരുന്നവന്‍ പിന്നെ വിളക്ക് തന്നെ വഴിപാടായി കൊടുക്കുന്നു. കൂടുതല്‍ ഉന്നതി നേടുമ്പോള്‍ ക്ഷേത്രം നിര്‍മ്മിച്ച് കൊടുക്കുന്നു. നടന്ന് ക്ഷേത്രത്തിയിരുന്നവന്‍ ഓട്ടോയിലേക്കും കാറിലേക്കും യാത്ര മാറ്റുന്നു. സാമ്പത്തിക-സാമൂഹിക അഭിവൃത്തി വരുന്നതനുസരിച്ച് ഭക്തിയുടെ ആഴവും വിസ്തൃതിയും വര്‍ദ്ധിക്കുകയാണവിടെ. അന്ധവിശ്വാസങ്ങള്‍ നിര്‍ലജ്ജം പിന്തുടര്‍ന്നവര്‍ വിദ്യാഭ്യാസം സിദ്ധിക്കുന്നതോടെ ക്വാണ്ടം സിദ്ധാന്തവും സ്ട്രിംഗ് തിയറിയും വെച്ച് ഇതേ അന്ധവിശ്വാസങ്ങളെ ന്യായീകരിച്ച് ജനത്തെ ചിരിപ്പിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്‍ അധികാരിയാകുമ്പോള്‍ മലകയറ്റം ഒഴിവാക്കി വി.ഐ.പി ക്യൂവില്‍ നിന്ന് ദര്‍ശനം നേടുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്ന-ക്ഷേമരാജ്യങ്ങളില്‍ മതവിശ്വാസം വളരെ ശക്തമാണ്. 
അതേസമയം, ദരിദ്രരും അടിച്ചമര്‍ത്തവരുമായ നിസ്വരുടെ നിശ്വാസം മതമായിരിക്കുമെന്ന വാദവും വസ്തുതാവിരുദ്ധമാണ്. ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ വിയറ്റ്‌നാമില്‍ ഭൂരിപക്ഷവും അവിശ്വാസികളാണെന്ന് മിക്ക സര്‍വെ ഫലങ്ങളും ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നു. 

(8) ‘ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയം’, ‘ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവ്’ തുടങ്ങിയ പ്രയോഗങ്ങള്‍ കേള്‍ക്കാനിമ്പമുള്ളതും കാവ്യത്മകവുമാണ്. രൂപകാര്‍ത്ഥത്തില്‍ നമുക്കതിനെ വ്യാഖ്യാനിക്കാം-അത്രയേയുള്ളൂ. അമ്മയില്ലാത്തവര്‍ക്ക് അവള്‍ അമ്മയായി ജീവിച്ചു എന്നൊക്കെ നാം പറയാറില്ലേ. അമ്മയില്ലാത്ത കുട്ടിക്ക് ഒരു പോറ്റമ്മ നല്‍കാമെന്നല്ലാതെ വേറെ വഴിയില്ലെന്നതാണ് വാസ്തവം. മതം ലഹരിയായി തീരുന്നത് മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ മൂലമല്ല. ദാരിദ്രവും നിരക്ഷരതയും വികസനമില്ലായ്മയും മറ്റും അതിന്റെ യഥാര്‍ത്ഥ കാരണങ്ങളല്ല. അവയൊക്കെ വന്നാല്‍ മതാനുഭവം റദ്ദാക്കപ്പെടുകയുമില്ല. അതുകൊണ്ട് തന്നെ മതവിഭ്രാന്തിയെ വിശകലനം ചെയ്യാന്‍ മാര്‍ക്‌സിയന്‍ നിര്‍വചനം സഹായകരമല്ലാതെയായി തീരുന്നു. 

(9) മതവിഭ്രാന്തിയില്‍ ആശ്രയം കണ്ടെത്താന്‍ സഹായിക്കുന്ന സാഹചര്യങ്ങള്‍ നീക്കം ചെയ്യണമെന്ന നിരീക്ഷണം തത്വത്തില്‍ ശരിയാണ്. പക്ഷെ അത് സാമ്പത്തിക-സാമൂഹിക അട്ടിമറികളിലൂടെ നര്‍വഹിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബാല്യത്തിലേയുള്ള നിര്‍ബന്ധിത മതബോധനം ഒഴിവാക്കുക, ശാസ്ത്രീയവും യുക്തിസഹവുമായ ജീവിതവീക്ഷണം കൈവരിക്കാന്‍ സഹായമെത്തിക്കുക, യാഥാര്‍ത്ഥ്യബോധവും ആത്മവിശ്വാസവും ആര്‍ജ്ജിക്കാന്‍ ഉതകുന്ന വിദ്യാഭ്യാസ-ഉത്‌ബോധന പ്രക്രിയകള്‍ അനുസ്യൂതമായി നടപ്പിലാക്കുക… തുടങ്ങിയവയാണ് ഈ വിഭ്രാന്തിക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനപ്പെട്ട അടവുകള്‍. അത്തരം നിലപാടുകളിലൂടെ മാത്രമേ ക്രമേണ മാറ്റം കൊണ്ടുവരാനാവൂ. മതാനുഭവത്തെ നേര്‍പ്പിക്കാന്‍ ശാസ്ത്രജ്ഞാനത്തിനും യുക്തിചിന്തയ്ക്കും സാധിച്ചത് പോലെ മറ്റൊന്നിനുമായിട്ടില്ല. ഗറില്ലായുദ്ധവും വിപ്‌ളവങ്ങളും മതവിഭ്രാന്തിക്കോ അനുബന്ധ ചൂഷണങ്ങള്‍ക്കോ മറുമരുന്നാവില്ലെന്നറിയണം.

”ഞാന്‍ മതം അനുഷ്ഠിക്കുന്നു, നീയും കൂടെക്കൂടൂ”

സൗദി അറേബ്യ പോലുള്ള മുസ്‌ളീം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് അവിശ്വാസികള്‍ പുറത്തുവരാത്തത് നാസ്തികതയുടെ ദൗര്‍ബല്യമല്ലെന്ന് വ്യക്തം. 12 ലക്ഷം കമ്മ്യൂണിസ്റ്റുകാരെ സുഹാര്‍ത്തോ വധിച്ച രാജ്യമാണ് ഇന്തോനേഷ്യ. ഇറാനിയന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ലക്ഷക്കണക്കിന് അനുഭാവികള്‍ക്കാണ് 1977 ലെ ഇസ്‌ളാമിക വിപ്‌ളവകാലത്ത് ജീവന്‍ നഷ്ടപ്പെട്ടത്. ഇറാഖിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്ക് അന്ത്യകൂദാശ നടത്തിയത് സദാം ഹുസൈനായിരുന്നു. സ്വഭാവികമായും സദാം വധിക്കപ്പെപ്പോള്‍ ഏറ്റവുമധികം ആഹ്‌ളാദിച്ചതും ആഘോഷിച്ചതും അവിടുത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളാണ്. അവിടെയെല്ലാം അവിശ്വാസികള്‍ അസംഖ്യമുണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണെങ്കിലും ഇത്തരം രാജ്യങ്ങളില്‍ ഒരു വിശ്വാസസര്‍വെ നടത്തിയാല്‍ മിക്കപ്പോഴും അവിശ്വാസികളുടെ എണ്ണം ‘പൂജ്യം ശതമാനം’ എന്നാണ് കിട്ടുക. എങ്ങനെയാണിത് പൂജ്യമാവുക?! നാസ്തികനാണ് എന്ന് പരസ്യമായി സമ്മതിക്കാന്‍ ആരും തയ്യാറാവുന്നില്ല എന്നതല്ലേ ഇതിന്റെ അര്‍ത്ഥം? ഇത് നാസ്തികതയുടെ ദൗര്‍ബല്യമാണോ അതോ അവിടങ്ങളിലെ മതത്തിന്റെ ആത്മവിശ്വാസമില്ലായ്മയാണോ?

ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ടിലും വീസയിലും മതം നിര്‍ബന്ധമായും കാണിക്കേണ്ടതുണ്ട്. അതായത് ‘നാസ്തികന്‍’ (Atheist)എന്നെഴുതിയാല്‍ അത് ശിക്ഷാര്‍ഹമാണ്. അവിശ്വാസിയെ സ്വന്തം വിശ്വാസപ്രകാരം ജീവിക്കാന്‍ അനുവദിക്കാത്ത മതനേതൃത്വങ്ങള്‍ വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ചും അന്യദേശങ്ങളിലെ മതസ്വാതന്ത്ര്യത്തെ കുറിച്ചും വാ തോരാതെ സംസാരിക്കുകയും ചെയ്യും. നാസ്തകന്‍ അത്ഭുതസിദ്ധികളില്ലാത്ത കേവലനായ മനുഷ്യനാണെന്നിരിക്കെ ഇത്തരം വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടുപോകാന്‍ അവന്‍ തീരുമാനിച്ചാല്‍ അതെങ്ങനെ നാസ്തികതയുടെ ന്യൂനതയാവും?! Continue Reading

നനയുന്ന നിലപാടുകള്‍

മതേതരമായ എന്തിനേയും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന, മതാതിപ്രസരമുള്ള ഒരു സമൂഹത്തില്‍ അവിശ്വാസിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത് നാസ്തികതയുടെ ന്യൂനതയല്ല. മതസമ്മര്‍ദ്ദം അതിജീവിക്കാനുള്ള കരുത്ത് പകര്‍ന്നേകാന്‍ നാസ്തികതയ്ക്കാവും. എങ്കിലും എല്ലാവരിലും അത് തുല്യപ്രഭാവത്തോടെ പ്രാവര്‍ത്തികമായിക്കൊള്ളണമെന്നില്ല.

”സ്വന്തം ഇഷ്ടമനുസരിച്ച് വിവാഹം കഴിച്ചുകൊള്ളു, ഞങ്ങള്‍ പ്രശ്‌നമുണ്ടാക്കില്ല”എന്ന നിലപാട് മതം സ്വീകരിക്കട്ടെ, അവിശ്വാസികള്‍ മുഴുവന്‍ മതരഹിതമായി തന്നെ വിവാഹിതരാകും. മാത്രമല്ല വിശ്വാസികളില്‍ തന്നെ മല്ലൊരു പങ്ക് ആ വഴി സ്വീകരിക്കാനുമിടയുണ്ട്. മതം അവിശ്വാസിയുടെ വഴിത്താരയില്‍ കുപ്പിച്ചില്ലുകള്‍ വാരിവിതറും;കാരമുള്ളും മാലിന്യവും വലിച്ചെറിയും. പരിക്കേല്‍ക്കാതിരിക്കാന്‍ അവന്‍ പാദുകമണിഞ്ഞാല്‍ അത് നാസ്തികതയുടെ ദൗര്‍ബല്യമായി! ദൈവം ഉണ്ടെന്നതിന്റെ തെളിവായി! അന്യന്റെ കുടിവെള്ളത്തില്‍ കാര്‍ക്കിച്ച് തുപ്പിയിട്ട് അവനത് ഉപേക്ഷിക്കുമ്പോള്‍ സ്വയം വിജയിയായി പ്രഖ്യാപിക്കുന്ന വ്യക്തിമാഹാത്മ്യം ലക്ഷണമൊത്ത മതവിശ്വാസിയുടെ കൊടിയടയാളമാകുന്നു. Continue Reading

എല്ലാറ്റിനും ഓരോ പീരിയഡ്

ഇല്ലാവാദത്തിലൂടെ ദ്വന്ദങ്ങളുണ്ടാക്കി മതസംരക്ഷണം ഉറപ്പുവരുത്തുക. ഇതാണ് ആധുനികകാലത്ത് അനുവര്‍ത്തിക്കപ്പെടുന്ന മതപ്രചരണരീതികളില്‍ പ്രധാനം. ഇല്ലാത്ത “ദ്വന്ദ”ങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുക, ഇല്ലാത്തവയെ ഉണ്ടാക്കുക, മതമാലിന്യങ്ങളെ സംരക്ഷിക്കുക. ‘ദേ അവര്‍ വരുന്നു നാം കരുതിയിരിക്കണം’. ‘അവര്‍ ഉള്ളത് കൊണ്ട് നാം കരുതലോടെയിരിക്കണം’. പര്‍ദ ഇടാന്‍ നിര്‍ബന്ധിക്കുന്നു-കുറെപേര്‍ . അതുകൊണ്ട് പര്‍ദ വിട്ടുകളയരുത്. കാരണം അങ്ങനെ ഒരു ദ്വന്ദം ഉണ്ടെന്ന് മനസ്സിലാക്കിക്കോണം. ആരാണ് പര്‍ദ ഇടതിരിക്കാന്‍ നിര്‍ബന്ധിക്കുന്നത്? ഏതാണ് ആ സംഭവം? അങ്ങനെയൊന്നുമില്ല രണ്ടും കൂടി ചേര്‍ത്തു പറയുമ്പോള്‍ ഒരു ചന്തമുണ്ട്. അത് മതത്തിന് ഗുണകരമായി ഭവിക്കും. ചെറുതും വലുതും സമീകരിക്കുക. അപ്പോഴത് വലുതിന് ഗുണകരമാകും ചെറുതിന് ദോഷകരമാകും. മതത്തിന് തീവ്രവാദം-മതമില്ലാത്തവര്‍ക്കും തീവ്രവാദം. നാക്കൊന്നു വളച്ചാല്‍ മതി. എല്ലാം വളരെ എളുപ്പം, എല്ലാം സമം ഗുണം. അങ്ങനെ വരുമ്പോള്‍ മതതീവ്രവാദത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാം.

ദ്വന്ദനിര്‍മ്മിതി പോലെ തന്നെയാണ് കപടമായ സമീകരണവിദ്യയും. തെറ്റിനെ ചൂണ്ടിക്കാട്ടി മറ്റൊരു തെറ്റിനെ ന്യായീകരിക്കുക. രണ്ടും തെറ്റാണെന്ന് പറയുന്നവനെ ഒരുമിച്ചെതിര്‍ക്കുക. പലതരം തീവ്രമാദമുണ്ടെന്നും അതിലൊന്നുമാത്രമാണ് മതതീവ്രവാദമെന്നും നമ്മള്‍ പറഞ്ഞല്ലോ. ഇനി എല്ലാറ്റിനേയും ഒരുമിച്ച് ‘തുല്യമായി’എതിര്‍ക്കുന്ന കാലത്ത് മതതീവ്രവാദത്തേയും എതിര്‍ത്താല്‍ മതി. ഈ ‘തുല്യത’യില്‍ ഏറ്റക്കുറച്ചിലുകള്‍ ആരോപിച്ചും നമുക്ക് കളി മുടക്കാം. എല്ലാ വിഷയങ്ങള്‍ക്കും തുല്യ പീരിയിഡുകള്‍ കൊടുത്തേക്കുക. മതതീവ്രവാദവും യുക്തി തീവ്രവാദവും കലാതീവ്രവാദവും കായികതീവ്രവാദവും സിനിമാ തീവ്രവാദവും ഫാഷന്‍ തീവ്രവാദവും …ഒക്കെ കുട്ടികള്‍ പഠിക്കട്ടെ. കളിമണ്‍വാദത്തിനും പരിണാമസിദ്ധാന്തത്തിനും ഓരോ പീരിയഡ്. ഇതിനിടയില്‍ നമുക്ക് സംരക്ഷിക്കേണ്ടത് മതത്തേയാണ്. അതിനാണ് ബാക്കിയൊക്കെ നാം ഉണ്ടാക്കുന്നത്. എന്നാല്‍ മതാധിപത്യമുണ്ടെങ്കില്‍ ഒന്നിനും പീരിയഡ് കൊടുക്കേണ്ടതില്ല. ഔദാര്യവും അവകാശവും വാങ്ങാനുള്ളതാണ്, കൊടുക്കാനുള്ളതല്ല! Continue Reading

നല്ലവശ സിദ്ധാന്തം

391639_441338655902861_465814034_n

മതത്തിന് ഒരുപാട് നല്ല വശങ്ങളുണ്ടെന്ന് പറയുന്നവരെ തട്ടി നടക്കാനാവാത്ത അവസ്ഥ മതാധിഷ്ഠിത സമൂഹങ്ങളില്‍ നിലവിലുണ്ട്. ഭൂമി ഉരുണ്ടതാണെന്നും പരന്നതാണെന്നും രണ്ടു കൂട്ടര്‍ തര്‍ക്കിക്കുന്നിടിത്ത് നിഷ്പക്ഷത അവകാശപ്പെട്ട് ഭൂമിയെ ഉരുട്ടിയും പരത്തിയും ഇഡ്ഢലിയാക്കുന്ന ‘ഇഡ്ഢലിവാദ’ത്തിന്റെ ജനകീയ വകഭേദമാണിതും. പക്ഷരാഹിത്യത്തിന്റെ മേലങ്കിയണിയാന്‍ കൊതിക്കുന്ന മതവിശ്വാസികളും മതഭയം കൊണ്ട് വീര്‍പ്പുമുട്ടുന്ന ബുദ്ധിജീവികളും സ്ഥിരം ഈ നമ്പരെടുത്ത് വീശുന്നത് കാണാം. ‘വിശ്വാസിയല്ലെങ്കിലും നന്മ കാണാന്‍ കഴിയാത്തവനല്ല താന്‍ ‘ എന്ന് വീമ്പടിക്കുകയാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘മതത്തില്‍ തിന്മയുണ്ടാവാം, എന്നാലും അതിന് പല നല്ല വശങ്ങളുമുണ്ട്, അതിനാല്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല’-ഇതാണ് ഈ സൗമ്യപ്രഭുക്കളുടെ നിലപാട്. കേള്‍ക്കുമ്പോള്‍ ‘പക്വതയും’ ‘ഉദാരതയും’ കൊണ്ട് ശ്വാസംമുട്ടുന്ന ഏതോ സ്വര്‍ഗ്ഗീയസംഭവമാണിവര്‍ എന്നുതോന്നാം. Continue Reading

Copyright © 2016. Powered by WordPress & Romangie Theme.